TopTop
Begin typing your search above and press return to search.

ഈ പീതാംബരന്മാരെ പിടിച്ചുകെട്ടിയില്ലെങ്കില്‍ സിപിഎമ്മിനെ കാത്തുനില്‍ക്കുന്നത് ബംഗാളും ത്രിപുരയും

ഈ പീതാംബരന്മാരെ പിടിച്ചുകെട്ടിയില്ലെങ്കില്‍ സിപിഎമ്മിനെ കാത്തുനില്‍ക്കുന്നത് ബംഗാളും ത്രിപുരയും

കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലക്കേസില്‍ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍ പ്രദേശത്ത് നിലനിന്നിരുന്ന രാഷ്ട്രീയ സംഘര്‍ഷം ക്രൂരമായ കൊലപാതകത്തില്‍ എത്തിച്ചേരുകയായിരുന്നു. കേസില്‍ കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണെന്നതാണ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലെത്തിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തുക കൂടി ചെയ്തതോടെ ഈ കേസിലെ ആദ്യ അറസ്റ്റും നടന്നു. കേസില്‍ ഇയാളാണ് മുഖ്യ ആസൂത്രകനെന്നാണ് പോലീസ് പറയുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന കേരള സംരക്ഷണ യാത്ര കാസര്‍ഗോഡ് നടക്കുന്നതിനിടെയാണ് ഈ കൊലപാതകങ്ങള്‍ നടന്നത് എന്നത് ഇടതു പക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കാലത്ത് സമ്പൂര്‍ണ പരാജയത്തിന് പോലും കാരണമായേക്കാവുന്ന പ്രവര്‍ത്തിയാണ് സിപിഎം പ്രവര്‍ത്തകരില്‍ നിന്നുമുണ്ടായത്. കൊലപാതക രാഷ്ട്രീയത്തോട് പാര്‍ട്ടിയുടെ ഏറ്റവുമടുത്ത അണികള്‍ പോലും മുഖംതിരിച്ച് നില്‍ക്കുകയേയുള്ളൂവെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളത്. ക്ലബ്ബുകാര്‍ തമ്മിലുള്ള പ്രശ്‌നം കൊലപാതകത്തില്‍ കലാശിച്ചുവെന്ന് പാര്‍ട്ടി നേതൃത്വം ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് പീതാംബരനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന് പോലും ഇതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെന്ന് അംഗീകരിക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് പീതാംബരനെ പുറത്താക്കി പാര്‍ട്ടി മുഖം സംരക്ഷിക്കാന്‍ ശ്രമിച്ചത്.

ഒരു ലോക്കല്‍ കമ്മിറ്റി അംഗം പാര്‍ട്ടിയെ സംബന്ധിച്ച് തീര്‍ത്തും ചെറിയ ഒരാളല്ല. പാര്‍ട്ടിയെയും സാധാരണക്കാരായ ജനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുകയും പാര്‍ട്ടിയുടെ നിലപാടുകളും നയങ്ങളും അവരിലേക്കെത്തിക്കുകയും ചെയ്യേണ്ടത് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നാണ്. ഇവരില്‍ നിന്നും ജനങ്ങള്‍ക്ക് വെറുപ്പുളവാകുന്ന പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ സിപിഎം എന്ന പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ അകലുന്നതായിരിക്കും ഫലം. പാര്‍ട്ടിയുടെ ജാഥ നടക്കുന്നതിനിടെയില്‍ തന്നെ ഇത്തരമൊരു കൊലപാതകം നടക്കുമ്പോള്‍ നേതൃത്വം ജനങ്ങളോട് നേരിട്ട് മറുപടി പറയേണ്ട അവസ്ഥയിലെത്തിച്ചേരും. രണ്ട് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് തേടിയിറങ്ങുമ്പോള്‍ ജനങ്ങള്‍ ഈ കൊലപാതകങ്ങളുടെ പേരില്‍ പാര്‍ട്ടിയെ ചോദ്യം ചെയ്യുകയും ചെയ്യും. അതുകൊണ്ടാണ് ജാഥ നടക്കുമ്പോള്‍ തന്നെ പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നടപടിയുണ്ടാകുമോയെന്ന് ഇന്ന് മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകരോട് ചോദിക്കേണ്ടി വന്നത്.

പാര്‍ട്ടി നേതൃത്വത്തിന് ഇതുമായി യാതൊരു ബന്ധമില്ലെന്നാണ് പറയുന്നതെങ്കിലും ഉണ്ടെങ്കിലും ഈ കൊലപാതകങ്ങള്‍ക്ക് മറുപടി പറയേണ്ടത് ഇപ്പോള്‍ അവരാണ്. അക്രമരാഷ്ട്രീയത്തിന് തങ്ങള്‍ എതിരാണെന്ന് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിക്കുമ്പോള്‍ ആ നിലപാട് നടപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരാണ് നിരുത്തരവാദപരമായി പെരുമാറി പാര്‍ട്ടിയെ പ്രതിക്കൂട്ടിലെത്തിച്ചത്. ജാഥ നടക്കുമ്പോഴാണെങ്കിലും അല്ലെങ്കിലും തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണെങ്കിലും അല്ലെങ്കിലും പാര്‍ട്ടിയുടെ നിലപാടുകള്‍ കാറ്റില്‍ പറത്തിയുള്ള ചിലയാളുകളുടെ പ്രവര്‍ത്തി പാര്‍ട്ടിക്ക് എല്ലാക്കാലത്തും ദോഷം ചെയ്യുക തന്നെ ചെയ്യും. ശബരിമലയില്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പിന്തുണ നേടിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഈ കൊലപാതകങ്ങളുണ്ടായതെന്നതും ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയയിലെ ചിലരുടെ പ്രതികരണങ്ങളിലും ഇത് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. "നോട്ട ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഈ കൊലപാതകങ്ങളുണ്ടായത്". അതിനാല്‍ തന്നെ തീരുമാനം തിരുത്തുന്നുവെന്നാണ് പലരും പറയുന്നത്.

ബംഗാളിലും ത്രിപുരയിലും പ്രാദേശിക നേതാക്കളുടെ ധാര്‍ഷ്ട്യവും ഗുണ്ടായിസവുമാണ് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയത്. കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് പ്രാദേശിക നേതൃത്വം സാധാരണ കര്‍ഷകരെ ദ്രോഹിക്കുന്നുവെന്ന് തോന്നിയപ്പോഴാണ് ഇരു സംസ്ഥാനങ്ങളിലും പാര്‍ട്ടി തൂത്തെറിയപ്പെട്ട സാഹചര്യമുണ്ടായത്. കേരളത്തിലും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പീതാംബരന്മാരെ തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് നേതൃത്വം ചെയ്യേണ്ടത്. അല്ലെങ്കില്‍ അവരുടെ മൗനസമ്മതത്തോടെയാണ് ഈ അക്രമങ്ങളെല്ലാം നടക്കുന്നതെന്ന് പറയേണ്ടി വരും.


Next Story

Related Stories