TopTop
Begin typing your search above and press return to search.

എഴുത്തിലെ സുന്ദരികളും സുന്ദരന്മാരും; എം മുകുന്ദന്‍ പറഞ്ഞത് പുസ്തക വിപണിയെ കുറിച്ച് കൂടിയാണ്

എഴുത്തിലെ സുന്ദരികളും സുന്ദരന്മാരും; എം മുകുന്ദന്‍ പറഞ്ഞത് പുസ്തക വിപണിയെ കുറിച്ച് കൂടിയാണ്

പുസ്തകങ്ങളുടെ മുഖചിത്രമായി എഴുത്തുകാരുടെ ചിത്രം നല്‍കാന്‍ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. എഴുതിയ കൃതിയേക്കാള്‍ എഴുത്തുകാരുടെ പ്രതിച്ഛായയുടെ സാധ്യതകൂടി തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ് ഇത്തരമൊരു രീതി പ്രസാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മുഖചിത്രങ്ങളൊരുക്കുന്നതില്‍ ലിംഗപരമായ വ്യത്യാസം പ്രസാധകര്‍ പുലര്‍ത്താറില്ല. എന്നാല്‍ വ്യക്തമായ സൗന്ദര്യ താല്‍പ്പര്യങ്ങള്‍ പ്രസാധകര്‍ക്കുണ്ടുതാനും. വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണക്കര മുണ്ടുടുത്ത് പ്രൌഢിയോടെയിരിക്കുന്ന കവര്‍പേജുകളുള്ള എത്ര എഴുത്തുകാരുടെ പുസ്തകങ്ങള്‍ ചൂടപ്പംപോലെ വിപണിയില്‍ വിറ്റുപോകുന്നുണ്ട് എന്നാണ് ഈ ട്രെന്‍ഡ് വ്യാപകമായതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. ആഢംബരവും പ്രൗഢിയും വിളിച്ചോതുന്ന സ്ത്രീകളുടെ ചിത്രങ്ങളും തുടരെ തുടരെ മുഖചിത്രങ്ങളാവുന്നു എന്നത് വസ്തുതയാണ്.

സാഹിത്യത്തില്‍ തന്റെ പേര് ഒരു ബ്രാന്റായി മാറ്റുവാന്‍ തന്നെയാണ് പല എഴുത്തുകാരും ശ്രമിക്കുന്നതെന്നത് വാസ്തുതയാണ്. ഇത്തരത്തില്‍ പേര് എഴുത്ത് മേഖലയില്‍ അടയാളപ്പെടുത്തപ്പെട്ട പല എഴുത്തുകാരുടെയും തുടര്‍ന്നുള്ള പുസ്തകങ്ങളുടെ നിലവാരം കുത്തനെ കുറയുന്നതും കാണാന്‍ കഴിയാറുണ്ട്. ലിംഗപരമായ വ്യത്യാസങ്ങള്‍ക്കപ്പുറം ശരീരത്തിന്റെ നിറവും, ഘടനയും, കാഴ്ച്ചയും തന്നെയാണ് വിപണിയില്‍ വിജയികളായ എഴുത്തുകാരെ നിര്‍മ്മിക്കുന്നതെന്ന് പറയാന്‍ കഴിയും. തങ്ങളുടെ സവര്‍ണ്ണ ശരീരത്തിന്റെ സാധ്യതകളെ മാര്‍ക്കറ്റ് ചെയ്യാനറിയുന്ന ആണ്‍ പെണ്‍ എഴുത്തുകാര്‍ ഒരുപോലെ ഇവിടെയുണ്ട്.

ഒരു കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന പദമായിരുന്നു പെണ്ണെഴുത്ത് എന്നത്. ഇത് സ്ത്രീ എഴുത്തുകാരെ ഒരു കാറ്റഗറിയായിക്കണ്ട് ഒതുക്കി നിര്‍ത്താന്‍ കാരണമാവുന്നു എന്നതാണ് സത്യം. സാഹിത്യത്തില്‍ ഇന്നും കൂടുതലായി ഇടപെടുന്നവര്‍ ആണുങ്ങളാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് സ്ത്രീകള്‍ എഴുതുന്നത് കുറയുന്നതുകൊണ്ടല്ല, പെണ്ണിന്റെ എഴുത്തിനെ ഉള്‍ക്കൊള്ളാന്‍ ഇന്നും സമൂഹം പാകപ്പെടാത്തതുകൊണ്ടാണ്. ഉന്മാദികളായി, സാമൂഹികമായി കരുത്തില്ലാത്തവളായി പെണ്ണിനെ ഒതുക്കിനിര്‍ത്താനുള്ള ശ്രമം എന്നും പൊതുസമൂഹത്തിനുണ്ട്. ഇത് ഒരു തരത്തില്‍ സമൂഹത്തിന്റെ ആവശ്യകതകൂടിയാണ്. പെണ്ണിനെ ഉന്മാദികളാക്കി മാറ്റിനിര്‍ത്തേണ്ടതും ആ വശത്തൂടെമാത്രം പെണ്ണെഴുതുന്നതിനെ സമീപിക്കണമെന്നതും പുരുഷ താല്‍പ്പര്യം തന്നെയാണ്.

സി രവികുമാര്‍ തന്റെ പേരുപോലും ഇല്ലാതെ ലോര്‍ക്കയുടെ കവിതകള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതുപോലെ ഒരു പുസ്തകം ചെയ്യാന്‍ മറ്റേതെങ്കിലും എഴുത്തുകാരന് താല്‍പ്പര്യമുണ്ടാകുമോ. സുന്ദരമായ ശരീരത്തിനപ്പുറം എഴുത്തുകാരുടെ പേര് പോലും പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട് എന്നതിന് തെളിവാണ് വിജില എന്ന കവിയ്ക്ക് പേര് മാറ്റിയതിന്റെ പേരില്‍ പ്രസിദ്ധീകരണത്തിന് തയ്യാറാവാതെ തന്റെ കവിതകള്‍ തിരിച്ചയച്ചു എന്ന് വെളിപ്പെടുത്തേണ്ടി വന്നത്.

എം. മുകുന്ദന്റെ പരാമര്‍ശത്തെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയുകയില്ല. വിപണിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള എഴുത്തുകളില്‍ ശരീരവും ഒരു മാനദണ്ഡമാണെന്നത് വസ്തുതയാണ്. എന്നാല്‍ വിജയിച്ച എല്ലാ എഴുത്തുകാരെയും ഒരേ അളവുകോലില്‍ അളന്ന മുകുന്ദന്റെ പരാമര്‍ശത്തെ തള്ളുക തന്നെ ചെയ്യേണ്ടി വരും. ശക്തമായി സ്ത്രീ എഴുതുമ്പോള്‍ പുരുഷനുണ്ടാവുന്ന അസഹിഷ്ണുതയായിട്ടെ ഇതിനെ കാണാന്‍ കഴിയൂ.

Read More: ഗിരീഷ് കർണ്ണാടും അനന്തമൂർത്തിയും പിന്നെ മലയാളത്തിലെ ചില ആക്സിഡെന്‍റല്‍ പുരോഗമന എഴുത്തുകാരും


Next Story

Related Stories