TopTop
Begin typing your search above and press return to search.

'നമ്മളെ ആര് തോൽപ്പിക്കുമെന്നാണ്? മണ്ണാങ്കട്ടയാണ്, നിങ്ങള്‍ക്ക് കേരളത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല'

നമ്മളെ ആര് തോൽപ്പിക്കുമെന്നാണ്? മണ്ണാങ്കട്ടയാണ്, നിങ്ങള്‍ക്ക് കേരളത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല

വിഷക്കൂട്ടങ്ങൾ സഹായിക്കരുതെന്ന് പറഞ്ഞാൽ, അതിനു വേണ്ടി നാല് ഫോര്‍വേഡ് മെസ്സേജ് അയച്ചാല്‍ വീട്ടിലിരിക്കുന്ന മനുഷ്യരെയാണോ നിങ്ങൾ കാണുന്നത്. സുരക്ഷാസഹായ സേനകൾ എത്താന്‍ കാത്ത് നില്‍ക്കാതെ ഒറ്റതോർത്തിൽ മണ്ണിടിഞ്ഞു തകർന്ന നിലങ്ങളിലേക്ക് മനുഷ്യരെ നോക്കിയിറങ്ങുന്ന, അവസാന ശ്വാസം എങ്കിലും ബാക്കിയിണ്ടോ എന്ന് തിരയുന്ന മനുഷ്യരെ കാണുന്നില്ലേ ?

കവളപ്പാറയിലേക്ക് നോക്കൂ, ഇവടെയൊരു ദുരന്തം സംഭവിച്ചിരിക്കുന്നു എന്ന് അത്രയും പക്വതയോടെ, എന്നാല്‍ തീവ്രത കുറയാതെ നമ്മളെ അറിയിക്കുന്ന റിപ്പോര്‍ട്ടര്‍മ്മാരെ കാണുന്നില്ലേ. കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് ടയർ ട്യൂബിൽ ഒഴുകി വരുന്നവരെ. ഗർഭിണികൾക്ക് സ്ഥലം കൊടുത്തു ഒഴുക്കിനെതിരെ കയർ കെട്ടുന്നവരെ. ഉറ്റവര്‍ പോലും ക്യാമ്പില്‍ ഉള്ളപോഴും വഞ്ചിയുമായി വെള്ളത്തിലേക്ക് ഇറങ്ങിയ കടപ്പുറം ടീംസിനെ.

നാടുനീളെ നമ്മളെ കോളേജുകളിലെ കുട്ടികൾ ക്യാമ്പുകളിൽ ഓടി കൂടുന്നത് കണ്ടില്ലേ ? എന്‍ എസ് എസ് യൂണിറ്റും, യൂണിയനുകളും ഓടിപ്പായുന്നത്, ക്ലാസ്സില്‍ കയറാത്തവര്‍ പോലും കോളേജില്‍ കയറിയിറങ്ങുന്നത്, ഇടതടവില്ലാതെ ജാഗ്രതയോടെ അവരുടെ വാട്സപ്പ് സ്റ്റാറ്റസുകൾ, ഇൻസ്റ്റ സ്റ്റോറികൾ എന്നിവയില്‍ നിറയുന്ന ആവശ്യങ്ങൾ കാണുന്നില്ലേ. കേശവന്‍ മാമന്മാരെ ദയയില്ലാതെ കൊന്നു കൊലവിളിക്കുന്നത്, വ്യാജ വാര്‍ത്തകളെ പൊളിച്ചടുക്കുന്നത് കാണുന്നില്ലേ. അവർ ഈ നാടിനു പകർത്തു കൊടുക്കുന്ന അവരുടെ ഇടങ്ങൾ, സമയം കാണാനില്ലേ.

പാടവും റോഡും ഒന്നായ ഒഴുകുന്ന വഴിയിലൂടെയാണ് ഇന്ന് വീടെത്തിയത്. പേടി തോന്നും. ഒഴുക്കുണ്ട്, ആഴമറിയാത്ത വഴിയാണ്. രണ്ടും വശത്തും നിരയായി നിൽകുന്ന മനുഷ്യന്മാരുടെ വിശ്വാസത്തിലും നിര്‍ദേശത്തിലുമാണ് ആക്സിലെറ്റര്‍ ചവിട്ടിയത്. നല്ല ഡ്രൈവര്‍ ആയത് കൊണ്ടല്ല, ചുറ്റും നമ്മളെക്കാള്‍ ധൈര്യത്തില്‍ കൂടെ നിന്ന മനുഷ്യന്മാരാണ് നയിച്ച്‌ കരക്കിട്ടത്. നാളെ കരിപ്പൂർ എത്തണം. ചുറ്റും കൂടിയ മനുഷ്യൻമാരെ തന്നെയാണ് നാളെ വണ്ടി എടുക്കുമ്പോഴും വിശ്വാസം. ആ വിശ്വാസത്തിന്‍ പുറത്താണ് വണ്ടി എടുക്കുന്നത്.

