TopTop
Begin typing your search above and press return to search.

അരിയും മുളകും തപ്പിനടക്കുന്ന 'മാവോവാദികളെ' നേരിടാന്‍ അത്യാധുനിക യന്ത്രത്തോക്കിന് കത്തെഴുതി കാത്തിരിക്കുന്ന പോലീസുകാരന്റെ വിചിത്രവാദങ്ങള്‍ക്ക് ചെവികൊടുക്കരുത്

അരിയും മുളകും തപ്പിനടക്കുന്ന മാവോവാദികളെ നേരിടാന്‍ അത്യാധുനിക യന്ത്രത്തോക്കിന് കത്തെഴുതി കാത്തിരിക്കുന്ന പോലീസുകാരന്റെ വിചിത്രവാദങ്ങള്‍ക്ക് ചെവികൊടുക്കരുത്

നിയമം അനുസരിച്ച് ഏറ്റുമുട്ടല്‍ കൊല എളുപ്പത്തില്‍ എഴുതിത്തള്ളാവുന്ന ലളിതമായ പോലീസ് നടപടിയല്ല; ഒരു കൊലപാതകം നടക്കുമ്പോള്‍ പോലീസ് ചെയ്യുന്ന മിക്കവാറും നിയമ നടപടികളും ഏറ്റുമുട്ടല്‍ കൊലയിലും പോലീസ് പൂര്‍ത്തിയാക്കിയിരിക്കണം. അതുകൂടാതെ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കണം. അതിന്റെ റിപ്പോര്‍ട്ട് സ്ഥലത്തെ മജിസ്ട്രേറ്റിനു നല്‍കണം.

ഇപ്പോള്‍ വയനാട്ടില്‍നിന്നും കേള്‍ക്കുന്നത് ഒന്നുകില്‍ കെട്ടഴിച്ചു വിടപ്പെട്ട പോലീസിന്റെ നിഷ്ഠൂരമായ നടപടി, അല്ലെങ്കില്‍ ഒരു ചെറിയ ക്രിമിനല്‍ സംഘത്തെ പിടികൂടാനുള്ള കഴിവില്ലായ്മ നിയമത്തെ മറികടന്നും മൂടിവയ്ക്കാനുള്ള ശ്രമം.

എല്ലാ അന്വേഷണത്തില്‍നിന്നും വ്യക്തമാകുന്നത് ഈ 'മാവോയിസ്റ്റുകള്‍' പലപ്പോഴും റിസോര്‍ട്ടുകളില്‍നിന്ന് പണം പിരിക്കാറുണ്ടായിരുന്നു എന്നാണ്. നിയമം തപ്പിച്ചെന്നാല്‍ എത്ര റിസോര്‍ട്ടുകള്‍ അവിടെ പ്രവര്‍ത്തിക്കും എന്നതും അവയൊക്കെ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതും മറ്റൊരു വിഷയം. എങ്കിലും അവരങ്ങനെ സ്ഥിരമായി ചെയ്യുന്നുണ്ട് എങ്കില്‍.. ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുണ്ട് എങ്കില്‍.. അതൊരു ക്രിമിനല്‍ കുറ്റമാണ്. അതിനു ആവര്‍ത്തന സ്വഭാവമുണ്ടെങ്കില്‍ പിടികൂടാന്‍ എളുപ്പമാകേണ്ടതാണ്.

അത്തരം ക്രിമിനല്‍ കുറ്റം ചെയ്യുന്നവരെ വെടിവച്ചുകൊല്ലാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല. മാത്രമല്ല, ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ നാട്ടിലെ പല കോടതികളും അതിശക്തമായ താക്കീതുകള്‍ പോലിസിനു നല്‍കിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ കൊലപാതകം നടന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് സുപ്രീം കോടതി കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ കാരണം ഈ മറയുപയോഗിച്ച് പോലീസും പട്ടാളവും അതിക്രമം കാണിയ്ക്കുന്നു എന്നതുകൊണ്ടാണ്. സായുധ സേനയ്ക്കുള്ള പ്രത്യേക അധികാരം നിലനില്‍ക്കുന്ന മണിപ്പൂരില്‍ പട്ടാളം കാണിച്ച അതിക്രമങ്ങള്‍ക്കെതിരേ സുപ്രീംകോടതി സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത് പട്ടാളത്തിന്റെ ശക്തമായ എതിര്‍പ്പിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് എന്നോര്‍ക്കണം. അന്വേഷണം വേണ്ട വേഗത്തില്‍ മുന്നോട്ടുപോകാത്തതിന് സുപ്രീംകോടതി സി ബി ഐ മേധാവിയെ വിളിച്ചു വരുത്തി ശാസിച്ചു എന്നുകൂടി അറിയുമ്പോഴേ നിയമത്തെ മറികടക്കാനുള്ള സേനകളുടെ ശ്രമത്തെ നീതിപീഠം എത്ര ഗുരുതരമായി കാണുന്നു എന്ന് മനസിലാകൂ.

