TopTop
Begin typing your search above and press return to search.

ഒരുകാര്യം ഓര്‍ത്തുകൊള്ളുക പ്രിയ കോണ്‍ഗ്രസുകാരെ, 'കേരളമല്ല ഇന്ത്യ, ഇടതുപക്ഷമല്ല പ്രതിപക്ഷം'

ഒരുകാര്യം ഓര്‍ത്തുകൊള്ളുക പ്രിയ കോണ്‍ഗ്രസുകാരെ, കേരളമല്ല ഇന്ത്യ, ഇടതുപക്ഷമല്ല പ്രതിപക്ഷം

പ്രിയപ്പെട്ട കോണ്‍ഗ്രസുകാരെ, ഹിന്ദുത്വ വര്‍ഗീയത ശക്തിപ്രാപിച്ചു കൊണ്ടിരിക്കേ മതേതര രാഷ്ട്രീയ പ്രചരണം അപ്രസക്തമാണെന്നത് ഇന്ത്യയിലെ ഏതൊരു കോണ്‍ഗ്രസുകാരനെ പോലെ ഇവിടുത്തെ മതേതരവാദികള്‍ക്കും നന്നായി അറിയാവുന്നതാണ്. മതവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയ മണ്ഡലത്തില്‍ ഭൂരിപക്ഷ ഹൈന്ദവ പ്രീണനത്തിന് മൃദുവായി എങ്കിലും തലവച്ചു കൊടുക്കാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥരാവുന്നത് അതുകൊണ്ടാണ്.

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് മുന്നില്‍ അല്പം മുട്ടുകുത്തിയാണെങ്കിലും മൃദുഹിന്ദുത്വം അകത്ത് ചമയുമ്പോഴെല്ലാം പുറത്ത് ജനാധിപത്യവും ബഹുസ്വരതയും പറയാന്‍ കോണ്‍ഗ്രസ് മടികാണിച്ചിരുന്നില്ല. അത് രാജീവ് തൊട്ട് രാഹുല്‍ വരെ സമാനമായി തുടരുന്നു.

പ്രായോഗികമായി ഈ നിലപാടുകളെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിക്കാമെങ്കിലും പ്രത്യയശാസ്ത്രപരമായി ദീര്‍ഘകാല ജനാധിപത്യ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ഈ നിലപാട് അത്യാധികം ദുരന്ത പരമാണ്, ജനാധിപത്യ മതേതര വിരുദ്ധവുമാണ്.

അതിലധികം ദൗര്‍ഭാഗ്യകരമാണ് കോണ്‍ഗ്രസിന്റെ പ്രത്യശാസ്ത്ര അടിത്തറകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ച്ച. ഇന്നു കോണ്‍ഗ്രസില്‍ ആദര്‍ശം വിളിച്ചുപറയാനുള്ള നേതാക്കളില്ല, ജാതിമത ഇഴകള്‍ ചേര്‍ത്ത് A-Z ഗ്രൂപ്പുകളില്‍ തറവാടിത്തത്തിലും താന്‍പോരിമയിലും ചീര്‍ത്തു വീര്‍ത്ത, ഇടയ്ക്കിടെ നെഹ്‌റു പാരമ്പര്യം എടുത്തു വീശി ജനങ്ങളെ പറ്റിച്ച് നടക്കുന്ന സ്വാര്‍ത്ഥമതികളായ, ടോം വടക്കനെ പോലുള്ള പാര്‍ട്ടിയെ വെടക്കാക്കാന്‍ മാത്രമുള്ള രാക്ഷസ നേതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്.

മറുഭാഗത്താകട്ടെ ഹിന്ദുത്വ വര്‍ഗീയതയും കോര്‍പ്പറേറ്റ് ഭീകരതയും തോളോട് തോള്‍ ചേര്‍ന്ന് എനിക്കു നീയും നിനക്കു ഞാനും എന്ന കണക്കെ അധികാരമുറപ്പിക്കുകയും നിരക്ഷരതയും ദാരിദ്ര്യവും കൂടെപ്പിറപ്പായ ഭൂരിപക്ഷത്തെ തെരഞ്ഞെടുപ്പ് വേളയിലെ കേവല വാഗ്ദാനങ്ങള്‍ക്ക് പുറത്ത്, കൂടെ നിര്‍ത്തി ഇടക്കിടെ കെട്ടഴിച്ചുവിടുന്ന വര്‍ഗ്ഗീയ ലഹളകളില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി ഇന്ത്യയുടെ മതേതര സ്വത്വത്തിന്റെ അവസാന ശ്വാസവും നിലക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍.

കോണ്‍ഗ്രസിന് ഭാവി ഉണ്ടോ എന്നതിനപ്പുറം കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യക്ക് ഭാവി ഉണ്ടോ എന്ന് ചിന്തിക്കേണ്ടത് ഇവിടെയാണ്. പ്രതിപക്ഷമില്ലാത്ത ഇന്ത്യയില്‍ ഭരണഘടനക്കു എന്തു വിലയാണുള്ളത്?? ഇനിയാണു വയനാട്ടിലെ രാഹുലും വടകരയിലെ ജയരാജനും ചര്‍ച്ചയ്ക്ക് എടുക്കേണ്ടത്.

