UPDATES

ബ്ലോഗ്

‘ഇന്ത്യക്കാര്‍ എന്നു കേള്‍ക്കുമ്പോള്‍ മുഖത്ത് മിന്നി മറയുന്ന വെറുപ്പിനെ, ഭയത്തിനെ ആണ് കാലം നമ്മുടെ മക്കള്‍ക്കായി കാത്തു വെച്ചിരിക്കുന്നത്’

ഇരകള്‍ മുന്നില്‍ നിന്ന് നിലവിളിക്കുമ്പോള്‍ എന്റെ മതം, ദൈവം ഇതല്ല എന്നു പറഞ്ഞു ന്യായീകരിക്കുന്നതിന് ഒരു പ്രസക്തിയുമില്ല. കാരണം അവരുടെ മുന്നില്‍ ചെന്ന നിങ്ങളുടെ മതം, ദൈവം ഇങ്ങനെ ആയിരുന്നു സുഹൃത്തേ.

നീലു സിബി

നീലു സിബി

ഞാന്‍ അധികമൊന്നും എന്റെ ജോലിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പറയാറില്ല. രോഗികളുടെ സ്വകാര്യത, അതിനെ നിയന്ത്രിക്കുന്ന നിയമങ്ങള്‍, ഇതിനെയൊക്കെ ബാധിക്കുമോ എന്ന ചിന്തയാണ് മുഖ്യ കാരണം. എന്നാലും ഞാന്‍ അമേരിക്കയില്‍ വന്നു അധിക കാലം ആകുന്നതിനു മുന്‍പ് എനിക്ക് ഉണ്ടായ ചില അനുഭവങ്ങള്‍ പറയാം. പലതിനെയും കുറിച്ച് എന്നെ ഇരുത്തി ചിന്തിപ്പിച്ചവ.

ഏകദേശം ഒരു 85 വയസ്സുള്ള ഒരു മനുഷ്യന്‍ ആയിരുന്നു അന്നെന്റെ രോഗി. യഹൂദന്‍, holocaust survivor, കുഞ്ഞിലേ അച്ഛനമ്മമാരോടൊപ്പം കോന്‍സെന്‍ട്രഷന്‍ ക്യാമ്പില്‍ ആയിരുന്നു, കുടുംബത്തിലെ പലരെയും നഷ്ടപ്പെട്ട ആള്‍. എന്റെ ഷിഫ്റ്റ് കഴിഞ്ഞു ഞാന്‍ വീട്ടില്‍ പോകാറായി, ബൈ പറയാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന്. ഞാന്‍ ശരി, അങ്ങനെ ആകട്ടെ, താങ്ക് യൂ എന്നു പറഞ്ഞു. ഞാന്‍ ഇന്ത്യയില്‍ നിന്നാണെന്ന് നേരത്തെ പറഞ്ഞിരുന്നത് കൊണ്ടാകാം, അയാള്‍ എന്നോട് ചോദിച്ചു, ‘ നീ ഹിന്ദു ആയത് കൊണ്ട് നിങ്ങളുടെ ടെമ്പിളില്‍ പോകുമായിരിക്കും അല്ലെ, പ്രാര്‍ത്ഥിക്കാന്‍? നീ എനിക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം’. ആളിനെ തെറ്റിദ്ധരിപ്പിക്കണ്ടല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു, ഞാന്‍ ഹിന്ദു അല്ല, ക്രിസ്ത്യാനി ആണ്. ഒരു നിമിഷം, ഒരേയൊരു നിമിഷം അയാളുടെ മുഖത്ത് കൂടി മിന്നി മറഞ്ഞ ഭാവം വിവരിക്കാന്‍ പറ്റില്ല. വെറുപ്പ്, ഷോക്ക്, അങ്ങനെ എന്തൊക്കെയോ. ഒന്നു മാത്രം മനസ്സിലാക്കുക, അയാളുടെ മാതാപിതാക്കളെ, ബന്ധുക്കളെ ഇല്ലാതാക്കിയവര്‍ നാസികള്‍ എന്നു മാത്രമല്ല, ക്രിസ്ത്യാനികള്‍ എന്നു കൂടി വിളിക്കപ്പെട്ടിരുന്നു. നാസികള്‍ വന്നത് ക്രിസ്ത്യന്‍ മതത്തിന്റെ പേരിലാണോ, ക്രിസ്തു മനുഷ്യ സ്‌നേഹി ആയിരുന്നോ എന്നൊന്നും അവിടെ പ്രസക്തമല്ല.

മറവി രോഗം വന്നു എല്ലാ ഓര്‍മകളും പോയ 90 വയസ്സൊക്കെ കഴിഞ്ഞ ഒരു സ്ത്രീ ഒരു രാത്രി മുഴുവന്‍ നിലവിളിക്കുന്നത് കേട്ടിട്ടുണ്ട്, വിവരിക്കാന്‍ പറ്റാത്ത ദുസ്വപ്നങ്ങളുടെ നടുക്കടലില്‍ ആയിരുന്നു അവര്‍ ആ രാത്രി. ഒന്നും ചെയ്യാന്‍ പറ്റാതെ നിസ്സഹായരായി നില്‍ക്കേണ്ടി വന്നു അന്ന് ഞങ്ങള്‍ക്ക്. പോളണ്ടില്‍ നിന്നുള്ള, കത്തോലിക്ക വിശ്വാസി ആയ, എന്റെ സഹപ്രവര്‍ത്തക പോളിഷ് പറയുന്നത് ആണ് അവര്‍ കേട്ടത്. പോളണ്ടിലെ കത്തോലിക്കരുടെ പോളിഷും യഹൂദരുടെ പോളിഷും തമ്മില്‍ വ്യത്യാസമുണ്ടത്രേ, അവരുടെ കുടുംബത്തെ നാസികള്‍ക്ക് ഒറ്റു കൊടുത്ത പോളിഷ് അയല്‍ക്കാരെ, അവരെ കോണ്‌സന്‌ട്രേഷന്‍ ക്യാമ്പില്‍ മര്‍ദിച്ച പോളിഷ് ഗാര്‍ഡുകളെ അവരുടെ ഉപബോധ മനസ്സ് ഓര്‍ത്തെടുത്തു. Alzheimer’s disease ന്റെ, Stroke ന്റെ പുകമറയ്ക്കുള്ളില്‍ കൂടി.

ഇരകള്‍ മുന്നില്‍ നിന്ന് നിലവിളിക്കുമ്പോള്‍ എന്റെ മതം, ദൈവം ഇതല്ല എന്നു പറഞ്ഞു ന്യായീകരിക്കുന്നതിന് ഒരു പ്രസക്തിയുമില്ല. കാരണം അവരുടെ മുന്നില്‍ ചെന്ന നിങ്ങളുടെ മതം, ദൈവം ഇങ്ങനെ ആയിരുന്നു സുഹൃത്തേ. ഒന്നേ ചെയ്യാനുള്ളു, തല കുനിച്ചു നില്‍ക്കുക. കുറ്റവാളികള്‍ക്ക്, വംശീയ ഉന്മൂലനം ആസൂത്രണം ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ കിട്ടണം എന്നു വ്യവസ്ഥിതിയോട് ആവശ്യപ്പെടുക. പ്രതിരോധം തീര്‍ക്കുന്നവരോടൊപ്പം നില്‍ക്കുക. എന്നാല്‍ ഒരു പക്ഷേ കാലം നിങ്ങള്‍ക്ക്, നമുക്ക് മാപ്പ് തന്നേക്കും.

പല വാര്‍ത്തകളും കാണുമ്പോള്‍ വലിയ നിരാശയും സങ്കടവുമാണ്. കൊല്ലപ്പെടുന്നവരെ കുറിച്ച്, ആക്രമിക്കപ്പെടുന്നവരെ കുറിച്ച് ഒക്കെ ഒത്തിരി നമ്മള്‍ പറഞ്ഞു, പറഞ്ഞു കൊണ്ടേയിരിക്കുന്നു. എന്നിട്ടും സ്ഥിതിഗതികള്‍ കൂടുതല്‍ കൂടുതല്‍ മോശമാവുകയാണ് എന്ന് തോന്നുന്നു. ഞാന്‍ അത് കൊണ്ട് ഈ പറയുന്നത് ഭൂരിപക്ഷത്തിന്റെ പ്രിവിലെജുകളില്‍ അഭിരമിക്കുന്നവരോടാണ്. അത് ഏതെങ്കിലും ഒരു മതവിശ്വാസിയോടല്ല. ഇന്ന് ഉന്നാവോ കേസിലെ അതിജീവിതയായ പെണ്കുട്ടിയെ കുറിച്ച്, ജയ് ശ്രീറാം വിളിക്കാത്തതിന് കത്തിച്ചു കൊന്ന 15 വയസ്സുകാരന്‍ കുഞ്ഞിനെ കുറിച്ചൊക്കെയുള്ള പോസ്റ്റുകളില്‍ ചില കമന്റുകള്‍ കണ്ടു. പല മതത്തില്‍ പെട്ടവര്‍, തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസത്തിന്റെ അഹങ്കാരവുമായി.

അവരും എന്നെയും നിങ്ങളെയും പോലുള്ള മനുഷ്യര്‍ ആയിരിക്കണം, കുടുംബവും സുഹൃത്തുക്കളും ഒക്കെയുള്ളവര്‍. പക്ഷേ ഒരു വ്യത്യാസം, ബാക്കിയുള്ളവന്റെ വേദന കാണാന്‍, അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാന്‍ കഴിവില്ല. പിശാചാണോ മനുഷ്യനാണോ സമൂഹത്തില്‍ ജയിക്കാന്‍ പോകുന്നത് എന്നത് ഈ കഴിവിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നമുക്ക് അപരന്റെ വേദന കാണാന്‍ കഴിയുന്നുണ്ടോ? എനിക്ക് വേദനിച്ചു എന്നു പറയുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ ആ കണ്ണുനീരിന്റെ ആഴം? എന്നാല്‍ ഈ പ്രതികരണങ്ങള്‍ കണ്ടിട്ട് പേടി തോന്നുന്നു. The banality of evil has taken roots in our society. ഒരു പൈശാചികതയോട് പ്രതികരിക്കുന്നത് ഒരിക്കലും അതിന് ആക്കം കൂട്ടുന്ന രീതിയിലാകരുത്. ‘Never react to an evil in such a way as to augment it’. ഓര്‍ത്തിരിക്കേണ്ട കാലമാണ് അതിവേഗം മുന്നിലേക്ക് വരുന്നത്.

ഇന്ത്യക്കാര്‍ എന്നു കേള്‍ക്കുമ്പോള്‍ മുഖത്ത് മിന്നി മറയുന്ന വെറുപ്പിനെ, ഭയത്തിനെ ആണ് കാലം നമ്മുടെ മക്കള്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. ആലോചിക്കാന്‍ കഴിയുന്നുണ്ടോ, നിങ്ങളുടെ മക്കളെ കണ്ട്, കേട്ട്, അത് മാത്രം കാരണം ഒരാള്‍ രാത്രി മുഴുവന്‍ നിലവിളിക്കുന്നത്? India, you are fast becoming the stuff of nightmares.

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയിലെ ഐക്യവും പിങ്ക് സീസോകളും തമ്മില്‍ എന്ത് ബന്ധം?-വീഡിയോ

നീലു സിബി

നീലു സിബി

ന്യൂയോര്‍ക്കില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