അതുകൊണ്ടു വയനാട്ടിലെ ഏറ്റുമുട്ടല്‍ കൊലയെ സര്‍ക്കാര്‍ വളരെ ഗൗരവമായി കാണണം; അതില്‍ നിക്ഷപക്ഷമായ, നിയമം അനുശാസിക്കുന്ന അന്വേഷണം നടക്കണം. അല്ലാതെ അരിയും മുളകും തപ്പിനടക്കുന്ന 'മാവോവാദികളെ' നേരിടാന്‍ അത്യാധുനിക യന്ത്രത്തോക്കിനും ഓള്‍ ടെറെയ്ന്‍ വാഹനത്തിനും കത്തെഴുതി കാത്തിരിക്കുന്ന പോലീസുകാരന്റെ വിചിത്രവാദങ്ങള്‍ക്കു ചെവികൊടുക്കരുത്.

എനിക്ക് മാവോയിസ്റ്റുകളോട് യാതൊരു അനുഭാവവുമില്ല. ചരിത്രത്തിന്റെയും വസ്തുക്കളുടെയും വൈരുധ്യാത്മകതയില്‍ അവര്‍ വിശ്വസിക്കുന്നതുപോലെത്തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. ആ വിശ്വാസത്തെ വിഗ്രഹിച്ചെടുക്കുമ്പോള്‍ പക്ഷെ ഞാന്‍ എത്തിച്ചേരുക അവരുടെ നിലപടില്‍നിന്നും വിഭിന്നമായ ഒരിടത്താണ്. സ്ഥായിയായ ഏതുമാറ്റവും ഒരു പ്രക്രിയയിലൂടെ കടന്നുപോകണം എന്നും അധികാരം മാത്രമേ തോക്കിന്‍ കുഴലിലൂടെ വരൂ എന്നും മാറ്റം വരില്ല എന്നും പറയുന്നിടത്താണ് ഞാന്‍ എത്തിനില്‍ക്കുന്നത്. അവരങ്ങനെ വിശ്വസിക്കണം എന്ന് എനിക്കവരെയോ അവര്‍ പറയുന്നത് വിശ്വസിക്കണം എന്ന് അവര്‍ക്കെന്നെയോ നിര്‍ബന്ധയ്ക്കാന്‍ പാടില്ല എന്നത് എന്റെ നിര്‍ബന്ധമാണ്. അതിനപ്പുറമുള്ളതെല്ലാം, പ്രത്യേകിച്ച് സ്റ്റെയ്റ്റ് ഇടപെടുമ്പോള്‍--എന്റെ സ്റ്റെയ്റ്റ് ആയാലും അവരുടെ സ്റ്റെയ്റ്റ് ആയാലും അത് കാരണമില്ലാത്ത ഹിംസയാണ്, അത് സംവാദത്തെ, വൈരുധ്യത്തിന്റെ ഏറ്റവും എസന്‍ഷ്യല്‍ ആയ ഒരു ഇന്‍ഗ്രീഡിയന്റിനെ--ഇല്ലാതാക്കുന്നു, അതുകൊണ്ടുതന്നെ അത് അങ്ങേയറ്റം അസ്വീകാര്യമാണ്.

ഇപ്പോള്‍ നമ്മള്‍ കാണുന്നത് പോലീസ് ഭരണകൂടത്തിന്റെ കൊലപാതക ഉപകരണമാകുന്ന രംഗമാണ്. ആ ഭരണകൂടത്തെ നിയന്ത്രിക്കുന്നത്, അല്ലെങ്കില്‍ നിയന്ത്രിക്കാതെയിരിക്കുന്നത്, കമ്യൂണിസ്റ്റുകള്‍ ആണ് എന്നത് അങ്ങേയറ്റം ഖേദകരമാണ്, അസ്വീകാര്യമാണ്. ഭരണകൂടത്തിനു പൗരന്റെമേലുള്ള അധികാരങ്ങള്‍ നിയമം വഴി നിയന്ത്രിച്ചിട്ടുണ്ട് നമ്മുടെ നാട്ടില്‍. അത് ഗുജറാത്തിലായാലും മണിപ്പൂരിലായാലും കാശ്മീരിലായാലും അങ്ങിനെത്തന്നെ; കേരളത്തിലായാലും അങ്ങിനെത്തന്നെ. അതിനു ഒഴിവുകഴിവുകള്‍ വന്നുകൂടാ. ആവര്‍ത്തനങ്ങള്‍ ഒട്ടും വന്നുകൂടാ.

യന്ത്രമനുഷ്യകേന്ദ്രീകൃതമായ സംഘപരിവാരയുക്തികള്‍ 'മനുഷ്യന്‍ എത്ര സുന്ദരമായ പദം' എന്ന് എന്നെങ്കിലുമൊരാവര്‍ത്തി പറഞ്ഞിട്ടുള്ളവര്‍ പിന്തുടര്‍ന്നുകൂടാ.

(ഫെയ്‌സ്ബുക്ക് പോസ്റ്റ്)


Next Story

Related Stories