Top

ഇനി ഈ മനുഷ്യനെ 'പപ്പുമോന്‍' എന്നു വിളിക്കാന്‍ മോദി-ഷാ സംഘത്തിന്റെ നാവ് പൊങ്ങില്ല

ഇനി ഈ മനുഷ്യനെ
‘രാഹുല്‍ ഗാന്ധി ഇപ്പോഴും പക്വത കൈവരിച്ചിട്ടില്ല… പക്വത കൈവരിക്കാന്‍ അദ്ദേഹത്തിന്റെ പ്രായം അനുവദിക്കുന്നില്ല. അദ്ദേഹത് തന്റെ നാല്‍പതുകളിലാണ് അദ്ദേഹം. ദയവായി അദ്ദേഹത്തിന് അല്‍പം സമയം നല്‍കൂ,’ 2017 ലെ സംസ്ഥാന തിരഞ്ഞെടുപ്പ് പരാജയ ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിതാണ് ഇങ്ങനെ പറഞ്ഞത്. ഈ പ്രസ്താവന വലിയ ചര്‍ച്ചയാവുകയും കോണ്‍ഗ്രസ്സിന് തന്നെ തിരിച്ചടിയാവുകയും ചെയ്തു.

എന്തായാലും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിലയിരുത്തപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേടിയ മുന്നേറ്റം രാഹുല്‍ ഗാന്ധി എന്ന 'പയ്യന്‍' നേതാവിന്റെ തിരിച്ചുവരവായിരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഛത്തീസ്ഗഡ് ഭരിക്കുന്ന ബിജെപി ഗവണ്‍മെന്റിനെ തകര്‍ത്തെറിഞ്ഞു കൊണ്ടുള്ള ഒറ്റ വിജയം മാത്രം മതി രാഹുലിന്റെ മൂല്യം ഉയര്‍ത്താന്‍. മുഖ്യമന്ത്രി രമണ്‍ സിങിനെതിരെ മികച്ച ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ പരാജയപ്പെട്ടിടത്ത് നിന്നാണ് വിസ്മയകരമായ വിജയം കോണ്‍ഗ്രസ്സ് സ്വന്തമാക്കിയത്. മുന്‍ മുഖ്യമന്ത്രി അജിത്ത് ജോഗി വിട്ടു പോയതിന്റെ നഷ്ടം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നാണ് കരുതിയത്. എന്നാല്‍ ജോഗിയുടെ ഛത്തിസ്ഗഢ് ജനതാ കോൺഗ്രസ്സിന് വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായില്ല.

2017ല്‍ ഗുജറാത്തില്‍ തോല്‍വിക്ക് തുല്യമായ വിജയത്തിലേക്ക് ബിജെപിയെ ചുരുക്കിയത് രാഹുല്‍ പ്രഭാവം തന്നെയാണ്. ദളിത് നേതാവ് ജിഗ്നേഷ് മേവാനി, പട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍, ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ തങ്ങളുടെ പക്ഷത്ത് അണിനിരത്തി തന്ത്രപൂര്‍വമായ നീക്കമാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് തിരഞ്ഞെടുപ്പില്‍ ഫലം ചെയ്യുക തന്നെ ചെയ്തു. ഗുജറാത്തില്‍ ഭരണം നഷ്ടപ്പെടുന്നത് ആലോചിക്കാന്‍ കൂടി സാധിക്കാത്ത മോദി-ഷാ കൂട്ടുകെട്ട് ഗുജറാത്തില്‍ വെള്ളം കുടിക്കുക തന്നെ ചെയ്തു.

രാഹുലിന്റെ തന്ത്രപരമായ നീക്കം ബിജെപിയെ ഉലച്ചത് കര്‍ണ്ണാടകയിലാണ്. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടാവില്ല മനസിലാക്കിയ നിമിഷം തന്നെ ഒട്ടും സമയം കളയാതെ ജെ ഡി എസിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയെ ആശയകുഴപ്പത്തിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു. കൂടാതെ തങ്ങളുടെ എം എല്‍ എ മാരെ ബിജെപിയുടെ ഓപ്പറേഷന്‍ കമലയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്താനും ഗവര്‍ണറുടെ ഒത്താശയോടെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ യദിയൂരപ്പയുടെ ന്യൂനപക്ഷ ഗവണ്‍മെന്‍റിന്റെ താഴെ ഇറക്കാനും സാധിച്ചു. നിലവില്‍ കോണ്‍ഗ്രസ്സ്-ജെ ഡി എസ് സഖ്യം അസ്വാരസ്യങ്ങളില്ലാതെ മുന്നോട്ട് പോകുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിലപാടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മോദിയുടെ മുന്‍കാല നാടകീയതകളെ ഒക്കെ പിന്നിലേക്ക് തള്ളുന്നതായിരുന്നു ജൂലൈ മാസത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചത്. തന്റെ പ്രസംഗത്തിലുടനീളം നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയായിരുന്നു രാഹുല്‍. ഒരു വേള നരേന്ദ്രമോദി സത്യസന്ധനല്ല എന്നുവരെ രാഹുല്‍ പറഞ്ഞു. രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താനെന്നാണ് പ്രധാനമന്ത്രി എപ്പോഴും പറയാറുള്ളത്. എന്നാല്‍ അമിത് ഷായുടെ മകനെതിരേ കോടികളുടെ ക്രമക്കേട് ആരോപണം ഉയര്‍ന്നിട്ടും മിണ്ടാത്ത വ്യക്തിയാണ് അദ്ദേഹം. തന്റെ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രി പുഞ്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം അസ്വസ്ഥനാണ്. മോദിക്ക് എന്റെ കണ്ണുകളില്‍ നോക്കാനാവില്ല. രാഹുല്‍ കത്തിക്കയറി.

