TopTop
Begin typing your search above and press return to search.

ധോണി; ഇന്നയാൾ വെറും തുഴയൻ, ഒരു പിഴവിന് ഒമ്പത് പിഴവിന്റെ വിമർശനം ഏറ്റുവാങ്ങുന്നു

ധോണി; ഇന്നയാൾ വെറും തുഴയൻ, ഒരു പിഴവിന് ഒമ്പത് പിഴവിന്റെ വിമർശനം ഏറ്റുവാങ്ങുന്നു

യുവരാജ് സിംഗ് വിരമിച്ചത് വിഷമം തോന്നി. മികച്ച യാത്രയയപ്പ് നൽകണമായിരുന്നു. നൽകിയില്ല. യുവരാജ് സിംഗിനെ ദേശീയ ടീമിൽ നിന്നും തഴഞ്ഞതിൽ ഏറെ പഴി കേൾക്കേണ്ടി വന്നത് ധോണിക്കാണ്. ധോണി വിചാരിച്ചിരുന്നുവെങ്കിൽ തീർച്ചയായും യുവരാജിന് കൂടുതൽ അവസരങ്ങൾ നൽകാമായിരുന്നു. യുവരാജിന് മാത്രമല്ല, സേവാഗ്,ഗംഭിർ,ലക്ഷ്മൺ തുടങ്ങിയവർക്കൊന്നും മികച്ച യാത്രയയപ്പ് ലഭിച്ചില്ല. ഈ സമയമെല്ലാം ധോണി ആയിരുന്നു ക്യാപ്റ്റൻ.

ധോണി വല്ലാത്തൊരു മനുഷ്യനാണ്. കളിക്കളത്തിൽ ചിരിക്കാത്ത, അമിതമായി ആഹ്ളാദിക്കാത്ത, എന്നാൽ സഹകളിക്കാരോട് കോപിക്കാത്ത ഒരു മനുഷ്യൻ.

അയാളുടെ ക്രിക്കറ്റിലേക്കുള്ള കടന്നു വരവ് തന്നെ അത്ഭുതമാണ്. ഇന്ത്യയിൽ സുനാമി ഉണ്ടായതിനു രണ്ട് ദിവസം മുമ്പാണ് അയാളുടെ ആദ്യ മത്സരം. ബംഗ്ളാദേശിനെതിരെയുള്ള അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ റൺഔട്ട് ആയി പൂജ്യനായി അയാൾ മടങ്ങി.

വളരെ നിർഭാഗ്യകരമായ അരങ്ങേറ്റം. നിരാശനായി അയാൾ മടങ്ങി. പക്ഷേ അയാളൊരു അത്ഭുതമായിരുന്നു. മുടി നീട്ടി വളർത്തിയ ഒരു ഇന്ത്യൻ പ്ളെയർ.

പേരിനു പോലും നല്ലൊരു കീപ്പർ ഇല്ലാതിരുന്ന ഇന്ത്യൻ ടീമിന്റെ കീപ്പർ ആയി ധോണി. വെടിക്കെട്ട് ബാറ്റിംഗ് മാത്രമുള്ള ഇരുപതോവർ കളിയെപ്പറ്റി ചിന്തിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യക്കാർ ആഘോഷിച്ചു ധോണിയിലൂടെ.

10 ബോളിൽ 20 റൺ എന്ന് കേട്ടാൽ ടെൻഷനോടെ കളി കണ്ടിരുന്ന ഇന്ത്യ പിന്നീട് അങ്ങനെ ടെൻഷൻ അടിക്കേണ്ടി വന്നിട്ടില്ല ധോണി ക്രീസിൽ നിക്കുമ്പഴോ, അടുത്തത് ഇറങ്ങാനുള്ളപ്പോഴോ. ഘട്ടം ഘട്ടമായി ജൂനിയർ ടീമുകളിൽ സ്ഥാനം നേടിയെത്തുന്ന മറ്റ് കളിക്കാരെ പോലെ അല്ല ധോണി കടന്നു വരുന്നത്.

ക്ളാസ് ക്രിക്കറ്റ് ഷോട്ടുകളും, ഓർത്തഡോക്സ് കളികളുമായി ഇതിഹാസങ്ങൾ നിറഞ്ഞു നിന്നിരുന്ന ക്രിക്കറ്റിൽ ധോണി വ്യത്യാസ്ഥനായിരുന്നു. തീരെ ക്ളാസിക് അല്ലാത്ത, അൺഓർത്തഡോക്സ് പ്ളയർ.

പടുകൂറ്റൻ സിക്സർ അയാളടിക്കുന്നത് അവിശ്വസനീയമായി നോക്കിയിരുന്നിട്ടുണ്ട്. മൂന്ന് ലിറ്റർ പാൽ അയാൾ ദിവസേന കുടിക്കുമെന്ന് കേട്ട് അത് ട്രൈ ചെയ്തവരുണ്ട്. ക്രിക്കറ്റ് കളിക്ക് മുമ്പ് പരിശീലകർ പറയാറുണ്ട്. ഇതൊരു പ്രാക്ടീസ് മാച്ചാണ്, ഇതിൽ നന്നായി കളിച്ചാൽ അടുത്ത മത്സരത്തിൽ അവസരം ലഭിക്കൂയെന്ന്.

ധോണിക്ക് എല്ലാം പരീക്ഷണങ്ങളായിരിന്നു. ഒരു സാധാരണ ബസ് ഡ്രൈവറുടെ മകന് വെല്ലുവിളികൾ ഒരുപാടായിരുന്നു. ഓരോ കളികളിൽ നിന്നും അയാൾ കൂടുതൽ പഠിച്ചു, മനസ്സിലാക്കി, പോരായ്മകൾ തിരുത്തി.

ആദ്യ മത്സരത്തിൽ റൺഔട്ട് ആക്കിയ ബംഗ്ലാദേശിന് പിന്നീടൊരിക്കലും അയാളുടെ വേഗത്തെ എറിഞ്ഞു തോൽപ്പിക്കാൻ പറ്റിയിട്ടില്ല. ബംഗ്ലാദേശില്‍ മാത്രമല്ല ആർക്കും. ധോണി റൺഔട്ട് ആകുന്നത് വിരളമായ ഒന്നാണ്. ആ വെടിക്കെട്ട് ബാറ്റ്സ്മാൻ പിന്നീട് ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്തു.

ഇന്ത്യ കണ്ടതിൽ ഏറ്റവും മികച്ച നായകൻ അയാളായി മാറി. അയാളുടെ കീഴിൽ ഒരുപാട് വിജയങ്ങൾ ഇന്ത്യ നേടി. ലോക കീരീടം നേടി. ശക്തമായ ഇന്ത്യൻ ടീം രൂപപ്പെട്ടു. അതേ പോലെ ഐപിഎൽ വന്നതോടെ ധോണി ഏറെ ജനകീയനായി മാറി. അവിടെയും കിരീടങ്ങൾ നേടി അജയ്യനായി മാറി കൃത്യമായി തത്രങ്ങൾ പയറ്റുക എന്നത് മാത്രമല്ല അയാളുടെ വിജയരഹസ്യം.

ഓരോ കളിക്കാരനെയും മനസ്സിലാക്കി ഉപയോഗിക്കാൻ അയാൾക്ക് സാധിച്ചു. ചെന്നൈ ടീം എന്നാൽ ധോണിയായി.

ക്രിക്കറ്റ് എന്നത് വളരെ രാഷ്ട്രീയ സ്വാധീനമുള്ളതാണ്. ബിസിസിഐ ഒക്കെ വളരെ രാഷ്ട്രീയപരമാണ്. പതിനൊന്നംഗ ടീമിനെ തിരഞ്ഞെടുക്കുകയെന്നത് അത്ര നിസ്സാരമായി ചെയ്യാവുന്നതല്ല. മുംബൈ, ഡെൽഹി, കൊൽക്കത്ത, തുടങ്ങിയ ലോബികൾക്ക് വളരെ സ്വാധീനമുണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ അതുകൊണ്ടാണ് ഇന്നും കേരളത്തിൽ നിന്ന് ദേശീയ ടീമിൽ ഇടം നേടാൻ താമസം നേരിടുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഒരു കളിക്കാരൻ പോലും ദേശീയ ടീമിൽ ഇടം പിടിക്കാത്തത്. ഐപിഎൽ കളിക്കുന്ന വടക്കു കിഴക്കൻ കളിക്കാർ വിരലിലെണ്ണാം.

ജമ്മു കാശ്മീരിൽ നിന്നും ഒരാൾ മാത്രമാണ് ദേശീയ ടീമിൽ കളിച്ചത് ഇന്ത്യയിൽ ഇത്രയും ജനകീയമായ ക്രിക്കറ്റ് എല്ലാവരെയും ഒരു പോലെ അല്ല പരിഗണിച്ചിരിക്കുന്നത്. ജാതി-മത അടിസ്ഥാനത്തിൽ പരിശോധിച്ചാൽ പിന്നോക്കവിഭാഗങ്ങളെ തീരെ പരിഗണിച്ചിട്ടില്ല എന്ന് മനസ്സിലാകും. പലരെയും തിരസ്കരിക്കുകയും,വലിച്ചുതാഴെയിട്ടും, ഒഴിവാക്കിയുമൊക്കയാണ് ക്രിക്കറ്റ് ഇന്ത്യയിൽ തലയുയർത്തി നിൽക്കുന്നത്.

ധോണി, അയാൾക്ക്, തലതൊട്ടപ്പന്മാരില്ലായിരുന്നു. അയാൾക്ക് മികച്ച ഫസ്റ്റ് ക്ലാസ് റെക്കോർഡുകൾ ഇല്ലായിരുന്നു. മുംബൈ ലോബിയുടെയോ, ഡെൽഹി ലോബിയുടെയോ, കൊൽക്കത്ത ലോബിയുടെയോ ഒന്നും പിന്തുണ അയാൾക്കില്ലായിരുന്നു. ഏറെ പിന്നോക്കം നിൽക്കുന്ന ഒരു സംസ്ഥാനം. ഏറ്റവും പിന്നോക്കം നിൽക്കുന്ന ക്രിക്കറ്റ് അസോസിയേഷൻ. അതായിരുന്നു ജാർഖണ്ഡ്. ആ നാട്ടിൽ നിന്ന് അയാളെ കണ്ടുപിടിച്ച് ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ചത് സാക്ഷാൽ സൗരവ് ഗാംഗുലി ആയിരുന്നു. ദാദ വളർത്തിയെടുത്ത കുറെ തീപ്പൊരികളിൽ ഒരാളായിരുന്നു ധോണി.

സ്വന്തം നാടിന്റെ പേരിൽ ഐപിഎൽ ടീമുകൾ രൂപപ്പെട്ടപ്പോൾ സ്വാഭാവികമായി ഗാംഗുലിക്കും, സച്ചിനും, സേവാഗിനും, ദ്രാവിഡിനുമൊക്കെ ടീം ഉണ്ടായി. പക്ഷേ ധോണിക്ക് ജാർഖണ്ഡിൽ നിന്നൊരു ടീം അപ്രാപ്യമായിരിന്നു. അഥവാ അതിനുള്ള കച്ചവട മൂലധനം അയാളുടെ നാടായ റാഞ്ചിക്ക് ഇല്ലായിരുന്നു. അങ്ങനെയാണ് അയാൾ ചെന്നൈയിലേക്ക് എത്തപ്പെടുന്നത്.

ധോണി നേടിയതൊക്കെ അയാളുടെ കഴിവ് കൊണ്ട് മാത്രമാണ്. അയാളിന്നെന്തെക്കെ നേടിയോ അവയെല്ലാം അയാളുടെ കഠിന്വാധ്വാനവും, പ്രയത്നവും കൊണ്ടാണ്.

ഡിവില്ലിയേഴ്സിനെപ്പോലെയോ, വിരാടിനെയോപ്പോലെയോ, ഏത് ഫോർമാറ്റിലും മികവ് പുലർത്താൻ ശേഷിയുള്ള താരമൊന്നുമല്ലായിരുന്നു ധോണി. പക്ഷേ അത്തരം മികച്ച കളിക്കാരെ വീഴ്ത്താൻ അയാൾക്ക് കൃത്യമായി അറിയാമായിരുന്നു. ഏത് ലെങ്തിൽ, ഏത് ലൈനിൽ എറിയണമെന്ന് അയാൾക്ക് അറിയാമായിരുന്നു സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രം മെനയാൻ അയാൾക്കറിയാം. അത്ര മാത്രം നീരീക്ഷണമുള്ള, കൃത്യതയുള്ള അപൂർവം ക്രിക്കറ്ററിൽ ഒരാൾ.

