TopTop
Begin typing your search above and press return to search.

രാഹുല്‍ രാജിവെക്കുകയല്ല, കോണ്‍ഗ്രസ് പിരിച്ചു വിടുകയാണ് വേണ്ടത്

രാഹുല്‍ രാജിവെക്കുകയല്ല, കോണ്‍ഗ്രസ് പിരിച്ചു വിടുകയാണ് വേണ്ടത്

1948 ജനുവരി 29-ന്, ഹിന്ദു തീവ്രവാദി നാഥൂറാം വിനായക് ഗോഡ്സെ മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊല്ലുന്നതിന് ഒരു ദിവസം മുന്‍പാണ് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടത്. എന്നിട്ടോ? ‘പുതിയൊരു കോണ്‍ഗ്രസ്’ സ്ഥാപിക്കണം. പുതുതായി സ്വാതന്ത്ര്യം ലഭിച്ച രാജ്യത്തിന്‍റെ പുതിയ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന, സമൂഹത്തിന്‍റെ എല്ലാ തുറകളിലേക്കും സ്വാതന്ത്ര്യത്തിന്‍റെ സാരാംശം പകര്‍ന്നുകൊടുക്കുന്ന, പുതിയൊരു സംസ്കാരം രൂപപ്പെടുത്തുന്ന ഒരു പ്രസ്ഥാനമായി അതു വളരണം. ‘ഡ്രാഫ്റ്റ് കോൺസ്റ്റിറ്റ്യൂഷൻ ഓഫ് കോൺഗ്രസ്സ്’ എന്ന ലേഖനത്തില്‍ അദ്ദേഹം എഴുതിയ വാക്കുകള്‍ക്ക് ഇന്നും പ്രസക്തിയൊട്ടും ചോര്‍ന്നുപോയിട്ടില്ല.

ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും നേരിട്ട പരാജയത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമല്ല, 1967-നു ശേഷമുള്ള ഓരോ ജയപരാജയങ്ങളുടെ പശ്ചാത്തലത്തിലും, സമീപഭൂതകാലത്തു രാജ്യത്താകമാനം പാര്‍ട്ടിയുടെ ജനസ്വാധീനത്തിലുണ്ടായ പിറകോട്ടടിയുടെ അടിസ്ഥാനത്തിലും ഗാന്ധിജിയുടെ വാക്കുകള്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

1960-കള്‍ കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിട്ട വര്‍ഷങ്ങളായിരുന്നു. 1967-ലെ തിരഞ്ഞെടുപ്പോടെ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന സമ്പൂര്‍ണ ആധിപത്യം നഷ്ടപ്പെട്ടു. ദേശീയ ഭരണം നിലനിര്‍ത്തിയെങ്കിലും എട്ടു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു ഭരണം നഷ്ടപ്പെടുകയും മുന്നണി ഭരണം നിലവില്‍വരികയും ചെയ്തു. തമിഴ്‌നാട്ടിലെ ഡി.എം.കെ. സര്‍ക്കാറും ഒറീസ്സയിലെ സ്വതന്ത്ര പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയും ഒഴിച്ച് ഇതര സംസ്ഥാനങ്ങളിലെ മുന്നണി സര്‍ക്കാറുകളൊന്നും അധികകാലം നീണ്ടുനിന്നില്ല. പിന്നീട് 1969-ലുണ്ടായ പിളര്‍പ്പ് വലിയൊരു തകര്‍ച്ചയുടെ തുടക്കമായിരുന്നു.

'ഗരീബി ഹട്ടാവോ' (പട്ടിണി മാറ്റൂ) മുദ്രാവാക്യവുമായി 1971-ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാഗാന്ധി അജയ്യ ശക്തിയായി മാറി. അക്കൊല്ലം അവസാനം പാകിസ്താനുമായുള്ള യുദ്ധത്തിലുണ്ടായ വിജയവും ബംഗ്ലാദേശ് രൂപീകരണവും ഇന്ദിരയെ ഒന്നുകൂടി ശക്തയാക്കി. കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരുന്ന ജീര്‍ണ്ണതകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ അസംതൃപ്തിയുടേയും അശാന്തിയുടേയും ദിനങ്ങളായിരുന്നു ഇന്ത്യയെ കാത്തിരുന്നത്. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ സമീപനങ്ങള്‍ക്കു പുറമേ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവയെല്ലാം പ്രതിഷേധങ്ങളിലേക്കും സമരങ്ങളിലേക്കും നയിച്ചു. ജയപ്രകാശ് നാരായണന്‍ പ്രതിഷേധങ്ങളുടെ നേതൃത്വം ഏറ്റെടുത്തതോടെ ദേശീയ രാഷ്ട്രീയം കലങ്ങിമറിഞ്ഞു. അതോടെ, സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് ഇന്നും ഉണങ്ങാത്ത മുറിവു സമ്മാനിച്ചുകൊണ്ട് അവര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

നെഹ്‌റൂവിയന്‍ മതേതരത്വത്തിന്‍റെയും, ജനാധിപത്യത്തിന്‍റെയും, വികസനത്തിന്‍റെയും സ്വപ്നങ്ങള്‍ തന്നെയായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കവര്‍ന്നെടുത്തത്. 1977 ജനവരിയില്‍ അപ്രതീക്ഷിതമായി അടിയന്തരാവസ്ഥ പിന്‍വലിച്ച ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധി പോലും ദയനീയമായി തോറ്റ ആ തിരഞ്ഞെടുപ്പില്‍ ഏഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി കോണ്‍ഗ്രസിന് ലഭിച്ചത് വെറും രണ്ടു സീറ്റാണ്. അപ്പോഴും ദക്ഷിണേന്ത്യ കോണ്‍ഗ്രസിനോടൊപ്പം നിന്നിട്ടുണ്ട്. 542-ല്‍ 330 സീറ്റോടെ ജനതാപാര്‍ട്ടി കേന്ദ്രത്തില്‍ ആദ്യത്തെ മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കി. ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും രാജ്യത്തോടു ചെയ്ത കൊടും ചതിയുടെ ബാക്കി പത്രമായിരുന്നു അത്. സാമൂഹികമായ സ്പര്‍ദ്ധയും ജാതി ഏറ്റുമുട്ടലുകളും ദലിതര്‍ക്കെതിരായ ആക്രമങ്ങളും ഉത്തരേന്ത്യയില്‍ പതിവായി. വര്‍ഗീയതയുടെ വേരുകള്‍ വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനസംഘിന്‍റെ നേതൃത്വത്തില്‍ അനുസ്യൂതമായി നടന്നു. 1980 ജനവരിയില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു.

കോണ്‍ഗ്രസ് തങ്ങളുടെ അപ്രമാദിത്വം ഒരു പരിധിവരെ വീണ്ടെടുത്തെങ്കിലും അതിന് അടിത്തറ പാകിയത്‌ വര്‍ഗീയതയും പുതിയ ജാതി രാഷ്ട്രീയ, സാമൂഹിക ചേരിതിരിവുകളും ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ ദാരുണമായ കൊലപാതകത്തിനു ശേഷം 1984-ലെ സഹതാപതരംഗത്തില്‍ രാജീവ് ഗാന്ധി അധികാരത്തിലെത്തി. മുസ്‌ലിം - ഹിന്ദു വര്‍ഗീയതകളെ അദ്ദേഹം ഒരുപോലെ പ്രീണിപ്പിച്ചു. ഷാബാനു കേസിലുണ്ടായ സുപ്രീംകോടതി വിധി മറികടക്കാന്‍ പുതിയ നിയമം കൊണ്ടുവന്ന് മുസ്ലിംങ്ങളേയും, അയോധ്യയിലെ രാമക്ഷേത്രം ഹിന്ദുക്കള്‍ക്ക് പുജ ചെയ്യാന്‍ തുറന്നുകൊടുത്ത് ഹിന്ദുക്കളേയും കൂടെ നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. ബോഫോഴ്‌സ് അഴിമതി ആരോപണവും ധനമന്ത്രി വി.പി.സിങ്ങിന്‍റെ രാജിയും കൂടിയായപ്പോള്‍ കോണ്‍ഗ്രസ് വീണ്ടും തകര്‍ച്ചയുടെ മറ്റൊരു തീരത്തെത്തി.

1989-ലെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയചിത്രം വീണ്ടും മറിഞ്ഞു. കോണ്‍ഗ്രസിന്‍റെ അംഗബലം 415-ല്‍ നിന്ന് 197 ആയി കുറഞ്ഞു. അഴിമതിയെ ചെറുക്കാന്‍ വര്‍ഗീയകക്ഷിയും ഇടതുപക്ഷവും കൈകോര്‍ത്തു. വി.പി.സിങ് പ്രധാനമന്ത്രിയായി. പക്ഷെ, ജനതാദളിനുള്ളിലെ അടിപിടിമൂലം ദേശീയ മുന്നണി ആടിയുലഞ്ഞു. ആ സമയം മറുവശത്ത് അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ശിലാന്യാസ് യാത്രയ്ക്ക് ബി.ജെ.പി. നേതാവ് അദ്വാനി തുടക്കം കുറിക്കുകയായിരുന്നു.

1991-ല്‍ ഇടതുപക്ഷവും ബി.ജെ.പി.യുമെല്ലാം രേഖാമൂലമല്ലാതെ തന്ത്രപരമായ പിന്തുണ നല്‍കിയാണ് കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ എത്തിച്ചത്. രാജീവ് ഗാന്ധി വധവും, റിസര്‍വ് സ്വര്‍ണം പോലും വില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും, ഇന്ത്യയുടെ മതേതരത്വത്തിന്‍റെ കടയ്ക്കല്‍ കത്തിവെച്ച ബാബറി മസ്ജിദ് തകര്‍ക്കലും, അതിന്‍റെ രാഷ്ട്രീയലാഭം കൊയ്യാന്‍ ബി.ജെ.പി.ക്ക് പരമാവധി സാധിച്ചതും രാജ്യം ഇന്നും മറന്നിട്ടില്ല. 1996-ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റപാര്‍ട്ടിയായി ബി.ജെ.പി മാറി. ആര്‍ക്കും ശക്തമായ മുന്നണി രൂപീകരിച്ച് ഭരിക്കാന്‍ കഴിയാതെ വന്നതോടെ 1998-ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. ബി.ജെ.പി.യുടെ അംഗബലം കൂടി. അവരെ മതേതര പാര്‍ട്ടികളായിരുന്ന തെലുഗുദേശവും തൃണമൂല്‍ കോണ്‍ഗ്രസും, എ.ഐ.എ.ഡി.എം.കെ.യും പിന്തുണച്ചു. 13 മാസങ്ങള്‍ക്കുശേഷം ജയലളിത പിന്തുണ പിന്‍വലിച്ചതോടെ വാജ്‌പേയ് സര്‍ക്കാര്‍ താഴെ വീണു. 1999-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥിരതയുള്ള മുന്നണി രൂപീകരിച്ച് അധികാരത്തിലെത്തി.

വര്‍ഗ്ഗീയ ശക്തികളെ ആട്ടിപ്പായിച്ച് വീണ്ടും ജനങ്ങള്‍ കോണ്‍ഗ്രസ് നേത്രുത്വം നല്‍കുന്ന യു.പി.എയെ അധികാരമേല്‍പ്പിച്ചു. ഒന്നല്ല, തുടര്‍ച്ചയായി രണ്ടു തവണ. പക്ഷെ, ജനങ്ങളുടെ ഇച്ഛയ്ക്കൊത്ത് ഉണര്‍ന്നില്ല എന്നു മാത്രമല്ല അഴിമതിയും, തൊഴിലില്ലായ്മയും വര്‍ഗ്ഗീയതയും കൊണ്ട് നാട് മുടിപ്പിച്ചു. ജനങ്ങള്‍ കോണ്‍ഗ്രസിന് ചുട്ട മറുപടി നല്‍കിയ തിരഞ്ഞെടുപ്പായിരുന്നു 2014-ലേത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം തീവ്ര ഹിന്ദുത്വ ശക്തികളുടെ കൂത്തരങ്ങായി മാറി. എന്നിട്ടും അവര്‍തന്നെ അധികാരത്തില്‍ എത്തിയത് കോണ്‍ഗ്രസ് ഗാന്ധി പറഞ്ഞ കോണ്‍ഗ്രസ് അല്ലാത്തതുകൊണ്ടാണ്. ‘രാജ്യത്തിന്‍റെ പുതിയ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന സമൂഹത്തിന്‍റെ എല്ലാ തുറകളിലേക്കും സ്വാതന്ത്ര്യത്തിന്‍റെ സാരാംശം പകര്‍ന്നുകൊടുക്കുന്ന,പുതിയൊരു സംസ്കാരം രൂപപ്പെടുത്തുന്ന ഒരു പ്രസ്ഥാനമായി’ കോണ്‍ഗ്രസ് മാറാത്തത് കൊണ്ടാണ്.

മറ്റൊരവസരത്തില്‍, 1947 നവംബർ 14-ന്, ‘ഒന്നുകില്‍ കോണ്‍ഗ്രസ് പിരിച്ചുവിടണം. അല്ലെങ്കില്‍ അതിനെ ജീവനോടെ നിലനിര്‍ത്താന്‍തക്ക ശേഷിയുള്ള ഒരു നേതാവ് വേണം’ എന്നാണ് ഗാന്ധിജി ഡോ. രാജേന്ദ്ര പ്രസാദിനോട്‌ പറഞ്ഞത്. രാഹുല്‍ഗാന്ധി അത്തരമൊരു നേതാവല്ല. സ്വതന്ത്ര പരമാധികാര മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിര്‍ത്താനുള്ള കെല്‍പ്പും, നേതൃപാഠവവുമുള്ള ഒരു നേതാവിനെ പോലും കോണ്‍ഗ്രാസില്‍ കിട്ടാനില്ല. അതുകൊണ്ടാണ് ‘അയ്യോ അച്ഛാ പോകല്ലേ’യെന്ന നിലവിളികളുമായി അവര്‍ ഇപ്പോഴും രാഹുല്‍ഗാന്ധിക്കു പിറകെ പായുന്നത്. ഇവിടെ രാഹുല്‍ അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതില്‍ ഒരു കഴമ്പുമില്ല, ഈ കോണ്‍ഗ്രസ് പിരിച്ചു വിടുകയാണ് വേണ്ടത്.

ഉറങ്ങുന്നവന് നിയമം ഒരിക്കലും സംരക്ഷണം നൽകുന്നില്ല; നീതി ലഭിക്കാൻ ഉണർന്നിരിക്കണം എന്ന് ഗാന്ധിജി പറയുമായിരുന്നു. കോണ്‍ഗ്രസിനെ ഉണര്‍ത്താനും, രാജ്യത്തെ അവസാന പൌരന്‍റെ കുടിലില്‍ പോലും നീതിയുറപ്പാക്കാനും, സ്വാതന്ത്ര്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മുദ്രാവാക്യങ്ങളുയര്‍ത്താനും കഴിയുന്ന ഒരു നേതാവില്ലെങ്കില്‍, അത്തരമൊരു പ്രസ്ഥാനമായി കോണ്‍ഗ്രസിന് വളരാന്‍ കഴിയില്ലെങ്കില്‍ ഗാന്ധി പറഞ്ഞ വാക്കുകളാണ് പ്രസക്തമാകുന്നത്. ഇന്ത്യ ഗാന്ധിയില്‍ നിന്നും ഗോഡ്സെയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസിനുപോലും അത് മനസ്സിലാകുന്നില്ല എന്നത് ഈ രാജ്യത്തെ ജനങ്ങളുടെ ഗതികേടാണ്.

ഇന്ത്യ എന്‍റെ രാജ്യമെന്ന പ്രതിജ്ഞയും നാം ഇന്ത്യക്കാര്‍ എന്നു തുടങ്ങുന്ന ഭരണഘടനയും പാഴായിപ്പോവരുത്. അതിന് ഉണർന്നിരിക്കുക എന്നതാണ് പ്രധാനം. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മതനിരപേക്ഷതയും ജീവിക്കാനുള്ള അവകാശംപോലും കവർന്നെടുക്കപ്പെടുമ്പോൾ, ചരിത്രവും മാനവികതയും ചവിട്ടി മെതിക്കപ്പെടുമ്പോൾ ഉണര്‍ന്നിരിക്കാനുള്ള കെല്‍പ്പില്ലാത്തെ പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറുന്നുവെങ്കില്‍ രാഹുല്‍ രാജിവെക്കുകയല്ല ‘ഈ കോണ്‍ഗ്രസ്’ പിരിച്ചു വിടുകയാണ് വേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: ഒരു ദശാബ്ദത്തിനുള്ളിൽ രാജ്യം ഏകകക്ഷി ഭരണത്തിലേക്കോ? അമിത് ഷായുടെ നടക്കാത്ത സ്വപ്നം എന്നു പറഞ്ഞു തള്ളിക്കളയാനാവില്ല


Next Story

Related Stories