എന്നാല്‍ പെട്ടെന്നായിരുന്നു ആ നടപടി. തന്റെ പ്രസംഗത്തിന് ശേഷം മോദിയുടെ സമീപത്തേക്ക് നടന്ന രാഹുല്‍ അദേഹത്തെ ആശ്ലേഷിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്തു. ഒരു നിമിഷം നാടകീയതകളുടെ ആശാനായ മോദി തന്നെ പതറിപ്പോയി.

അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പ്രതിപക്ഷം മുട്ടുമടക്കിയെങ്കിലും തന്റെ ഒറ്റ നീക്കത്തിലൂടെ മാധ്യമ ചര്‍ച്ചകളുടെയും സാമൂഹ്യ മാധ്യമങ്ങളിലും കേന്ദ്ര ബിന്ദുവാകാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു. രാഹുലിന്റെ ഈ നടപടി മുന്‍പെ എഴുതിയ തിരക്കഥ പ്രകാരമുള്ളതായിരുന്നോ? അതോ പെട്ടെന്നുള്ള തോന്നലില്‍ സംഭവിച്ചതോ? എന്നതായി ചര്‍ച്ചകള്‍. എന്തു തന്നെയായാലും പുതിയ ഒരു രാഹുല്‍ ബ്രാന്‍ഡ് ഇതാ ഉദയം ചെയ്യുന്നു എന്ന സൂചന അത് നല്‍കി.

അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുമ്പോള്‍ നരേന്ദ്ര മോദിയുടെ പ്രഭാവം മങ്ങുന്നു എന്നു തന്നെയാണ് അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഛത്തീസ്ഗഡില്‍ കനത്ത പരാജയം നേരിട്ടപ്പോള്‍ രാജ്സ്ഥാനിലും ഭരണം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. മധ്യപ്രദേശിലും ബിജെപിയുടെ അടിത്തറ ഇളകിക്കഴിഞ്ഞു. തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ പടയോട്ടത്തില്‍ കോണ്‍ഗ്രസ്സിന് അടിപതറിയെങ്കിലും അതിനിടയില്‍ ബിജെപി നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം.

കഴിഞ്ഞ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഇങ്ങനെ കൂടി പറഞ്ഞു; “ഞാന്‍ നിങ്ങള്‍ക്ക് പപ്പുവായിരിക്കാം. എന്നാല്‍ ഇങ്ങനെ വിളിക്കുന്നതില്‍ ഒരു ദേഷ്യവും പ്രധാനമന്ത്രിയോടില്ല.”

ഇനി ബിജെപിക്ക് ഈ മനുഷ്യനെ പപ്പുമോന്‍ എന്നു പരിഹസിക്കാനാവില്ല. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാന്‍ കെല്‍പ്പുള്ള സുശക്തനായ നേതാവായി രാഹുല്‍ മാറിയിരിക്കുന്നു.

രാഹുല്‍ ന്യൂ ബ്രാന്‍ഡ്..!

https://www.azhimukham.com/india-madhya-pradesh-assembly-election-result-congress-bjp-kamal-nath-scindia-shivrajsing-chouhan/

https://www.azhimukham.com/opinion-congress-need-not-be-apologetic-about-soft-hindutva/

https://www.azhimukham.com/nationalwrap-rahulgandhi-meets-jigneshmevani-at-surat-reminds-traders-and-workers-demonetisation/

https://www.azhimukham.com/edit-rahul-can-be-branded-easily-than-modi-and-political-narrative-is-changing/

https://www.azhimukham.com/viral-rahulgandhi-aikido-blackbelt/

https://www.azhimukham.com/vayicho-who-would-be-indias-next-primeminister-tavleensingh-asks/

Next Story

Related Stories