സമ്മർദ്ദങ്ങൾ ഒരിക്കലും ധോണിയെ തോൽപ്പിച്ചിട്ടില്ല. അമിതമായി ആഹ്ളാദിക്കുന്ന, അമിതമായി ദേഷ്യപ്പെടുന്ന,നിരാശനാകുന്ന ധോണിയെ കളിക്കളത്തിൽ കണ്ടിരിക്കാൻ വഴിയില്ല. ക്യാപ്റ്റൻ കൂൾ. അസാധാരണമായ മനോഭാവം.അചഞ്ചലമായ കരളുറപ്പ്. ശാന്തനായ മനുഷ്യൻ. അതാണ് ധോണി.

ധോണിക്ക് പകരം ഒരാളെ ഇനി കാണാൻ കഴിഞ്ഞേക്കില്ല. കളിക്കളത്തിലെ തീരുമാനങ്ങൾ കൊണ്ട് ഏവരുടേയും അത്ഭുതപ്പെടുത്തിയ അസാധ്യ പ്രതിഭ. ദീർഘവീക്ഷണമുള്ള നായകൻ.

അയാളുടെ കീഴിൽ ഇന്ത്യൻ ടീം കുതിച്ചത് നേരിട്ടവരെയെല്ലാം നിഷ്പ്രഭരാക്കിക്കൊണ്ടാണ്. നിർണായക നിമിഷങ്ങളിൽ അയാളുടെ തലച്ചോറിന്റെ തീരുമാനം വിജയം നേടിയിരുന്നു. ധോണിക്ക് തെറ്റാറില്ലായിരിന്നു. അത്രമേൽ ആത്മധൈര്യം ടീമിന് പകരാൻ അയാൾക്ക് സാധിച്ചു.

ധോണി തീർച്ചയായും ഒരു പുണ്യാത്മാവോ, മനുഷ്യ സഹജമായ തെറ്റ് പറ്റാത്ത ആളോ അല്ലായിരുന്നു. ക്രിക്കറ്റ് എന്ന വമ്പൻ കച്ചവടത്തിൽ അയാൾക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അതിലുപരി ക്രിക്കറ്റ് സാമ്രാജ്യത്തിലെ കുത്തകകളെ പൊളിക്കാൻ അയാൾക്ക് കഴിഞ്ഞു. അത്തരം ബ്രാന്റുകളെ തകർത്ത് അയാൾ തന്നെ ഒരു ബ്രാന്റായി മാറി.

കളിക്കളത്തിന് പുറത്ത് അയാൾ മികച്ച രാഷ്ട്രീയക്കാരനായിരുന്നു. ക്രിക്കറ്റിന്റെ രാഷ്ട്രീയം അയാൾ നന്നായി മനസ്സിലാക്കി. അതിലൂടെ അധികാരം നിലനിർത്തി. ഒപ്പം കളി സ്ഥിരതയും. വിമർശിക്കാൻ പഴുതുകളില്ലാത്ത വിധം മികച്ചവനായിത്തന്നെ ധോണി നിലകൊണ്ടു.

പക്ഷേ, ഇന്നയാൾ കിതച്ചു തുടങ്ങി. പ്രായം ഒരുപക്ഷേ അയാളെ കീഴ്പ്പെടുത്തി തുടങ്ങി. നിലവിലെ ഇന്ത്യൻ ടീം പ്രതിഭാസമ്പന്നമാണ്. ഏത് പൊസിഷനിലും കളിക്കാൻ ശേഷിയുള്ള, മികവുള്ള അനേകം താരങ്ങൾ ഇന്ന് ഇന്ത്യയിലുണ്ട്. ബിസിസിഐ ഏറ്റവും മികച്ച ക്രിക്കറ്റ് ബോർഡുമാണ്. ഐപിഎൽ പോലെ ലീഗുകൾ ഇന്ത്യൻ ക്രിക്കറ്റ് വികാരത്തെ ഒരുപാട് ഉയർത്തുന്നു.

