TopTop
Begin typing your search above and press return to search.

'ജനങ്ങളുടെ ജീവിതമരച്ചു പായുന്ന ചുങ്കപ്പാതയാണ് തൊഴിലാളിവര്‍ഗ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വപ്നം, പതിനായിരങ്ങളെ കുടിയൊഴിപ്പിക്കല്‍ നടപടി ജനങ്ങള്‍ക്കെതിരായ യുദ്ധം തന്നെയാണ്'

ജനങ്ങളുടെ ജീവിതമരച്ചു പായുന്ന ചുങ്കപ്പാതയാണ് തൊഴിലാളിവര്‍ഗ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വപ്നം, പതിനായിരങ്ങളെ കുടിയൊഴിപ്പിക്കല്‍ നടപടി ജനങ്ങള്‍ക്കെതിരായ യുദ്ധം തന്നെയാണ്

ദേശീയപാതാ വികസനത്തിന് ഭൂമി ബലം പ്രയോഗിച്ചു പിടിച്ചെടുത്തിട്ടും പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നില്ല കേന്ദ്രമെന്ന പരാതിയാണ് സംസ്ഥാന ഗവണ്‍മെന്റിന്. ജനങ്ങളുടെ ജീവിതമരച്ചു പായുന്ന ചുങ്കപ്പാതയാണ് തൊഴിലാളിവര്‍ഗ രാഷ്ട്രീയ പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും സ്വപ്നം. പുറംതള്ളപ്പെടുന്നവരെ കോടികളുടെ പ്രതിഫലം കാട്ടി മോഹിപ്പിച്ചും വഴങ്ങാത്തവരെ പൊലീസ് ഭീകരതയില്‍ തളച്ചും പിടിച്ചെടുത്തതാണ് ഭൂമി. അതിനു പ്രതിഫലം നല്‍കാന്‍ കേന്ദ്രം തയ്യാറാവുന്നില്ലെന്നും അതുസംബന്ധിച്ചു ഒരുറപ്പും ലഭിച്ചിട്ടില്ലെന്നും നിയമസഭയില്‍ വാ പൊളിച്ചിരിക്കുന്നു സര്‍ക്കാര്‍. പിന്നെ എന്തുറപ്പിലായിരുന്നു ബിഒടി കച്ചവടത്തിന് അരുനിന്നുള്ള പരാക്രമം? നാണംകെട്ട സ്വകാര്യവത്ക്കരണം?

ഈ പ്രതിസന്ധികളൊക്കെ മുന്നില്‍ കണ്ടാണ് വിഎസ് സര്‍ക്കാര്‍ വലിയ സ്ഥലമെടുപ്പു പ്രായോഗികമല്ല, മിക്കവാറും ഏറ്റെടുത്തു കഴിഞ്ഞ മുപ്പതു മീറ്ററില്‍ ആറുവരിപ്പാതയുണ്ടാക്കാം എന്നു നിര്‍ദ്ദേശിച്ചത്. ആ നിര്‍ദ്ദേശത്തെ എതിര്‍ത്തും അട്ടിമറിച്ചും സ്വകാര്യവത്ക്കരണ ലോബികളോടു ചങ്ങാത്തം സ്ഥാപിച്ചവര്‍ ഒറ്റുകാരുടെ റോളിലെത്തി. അവരുടെ വേട്ടപ്പുറപ്പാടിനിടയിലും ഉമ്മന്‍ചാണ്ടി സര്‍ക്കാറിനും പറയേണ്ടിവന്നു ഇവിടെ മുപ്പതു മീറ്ററില്‍ ആറുവരിപ്പാതയാണ് അഭികാമ്യമെന്ന്. എന്നാല്‍ പാതയുടെ സൗകര്യത്തെക്കാള്‍ ചുങ്കവിനിമയത്തിന്റെ ചില്ലറക്കിലുക്കത്തില്‍ താല്‍പ്പര്യമുടക്കിയ പിണറായി സര്‍ക്കാറിന് ചുങ്കപ്പാത നിര്‍ബന്ധമായി. കുടിയൊഴിപ്പിക്കുന്നതിനു മുമ്പു പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണമെന്ന ഇടതുപക്ഷ നിലപാട് കാറ്റില്‍ പറത്തി സ്വകാര്യവത്ക്കരണം നടപ്പാക്കാന്‍ അദ്ദേഹത്തിന് ഒരു ലജ്ജയും കണ്ടില്ല.

ഒന്നുകില്‍ പുനരധിവാസ പാക്കേജ് 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കുന്നതുവരെ ദേശീയപാതാ കയ്യേറ്റങ്ങള്‍ നിര്‍ത്തിവെയ്ക്കണം. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കണം. അല്ലെങ്കില്‍ ഏറ്റെടുത്ത മുപ്പതു മീറ്ററിലെ ആറുവരിപ്പാത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതുപോലെ നടപ്പാക്കണം. വന്‍ തോതിലുള്ള സ്വകാര്യവത്ക്കരണ താല്‍പ്പര്യങ്ങള്‍ക്കു തടയിടാം. ദാരുണമായ കുടിയൊഴിപ്പിക്കലുകള്‍ ഒഴിവാക്കാം. തീരദേശ മലയോര ഹൈവേകളും സമാന്തര അതിവേഗ തീവണ്ടിപ്പാതയും ജലഗതാഗതവും അജണ്ടയിലിരിക്കെ പഴയപാതയില്‍ കോടികള്‍ വാരിച്ചൊരിയേണ്ടതില്ല. കച്ചവടക്കണ്ണല്ല, ജനങ്ങളോടുള്ള പ്രതിബദ്ധതയും സൗഹൃദവുമാണ് ഉണര്‍ന്നിരിക്കേണ്ടത്.

നിയമസഭയില്‍ ഇതുസംബന്ധിച്ച അടിയന്തര പ്രമേയം കൊണ്ടുവന്ന വി ഡി സതീശനെ അഭിവാദ്യം ചെയ്യുന്നു. ഒരു പാക്കേജും മുന്നില്‍ വെയ്ക്കാതെ പതിനായിരങ്ങളെ കുടിയൊഴിപ്പിക്കാന്‍ ധൃതിപ്പെട്ട സര്‍ക്കാര്‍നിലപാട് സതീശന്‍ തുറന്നുവെച്ചല്ലോ. നന്നായി. വീണ്ടുവിചാരത്തിന് ഇപ്പോഴും സമയമുണ്ട്. നിങ്ങള്‍ നവകേരളം/ വികസിത കേരളം സൃഷ്ടിക്കാന്‍ പതിനായിരങ്ങളുടെ ജീവന്‍ പന്താടുകയാണ്. അത് ജനങ്ങള്‍ക്കെതിരായ യുദ്ധംതന്നെയാണ്. ഒരിടതുപക്ഷ സര്‍ക്കാറില്‍നിന്നും ആരും പ്രതീക്ഷിക്കാത്തതാണിത്. ഞങ്ങള്‍ പ്രതിഷേധിക്കുന്നു.

(ഫേസ്ബുക്ക് പോസ്റ്റ്‌)


ഡോ. ആസാദ്‌

ഡോ. ആസാദ്‌

അധ്യാപകന്‍, എഴുത്തുകാരന്‍

Next Story

Related Stories