TopTop
Begin typing your search above and press return to search.

ഫാഷിസത്തെ താഴെയിറക്കാന്‍ ഞങ്ങളെ തുണയ്ക്കൂ എന്നു പറയുന്നവര്‍ അവരുടെ നയം പ്രഖ്യാപിക്കട്ടെ

ഫാഷിസത്തെ താഴെയിറക്കാന്‍ ഞങ്ങളെ തുണയ്ക്കൂ എന്നു പറയുന്നവര്‍ അവരുടെ നയം പ്രഖ്യാപിക്കട്ടെ

ഈ തെരഞ്ഞെടുപ്പ് ഒറ്റ അജണ്ടയില്‍ തിരിയും. പരിമിത ജനാധിപത്യമെങ്കിലും പുനസ്ഥാപിക്കുക എന്ന ജനങ്ങളുടെ ആഗ്രഹമാണ് പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത്. മോദി സര്‍ക്കാറും ബിജെപിയും സംഘപരിവാര രാഷ്ട്ര നിര്‍മാണത്തിനു പിന്തുണ തേടുകയുമാണ്. ഫാഷിസ്റ്റു ഭരണം വേണോ വേണ്ടേ എന്നതായിരിക്കും ഏക അജണ്ട.

മുങ്ങിപ്പോകുന്നത് ജനകീയ ഉണര്‍വ്വുകളും സമരങ്ങളുമാണ്, അഥവാ സാധാരണ ജനങ്ങളുടെ ക്ലേശങ്ങളും അതിജീവനപ്പിടച്ചിലുകളുമാണ്. മോദി സര്‍ക്കാറിന്റെ കാലത്തു മൂര്‍ച്ഛിച്ച സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ മുളച്ചുപൊന്തിയത് ഇപ്പോഴത്തെ പ്രതിപക്ഷത്തിന് മേല്‍ക്കൈയുണ്ടായിരുന്ന കാലത്താണ്. ഭരണമുള്ള ഇടങ്ങളിലെല്ലാം ഒരേ സാമ്പത്തിക നയത്തിന്റെയും അജണ്ടയുടെയും നടത്തിപ്പുകാരാണ് ഭരണ പ്രതിപക്ഷങ്ങളായി ഇപ്പോള്‍ പൊരുതുന്നത്. ജനകീയ സമരങ്ങളോടു ഇവര്‍ക്കെല്ലാം ഒരേ സമീപനമാണ്. മുതലാളിത്ത വികസനവും സ്വകാര്യവത്ക്കരണവും ഞങ്ങള്‍ നടപ്പാക്കുമ്പോഴേ ശരിയാവൂ എന്നേ അവര്‍ക്കു വാദമുള്ളു. ഇന്നത്തെ സാഹചര്യത്തില്‍ ഇതല്ലാതെ എന്തു ചെയ്യാന്‍ എന്നു കൈമലര്‍ത്തും എല്ലാവരും. ജനകീയ ബദല്‍ എന്നത് ആരുടെയും പരിപാടിയല്ല.

ആരു ജയിച്ചാല്‍ ഭൂരഹിതര്‍ക്കു ഭൂമി കിട്ടും? കാര്‍ഷിക പ്രതിസന്ധി പരിഹരിക്കപ്പെടും? ആദിവാസികള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും നീതികിട്ടും? കയ്യേറ്റക്കാര്‍ ഒഴിപ്പിക്കപ്പെടും? കുടിയൊഴിപ്പിക്കലുകള്‍ അവസാനിപ്പിക്കും? മണ്ണും മണലും കടലും കാടും കൊള്ള ചെയ്യുന്നത് അവസാനിപ്പിക്കും? അഴിമതി തുടച്ചു നീക്കപ്പെടും? നരഹത്യകള്‍ ഇല്ലാതാവും?

ആരു വന്നാല്‍ കോര്‍പറേറ്റ് രാജ് അവസാനിക്കും? വികസനമെന്ന പെരുംകൊള്ളയില്‍നിന്ന് ജനങ്ങളുടെ പുരോഗതിയെന്ന ലക്ഷ്യത്തിലേയ്ക്ക് നയംമാറ്റും? വായ്പ്പാ കെണിയിലേക്കു രാജ്യത്തെ തള്ളിവിടുകയില്ലെന്ന് ആര് പറയും? സാമ്പത്തിക പരമാധികാരവും ഭരണ നിര്‍വ്വഹണവും വിദേശ ഏജന്‍സികള്‍ക്ക് അടിയറവയ്ക്കില്ലെന്ന് ആര്‍ക്കു പറയാനാവും? എല്ലാവരുടെതുമായ പൊതു വിഭവങ്ങള്‍ ധൂര്‍ത്തടിച്ചും വിറ്റും തുലച്ചുകളയില്ലെന്ന് ആര്‍ക്ക് ഉറപ്പു നല്‍കാനാവും?

രാജ്യത്തുയരുന്ന ഞെരക്കങ്ങളും വിലാപങ്ങളും ആര്‍ക്കു കേള്‍ക്കാനാവും? ജനങ്ങളുടെ പിടച്ചിലുകളിലും പ്രതിഷേധങ്ങളിലും ആരു കൂട്ടു നിന്നിട്ടുണ്ട്? ജനകീയ സമരങ്ങളെ പൊലീസിനെ വിട്ടു നേരിട്ട പാരമ്പര്യമില്ലാത്ത അധികാരബദ്ധ രാഷ്ട്രീയപാര്‍ട്ടി ഏതുണ്ട്? അവരതു തിരുത്തുമോ? മുതലാളിത്തവും ജനങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ ഉച്ചാവസ്ഥയാണ് ഫാഷിസമെന്ന് ആരു മനസ്സിലാക്കിയിട്ടുണ്ട്? ബി ജെ പിയെ താഴെയിറക്കിയാല്‍ മാത്രം ഒഴിഞ്ഞു പോകുന്നതല്ല ഫാഷിസമെന്നും അതു മുതലാളിത്തത്തിന്റെ തകര്‍ച്ചകൊണ്ടേ ഒഴിഞ്ഞുപോവൂ എന്നും ആര്‍ക്കു പറയാനാവും? മുതലാളിത്ത പാതയ്ക്കു ബദല്‍ നിര്‍മിക്കാതെ ജനജീവിതം സുരക്ഷിതമാവില്ല. മുതലാളിത്ത വികസനത്തിനു ബദല്‍ തേടുന്ന രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടണം. അതു മാത്രമാണ് ഫാഷിസത്തെ തോല്‍പ്പിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം.

ഫാഷിസത്തെ താഴെയിറക്കാന്‍ ഞങ്ങളെ തുണയ്ക്കൂ എന്നു പറയുന്നവര്‍ അവരുടെ നയം പ്രഖ്യാപിക്കട്ടെ. മുതലാളിത്ത വികസനാഭാസവും ജനങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ ആര്‍ക്കൊപ്പമെന്നു പറയട്ടെ. പ്രായോഗികാനുഭവം വെച്ചു ജനങ്ങള്‍ വിലയിരുത്തട്ടെ. വലതു കാലിലെ മന്തു ഇടതു കാലിലേയ്ക്കു മാറിയാല്‍ മതി എന്ന ക്ലേശകാല ചിന്തയെ കുറച്ചുകാണാനല്ല, അതിനപ്പുറമാണ് വിഷയത്തിന്റെ കാതലെന്ന് സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചത്. വലതുകാലിലെ മന്ത് ഇടതുകാലിലേയ്ക്കു മാറുന്നതുപോലും ഇന്നു പുരോഗമനമാണ്. അത്ര അസഹ്യമായിട്ടുണ്ട് ബ്രാഹ്മണിക്കല്‍ ഫാഷിസത്തിന്റെ നരവേട്ട. രോഗത്തിനെതിരായ നീക്കമാണ് ശക്തിപ്പെടേണ്ടതെന്ന് ആപല്‍ക്കാലത്ത് ഓര്‍മ്മിപ്പിച്ചു എന്നുമാത്രം.

(ഫേസ്ബുക്ക് പോസ്റ്റ്‌)

Read: ഡോ. പി.കെ ബിജു: ആലത്തൂരിൽ മറിച്ചൊരു പേര് സിപിഎമ്മിന് ചിന്തിക്കേണ്ടി വന്നില്ല


ഡോ. ആസാദ്‌

ഡോ. ആസാദ്‌

അധ്യാപകന്‍, എഴുത്തുകാരന്‍

Next Story

Related Stories