പ്രത്യയശാസ്ത്ര അടിത്തറ തകര്‍ന്ന കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയുടെ ഭാവിയേക്കാളും ചിന്താര്‍ഹമായത് ഇടതുപക്ഷം ഇല്ലാത്ത ഇന്ത്യയുടെ ഭാവിയെ കുറിച്ചാണ്. ഹിന്ദുത്വ വര്‍ഗീയതക്ക് എന്നെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിലങ്ങുതടിയായി നില്‍ക്കുന്നത് ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. ഹിന്ദു വര്‍ഗീയതക്ക് സമ്പൂര്‍ണമായ മറുമരുന്നല്ല ഇടതുപക്ഷമെങ്കിലും ജനാധിപത്യ ഇന്ത്യയുടെ ഭാവിക്ക് സംശുദ്ധമായ കുടിനീരാണ് ഇടതുപക്ഷ രാഷ്ട്രീയം.

കേരളത്തില്‍ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് അകത്ത് മൃദു വര്‍ഗീയത ഒളിപ്പിച്ചു നടത്തുമ്പോഴും രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്ക് തൊണ്ട പൊട്ടുമാറുച്ചത്തില്‍ മതേതരത്വം വിളിച്ചുപറയാനാവുന്നത്. കേരളേതര നാടുകളില്‍ ബിജെപിയുടെ വര്‍ഗീയ കാഹളങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നിട്ടുള്ള കോണ്‍ഗ്രസിനു കേരളത്തില്‍ തങ്ങളുടെ ജനാധിപത്യ -മതേതരത്വ പ്രഘോഷണങ്ങള്‍ ശാശ്വതമായി നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ ഇടതുപക്ഷത്തോടൊപ്പം ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ആശ്ലേഷിക്കുകയാണ് വേണ്ടത്. എന്നുവച്ചാല്‍ ഇടതുപക്ഷത്തിനെതിരായ താല്‍ക്കാലികമായ രാഷ്ട്രീയാധികാര മത്സരങ്ങള്‍ വെടിയണം എന്നല്ല മറിച്ച്, ശാശ്വതമായ ജനാധിപത്യ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് പ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുള്ള രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. ജയരാജനെതിരെ സംഘപരിവാറിനെ കൂടെ നിര്‍ത്താമെന്ന് മുരളീധരന്‍ കരുതിയിട്ടില്ലെങ്കിലും രമേശ് ചെന്നിത്തല കരുതാതിരിക്കുമെന്ന് ചിന്തിക്കുക വയ്യ.

പ്രത്യയശാസ്ത്ര നില തകരുമ്പോള്‍ തന്നെ നയതന്ത്ര വൈദഗ്ധ്യവും കോണ്‍ഗ്രസിന് നഷ്ടപ്പെടുന്നതാണ് വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷത്തെ എങ്ങനെ നിലംപരിശാക്കാമെന്ന വ്യാമോഹത്തിന് വേണ്ടി ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയ പ്രചരണ ലക്ഷ്യങ്ങളെ പോലും തൃണവല്‍ഗണിക്കാമെന്ന കോണ്‍ഗ്രസ് നിലപാടാണ് നിലവില്‍ കോണ്‍ഗ്രസിന്റെ സ്വാധീന പ്രഭാവമായ രാഹുലിനെ തന്നെ ഉത്തരേന്ത്യ വിട്ടു ഇങ്ങു വയനാട്ടിലേക്ക് എഴുന്നള്ളിക്കുന്നതിലൂടെ പുറത്തുവരുന്നത്.

അല്പം ജനാധിപത്യ ആദര്‍ശ ബോധമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടെങ്കില്‍ ചിന്തിക്കണം ഹിന്ദുത്വ വിരുദ്ധ പ്രചരണങ്ങള്‍ ദുര്‍ബലമാക്കി ജനാധിപത്യ മതേതര നാടായ കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ പ്രക്ഷോഭം നടത്തി ആര്‍എസ്എസിന് വളം വെച്ച് കൊടുക്കുകയാണോ വേണ്ടത് അതോ, അല്‍പം അനുനയത്തോടാണെങ്കിലും ദീര്‍ഘകാല ജനാധിപത്യ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആര്‍എസ്എസ് ബിജെപി വിരുദ്ധ രാഷ്ട്രീയ ലക്ഷ്യത്തില്‍ ഇടതുപക്ഷത്തിനൊപ്പം ചേരുകയാണോ വേണ്ടത് ?

ഒരുകാര്യം ഓര്‍ത്തുകൊള്ളുക കോണ്‍ഗ്രസുകാരെ, 'കേരളമല്ല ഇന്ത്യ, ഇടതുപക്ഷമല്ല പ്രതിപക്ഷം.' ©

"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories