TopTop
Begin typing your search above and press return to search.

വീരപ്പന്റെ വിഹാര കേന്ദ്രമായിരുന്ന മലൈ മഹതീശ്വരൻ കുന്നുകളിലേക്ക് ഒരു യാത്ര

വീരപ്പന്റെ വിഹാര കേന്ദ്രമായിരുന്ന മലൈ മഹതീശ്വരൻ കുന്നുകളിലേക്ക് ഒരു യാത്ര

ഒരു കാലത്ത് കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ വിഹാര കേന്ദ്രമായിരുന്ന മലൈ മഹതീശ്വരൻ കുന്നുകൾ സന്ദർശിക്കുകയെന്നത് നീണ്ട കാലത്തെയാഗ്രഹമായിരുന്നു. മലമുകളിലെ പുരാതന ക്ഷേത്രത്തിൽ ഒരു സന്ദർശനം. ചുറ്റുപാടുകളിലെ നിബിഡവനങ്ങൾ കടന്ന് വീരപ്പന്റെ ജന്മനാടായ ഗോപിനാഥത്തിൽ പോകണം. പിന്നെ ഹൊഗനക്കൽ വെള്ളച്ചാട്ടത്തിലും പോകണം. പരിസ്ഥിതി പോർട്ടലായ മോംഗാബെ ഇന്ത്യയ്ക്ക് വേണ്ടി ഒരു റിപ്പോർട്ടിംഗ് അസൈൻമെന്റ് കിട്ടിയപ്പോൾ സന്തോഷം ഇരട്ടിയായി. അങ്ങനെ പോകാമെന്ന് വച്ചു.

വയനാട്ടിൽ നിന്ന് ഒരു റെൻറ് എ കാർ എടുത്ത് പോകാൻ തീരുമാനമാക്കി. അങ്ങനെ ട്രയിനിൽ കോഴിക്കോട് പോയി ഒരു പാതിരാവിലിറങ്ങി. നിറയെ തിരക്കുള്ള ഒരു ബസിൽ പിന്നെ കല്പറ്റയിലെത്തി.

കൂടെ യാത്ര ചെയ്യാൻ സന്നദ്ധതയറിയിച്ച സിജു ഒരു കാർ റെഡിയാക്കി നിർത്തിയിരുന്നു. അതേവരെയുള്ള യാത്രയുടെ ക്ഷീണം മറന്ന് കാറിൽ ഫുൾ ടാങ്ക് പെട്രോളടിക്കുമ്പോൾ സിജു പറഞ്ഞു: കാർ നരിയാണ്. എല്ലാ പണിയും കഴിഞ്ഞതാണ്. കുന്നും മലയും പാഞ്ഞ് കയറും.

മുത്തങ്ങ വഴി ഗുണ്ടൽപേട്ടയിലെത്തിയപ്പോൾ ആദി ബാംഗ്ലൂരിൽ നിന്ന് വന്ന് കാത്ത് നില്ക്കുന്നുണ്ടായിരുന്നു. ആദ്യമായി കാണുകയാണ്. കന്നടയിൽ ഒരു ദ്വിഭാഷി വേണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ സഹായിക്കാൻ സ്വയം തയ്യാറായി വന്നതാണ്. കാർ ചാമരാജനഗർ കടന്ന് കൊള്ളൈഗാൽ വഴി മലയടിവാരത്തിലെത്തി. വണ്ടി നന്നായി ഓടുന്നു. മലൈ മഹതേശ്വരനിലേക്കുളള ചുരം കയറാനാരംഭിച്ചു. നയനാനന്ദകരമായ കാഴ്ച്ചകൾ.

മുകളിലെത്തുന്നതിന് അഞ്ച് കിലോമീറ്റർ മുമ്പ് കൊടും കാട്ടിലെ കനത്ത വളവിൽ കാർ പൊടുന്നനെ നിന്നു. എത്ര ശ്രമിച്ചിട്ടും അനങ്ങുന്നില്ല. ക്ലച്ച് പോയതാണ്. ഒരു മുൻപരിചയവുമില്ലാത്ത പ്രദേശം. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ആദിയുടെ കന്നടമാത്രമാണാശ്രയം.

മുകളിൽ ക്ഷേത്രത്തിനടുത്ത് ഒരേയൊരു വർക്ക്ഷോപ്പ് ഉണ്ടെന്ന് വഴിയാത്രക്കാർ പറഞ്ഞു. കാർ കെട്ടിവലിച്ച് കൊണ്ടു പോകണം. ആദി ഒരു ബൈക്ക്കാരന്റെ പിന്നിൽ കയറി മുകളിൽ പോയി. കെട്ടി വലിക്കുന്ന വണ്ടിയുമായി മടങ്ങിയെത്തി. രണ്ടായിരം രൂപ വാടക. സമ്മതിക്കുകയല്ലാതെ വഴിയില്ല. കെട്ടി വലിച്ചു. വലിച്ചു കൊണ്ടുപോയ വണ്ടി വേറൊരു വണ്ടിയിലിടിച്ചു. അത് ചളുങ്ങി. അവർ അയ്യായിരം നഷ്ടപരിഹാരം ചോദിച്ചു. രണ്ടായിരത്തിൽ നിർത്തി.

