TopTop

പൊതു ഇടത്തിലെ മുസ്ലിം സ്ത്രീയേയും, ഊര്‍ജസ്വലയായ സ്ത്രീ നേതാവിനേയും സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാതെ പോയതെന്തുകൊണ്ട് ?

പൊതു ഇടത്തിലെ മുസ്ലിം സ്ത്രീയേയും, ഊര്‍ജസ്വലയായ സ്ത്രീ നേതാവിനേയും സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാതെ പോയതെന്തുകൊണ്ട് ?
കേരളത്തിലെ ജനസംഖ്യയില്‍ പകുതിയും സ്ത്രീകളാണെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഖ്യ മുന്നണികള്‍ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയത് ആറ് സ്ത്രീകളെ മാത്രമാണ്. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ടത് ആലത്തൂരില്‍ നിന്ന് മത്സരിച്ച രമ്യ ഹരിദാസ് മാത്രം. എന്തുകൊണ്ടാവാം ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നത്?

2010ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭ പാസാക്കിയ വനിത സംവരണ ബില്‍ പ്രകാരം 33% സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. എന്നാല്‍ സ്ത്രീ തുല്യതയ്ക്ക് വേണ്ടി മുന്‍കൈയ്യെടുക്കുന്നുവെന്ന് വാദിക്കുന്ന പല രാഷ്ട്രീയ പാര്‍ട്ടികളും ഈ ബില്ല് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമുല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് വനിതാബില്ലിനിതുവരെ ലോക്‌സഭ എന്ന കടമ്പ കടക്കാന്‍ കഴിയാതെ പോയത്. മാത്രമല്ല പല കോണ്‍ഗ്രസ് നേതാക്കന്മാരടക്കം വനിത ബില്‍ പാസാക്കുന്നതിനെതിരെ പിന്നീട് നിലകൊണ്ടു എന്നതും അതിശയം ജനിപ്പിക്കുന്ന ഒന്നാണ്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കുന്നതിലൂടെ സ്ത്രീ പുരുഷ തുല്യതയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് പ്രഖ്യാപിക്കുകയും അതിനുവേണ്ടി വനിതാ മതില്‍ സംഘടിപ്പിക്കുകയും ചെയ്ത എല്‍ഡിഎഫ്‌പോലും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് രണ്ട് സ്ത്രീകളെ മാത്രമാണ്.
സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ പാര്‍ട്ടികള്‍ മടിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ വനിതാ സ്ഥാനാര്‍ത്ഥികളോടുള്ള സമൂഹത്തിന്റെ മനോഭാവവും പരിശോധിക്കേണ്ടിയിരിക്കുന്നു.

1996ല്‍ ചാലക്കുടി നിയോജക മണ്ഡലത്തില്‍നിന്ന് ലോക്‌സഭ അംഗമായ സാവിത്രി ലക്ഷ്മണന്‌ ശേഷം കേരളത്തില്‍നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് ഇപ്പോള്‍ രമ്യ ഹരിദാസാണ്. രമ്യയുടെ വിജയത്തിനൊപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഒസ്മാന്റേയും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചറിന്റേയും തോല്‍വിയെ കുറിച്ചും സംസാരിക്കേണ്ടതുണ്ട്.

ശബരിമല സ്ത്രീ പ്രവേശന സമയത്ത് പി കെ ശ്രീമതി ടീച്ചറെ അധിഷേപിച്ചുകൊണ്ടായിരുന്നു ആളുകള്‍ രംഗത്തെത്തിയിരുന്നത്. ആ സമയത്ത് ബിജെപി ജനറല്‍ സെക്രട്ടറി അടക്കമുള്ള ആളുകള്‍ക്ക് സിപിഎമ്മിലെ പുരുഷന്മാരോടുള്ള സമീപനംപോലെയായിരുന്നില്ല ശ്രീമതി ടീച്ചറോടുണ്ടായിരുന്നത്. പൂതനയെന്നും, ശൂര്‍പ്പണഖയെന്നും മൊക്കെയുള്ള വിളികള്‍ക്കൊപ്പം തീര്‍ത്തും സഭ്യമല്ലാത്ത പ്രയോഗങ്ങള്‍വരെ ആളുകളില്‍നിന്ന് ഉയര്‍ന്നു വന്നിരുന്നു.

കണ്ണൂര്‍ മണ്ഡലത്തിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധ നേടിയത് ഒരു പരസ്യ ചിത്രത്തിലൂടെയായിരുന്നു. 'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി, ഓന്‍ പോയാലേ എന്തെങ്കിലും നടക്കൂ' എന്നത് കോണ്‍ഗ്രസിന്റെ പ്രചരണത്തിനു വേണ്ടി പുറത്തിറക്കിയ വീഡിയോയിലെ ഒരു വാചകമായിരുന്നു. ഇതില്‍ തെളിഞ്ഞ് നില്‍ക്കുന്ന സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പരോക്ഷമായി ശ്രീമതി ടീച്ചറെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ വീഡിയോ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവില്‍ പ്രകടിപ്പിക്കുന്ന സ്ത്രീ വിരുദ്ധ സമീപനത്തിന്റെ തെളിവായി. രമ്യ ഹരിദാസിനെതിരായി ലൈംഗികാധിക്ഷേപം നടത്തിയ എ വിജയരാഘവന്റെ പ്രസംഗമാണ് മറ്റൊരു ഉദാഹരണം.

പൊതു ഇടങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നേരെ സമൂഹത്തിനുള്ള അസഹിഷ്ണുത തന്നെയാണ് ഇത്തരം ചീത്ത വിളികളിലും, കണ്ണൂരില്‍ ശ്രീമതി ടീച്ചര്‍ നേരിട്ട തോല്‍വിയിലും നിഴലിച്ച് നില്‍ക്കുന്നത്. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള കണ്ണൂരില്‍ ശ്രീമതി ടീച്ചര്‍ക്കുണ്ടായ തോല്‍വി അധികാരം പെണ്ണിന്റെ കയ്യിലെത്തരുതെന്ന മനോഭാവം സ്ത്രീകളിലേക്കും അടിച്ചേല്‍പ്പിക്കുവാന്‍ പുരുഷന് കഴിഞ്ഞു എന്നതിന്റെ തെളിവ് തന്നെയാണ്.

ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഒസ്മാന്റെ തോല്‍വിയിലും ഇത്തരമൊരു സാമൂഹിക മനോഭാവം തന്നെയാണ് നിഴലിക്കുന്നത്. പൊതുഇടത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീ എന്നതിനപ്പുറം 'ഒരു മുസ്ലിം സ്ത്രീ' എന്നതാവാം സമൂഹത്തെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്ന് വേണം കരുതാന്‍. '2016ല്‍ ജാതി രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് ഷാനിമോള്‍ പറഞ്ഞിരുന്നു. കെ എസ് യു പ്രവര്‍ത്തകയായി രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ നീതിബോധവും, മതേതര ചിന്തകളും ജനാധിപത്യ മൂല്യവുമുള്ള ചുറ്റുപാടിലാണ് താനെന്ന തോന്നല്‍ തനിക്കുണ്ടായിരുന്നുവെന്നും, എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പദവിയിലുംവേണ്ട യോഗ്യത ജാതിയാണെന്ന് തനിക്ക് മനസിലായെന്നും ഷാനിമോള്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ' 2016ലെ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് തന്നെ പരിഗണിച്ചത് ഏറ്റവും അവസാനം മാത്രമാണെന്ന് അന്ന് ഷാനിമോള്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന സ്ഥാനം പലപ്പോഴും ഷാനിമോള്‍ ഒസ്മാന് ലഭിച്ചിട്ടുണ്ടായിരുന്നില്ല. സമൂഹവും ലിബറല്‍ മുസ്ലിം സ്വത്വത്തില്‍ നിലകൊണ്ട ഷാനിമോള്‍ ഒസ്മാനെ അംഗീകരിക്കുന്നതില്‍ മടികാണിച്ചു എന്ന വേണം പറയാന്‍. പൊതു സമൂഹത്തിലേക്കിറങ്ങുന്ന, സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്ലിം വനിത നേതാവിനെ സ്വീകരിക്കുവാനും, അംഗീകരിക്കുവാനും സമൂഹം വളര്‍ന്നിട്ടില്ല എന്നുവേണം കരുതാന്‍.

സ്ത്രീകളെ രാഷ്ട്രീയത്തില്‍നിന്നും അധികാരത്തില്‍നിന്നും മാറ്റി നിര്‍ത്തേണ്ടത് പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ആവശ്യകതയാണ്. അധികാരം പണം എന്നിവ കാലങ്ങളായി പുരുഷന്‍ കൈയ്യടക്കിവെച്ചിരിക്കുന്ന ഒന്നാണ്. സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയുകയില്ല എന്നതാണ് സമൂഹത്തിന്റെ വാദം .ഇത് പുരുഷന്‍ അവന്റെ അധികാരം ഊട്ടിയുറപ്പിക്കാന്‍വേണ്ടി നിര്‍മ്മിച്ചെടുത്ത ഒന്നാണ്. ഇന്ദിര ഗാന്ധി, ജയലളിത തുടങ്ങിയവര്‍ ഇന്ത്യകണ്ട ശക്തരായ സ്ത്രീ നേതാക്കളില്‍ ചിലരാണ്. ഇവര്‍ക്ക് പിന്‍തുടര്‍ച്ചകളുണ്ടാവാതെ പോകുന്നത് അധികാരം പെണ്ണിന് അവകാശപ്പെട്ടതല്ല എന്ന പുരുഷ മനോഭാവത്തെ പിന്‍തുടരാന്‍ ഒരു ജനത തയ്യാറാകുന്നു എന്നതുകൊണ്ടാണ്. ഷാനിമോള്‍ ഒസ്മാന്റേയും, ശ്രീമതി ടീച്ചറിന്റേയും, വീണ ജോര്‍ജിന്റേയും തോല്‍വി ഇത്തരം മനോഭാവങ്ങളെ പുതുക്കി പണിയണമെന്നതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ഇത് കള്ളനെ കാവല്‍ ഏല്‍പ്പിക്കുന്ന ജനവിധി; കര്‍ഷകരേയും തൊഴിലാളികളേയും ഭൂമിയേയും വിശ്വസിക്കാതെ ഇടതിന് മുന്നോട്ടുപോകാനാവില്ല: വിഎസ്Next Story

Related Stories