TopTop
Begin typing your search above and press return to search.

ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങള്‍ നിയന്ത്രിക്കുന്നത് ഐഎസ്ആര്‍ഒയോ തിരുപ്പതി ഭഗവാനോ?

ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങള്‍ നിയന്ത്രിക്കുന്നത് ഐഎസ്ആര്‍ഒയോ തിരുപ്പതി ഭഗവാനോ?

തിരുപ്പതി ബാലാജി ആളൊരു സംഭവമാണ്. ദീപാവലിക്ക് കത്തിച്ചുവിടുന്ന നാടന്‍ എലിവാണം മുതല്‍ കൂറ്റന്‍ ജിഎസ്എല്‍വി (GSLV) റോക്കെറ്റ് വരെ ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് പുള്ളിക്കാരനാണ്. നാസപോലും താമസിയാതെ മുട്ടുകുത്തുമെന്നാണ് കേള്‍ക്കുന്നത്. എന്നാലും എന്റെ അത്തിപ്പാറ അമ്മച്ചീ! നമ്മളിത് ഏത് നൂറ്റാണ്ടിലാണ് എന്ന്മാത്രം ഒരു പിടിയും കിട്ടുന്നില്ല.

ശാസ്ത്രകാരന്മാരെല്ലാവരും അവിശ്വാസികളാകണമെന്നില്ല. അവര്‍ വ്യക്തിപരമായി ആര് തന്നെയായാലും ശാസ്ത്രത്തിനോ സാങ്കേതികവിദ്യകള്‍ക്കോ ഏതെങ്കിലും ദൈവസിദ്ധാന്തങ്ങളുമായോ മതങ്ങളുമായോ യാതൊരു ബന്ധവുമില്ല.ഭാവനാത്മകമായ ഏതെങ്കിലും അമാനുഷിക ഗൂഢസങ്കല്‍പ്പങ്ങളെ ആശ്രയിച്ചല്ല ശാസ്ത്രം പ്രവര്‍ത്തിക്കുന്നതും വികസിക്കുന്നതും. വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളും അന്വേഷണങ്ങളും പഠനങ്ങളുമാണ് അതിന്റെ അടിസ്ഥാനം. അനേകം മനുഷ്യരുടെ ജിജ്ഞാസയും ധൈഷണികമായ കഠിനാധ്വാനവുമാണ് അതിന്റെ ഊര്‍ജ്ജം. സത്യത്തില്‍ നിന്നും സത്യത്തിലേക്കുള്ള യാത്രയാണത്. പ്രമുഖ പരിണാമ ശാസ്ത്രകാരനും എഴുത്തുകാരനുമായ റിച്ചാര്‍ഡ് ഡോക്കിന്‍സ് പറഞ്ഞതുപോലെ ശാസ്ത്രമെന്നത് യാഥാര്‍ത്ഥ്യങ്ങളുടെ കവിതയാണ് (Science Is the Poetry of Reality).

പക്ഷെ ഇതൊക്കെ ഇവിടെ പറഞ്ഞിട്ട് എന്തുകാര്യം? ഏതൊരു അന്ധവിശ്വാസവും എളുപ്പത്തില്‍ കമ്പോളവല്‍ക്കരിക്കാന്‍ കഴിയുന്ന ഇന്ത്യ എന്ന രാജ്യത്ത് ശാസ്ത്രത്തിന്റെ വിജയരഥങ്ങളില്‍പോലും മതവിശ്വാസങ്ങളുടെ കൊടിയും ചരടുംകെട്ടാന്‍ ആളുകള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. അതിന് ചുക്കാന്‍ പിടിക്കുന്നത് ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യകളുടേയും പ്രയോക്താക്കള്‍തന്നെയാണ് എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കാതെ വയ്യ! അമേരിക്കയ്ക്കും റഷ്യക്കും ചൈനയ്ക്കുമൊപ്പം ബഹിരാകാശത്ത് ഒരു മഹാശക്തിയായി വെന്നിക്കൊടി പാറിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) ഓരോ ആകാശദൗത്യങ്ങള്‍ക്ക്മുമ്പും തിരുപ്പതിയില്‍ പൂജയും വഴിപാടും നടത്തുന്നത് പുതിയ കാഴ്ചയല്ല. ഇക്കഴിഞ്ഞ ദിവസം ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്റെ രണ്ടാം ദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍മാര്‍ പിന്തുടരേണ്ട പരമ്പരാഗതമായ' ആ ആചാരം തെറ്റിച്ചില്ല!

ജൂലൈ 15നായിരുന്നു ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണം ആദ്യം തീരുമാനിച്ചിരുന്നത്. അതിന് മുന്നോടിയായി ജൂലൈ-13 ശനിയാഴ്ച ഐഎസ്ആര്‍ഒ ചെയര്‍മാന്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പ്രത്യേക പൂജകളും അര്‍ച്ചനകളും കഴിക്കുകയും വേദപണ്ഡിതന്മാരുടെ മേല്‍നോട്ടത്തില്‍ ഉദ്ദിഷ്ഠ കാര്യസിദ്ധിക്കും വിജയത്തിനുംവേണ്ടിയുള്ള 'ആശിര്‍വാചനം' നടത്തുകയും ചെയ്തു. പോരാത്തതിന് ആന്ധ്രയിലെ നെല്ലൂരില്‍ റോക്കറ്റ് ലോഞ്ച് പാഡ് സ്ഥിതിചെയ്യുന്ന ശ്രീഹരിക്കോട്ടയ്ക്ക് അടുത്തുള്ള സുള്ളൂര്‍പെട്ട് ശ്രീ ചെങ്ങലമ്മ കോവിലിലും പൂജകള്‍ നടന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങളെല്ലാം ഇന്ത്യയുടെ പര്യവേഷണവിജയങ്ങളുടെ നിഗൂഢരഹസ്യവും അത്ഭുതവും ഈ ക്ഷേത്രദര്‍ശനങ്ങളിലാണ് എന്ന മട്ടില്‍ ആഘോഷിച്ചു! തിരുപ്പതിഭഗവാനും ചെങ്ങലമ്മയും 'സഹായിച്ചിട്ടും' വിക്ഷേപണത്തിന്റെ അവസാനനിമിഷം സാങ്കേതിക തകരാര്‍മൂലം വിക്ഷേപണം മാറ്റിവയ്ക്കുകയും ജൂലൈ 22 നു നടത്തുമെന്ന് അറിയിച്ചതനുസരിച്ച് അത് സാധ്യമാക്കുകയും ചെയ്തു. പ്രാര്‍ത്ഥന നടത്തിയിട്ടും ഇത് ആദ്യം നിശ്ചയിച്ച തീയ്യതിയില്‍ നിന്നും മാറ്റിവച്ചത് എന്തിനായിരുന്നു എന്ന് ആരെങ്കിലും ചോദിച്ചാല്‍ 'ദൈവാനുഗ്രഹം കൊണ്ട്' സാങ്കേതിക തകരാര്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞു എന്നായിരിക്കും ഐഎസ്ആര്‍ഒയ്ക്ക് നല്‍കാനുള്ള ഉത്തരം. അതിനപ്പുറം അവരില്‍ നിന്നും പ്രതീക്ഷിക്കുന്നവര്‍ നിരാശരാകാനാണ് സാധ്യത!

ലോകം മുഴുവന്‍ അറിയപ്പെടുന്ന ഐഎസ്ആര്‍ഒ പോലെയൊരു ശാസ്ത്രഗവേഷണ സ്ഥാപനം ബഹിരാകാശ ദൗത്യങ്ങളുടെ വിജയങ്ങള്‍ക്ക് വേണ്ടി ക്ഷേത്രങ്ങളുടേയും ദൈവങ്ങളുടേയും പിറകില്‍ പോകുന്നത് ആധുനികലോകത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്? ശാസ്ത്രാഭിരുചി വളര്‍ത്താന്‍ ഓരോ പൗരനും പരിശ്രമിക്കണം എന്ന് എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യത്താണ് ജനങ്ങളുടെ നികുതിപ്പണംകൊണ്ട് ശാസ്ത്രസാങ്കേതിക പര്യവേഷണങ്ങള്‍ നടത്തുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം റോക്കറ്റുകളുടെ മോഡലുമുണ്ടാക്കി തിരുപ്പതിയിലേക്ക് 'പര്യവേഷണവിജയത്തിന് ദൈവാനുമതിയും അനുഗ്രഹവും' തേടുന്നത് എന്നത് അഭ്യസ്തവിദ്യരായ ആരെയും ലജ്ജിപ്പിക്കേണ്ടതാണ്. നൂറുകണക്കിന് ശാസ്ത്രസാങ്കേതിക വിദ്യാലയങ്ങളും സര്‍വ്വകലാശാലകളുമുള്ള രാജ്യത്ത് അവിടെയൊക്കെ പഠിച്ചുവരുന്ന ഭാവിയിലെ ശാസ്ത്രകാരന്മാര്‍ എന്ത് മഹാസന്ദേശമാണ് ഇതില്‍നിന്നും ഉള്‍ക്കൊള്ളേണ്ടത്?

കുറേ നാള്‍ മുന്‍പാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഒരു ജ്യോതിഷിയുടെ പ്രവചനത്തിന്‍മേല്‍ ഖജനാവിലെ കോടികള്‍ തുലച്ച് ഖനനം നടത്തിയത്. ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വിമര്‍ശിക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്.രാജ്യത്ത് വളര്‍ന്നുവരുന്ന അന്ധവിശ്വാസ-ഭക്തിവ്യവസായത്തില്‍ ഐഎസ്ആര്‍ഒ പോലെയുള്ള സ്ഥാപനങ്ങള്‍പോലും നിരുത്തരവാദപരമായ ഇടപെടല്‍ നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. വേദകാലത്ത് ഇന്ത്യയില്‍ വിമാനങ്ങളും ക്‌ളോണിംഗും പ്ലാസ്റ്റിക്ക് സര്‍ജറിയുമൊക്കെ ഉണ്ടായിരുന്നെന്ന് വീമ്പിളക്കിയും ചാണകത്തില്‍ നിന്നും പ്ലൂട്ടോണിയവും ഐശ്വര്യവുമൊക്കെ കിട്ടുമെന്ന് പടച്ചുവിട്ടും മതചിഹ്നങ്ങള്‍ക്കും ബിംബങ്ങള്‍ക്കും പുറകേ ആളുകളെ വഴിതെറ്റിച്ചുവിട്ടും വോട്ടുബാങ്കുകളാക്കി അധികാരം കയ്യാളുന്ന രാഷ്ട്രീയക്കാരുടെ നാട്ടില്‍ ശാസ്ത്രജ്ഞന്മാരും സാങ്കേതികവിദഗ്ദരുംപോലും ഒരു കാല് വേദകാലത്തും മറുപാദം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കൊണ്ടുവയ്ക്കുന്നത് അശ്ലീലമാണ്. ഇത് വളര്‍ന്നുവരുന്ന തലമുറയെക്കൂടി പുറകോട്ട് നടത്തിയ്ക്കലാണ്.അത് തുറന്നുപറയാന്‍.. ചോദ്യം ചെയ്യാന്‍ പ്രബുദ്ധ സമൂഹം തയ്യാറായേ മതിയാകൂ!

മറ്റേതൊരു രാജ്യം നടത്തിയതിനേക്കാളും ചിലവുകുറഞ്ഞ രീതിയില്‍ മംഗള്‍യാനും ചന്ദ്രയാനും പോലെയുള്ള അഭിമാനകരമായ ബഹിരാകാശ ദൗത്യങ്ങള്‍ ഇന്ത്യ വിജയിപ്പിക്കുമ്പോഴും അതിന്റെയെല്ലാം ഗുണഫലങ്ങള്‍ ഒരു തരത്തില്‍ ക്ഷേത്രവ്യവസായങ്ങള്‍ക്ക് കാഴ്ചവച്ച് രാജ്യത്തെ സാധാരണജനങ്ങളെ അന്ധവിശ്വാസങ്ങളുടെ പടുകുഴികളിലേക്ക് തള്ളിയിടാന്‍ ഐഎസ്ആര്‍ഒ പോലെയുള്ള സ്ഥാപനങ്ങള്‍ ശ്രമിക്കരുതെന്ന് ആത്യന്തികമായിപറഞ്ഞുകൊള്ളട്ടെ!

Read: ചന്ദ്രയാന്‍ കുതിക്കുമ്പോള്‍ ചരിത്രത്തില്‍ ഇടം നേടുന്ന രണ്ട് തമിഴ്ഗ്രാമങ്ങള്‍


Next Story

Related Stories