TopTop
Begin typing your search above and press return to search.

പ്രിയങ്ക ഗാന്ധി യുഗത്തില്‍ കെ സുധാകരന്റെ അമ്പത്തി ആറ് ഇഞ്ച് ആണത്തം

പ്രിയങ്ക ഗാന്ധി യുഗത്തില്‍ കെ സുധാകരന്റെ അമ്പത്തി ആറ് ഇഞ്ച് ആണത്തം

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീകളെക്കാള്‍ മോശമാണെന്നാണ് കെ സുധാകരന്റെ പുതിയ അഭിപ്രായം. പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നും സുധാകരന്‍ പറയുന്നു. എന്തായാലും പിണറായിയെക്കുറിച്ച് തനിക്ക് പ്രതീക്ഷകളുണ്ടായിരുന്നുവെന്നാണ് സുധാകരന്റെ ഇപ്പോഴത്തെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്ത ഒരു കുട്ടിക്ക് വേണ്ടി എല്‍പി സ്‌കൂളിനെ യുപി സ്‌കൂളാക്കി മാറ്റിയ ഉമ്മന്‍ ചാണ്ടിയുടെ ഭൂതദയ പിണറായി വിജയനില്ലെന്നാണ് സുധാകരന്‍ പറയുന്നത്. ഇതേ കുട്ടി തന്റെ സ്‌കൂള്‍ ഹൈസ്‌കൂളാക്കണമെന്ന ആവശ്യവുമായി പിണറായിയെ സന്ദര്‍ശിച്ചപ്പോള്‍ ആവശ്യം നിര്‍ദ്ദയം തള്ളുകയായിരുന്നെന്നാണ് സുധാകരന്‍ പറയുന്നത്. കരുണയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്പാണെന്നും സുധാകരന്‍ ആരോപിക്കുന്നു. ജന്മനാ രണ്ട് കൈകളുമില്ലാത്ത, ഒട്ടേറെ ശാരീരിക വൈകല്യങ്ങളുള്ള മുഹമ്മദ് ആസിമിന്റെ വിഷയമാണ് സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്. ആസിമിന്റെ അഭ്യര്‍ത്ഥന പ്രകാരം അസിം പഠിച്ച കോഴിക്കോട് ഓമശേരി എല്‍പി സ്‌കൂളിനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ യുപി സ്‌കൂളാക്കി ഉയര്‍ത്തിയിരുന്നു. തനിക്ക് പഠനം തുടരാന്‍ ഇതേ സ്‌കൂളിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യം ആസിം ഉന്നയിച്ചപ്പോള്‍ ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിക്കുകയും വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് തടസ്സമുന്നയിക്കുകയുമായിരുന്നു.

സുധാകരന്‍ ഉയര്‍ത്തിയ വിഷയം പ്രസക്തമാണെങ്കിലും അത് വിശദീകരിക്കാന്‍ ഉപയോഗിച്ച സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണ് മുഖ്യ വിമര്‍ശനം ഏറ്റുവാങ്ങിയത്. സ്ത്രീകള്‍ കരുണയില്ലാത്തവരും ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്പുള്ളവരുമാണെന്നാണോ സുധാകരന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതോ അവര്‍ കാര്യപ്രാപ്തിയില്ലാത്തവരാണെന്നാണോ സുധാകരന്റെ നിരീക്ഷണം. എന്തായാലും ആണുങ്ങള്‍ക്ക് മാത്രമേ ഇവിടെ കാര്യങ്ങള്‍ വെടിപ്പായി ചെയ്യാന്‍ സാധിക്കൂവെന്ന് സുധാകരന്‍ ധരിച്ചുവെച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ സുധാകരന്‍ കടുത്ത സ്ത്രീവിരുദ്ധനാണെന്ന് പറയേണ്ടി വരും. സ്ത്രീകള്‍ കാര്യപ്രാപ്തിയില്ലാത്തവരാണെന്നും ഹൃദയമില്ലാത്തവരാണെന്നും കരുതുന്ന ഒരാളെ അങ്ങനെ മാത്രമേ വിളിക്കാനാകൂ. സുധാകരനുള്ളിലെ മാടമ്പിത്തരവും പുരുഷാധിപത്യ മനോഭാവവുമാണ് ഇപ്പോള്‍ പുറത്തുചാടിയിരിക്കുന്നത്. 'പെണ്ണുങ്ങള്‍ അടുക്കളയിലിരുന്നാല്‍ മതി. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉമ്മറത്ത് ആണുങ്ങളുണ്ട്' എന്ന ലൈന്‍.

ഇതാദ്യമായല്ല സുധാകരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത്. 2013 ഫെബ്രുവരി മാസത്തില്‍ അന്ന് എംപിയായിരുന്ന സുധാകരന്‍ മസ്‌കറ്റില്‍ നടത്തിയ ഒരു പ്രസംഗമാണ് ഇത്തരത്തിലുള്ള മറ്റൊന്ന്. "സൂര്യനെല്ലി പെണ്‍കുട്ടിയുടെ ചരിത്രം എല്ലാവര്‍ക്കുമറിയാം. വ്യഭിചാരത്തിന് പണവും പാരിതോഷികവും വാങ്ങിയ ശേഷം ചാനലുകള്‍ക്ക് മുമ്പില്‍ എല്ലാം വിളിച്ചു പറയുകയാണ്. ഓടിപ്പോകാന്‍ ഏറെ അവസരങ്ങള്‍ ഉണ്ടായിട്ടും രക്ഷപ്പെടാന്‍ പെണ്‍കുട്ടി തയ്യാറായില്ല" എന്നാണ് മസ്‌കറ്റില്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിനിടെ സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശം. ഇതേക്കുറിച്ച് നിയമസഭയില്‍ ചോദ്യമുയരുകയും കേരളത്തിന് പുറത്തു നടന്ന സംഭവമായതിനാല്‍ നിയമസഭയ്ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി പറയുകയും ചെയ്തു. സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തോട് യോജിപ്പില്ലെന്നാണ് സുധാകരന്റെ മറ്റൊരു പ്രസ്താവന. ഡല്‍ഹി കൂട്ടബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നതെന്ന് ഓര്‍ക്കണം. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതോടൊപ്പം പുരുഷന്‍മാര്‍ക്കും സുരക്ഷ വേണ്ടേയെന്നായിരുന്നു സുധാകരന്റെ ചോദ്യം.

ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസുകാരെക്കാളും ശക്തമായി പ്രഖ്യാപിച്ചുകൊണ്ടിരുന്നതും ഇതേ സുധാകരനാണെന്ന് ഓര്‍ക്കണം. പ്രായപരിധി ലംഘിച്ച് ശബരിമലയില്‍ സ്ത്രീകള്‍ എത്തിയാല്‍ തടയുമെന്നായിരുന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായ സുധാകരന്റെ പ്രഖ്യാപനം. അതേസമയം ഇത് വിവാദമായപ്പോള്‍ കെപിസിസി യോഗത്തില്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. എങ്കിലും പല വേദികളിലും ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന യുവതികളെ അവഹേളിച്ചും ഭീഷണിപ്പെടുത്തിയും ഇയാള്‍ സംസാരിച്ചു കൊണ്ടിരുന്നു. ജനുവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തിയ യുവതികളെ കള്ളന്മാരോടാണ് സുധാകരന്‍ ഉപമിച്ചതും.

എന്തായാലും സുധാകരന്റെ ഇപ്പോഴത്തെ സ്ത്രീവിരുദ്ധ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്നെയാണ് എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ തെരഞ്ഞെടുത്തത്. പ്രിയങ്ക ഗാന്ധി നെഹ്രു കുടുംബാംഗമാണെങ്കിലും ഒരു സ്ത്രീയാണെന്നത് സുധാകരനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടാകുമോയെന്നതാണ് ഇനി അറിയാനുള്ളത്. ഏതെങ്കിലും സാഹചര്യവശാല്‍ രാഹുല്‍ ഗാന്ധിയ്ക്ക് പകരം പ്രിയങ്ക പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യം വന്നാല്‍ നരേന്ദ്ര മോദിയുടെ അമ്പത്തി ആറ് ഇഞ്ച് എന്ന ആണത്ത മേനിപറച്ചിലില്‍ മയങ്ങി വീണ് ബിജെപിയിലേക്ക് ചുവടു മാറിയാലും അത്ഭുതപ്പെടാനില്ല. പ്രത്യേകിച്ചും എപ്പോള്‍ വേണമെങ്കിലും സുധാകരന്റെ കാവി നിക്കര്‍ പുറത്തുവരുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍.


Next Story

Related Stories