Top

എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ വാഹനാപകടം എങ്ങനെയാണ് പിണറായി പോലീസിന്റെ അക്കൗണ്ടിലെത്തുന്നത്?

എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ വാഹനാപകടം എങ്ങനെയാണ് പിണറായി പോലീസിന്റെ അക്കൗണ്ടിലെത്തുന്നത്?
ഇന്നലെ പുലര്‍ച്ചെ നടന്ന കാറപകടത്തിന്റെ വാര്‍ത്തയാണിതോടൊപ്പം. മരിച്ചത് ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. അപകടവും മരണവുമല്ല, അതുസംബന്ധിച്ച വാര്‍ത്തയാണ് ഇവിടെ വിഷയം. രാവിലെ വായിച്ച നാലു പത്രങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രം ഈ അപകടത്തിന്റെ കാരണം പോലീസാണ്! കേരളത്തിലെ 'പിണറായി പോലീസിന്റെ കൊലപാതകപരമ്പര'യിലേക്ക് ഒന്നുകൂടി കൂട്ടിച്ചേര്‍ക്കാനുള്ള വ്യഗ്രത ആ വാര്‍ത്തയില്‍ കാണാം. അതേസമയം മറ്റ് മൂന്നു പത്രങ്ങളും അങ്ങനെ പറയുന്നേയില്ല. ഓരോ വാര്‍ത്തയായി നോക്കാം.

1. മലയാള മനോരമ. ഒന്നാം പേജിലും ഉള്‍പ്പേജിലുമായി രണ്ടു വാര്‍ത്തകള്‍. ഒന്നാം പേജിലെ വാര്‍ത്തയുടെ തലവാചകം- 'പോലീസ് പിന്തുടര്‍ന്നു: കാര്‍ തെങ്ങിലിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു.' ഉള്‍പേജിലെ വാര്‍ത്തയുടെ തലവാചകം- 'പോലീസ് പി്ന്നാലെ പാഞ്ഞു: കാര്‍ അതിവേഗത്തില്‍ തെങ്ങിലിടിച്ചു.' ഈ വാര്‍ത്തയില്‍ വിലപ്പെട്ട ചില 'വാല്യു അഡിഷ'നുകള്‍ നമുക്ക് വായിക്കാം. പോലീസ് പിന്നാലെ വേഗത്തിലെത്തി വിരട്ടിയതിനാലാണ് കാര്‍ നിയന്ത്രണം തെറ്റിയതെന്ന് പരുക്കേറ്റയാളിന്റെ മൊഴിയാണ് അതില്‍ ഒന്നാമത്തേത്. പോലീസിന്റെ സാന്നിധ്യം കണ്ടതിനാല്‍ നാട്ടുകാര്‍ അപകട സ്ഥലത്തേക്ക് അടുത്തില്ലെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തില്ലെന്നും വാര്‍ത്തയിലുണ്ട്.

അതെ പോലീസ് ഒരു ഭീകരജീവിയാണ്!

വാര്‍ത്തയുടെ അവസാനഭാഗമാണ് ക്ലാസ്. സിനിമാബന്ധം മൂലം തുഹിന്റെ മെഡിസിന്‍ പഠനം മുടങ്ങിയിരിക്കുകയാണെന്ന മറ്റൊരു പത്രത്തിലുമില്ലാത്ത വിവരമാണത്.

2. മാതൃഭൂമി. 'കാറപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു' എന്നാണ് തലവാചകം. രാത്രി ഭക്ഷണം കഴിക്കാന്‍ പോകുന്നവഴിയില്‍ പോലീസിനെ കണ്ട് തിരികെപ്പോരുമ്പോള്‍ കാര്‍ അപകടത്തില്‍പെട്ടെന്നു മാത്രമാണ് ഇതിലെ വാര്‍ത്ത. 'വാല്യു അഡിഷ'നുകള്‍ യാതൊന്നുമില്ല.

3. കേരള കൗമുദി. പോലീസിന്റെ സാന്നിധ്യത്തെക്കുറിച്ചേ ഈ വാര്‍ത്തയില്‍ പറയുന്നില്ല. ഭക്ഷണം കഴിച്ച് തിരികെപ്പോകുമ്പോഴാ്ണ് അപകടം എന്നു മാത്രമേയുള്ളു.

4. ടൈംസ് ഓഫ് ഇന്‍ഡ്യ. രണ്ട് സ്ഥലങ്ങളില്‍ രാത്രി പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നെന്നും അതിലൊരിടത്തുവച്ച് ചെക്കിംഗ് പോയിന്റിന് 200 മീറ്റര്‍ മുന്നില്‍ ഇവര്‍ കാര്‍ തിരിച്ച് അതിവേഗത്തില്‍ പാഞ്ഞുപോയെന്നും അപ്പോഴാണ് അപകടം സംഭവിച്ചതെന്നും പോലീസ് പറഞ്ഞതായി ഈ വാര്‍ത്തയിലുണ്ട്. മറ്റൊരു വിലപ്പെട്ട വിവരം ഈ വാര്‍ത്തയിലുള്ളത്, വാഹനത്തിലെ രണ്ടു യാത്രക്കാരും മദ്യപിച്ചിരുന്നില്ല എന്നു പോലീസ് പറഞ്ഞതാണ്.

പരീക്ഷയ്ക്കുള്ള പഠനത്തിനിടയില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ പോയവര്‍ എന്തിനാണ് പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചതെന്നതാണ് ഒന്നാമത്തെ ചോദ്യം. അവര്‍ മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് പറയുമ്പോള്‍ പ്രത്യേകിച്ചും. ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാത്തതിന്റെ പേരിലാണെങ്കില്‍ കേവലം പെറ്റി മാത്രം നല്‍കേണ്ട സ്ഥാനത്ത് ഇവര്‍ പോലീസിനെ വെട്ടിച്ച് പോകാന്‍ ശ്രമിക്കുന്നതെന്തിന്? വാഹന പരിശോധന നടത്തുന്ന പോലീസിനെ വെട്ടിച്ച് കടക്കാനുള്ള ശ്രമത്തിനിടയില്‍ അപകടം നടക്കുന്നത് ഇതാദ്യമല്ല. അപ്പോഴൊക്കെ കുറ്റം പോലീസിന്റെ തലയില്‍ ചാര്‍ത്തപ്പെടും. ഇവിടെയും അങ്ങനെതന്നെ സംഭവിച്ചിരിക്കുന്നു. മനോരമയാകട്ടെ ആ വാര്‍ത്തയ്ക്ക് കുറേയേറെ പൊടിപ്പും തൊങ്ങലും ചാര്‍ത്തി ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. പോലീസ് പറയുന്നത് അപ്പടി പകര്‍ത്തുന്നതല്ല പത്രപ്രവര്‍ത്തനമെന്നു സമ്മതിക്കുന്നു. പക്ഷേ, വാല്യു അഡിഷനുകള്‍ നടത്തുമ്പോള്‍ കുറഞ്ഞ പക്ഷം അത് ലോജിക്കുകളുള്ളതെങ്കിലുമാകണം.

ഒറ്റക്കാര്യമേ പറയാനുള്ളു. പോലീസ് വാഹന പരിശോധന നടത്തുന്നത് അവരുടെ ഡ്യൂട്ടിയുടെ ഭാഗമാണ്. പോലീസിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടാകാറുണ്ടെന്നത് മറച്ചുവയ്ക്കുന്നില്ല. പക്ഷേ, അവരെ വെട്ടിച്ചു കടക്കാന്‍ ശ്രമിക്കുമ്പോള്‍ അത് അതിഗുരുതരമായ തെറ്റാണ്. അപകടത്തേക്കാള്‍ വലുതല്ല ഒരു പോലീസ് കേസും. അങ്ങനെയുള്ള സംഭവങ്ങളില്‍ അപകടമുണ്ടാകുമ്പോള്‍ പോലീസിനെ കുറ്റപ്പെടുത്താനല്ല, മറിച്ച് ഇനിയെങ്കിലും പോലീസിനെ കാണുമ്പോള്‍ വെട്ടിച്ചുപോകാതിരിക്കാന്‍ ആളുകളെ ബോധവല്‍ക്കരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്.

(ടി സി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌)

also read:‘ഒരിക്കല്‍ പോലും ഇനി നീ എനിക്കെതിരെ പോസ്റ്റിടരുത്’ പിന്നാലെ അസഭ്യ വര്‍ഷവും: റെഡ് ക്രോസ് ചെയര്‍മാന്‍ ചെമ്പഴന്തി അനില്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ പരാതി

Next Story

Related Stories