വർക്ക് ഷോപ്പിലെത്തുമ്പോൾ ഉച്ചക്ക് പന്ത്രണ്ട് മണി. അവിടെ നാലഞ്ച് വാഹനങ്ങൾ ക്യൂവാണ്. വൈകിട്ട് ആറ് കഴിയാതെ അയാൾക്ക് വണ്ടിയിൽ തൊടാനാകില്ല. അതിനിടയിൽ പാർട്സ് മൈസൂറിൽ നിന്ന് വരുത്തണം. എണ്ണായിരം രൂപയാകും. അതും സമ്മതിച്ചു.

കുന്നിൻ മുകളിലെ ഹോട്ടലുകൾ ശരാശരിയിലും താഴെയാണ്. അമാവാസി പൂജ അമ്പലത്തിൽ നടക്കുന്നതിനാൽ അവയിലും റൂം ഒഴിവില്ല. അഗതി മന്ദിരങ്ങളിലൊന്നിൽ ഒരു കുടുസ് റൂം ഒഴിവുണ്ട്. രണ്ടാൾക്ക് കട്ടിലുണ്ട്. ഒരാൾക്ക് നിലത്ത് ഷീറ്റ് വിരിക്കാൻ പോലുമിടമില്ല. വാടകയാണ് കൗതുകം. നൂറ് രൂപ. എന്തായാലും കുളിച്ച് വസ്ത്രം മാറി.

ഭക്ഷണശാലകളും അതിപ്രാകൃതം. ഒരിടത്ത് കയറി ഭക്ഷണം കഴിച്ചെന്ന് വരുത്തി. റിപ്പോർട്ടിംഗിനായി കാണേണ്ട ആളുകളെ കാണാൻ നോക്കുമ്പോൾ കുന്നിൻ മുകളിൽ ഒറ്റ ടാക്സിയോ ഓട്ടോയോ ഇല്ല. സ്വകാര്യ വാഹനങ്ങളും ദീർഘദൂര ബസുകളും മാത്രം.

നടന്നും കുന്ന് കയറിയും കിതച്ചും കാലിടറിയും കാണേണ്ടവരെ കണ്ടുതീർന്നു.

ആറ് മണിക്ക് വർക്ക്ഷോപ്പിൽ ചെല്ലുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു. ഒൻപത് മണിയോടെ വണ്ടി കിട്ടിയാൽ ഒരു മണിക്കൂറിൽ തമിഴ്നാട്ടിലെ മേട്ടുരിലെത്തി നല്ലൊരു സ്ഥലത്ത് താമസിക്കാം. വൃത്തിയുള്ള ഭക്ഷണം കഴിക്കാം.

നിലവിലെ വണ്ടികളുടെ പണി തീർന്നിട്ടില്ലെന്നും ഒൻപത് മണിക്കേ നിങ്ങളുടെ കാറിൽ തൊടൂയെന്നും കടയുടമ. പോകാൻ ഇടമില്ലാത്തതിനാൽ അവിടെ തന്നെയിരുന്നു. പത്ത് മണിയായി അയാൾ പണി തുടങ്ങുമ്പോൾ. അയാളുടെ അസിസ്റ്റൻറ് കുറച്ച് ദോശകൾ പാർസലായി വാങ്ങി വന്നു. അല്പം കഴിഞ്ഞ് കഴിക്കാമെന്ന് പറഞ്ഞ് അവിടെ വച്ചു. പകൽ നടന്നലഞ്ഞതിന്റെയും തലേ രാത്രിയിൽ ഉറങ്ങാത്തതിന്റെയും തുടർച്ചയായ ഡ്രൈവിംഗിന്റെയും കടുത്ത ക്ഷീണം. വണ്ടിയില്ല. റൂമില്ല. മനസ്സിന് പിടിച്ച ഭക്ഷണമില്ല. ഇരിക്കാൻ ഒരു കസേര പോലുമില്ല.

എപ്പോൾ പണി തീരുമെന്ന് ചോദിച്ചപ്പോൾ ഷോപ്പുടമ കൂളായി പറഞ്ഞു: പുലർച്ചെ മൂന്ന് മണി. നോർമലായി ഈ രാത്രി തരണം ചെയ്യുക പാടാണ്. അബ്നോർമലായാലേ രക്ഷയുള്ളു. ക്ഷേത്രഗ്രാമമായതിനാൽ പ്രദേശം മദ്യനിരോധിതമാണ്. എങ്കിലും അയാളോട് കൂളായി തമിഴിൽ ചോദിച്ചു: ഇങ്കെ എതാവത് ഡ്രിങ്ക്സ് കിടയ്ക്കുമോ അണ്ണാ?

"ബ്ലാക്കിൽ കിടൈക്കും. അതും ഒ ടി മട്ടും താൻ കിടൈക്കും. ഉങ്കളുക്ക് പിടിക്കാത്."

ഞാൻ ആദിയോട് ചോദിച്ചു: എന്തോന്നടേ ഈ ഒ ടി?

കർണ്ണാടകയിൽ തീരെ ദരിദ്രരായ മദ്യപാനികൾക്കായി സ്പിരിറ്റിൽ മഞ്ഞക്കളർ ചേർത്ത് വില്ക്കുന്ന ഒരു കൂതറ മദ്യമാണത്രേ ഒ ടി. ഒരു ടെട്രാ പായ്ക്കിന് എം ആർ പി എഴുപത് രൂപ. ഇവിടെ ബ്ലാക്കിൽ നൂറ്റമ്പത് കൊടുക്കണം.

" ചേട്ടന് വേണോ?"

"അത്ര ഗതി കെട്ടിട്ടില്ല. ദോശയുടെ പാർസലെടുക്ക്. നമുക്ക് കഴിക്കാം..."

ആദി ഭക്ഷണമെടുക്കാൻ പോയി. പോയ വേഗത്തിലോടി വന്ന് പറഞ്ഞു: "ചേട്ടാ നമ്മുടെ ഭക്ഷണം നായ തിന്നു. നമ്മൾ ശ്രദ്ധിച്ചില്ലല്ലോ..."

ഒരു മരച്ചോട്ടിൽ കൊതുകുകളുടെ സംഗീതം കേട്ട് ഞാൻ തളർന്നിരുന്നു. ഭക്ഷണവും പോയി. കീശയിൽ കാശുണ്ട്. വാങ്ങാനിടമില്ല. ഒരു പാട് പണം വണ്ടിയിൽ മുടക്കി തറയിലിരിക്കുന്നു. അഴിച്ചു വച്ച ഒരു ജീപ്പിന്റെ സീറ്റിൽ കിടന്നുറങ്ങിയ സിജുവിനെ കുത്തിയെണീപ്പിച്ചു: എന്ത് കാറാന്നാ പറഞ്ഞേ? നരിയാണെന്നോ?

ആദി തഥാഗതനായി.

" ചേട്ടൻ ഒരു പാട് യാത്ര ചെയ്യുന്ന ആളല്ലേ...?"

"അതിന്..."

" വ്യത്യസ്തമായ അനുഭവങ്ങൾക്കല്ലെ നമ്മൾ യാത്ര ചെയ്യുന്നത്. ഇത് വ്യത്യസ്തമായ ഒരനുഭവമല്ലേ? നമ്മളിത് ആസ്വദിക്കണം."

ശരിയാണല്ലോ.... വണ്ടിയിലിരുന്ന കുറച്ച് ചിപ്പ്സും മികച്ചറും വെള്ളവും ആദിയെടുത്തു കൊണ്ട് വന്നു.

''ഇത് തിന്ന് നമ്മൾ വിശപ്പടക്കുന്നു."

"എങ്കിൽ നീയൊരു കാര്യം കൂടി ചെയ്യ്?"

" എന്ത്?"

" ഭക്ഷണമല്ലേ കിട്ടാതുള്ളൂ... ആ പറഞ്ഞ ഒ ടി കിട്ടുമോയെന്ന് ചോദിക്കൂ..."

"വെറും സ്പിരിറ്റാണ് ചേട്ടാ..."

"സാരമില്ല."

"ചേട്ടനല്ലേ പറഞ്ഞത്. അത്ര ഗതി കെട്ടിട്ടില്ലെന്ന്..."

"അതിൽ ഞാൻ ഖേദിക്കുന്നു... "

അങ്ങനെ ഒ ടി വന്നു. ജീവിതത്തിൽ കുടിച്ച കയ്പ്പുകൾ വച്ച് നോക്കുമ്പോൾ ഒ ടി വിചാരിച്ചത്ര കുഴപ്പക്കാരനായിരുന്നില്ല. വർക്ക് ഷോപ്പിലെ വെറും നിലത്ത് കുത്തിയിരുന്ന് എപ്പോഴോ ഉറങ്ങി.

നാല് മണിയോടെ ഷോപ്പുടമ വണ്ടി റെഡിയായി എന്ന് പറഞ്ഞു. അഗതി മന്ദിരത്തിന് മുന്നിൽ കാറിട്ട് അവരെ രണ്ടു പേരെ അകത്ത് ഉറങ്ങാൻ വിട്ടു. കാറിലിരുന്നുറങ്ങി. നേരം വെളുത്തു. കുളിക്കാൻ സോപ്പെടുത്ത് ബാത്ത്റൂമിലേക്ക് രണ്ടടിവച്ചപ്പോൾ വീണ്ടുവിചാരമുണ്ടായി. കുളി അല്പം വൈകിക്കാം. ഹൊഗ്ഗനാക്കൽ വെള്ളച്ചാട്ടത്തിലാകാം. അവിടെ നിന്ന് പൊരിച്ച മീൻ തിന്നണം. തലേരാത്രിയുടെ നഷ്ടങ്ങളെ അവിടെ തീർക്കണം.

ഗോപിനാഥം വഴി അങ്ങനെ അവിടേക്ക് പുറപ്പെട്ടു.


കെ.എ ഷാജി

കെ.എ ഷാജി

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories