TopTop
Begin typing your search above and press return to search.

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ആന്റണി നടത്തിയ പ്രതികരണത്തോട് താങ്കള്‍ക്ക് എന്താണ് ഇത്ര അസഹിഷ്ണുത? പി. രാജീവിനെതിരെ വിമര്‍ശനവുമായി ജയ്‌ഹിന്ദ്‌ മേധാവി

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ആന്റണി നടത്തിയ പ്രതികരണത്തോട് താങ്കള്‍ക്ക് എന്താണ് ഇത്ര അസഹിഷ്ണുത? പി. രാജീവിനെതിരെ വിമര്‍ശനവുമായി ജയ്‌ഹിന്ദ്‌ മേധാവി

യുണിവേഴ്‌സിറ്റി കോളേജ് സംഭവുമായി ബന്ധപ്പെട്ട് എ.കെ ആന്റണിയുടെ പ്രതികരണത്തോട് എന്താണ് പി. രാജീവിന് ഇത്ര അസഹിഷ്ണുതയെന്ന് കോണ്‍ഗ്രസ് ചാനലായ ജയ്‌ ഹിന്ദിന്റെ ജോയിന്റ് എം.ഡിയും കെപിസിസി നിര്‍വാഹക സമിതിയംഗവുമായ ബി.എസ് ഷിജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിജു ദേശാഭിമാനി ചീഫ് എഡിറ്റര്‍ കൂടിയായ രാജീവിനെതിരെ വിമര്‍ശനമുന്നയിച്ചത്. ആന്റണി പറഞ്ഞതിലെന്താണ് അവാസ്തവമെന്ന് ഷിജു ചോദിക്കുന്നു.

ഷിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എ.കെ.ആന്റണിയെ വിമര്‍ശിക്കുന്നതിന് പകരം പിണറായി വിജയന്‍ എന്തിന് വീണ്ടും വീണ്ടും തന്നെ തോല്‍പ്പിക്കുന്നുവെന്ന് പി.രാജീവ് ഗവേഷണം നടത്തണം

-----------------------------------------------------------------------------

യുണിവേഴ്‌സിറ്റി കോളേജ് സംഭവുമായി ബന്ധപ്പെട്ട് എ.കെ ആന്റണിയുടെ പ്രതികരണത്തോട് എന്താണ് പി. രാജീവിന് ഇത്ര അസഹിഷ്ണുത. ആന്റണി പറഞ്ഞതിലെന്താണ് അവാസ്തവം.

സമാധാനത്തിന്റെ വെള്ളരി പ്രാവായ സംഘടനയുടെ നേതാവായ പി. രാജീവ് എ.കെ ആന്റണിയെ അക്രമത്തിന്റെ വക്താവാക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. എ.കെ ആന്റണി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഏതാണ് അടിസ്ഥാനരഹിതമായ ആരോപണമെന്ന് വ്യക്തമാക്കാന്‍ രാജീവ് തയ്യറാകണം.

രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ എ.കെ ആന്റണി വാര്‍ത്താസമ്മേളനം നടത്തിയോ എന്നതാണ് രാജീവിന്റെ ചോദ്യം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്.എ.എല്‍) അവഗണിച്ച് യുദ്ധവിമാന നിര്‍മ്മാണ രംഗത്ത് ഒരു മുന്‍പരിചയവുമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് റാഫേല്‍ കരാര്‍ നല്‍കിയപ്പോള്‍ അതിനെ മുന്‍നിരയില്‍ നിന്ന് ചോദ്യം ചെയ്ത നേതാക്കളിലൊരാള്‍ എ.കെ ആന്റണിയായിരുന്നില്ലേ? നരേന്ദ്ര മോദി സര്‍ക്കാരിനെയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കുന്ന നിരവധി പത്രസമ്മേളനങ്ങള്‍ അദ്ദേഹം നടത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലുടനീളം സഞ്ചരിച്ച് എ.കെ ആന്റണി നടത്തിയ പ്രസംഗങ്ങള്‍ മോദി സര്‍ക്കാരിന്റെ കൊള്ളരുതായിമകള്‍ തുറന്നുകാട്ടിക്കൊണ്ടുള്ളവയായിരുന്നു.

സിപിഎമ്മിന്റെ ഏത് നേതാവാണ് ഇത്തരത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്? കൊള്ളരുതായിമകള്‍ തുറന്ന് കാട്ടിയത്? രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേല്‍ ഇടപാടിനെ കുറിച്ച് താങ്കളുടെ പാര്‍ട്ടിയായ സിപിഎം എന്ത് പ്രതിഷേധം സംഘടിപ്പിച്ചു. സിപിഎം അധികാരത്തിലുള്ള എക സംസ്ഥാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഒരക്ഷരം മിണ്ടിയോ? ഇനി മോദി ഭക്തിയാണെങ്കില്‍ വേണ്ട-റിലയന്‍സിനെതിരെയെങ്കിലും ശബ്ദിച്ചോ? എച്ച്.എ.എല്ലിലെ ആയരിക്കണക്കിന് വരുന്ന ജീവനക്കാരില്‍ സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ സി.ഐ.ടിയുവിന് തൊഴിലാളി വര്‍ഗ്ഗമല്ലേ? പുതിയ തൊഴിലവസരം നഷ്ടപ്പെട്ട അനേകായിരം ചെറുപ്പക്കാരില്‍ ഡി.വൈ.എഫ്.ഐക്ക് യുവാക്കളില്ലേ?

പാര്‍ലമെന്റില്‍ മോദിക്കെതിരെ നേര്‍ക്കുനേര്‍ നിന്ന് എന്തെങ്കിലും പ്രതികരിക്കാന്‍ ധൈര്യം കാണിച്ചിരുന്ന ഏക സിപിഎം നേതാവ് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആയിരുന്നു. അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാതിരിക്കാന്‍ എല്ലാ കരുക്കളും നീക്കിയത് താങ്കള്‍ ഉള്‍പ്പെടുന്ന കേരള ഘടകമല്ലേ. യെച്ചൂരി സഭയിലെത്തുന്നത് തടയുകയെന്നത് മോദിയുടെയും ബിജെപിയുടേയും അജണ്ടയായിരുന്നില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും.

താങ്കളുടെ നേതാവ് പ്രകാശ് കാരാട്ടല്ലേ ആര്‍എസ്എസ് വര്‍ഗ്ഗീയ സംഘടനയല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്; മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്ന് പ്രസ്താവന നടത്തിയത്. ബംഗാളില്‍ ബിജെപിക്ക് വളരാന്‍ അവസരമൊരുക്കിയത് താങ്കളുടെ പാര്‍ട്ടിയായ സിപിഎം അല്ലേ. ബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ നീക്ക് പോക്ക് പരസ്യമായ രഹസ്യമല്ലേ. എങ്ങനെയും കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനും ബിജെപിക്കും ശബരിമല വിഷയം താലത്തില്‍ വച്ച് സമ്മാനിച്ചത് സംസ്ഥാനം ഭരിക്കുന്ന താങ്കളുടെ നേതാവ് പിണറായി വിജയനല്ലേ?

Also Read: രാജ്യസഭയിലെ എ.കെ ആന്റണിയെക്കൊണ്ട് ആർക്ക് എന്താണ് പ്രയോജനം?

പിന്നെ എ.കെ ആന്റണി പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടുന്നില്ല എന്നതാണ് പി. രാജീവിന്റെ മറ്റൊരു ആരോപണം. ഇക്കഴിഞ്ഞ ദിവസവും ഓര്‍ഡിനന്‍സ് ഫാക്ടറികളും പ്രതിരോധ വ്യവസായ സംരംഭങ്ങളും സ്വകര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ രാജ്യസഭയില്‍ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഇതേ കുറിച്ച് ഇപ്പോഴും രാജ്യസഭാ അംഗമായി തുടരുന്ന കെ.കെ രാഗേഷിനോട് ചോദിച്ചാല്‍ പി. രാജീവിന് വ്യക്തത കിട്ടും.

താങ്കളുടെ പാര്‍ട്ടിയും താങ്കളുടെ നേതാക്കളും മാത്രമാണ് ബിജെപിയോട് ഏറ്റുമുട്ടാന്‍ പോന്നവരെന്നതു കൊണ്ടാണല്ലോ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് 20-ല്‍ 19-സീറ്റും നേടിയത്. ബംഗാളിലും ത്രിപുരയിലും സിപിഎം സംപൂജ്യരായത്. താങ്കളുടെ പാര്‍ട്ടിയുടെ കേരളത്തില്‍ നിന്നും വിജയിച്ച ഏക കനല്‍ത്തരി പാര്‍ലമെന്റില്‍ നടത്തിയ കന്നി പ്രസംഗത്തിലെ അത്യുജ്ജ്വല പ്രകടനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രോളായി കറങ്ങി നടക്കുന്നുണ്ട്.

എ.കെ ആന്റണിയെ വിമര്‍ശിച്ച് സമയം പാഴാക്കുന്നതിന് പകരം എന്തുകൊണ്ട് പിണറായി വിജയന്‍ താങ്കള്‍ക്ക് വീണ്ടും രാജ്യസഭയിലേക്ക് അവസരം നിഷേധിച്ചു? എന്തുകൊണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ള എറണാകുളത്ത് നിര്‍ത്തി തോല്‍പ്പിച്ചു?- തുടങ്ങിയ കാര്യങ്ങളില്‍ സമയമെടുത്തുള്ള ഒരു ഗവേഷണം നടത്തിയാല്‍ നന്നായിരിക്കും; ഭാവി രാഷ്ട്രീയത്തിന് അത് ഉപകാരപ്പെടും.Read Azhimukham: മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്


ബി.എസ് ഷിജു

ബി.എസ് ഷിജു

തിരുവനന്തപുരം ആസ്ഥാനമായുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍

Next Story

Related Stories