പക്ഷെ ക്യാമ്പുകളില്‍ സാധനങ്ങള്‍ കുറവുണ്ട്. സത്യമാണ്. പുതപ്പും, പായയും, ഫുഡും കുറവുണ്ട് എം ഇ എസ് പൊന്നാനിയിലെ ക്യാമ്പില്‍ തന്നെ. പക്ഷെ സാനിറ്ററി നാപ്കിന്‍ ആവശ്യത്തിലധികം കൊണ്ട് തന്നതും ഈ മനുഷ്യന്മാരാണ്. അടുത്ത കാലത്തൊന്നും ആവര്‍ത്തിക്കുകയെ ഇല്ലെന്നു കരുതി ആശ്വസിച്ച ദുരന്തമാണ്, ഇനിയൊരു നൂറു വര്‍ഷം ഉണ്ടാവുകയെ ഇല്ലെന്നു കരുതിയതാണ് ഒരു കൊല്ലത്തെ വ്യത്യാസത്തില്‍ മുന്നില്‍ കാണുന്നത്. ഇതിപ്പോ എന്താ എന്നൊരു ഞെട്ടലുണ്ട്. ആരെ പഴിക്കണം എന്നൊരു അങ്കലാപ്പുണ്ട്‌. പലരും ഷോക്കിലാണ്. ഞെട്ടല്‍ തീര്‍ന്നിട്ടില്ല. കൂട്ടുകാരുടെ വീടുകൾ ഒലിച്ചുപോയി, പ്രളയത്തിൽ നിന്ന് കരകയറിയ വീടുകൾ വീണ്ടും മുങ്ങി, പ്രിയപ്പെട്ടവർ എവിടൊക്കെയോ ആണ്.

ഏഴാം തിയ്യതി നില്‍ക്കാതെ മഴ പെയ്യുമ്പോഴും, കളക്ട്ടര്‍ അവധി പറയുമ്പോഴും, ന്യൂനമര്‍ദം കാരണം പ്രളയം വരാം എന്ന് പറയുമ്പോഴും അങ്ങനെ ഒന്നും ഉണ്ടാവുകയെ ഇല്ലെന്ന് തന്നെ ഉറച്ചു വിശ്വസിച്ചാണ് നമ്മള്‍ ജീവിതം പ്ലാൻ ചെയ്തത്. ഉറ്റവര്‍ നാട്ടിലേക്ക് ടിക്കറ്റ് എടുത്തത്, ലീവ് തീരാന്‍ ഒരു ദിവസം ഗ്യാപ്പ് മാത്രം വച്ച് തിരിച്ച് ടിക്കറ്റ് എടുത്തത്. എന്തൊക്കെ പറഞ്ഞാലും നമ്മൾ കുറച്ച് സെൽഫിഷാണല്ലോ. സ്വന്തം ജീവിതത്തെ ഒരു കരക്ക് അടുപ്പിച്ച്, പറ്റാവുന്നത്ര അടുക്കി പെറുക്കി വച്ച്, ഞെട്ടല്‍ മാറ്റി ഈ മനുഷ്യന്മാർ കൈമെയ്‌ മറന്നു ഇറങ്ങി വരിക തന്നെ ചെയ്യും. ക്യാമ്പുകളില്‍ സാധനങ്ങള്‍ നിറയും. ആവശ്യമുള്ളതില്‍, ഉപയോഗിക്കാന്‍ പറ്റുന്നതില്‍ ബാക്കിയുള്ളത് നമ്മള്‍ മറ്റുപ്രളയ സ്ഥലത്തെയ്ക്ക് അയക്കും.

പ്രളയം കഴിഞ്ഞാൽ മാനവികതയുടെ പാഠമാണല്ലോ. കഴിഞ്ഞ ക്യാമ്പിൽ പാട്ട് പാടി ഡാൻസ് കളിച്ച താത്തയെ ഓർക്കുന്നില്ലേ ? ഇനി ജീവിതം തിരിച്ചു പിടിച്ചേ പറ്റൂ അതെനിക്ക് ഒരു വാശിയാ എന്ന് പറഞ്ഞ വീടും ഭൂമിയും തകർന്നു പോയ എന്നാല്‍ തളരാതെ നിന്ന ഒരു അമ്മയെ ഓർമ്മയില്ലേ. രണ്ടും മൂന്നുമായി നമ്മളെ പിരിക്കുന്ന ഈ തെക്ക് വടക്ക് വര്‍ത്താനങ്ങള്‍ മറന്നു മനുഷ്യര്‍ ഒന്നിക്കും, ഒരുമിച്ചു സാധനം റിലീഫ് ക്യാമ്പുകളില്‍ കൊണ്ട് കൊടുത്തു തിരോന്തരം ബിരിയാണിയാണോ, തലശ്ശേരി ബിരിയാണിയാണോ വലുതെന്നു തല്ലൂടും.

നമ്മളെയാര് തോൽപ്പിക്കുമെന്നാണ് ? സംഘപരിവാറിന്‍റെ വിഷയുക്തികളിലെ ഇത്തിരി മെസ്സെജുകളോ, പിണറായി വിജയനും എം എം മണിയുമാണ് കാരണം എന്ന് പറയുന്ന ഇല്ലോജിക്കള്‍ പോസ്റ്ററുകളോ ? മണ്ണാംകട്ടയാണ്. നിങ്ങള്‍ക്ക് കേരളത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല. അരയോളം വെള്ളത്തില്‍ ആളുകളെ സഹായിക്കാന്‍ ഇറങ്ങി നിൽക്കുന്ന, തണുത്തു നില്‍ക്കുന്ന ഈ മനുഷ്യന്മാരുണ്ടല്ലോ. അവര് ചോദിക്കും എന്നിട്ട് ? കഴിഞ്ഞോ എന്ന് ? നിനക്കുള്ളത് അടുത്ത വെള്ളിയാഴ്ച്ച എന്നവർ ഓങ്ങി വക്കും

വെള്ളത്തില്‍ നിന്നും ഈ മനുഷ്യന്മാര്‍ ഉയര്‍ന്നു വരും. മണ്ണിനടിയില്‍ നിന്നും ഒരിറ്റ് ജീവന്‍ ബാക്കിയുണ്ടെങ്കില്‍ അവരും ഉയര്‍ത്തുവരും. എണീക്കാന്‍ നോക്കിയപ്പോള്‍ ചവിട്ടി താഴ്ത്തിയവരെ അവരും നമ്മളും കേരളവും മറക്കുമെന്ന് കരുതിയോ? സഹായം തരുമോ എന്ന് ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉള്ളതൊക്കെ തന്നെടെയ്‌ എന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരനെ മറക്കും എന്ന് കരുതിയോ. അതിജീവിച്ച കേരളം അതിലേറെ ഉറപ്പുള്ളതാണ്.

ഈ സര്‍ക്കാരിന്‍റെ അക്കൌണ്ടിലേക്ക് ഒരിറ്റ് കാശിടരുത് എന്ന് നിങ്ങള്‍ പറയുമ്പോള്‍ ചായ ഉണ്ടാക്കി തന്ന അപ്പുറത്തെ വീട്ടിലെ ചേച്ചി തലയാട്ടുന്നുണ്ടാവും. അവരും എടുത്തു വച്ചിട്ടുണ്ടാവും നുള്ളി പെറുക്കി വച്ചതില്‍ ചിലത് സര്‍ക്കാരിന് കൊടുക്കാന്‍. ദുരിതം അനുഭിക്കുന്നവർക്ക് സഹായമായി. നേരിട്ട് എതിര്‍ത്തില്ലെങ്കിലും അവരും നിങ്ങളെ ഓര്‍ത്തു വക്കും. മുറിവില്‍ ഉപ്പ് തേച്ചവരെ മനുഷ്യര്‍ മറക്കുമെന്ന് കരുതിയോ.

അച്ഛന്‍ തങ്ങള്‍ക്ക് തന്ന ഭൂമി മുഴുവന്‍ ദുരിതമനുഭവിച്ച ജനങ്ങള്‍ക്ക് എഴുതി കൊടുത്ത കുട്ടികളുടെ നാടാണ്, എന്തെങ്കിലും എന്ന് ചോദിച്ചപ്പോള്‍ കാതിലെയും കഴുത്തിലെയും ഊരി കൊടുത്തവരുടെ നാട്. ഇത്രകാലവും നിങ്ങൾ ഒന്നും പഠിച്ചില്ല എന്നുണ്ടോ ? മുറിയും തോറും മുറി കൂടുന്ന, വെട്ടും തോറും ശക്തി കൂടുന്ന, വീഴും തോറും അതിഗംഭീരമായി എഴുന്നേല്‍ക്കുന്ന അതിജീവനത്തിന്‍റെ മറ്റൊരു പേരാണ് കേരളമെന്നു ഇനി എന്ന് മനസ്സിലാകുമെന്നാണ്.

(അമല്‍ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories