UPDATES

ബ്ലോഗ്

കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കലെന്ന ലക്ഷ്യം തടഞ്ഞത് ഈ നാല് നിയസഭാ മണ്ഡലങ്ങള്‍

അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനം നല്‍കി ഹൈന്ദവ ധ്രുവീകരണം നടത്തിയതിന് സമാനമായി ശബരിമല പറഞ്ഞ്‌ കേരളത്തിലും വേരുറപ്പിക്കാമെന്നായിരുന്നു അവരുടെ പ്രതീക്ഷ

ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിയും ശബരിമലയിലെ ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ചും സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കി ഇത്തവണയെങ്കിലും കേരളത്തില്‍ ഒരു സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനിറങ്ങിയത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രിംകോടതി വിധി വന്ന ആദ്യദിവസങ്ങളില്‍ അതിന് അനുകൂലമായി നിലപാടെടുത്ത ബിജെപി പിന്നീടുള്ള ദിവസങ്ങളില്‍ തിരുത്തുകയും ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കേരള വ്യാപകമായും- ചില ഘട്ടങ്ങളില്‍ കേരളത്തിന് പുറത്തും- വന്‍ പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ ശബരിമല കേന്ദ്രീകരിച്ച് അവര്‍ വിതറിയ വര്‍ഗ്ഗീയ വിത്ത് വളര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പോടെ വിളവെടുക്കാമെന്നതായിരുന്നു പ്രതീക്ഷ. പ്രതീക്ഷിച്ചത് പോലെ തന്നെ വര്‍ഗ്ഗീയ വിത്ത് വളരുകയും കൊയ്ത്തിന് പാകമാകുകയും ചെയ്തു. വിശ്വാസികളായ ഒരു വിഭാഗം ആളുകള്‍ സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിനും എതിരായി എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുകയും ചെയ്തു. എന്നാല്‍ വിള കൊയ്തത് കോണ്‍ഗ്രസും യുഡിഎഫും ആണെന്ന് മാത്രം. ഒരു സീറ്റൊഴികെ ബാക്കിയുള്ള പത്തൊമ്പത് സീറ്റുകളിലും യുഡിഎഫ് വിജയക്കൊടി പാറിച്ചപ്പോള്‍ എല്‍ഡിഎഫിന് സമീപകാലത്തെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടതായി വന്നു.

അതേസമയം ശബരിമലയിലൂടെ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാമെന്ന് സ്വപ്‌നം കണ്ട ബിജെപിക്ക് ആകട്ടെ ഇക്കുറിയും നിരാശയായിരുന്നു ഫലം. കേരളത്തിലെ വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന ഒരു സത്യം നിലനില്‍ക്കെ തന്നെ ശബരിമല പോലൊരു സുവര്‍ണാവസരം ലഭിച്ചിട്ടും ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ലെന്നത് തിരിച്ചടി തന്നെയാണ്. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും ശബരിമല വിഷയത്തെ തങ്ങള്‍ക്ക് കിട്ടിയ സുവര്‍ണാവസരമായാണ് വിശേഷിപ്പിച്ചത്. അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനം നല്‍കി ഹൈന്ദവ ധ്രുവീകരണം നടത്തിയതിന് സമാനമായി കേരളത്തിലും വേരുറപ്പിക്കാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ഒരര്‍ത്ഥത്തില്‍ അത് സാധ്യമാകുകയും ചെയ്‌തേനെ. എന്നാല്‍ അതിന് തടസ്സമായത് പ്രധാനമായും നാല് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണെന്നത് ശ്രദ്ധേയമാണ്.

ഏതൊക്കെയാണ് ആ നിയമസഭാ മണ്ഡലങ്ങള്‍? ബിജെപി ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ നല്‍കിയിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് ആ മണ്ഡലങ്ങള്‍. തിരുവനന്തപുരത്തെ പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളും പത്തനംതിട്ടയിലെ പൂഞ്ഞാറുമാണ് അവ. തിരുവനന്തപുരത്തെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതും നേരിയ വ്യത്യാസത്തില്‍. നേമത്താകട്ടെ ഒന്നാം സ്ഥാനമാണ് കുമ്മനത്തിനുണ്ടായിരുന്നത്. ഈ നാല് മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സി ദിവാകരന്‍ മൂന്നാം സ്ഥാനത്തായിരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ കുമ്മനത്തിന് തിരിച്ചടി കിട്ടിയ മൂന്ന് മണ്ഡലങ്ങളില്‍ വന്‍ മാര്‍ജ്ജിനിലാണ് തരൂര്‍ മുന്നിലെത്തിയത്. കൂടാതെ തിരുവനന്തപുരം മണ്ഡലത്തില്‍ പതിനയ്യായിരത്തോളം വോട്ടിനാണ് കുമ്മനം രണ്ടാം സ്ഥാനത്തെത്തിയതെന്നതും നിര്‍ണായകമായി.

പാറശാലയില്‍ തരൂര്‍ 69,944 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ദിവാകരന്‍ 47,942 വോട്ടുകളും കുമ്മനം 42,887 വോട്ടുകളുമാണ് നേടിയത്. കോവളത്തെ കണക്കുകള്‍ ഇങ്ങനെ തരൂര്‍- 73,221, ദിവാകരന്‍- 42,050, കുമ്മനം- 41,092, നെയ്യാറ്റിന്‍കരയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. തരൂര്‍- 66,834, ദിവാകരന്‍- 37,925, കുമ്മനം- 32,368. നേമമൊഴിച്ചുള്ള ബാക്കിയെല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് പുറംതിരിഞ്ഞു നിന്നെങ്കിലും ഈ മൂന്ന് മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തെത്തിയതാണ് കുമ്മനത്തിന്റെ തോല്‍വിയ്ക്ക് കാരണമായത്.

പൂഞ്ഞാറിലാകട്ടെ അപ്രതീക്ഷിതമായിരുന്നു കാര്യങ്ങള്‍. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ അറുപത്തിമൂവായിരത്തില്‍ ഏറെ വോട്ടുകളാണ് പി സി ജോര്‍ജ്ജ് ഒറ്റയ്ക്ക് നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജ് എന്‍ഡിഎയ്ക്ക് ഒപ്പമായിരുന്നതിനാല്‍ തന്നെ ഈ വോട്ട് പൂര്‍ണമായും ബിജെപി പ്രതീക്ഷിക്കുകയും ചെയ്തു. ഇത് കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ബിഡിജെഎസിന്റെ ഉല്ലാസിന് ഇരുപതിനായിരത്തോളം വോട്ടുകള്‍ കിട്ടിയിരുന്നു. അങ്ങനെ നോക്കിയാല്‍ എണ്‍പതിനായിരത്തിലേറെ വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പൂഞ്ഞാറില്‍ മാത്രം പ്രതീക്ഷിച്ചത്. എന്നാല്‍ ലഭിച്ചതാകട്ടെ 30,990 വോട്ടുകള്‍ മാത്രവും. അതായത് പ്രതീക്ഷിച്ചതിലും അമ്പതിനായിരത്തിലേറെ വോട്ടുകളുടെ കുറവ്.

വിജയിച്ച സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയേക്കാള്‍ 83,531 വോട്ടുകളായിരുന്നു സുരേന്ദ്രന് കുറവ്. രണ്ടാം സ്ഥാനത്തെത്തിയ 39,288 വോട്ടുകളും. പൂഞ്ഞാറിലെ വോട്ടുകള്‍ സുരേന്ദ്രന് ഉറപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ പത്തനംതിട്ടയിലെങ്കിലും അക്കൗണ്ട് തുറന്ന് കേരളത്തില്‍ നിന്നും ഒരു പ്രതിനിധിയെ അയയ്ക്കാന്‍ ബിജെപിയ്ക്ക് സാധിക്കുമായിരുന്നു. അങ്ങനെയെങ്കില്‍ കേന്ദ്രനേതൃത്വം സുരേന്ദ്രനെ മന്ത്രിസഭയില്‍ പ്രാധന സ്ഥാനം തന്നെ നല്‍കി ആദരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പൂഞ്ഞാര്‍ അപ്രതീക്ഷിതമായ കല്ലുകടിയായപ്പോള്‍ ബിജെപിയുടെ സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കുന്നു.

read more:പൂഞ്ഞാര്‍ ‘പുലി’ ഗുണം ചെയ്‌തോ? കെ സുരേന്ദ്രന്റെ വോട്ട് കണക്കുകള്‍ പറയുന്നത്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