TopTop
Begin typing your search above and press return to search.

'ചതുപ്പ് ലോകത്തില്ലാത്ത വിലകൊടുത്തു വാങ്ങി നികത്തിയാണോ മലയാളഭാഷ നന്നാക്കുന്നത്'

ചതുപ്പ് ലോകത്തില്ലാത്ത വിലകൊടുത്തു വാങ്ങി നികത്തിയാണോ മലയാളഭാഷ നന്നാക്കുന്നത്

KT ജലീലിന്റെ ഭൂമി തട്ടിപ്പ്.

തിരൂരില്‍ ചതുപ്പും വെള്ളക്കെട്ടും കണ്ടലും നിറഞ്ഞ 17 ഏക്കര്‍ സ്ഥലം 2015 ല്‍ സ്ഥലത്തെ പ്രമുഖര്‍ നിസ്സാര വിലയ്ക്ക് വാങ്ങി. ഒരു നിര്‍മ്മാണത്തിനും ആ സ്ഥലം ഉപയോഗിക്കാന്‍ നീര്‍ത്തട നിയമം അനുവദിക്കുന്നില്ല. അന്നത്തെ മലയാളം സര്‍വ്വകലാശാല VC യായ K ജയകുമാര്‍ IAS ല്‍ സ്വാധീനം ചെലുത്തി ആ സ്ഥലം സര്‍ക്കാറിനെക്കൊണ്ടു സര്‍വകലാശാലയ്ക്ക് വാങ്ങിക്കാന്‍ തീരുമാനിപ്പിക്കുന്നു. മുന്‍ ചീഫ് സെക്രട്ടറി കൂടിയായ ജയകുമാര്‍ കളക്ടര്‍മാരേ സമ്മര്‍ദ്ദത്തിലാക്കി നിയമപരമായ വഴികള്‍ അട്ടിമറിച്ചു ഭൂമിക്ക് സെന്റിന് 1,70,000 രൂപ നിശ്ചയിപ്പിക്കുന്നു. വയലാണെന്നു കള്ളം പറഞ്ഞു സംസ്ഥാനതല നിരീക്ഷണസമിതിയുടെ അംഗീകാരവും 25 കോടിയോളം രൂപയും UDF കാലത്ത് പാസാക്കി എടുക്കുന്നു.

മലയാള സര്‍വ്വകലാശാലയ്ക്ക് അന്യായവിലയ്ക്ക് നീര്‍ത്തടം നികത്തി ഭൂമി വാങ്ങിക്കുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് വിവാദമാക്കിയതോടെ സാംസ്‌കാരിക നായകനും പരിസ്ഥിതി സ്‌നേഹിയും കൂടിയായ ജയകുമാര്‍ സര്‍ സ്‌കൂട്ടാവുന്നു. ഫയലുകള്‍ മുങ്ങുന്നു. LDF അധികാരത്തില്‍ വന്നപ്പോള്‍ മുങ്ങിയിരുന്ന ഫയലുകള്‍ക്ക് KT ജലീല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ ഉണര്‍വ്വ് വെയ്ക്കുന്നു. 6 ഏക്കര്‍ സ്ഥലം ഒഴിവാക്കി 11 ഏക്കര്‍ സ്ഥലം സെന്റിന് 1,60,000 വിലയിട്ട് സ്ഥലം വാങ്ങിക്കാന്‍ 18 കോടിയോളം രൂപ പാസാക്കുന്നു. നേരായ വഴിക്ക് പോയാല്‍ രണ്ടു കോടിയില്‍ താഴെ രൂപയ്ക്ക് കിട്ടേണ്ട ഭൂമിയാണ് 18 കോടിയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചത് !

Land Acquisition Act ഉപയോഗിക്കാത്തതെന്തേ എന്ന ചോദ്യത്തിന് ഉത്തരമില്ല. 11 ഏക്കര്‍ ഭൂമി യഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടോ? 11 മതിയായിരുന്നെങ്കില്‍ എന്തിന് ആദ്യം 17 ഏക്കര്‍ പാസാക്കി? എന്തേ അഴിമതിക്ക് UDF കാര്‍ക്ക് എതിരെ കേസെടുക്കുന്നില്ല? സ്ഥലവില തീരുമാനിച്ചതിലുള്ള തട്ടിപ്പ് തിരുത്താത്തതെന്തേ? നീര്‍ത്തടമായ സ്ഥലം നികത്തുന്നത് നിയമലംഘനമല്ലേ? ഈ 11 ഏക്കറില്‍ കണ്ടല്‍ക്കാടുകള്‍ ഉള്ളപ്പോള്‍ ഇല്ലെന്നു കള്ളം പറയുന്നതെന്തിന്? ഇതിലും വിലക്കുറവില്‍ 11 ഏക്കര്‍ സ്ഥലം ലഭ്യമാണെന്ന് സര്‍ക്കാര്‍ സുതാര്യമായ സംവിധാനത്തില്‍ അന്വേഷിച്ചോ? 1964 ഭൂമിപതിവ് ചട്ടം 11 അനുസരിച്ചുള്ള ലിസ്റ്റില്‍ ആ ഭാഗത്ത് പൊതുആവശ്യത്തിനു ഭൂമി ലഭ്യമാണോ എന്നന്വേഷിച്ചോ?

UDF കൊണ്ടുവന്ന കടുംവെട്ടു തീരുമാനം തിരുത്തി എല്ലാം ശരിയാക്കും എന്നു പറഞ്ഞ LDF ന്റെ മന്ത്രി ശ്രീ.KTജലീലിന് ഇതിനൊന്നും ഉത്തരമില്ല. 'LDF വെട്ടുന്ന കണ്ടല്‍ക്കാടുകള്‍ ഒക്കെ ആവശ്യമില്ലാത്തത് ആയിരിക്കും, LDF നികത്തുന്ന ചതുപ്പൊക്കെ അനാവശ്യം ആയിരിക്കും. 25 കോടിക്ക് UDF പ്ലാനിട്ട അഴിമതി LDF 18 ആക്കി കുറച്ചില്ലേ' എന്നൊക്കെ ന്യായീകരണങ്ങള്‍ ചമയ്ക്കുന്ന അണികളാണ് ജലീലിന്റെ ധൈര്യം. അതുകൊണ്ട് നിയമസഭയില്‍ ചര്‍ച്ചയായിട്ടും നാണംകെട്ടു KT ജലീല്‍ ഈ ഡീലിനെ പരസ്യമായി ന്യായീകരിക്കുകയാണ്.

ഇത് അഴിമതിയാണ്. ഇതന്വേഷിക്കണം.

ചതുപ്പ് ലോകത്തില്ലാത്ത വിലകൊടുത്തു വാങ്ങി നികത്തി മലയാളഭാഷ നന്നാക്കുന്നത് ആ സര്‍വ്വകലാശാല കൊണ്ടുവരാന്‍ പ്രയത്‌നിച്ച, ഭൂമിക്കൊരു ചരമഗീതം എഴുതി നമ്മെ പരിസ്ഥിതിസംരക്ഷണം പഠിപ്പിക്കാന്‍ യത്‌നിച്ച ONV കുറുപ്പ് സാറിനോടും, അതിനായി കുറെ ശബ്ദിച്ച സുഗതകുമാരി ടീച്ചറോടും മലയാള ഭാഷയോടുമുള്ള അനാദരവാണ്.

ജലീല്‍ മന്ത്രീ, ഇതില്‍ നിന്ന് പിന്മാറണം.

ജനം ഇത് കാണുന്നുണ്ട്.

അഡ്വ.ഹരീഷ് വാസുദേവന്‍.(ഫേസ്ബുക്ക് കുറിപ്പ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories