TopTop

മുഖ്യമന്ത്രി കുടുംബസമേതം വരുമ്പോള്‍ മൈക്ക് വായില്‍ തിരുകിയാല്‍ മാറിനില്‍ക്കാന്‍ തന്നെ പറയേണ്ടി വരും

മുഖ്യമന്ത്രി കുടുംബസമേതം വരുമ്പോള്‍ മൈക്ക് വായില്‍ തിരുകിയാല്‍ മാറിനില്‍ക്കാന്‍ തന്നെ പറയേണ്ടി വരും
''ഇയാൾ വണ്ടിയിടിച്ചു പോലും ചാവുന്നില്ലല്ലോ''- എന്നൊരു മാധ്യമ റിപ്പോർട്ടറുടെ പിറുപിറുക്കൽ നേരിട്ട് കേൾക്കേണ്ടി വന്ന ഏക രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ. കേരള ചരിത്രത്തിൽ ഇന്നോളം ഏറ്റവുമധികം മാധ്യമ ആക്രമണങ്ങൾ നേരിട്ട പൗരനും പിണറായി വിജയനായിരിക്കും. അതായത് ഉമ്മൻചാണ്ടിയെ പോലെ ഏതെങ്കിലുമൊരു മാധ്യമം വളർത്തിയ നേതാവല്ല പിണറായി.

ഒരു പദവിയിലെത്തുന്നതോടെ, കുറെ പുകഴ്ത്തലുകൾ കേട്ടാൽ കഴിഞ്ഞതെല്ലാം മറന്ന് മാധ്യമ വിധേയനാവുന്ന മറ്റുള്ളവരെ പോലെയല്ല പിണറായി. മുഖ്യമന്ത്രിയായ ദിവസങ്ങളിൽ പിണറായി വാഴ്ത്തുകൾ ആവോളം നടത്തിയിട്ടും മനോരമയുടെ വഴിയേ പിണറായി പോകാത്തതും അത് കൊണ്ടാണ്. അത് കൊണ്ട് തന്നെയാണ്, മനോരമയുടെ വേദിയിൽ അവരുടെ ഏറ്റവും മുതിർന്ന മാധ്യമ പ്രവർത്തകന്റെ മുഖത്ത് നോക്കി ''നിങ്ങൾ ആഗ്രഹിക്കും പോലെ ഞാൻ പറയും എന്ന് കരുതരുത്'' എന്ന് പരസ്യമായി മറുപടി പറയാൻ പിണറായിയ്ക്കാവുന്നത്.

കഴിഞ്ഞ കൊല്ലം ആഗസ്റ്റ് മാസം വരെ മാധ്യമങ്ങളെ മുഖ്യമന്ത്രി കാണുന്നില്ലെന്നായിരുന്നു പരാതി. എന്നാൽ ആഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ പിണറായി നടത്തിയ വാർത്താ സമ്മേളനങ്ങൾ വിരലിലെണ്ണി തീർക്കാവുന്നവയല്ല. എപ്പോഴാണ് ഒരു ഭരണാധികാരി പൊതുജനത്തെ ഒപ്പം നിന്ന് അഭിസംബോധന ചെയ്യേണ്ടത് എന്ന് കൃത്യമായി അറിയാവുന്നത് കൊണ്ടാണ്, അതീവ ഗുരുതരാവസ്ഥയിലായിരുന്ന തന്റെ രോഗത്തെയും തൃണവൽഗണിച്ച് പിണറായി തുടരെത്തുടരെ മാധ്യമങ്ങളെ കണ്ടത്.

പ്രളയ ശേഷം പിണറായി വിജയനെ സർജറി ടേബിളിലേക്കത്തിച്ച ആ രോഗമെന്തായിരുന്നു എന്ന് പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. അത്തരമൊരു രോഗം ഒരാളിന് വന്നാൽ അയാൾക്കുണ്ടാവുന്ന വേദനയെ കുറിച്ച്, മാനസികാവസ്ഥയെ കുറിച്ച് ഒന്ന് അറിയാൻ ശ്രമിക്കുന്നതും നന്നായിരിക്കും.

എന്തിനുമേതിനും മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിൽക്കേണ്ടയാളല്ല മുഖ്യമന്ത്രി. സർക്കാരിന്റെ നയങ്ങളും കാര്യപരിപാടികളും അറിയാൻ പി.ആർ.ഡി എന്നൊരു വകുപ്പും ശമ്പളം വാങ്ങുന്ന കുറെ നല്ല ഉദ്യോഗസ്ഥരുമുണ്ട്. മുഖ്യമന്ത്രിയുടെ പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ സമീപിക്കണം. മുഖ്യമന്ത്രി തന്നെ പറയേണ്ടതായ കാര്യങ്ങൾ കൃത്യസമയത്ത് സോഷ്യൽ മീഡിയയിലൂടെയും അദ്ദേഹം പറയുന്നുമുണ്ട്. എല്ലാ മന്ത്രിസഭായോഗവും കഴിഞ്ഞ് മാധ്യമങ്ങളെ വിളിച്ചിരുത്തി 70 ശതമാനം നുണയും 30 ശതമാനം സത്യവും പറയുന്ന ശൈലിയുള്ള കഴിഞ്ഞകാല മുഖ്യമന്ത്രിയല്ല പിണറായി എന്നത് അദ്ദേഹത്തിന്റെ വലിയൊരു ഗുണമായാണ് കാണേണ്ടത്.

ഞാൻ പതിനഞ്ച് കൊല്ലക്കാലം മാധ്യമപ്രവർത്തകനായിരുന്നു. ജേർണലിസമോ ഔദ്യോഗിക ബിരുദമോ ഇല്ലാതെ റിപ്പോർട്ടറും പത്രാധിപ സമിതിയംഗവുമൊക്കെയായി ജോലി ചെയ്ത എനിക്ക് ഇപ്പറഞ്ഞ 'സപ്രിട്ടിക്കറ്റൊ'ന്നും ഇല്ലാതെ തന്നെ മാധ്യമങ്ങൾ അടിസ്ഥാനപരമായി പുലർത്തേണ്ട മാന്യതയെയും മര്യാദയെയും കുറിച്ച് ഉറപ്പിച്ച് പറയാൻ കഴിയും.

കുടുംബസമേതം വരുന്ന മുഖ്യമന്ത്രിയുടെ വായ്ക്കുള്ളിലേക്ക് മൈക്ക് കുത്തിത്തിരുകാൻ ശ്രമിച്ചാൽ മറ്റേതൊരാളും ചെയ്യുന്നതേ അദ്ദേഹവും ചെയ്തിട്ടുള്ളു. സ്ഥലകാല ബോധമില്ലാതെ. മര്യാദ തീരെയില്ലാതെയുള്ള ഈ പാപ്പരാസി കൾച്ചർ അവസാനിപ്പിക്കാൻ മാധ്യമങ്ങൾ തയ്യാറാവണം.

ഒന്നാന്തിരം നുണ എഴുതിപ്പിടിപ്പിച്ചിട്ട് ''അതിനെ കുറിച്ച് എന്ത് പറയുന്നു'' എന്ന് ചോദിക്കുന്ന ശൈലിയാണ് നമ്മുടെ മിക്ക മാധ്യമങ്ങൾക്കും. കോഴിക്കോട്ടെ സിറ്റിംഗ് എംപി കോഴ ചോദിച്ച വാർത്ത പ്രസിദ്ധീകരിക്കാൻ മറന്നു പോയ ഒരു പത്രം ഇന്ന് പിണറായിയെ തമ്പുരാനായി ചിത്രീകരിച്ച് കാർട്ടൂൺ വരച്ച് മുൻപേജിൽ വയ്ക്കുന്നത് നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനമായി കാണാനാവുന്നില്ല.

പക്ഷരെഹിതരെന്ന് വീമ്പിളക്കുകയും ഏതെങ്കിലും ഒരു പക്ഷത്തിന് വിടുവേല ചെയ്യുകയും ചെയ്യുന്ന ഈ ശൈലിയുള്ള മാധ്യമങ്ങളെ അവഗണിക്കുക തന്നെയാണ് പിണറായിയെ പോലൊരു മുഖ്യമത്രി ചെയ്യേണ്ടത്.

ഒന്നാന്തരമൊരു പിണറായി ഹേറ്റർ ആയിരുന്നയാളാണ് ഞാൻ. 2016ന് മുൻപുള്ള എന്റെ ഫേസ്ബുക്ക് പേജിൽ പോലും ആ വിരുദ്ധത നിറഞ്ഞ തുളുമ്പുന്ന വരികൾ കാണാം. അങ്ങനെയുള്ള എന്നെപ്പോലൊരാളെകൊണ്ട് കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ സി.അച്യുത മേനോനും പിണറായി വിജയനുമാണ് എന്ന് പറയിക്കാൻ ഈ മുഖ്യമന്ത്രിയ്ക്കാവുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ക്വാളിറ്റി അല്ലാതെ പിന്നെന്ത് ?

(വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ആളൊരുക്കം സംവിധാനം ചെയ്തത് വിസി അഭിലാഷ് ആണ്.


Next Story

Related Stories