ഇന്ന്, ഒരു ധോണി പോയാലും ടീമിന് നഷ്ടമില്ലയെന്നായി. ഒരു കാലത്ത് ധോണിയെ പൂച്ചെണ്ടുകളുമായി എതിരേറ്റ ജനത ഇന്ന്, കൂർത്ത മുള്ളുകളാണ് അയാൾക്ക് സമ്മാനിച്ചത്. ഇന്നയാൾ വെറും തുഴയൻ, അയാളുടെ ഒരു പിഴവിന് ഒമ്പത് പിഴവിന്റെ വിമർശനം ഏറ്റുവാങ്ങുന്നു. അയാൾക്ക് ലഭിച്ച ആർപ്പുവിളികൾ ഇന്ന് കൂക്കൂവിളികളായി മാറി. ആ മനുഷ്യനെ ടീമിൽ നിന്ന് വിരമിക്കാൻ ആഹ്വാനം ചെയ്യുന്നു.

ഇന്ത്യൻ ക്രിക്കറ്റും ആരാധകരും എല്ലാക്കാലത്തും പ്രതിഭകളുടെ വീഴ്ചകളെ ആഘോഷിച്ചവർ തന്നെയാണ്. ഗാംഗുലിയുടെയും, ദ്രാവിഡിന്റെയും, യുവരാജിന്റെയും അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നതാണത്. അതേ വഴിയേ ധോണിയെയും പറഞ്ഞു വിടുകയാണ്.

ധോണിയുടെ സെൻസിബിലിറ്റിയുള്ള ഒരു ഇന്ത്യൻ കളിക്കാരനെ ഇപ്പോൾ ചൂണ്ടിക്കാണിക്കാൻ കഴിയില്ല. ഇപ്പോളേറെ പഴി കേൾക്കുന്ന ആ സെൻസിബിൾ ഇന്നിംഗ്സുകളും സെൻസിബിൾ തീരുമാനങ്ങളാണ് ഇന്ത്യൻ ടീമിന്റെ മിക്ക വിജയങ്ങളുടെയും ആധാരം. മറ്റു പല മഹാരഥന്മാരും ഇടറി വീണിടത്ത് കരുത്തനായി ധോണി നിന്നു.

ധോണിക്ക്, വ്യത്യസ്തമായ രാഷ്ട്രീയമുണ്ടായിരിക്കാം. നാളെ അയാൾ അതിന്റെ ഭാഗമായി മാറാം, അതൊക്കെ അയാളുടെ സ്വാതന്ത്ര്യമാണ്. അതിന്റെ പേരിൽ അയാളിലെ പ്രതിഭ ഇല്ലാതെയാകുന്നില്ല. ഇന്ന് ധോണിയെ പരിഹസിക്കുന്നവർക്ക്, കുറ്റപ്പെടുത്തുന്നവർക്ക്, ഒരിക്കലും എത്തപ്പെടാൻ പറ്റാത്ത ഇടത്ത് ധോണിയെത്തി. ദൈവം വിചാരിച്ചിട്ട് കിട്ടാതെയിരുന്ന കിരീടങ്ങൾ നേടിയ അജയ്യനാണ് ധോണി. അയാളെന്നും അജയ്യനാണ്.

കേവലം കളി കണ്ടറിഞ്ഞതിലൂടെ തികച്ചും വ്യക്തിപരമായ വിശകലനം മാത്രമാണ് ഈ കുറിപ്പ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. എങ്കിലും, മഹേന്ദ്ര സിംഗ് ധോണി യെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു ഡൈഹാർഡ് ഹേറ്ററുടെ ഏറ്റവും ആത്മാർത്ഥമായ വാക്കുകളാണിവ.

മിസ്റ്റർ ധോണി നിങ്ങൾ അസാധ്യ പ്രതിഭയാണ്, ഇന്ത്യൻ ടീമിന് നിങ്ങളെ ആവശ്യമുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: താടിയും മുടിയും നീട്ടിയ ഒരാള്‍ക്ക് കേരളത്തിലൂടെ ബൈക്കോടിച്ചു പോകാമോ? പറ്റില്ലെന്നാണ് ശ്യാം ബാലകൃഷ്ണനോട് കേരള പോലീസ് പറഞ്ഞത്, മാവോയിസ്റ്റ് ആണത്രേ!


Next Story

Related Stories