TopTop
Begin typing your search above and press return to search.

'കേരള സർക്കാർ, ഒരു സിയാൽ സ്‌ഥാപനം'; 'ലാവലിന്‍ സ്ഥാപനം' എന്നെഴുതിയ മനോരമ ഇങ്ങനെയും പറയുമോ?

കേരള സർക്കാർ, ഒരു സിയാൽ സ്‌ഥാപനം;  ലാവലിന്‍ സ്ഥാപനം എന്നെഴുതിയ മനോരമ ഇങ്ങനെയും പറയുമോ?

കിഫ്ബി മസാല ബോണ്ട് വിവാദത്തില്‍ ലാവ്ലിന്‍ കമ്പനിയുടെ ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്ന പശ്ചാത്തലത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കിഫ്ബിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ വികസനം തടയാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചത്. കേരളത്തില്‍ എപ്പോഴും വിവാദമാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. എന്നാല്‍ ഇത്തരത്തില്‍ പുകമറ സൃഷ്ടിച്ചുകൊണ്ട് വികസനത്തെ തടസ്സപ്പെടുത്താമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

മസാല ബോണ്ട് വിവാദത്തില്‍ മലയാള മനോരമയുടെയും പ്രതിപക്ഷ നേതാവിന്റെയും വാദങ്ങളിലെ പൊള്ളത്തരം തുറന്നു കാണിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ കെ ജെ ജേക്കബ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

നാലഞ്ചു ദിവസം മുൻപ് Sreejith Pa മസാല ബോണ്ട് വിഷയത്തിൽ ഇട്ട പോസ്റ്റിൽ ഒരു കമന്റിന് മറുപടിയായി അദ്ദേഹം ഇങ്ങിനെ പറഞ്ഞിരുന്നു: "ഒരു പത്രക്കാരൻ തൊപ്പി അണിഞ്ഞാൽ, ലാവ്ലിനിൽ 20% ഓഹരിയുള്ള ഫണ്ടാണ് കിഫ്ബിയിൽ നിക്ഷേപിച്ചത് എന്ന കാര്യം ഒരു 'ന്യൂസ് വാല്യൂ' ഉള്ളതായി എങ്കിലും തോന്നുന്നില്ലേ? പല പത്രക്കാർക്കും അത് തോന്നിയില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.. ;)സിൻഡിക്കേറ്റ് പത്രക്കാർക്ക് വരെ.. ;)

അതിന്റെ മറുപടിയായി ഞാൻ ഇങ്ങിനെ പറഞ്ഞു:

"ഫണ്ടുകൾ പണം നിക്ഷേപിക്കുന്നതിനേപ്പറ്റി ഏകദേശ ധാരണയുള്ള പത്രക്കാരന് ലാവ്ലിനിൽ നിക്ഷേപിച്ചിട്ടുള്ള ഫണ്ട് കേരളത്തിൽ കടം കൊടുക്കുന്നത് വർത്തയാവില്ല. സിഡിക്കേറ്റിന്റെ കാര്യം പറഞ്ഞത് ശരിയാണ്. അര്‍മാദിക്കാൻ വകുപ്പുണ്ട്."

സ്‌ക്രീൻ ഷോട്ട് കമന്റിലുണ്ട്.

അതാണ് ഇപ്പോൾ സംഭവിക്കുന്നത്! അർമാദം തുടങ്ങി.

ഇനി ബാക്കി വായിക്കുക.

ഒന്ന്: കേരള സർക്കാർ, ഒരു സിയാൽ സ്‌ഥാപനം.

നമ്മുടെ നാട്ടിൽ 'ഗ്രൂപ്പ് കമ്പനി' എന്ന് പറഞ്ഞാൽ മിനിമം 51 ശതമാനം ഇൻവെസ്റ്റ്മെന്റ് വേണം. ഉദാഹരണം 'ഒരു റിലയൻസ് കമ്പനി' എന്ന് പറയണമെങ്കിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന പേരന്റ് കമ്പനിയ്ക്ക് ഈ കമ്പനിയിൽ 51 -ഓ അതിലധികമോ ശതമാനം ഷെയർ ഹോൾഡിങ് വേണം. (അതിൽത്താഴെയുള്ളവയ്ക്കു അസോസിയേറ്റഡ് കമ്പനികൾ എന്ന് പറയാറുണ്ട്)

കൊച്ചി വിമാനത്താവളം നടത്തുന്ന സിയാൽ കമ്പനിയുടെ 33 ശതമാനം ഓഹരി കേരള സർക്കാരിന്റെയാണ്. ആ ശതമാനം 51 ആയാൽ ഒരു കേരള സർക്കാർ സ്‌ഥാപനം എന്ന് പറയാം. അതൊരു വിഷയം.

'സിയാലി'ൽ 33 ശതമാനം നിക്ഷേപം സർക്കാരിനുള്ളതുകൊണ്ടു ആരെങ്കിലും കേരള സർക്കാറിനെ 'ഒരു സിയാൽ സ്‌ഥാപനം' എന്ന് വിളിക്കുമോ? അതെന്തു അസംബന്ധമാണ് എന്നനിയിരിക്കും നിങ്ങൾ ചോദിക്കുന്നത്.

എന്നാൽ വിളിക്കും. കേരളത്തിൽ വിളിക്കും.

മനോരമ പത്രം വിളിക്കും.

ഒന്നാം പേജിൽത്തന്നെ വിളിക്കും.

ആ അസംബന്ധമാണ് ഇന്ന് ഒന്നാം പേജിൽ എഴുതിവച്ചിരിക്കുന്നത്.'ലാവലിൻ സ്‌ഥാപനത്തിന്റെ നിക്ഷേപത്തിൽ അപാകതയില്ല'

ലാവലിൻ കമ്പനിയിൽ നിക്ഷേപമുള്ള സ്‌ഥാപനത്തെ ലാവലിൻ കമ്പനി എന്നാണ് മനോരമ വിളിക്കുന്നത്! സിയാൽ കമ്പനിയിൽ നിക്ഷേപമുള്ള കേരള സർക്കാരിനെ 'ഒരു സിയാൽ സ്‌ഥാപനം' എന്ന് വിളിക്കുന്നതുപോലെ.

309 ബില്യൺ ഡോളർ എന്നുവച്ചാൽ ഏകദേശം ഇരുപത്തൊന്നു ലക്ഷം കോടി രൂപ നെറ്റ് അസറ്റുള്ള ഒരു കമ്പനിയുടെ പെൻഷൻ ഫണ്ട് കേരളത്തിന്റെ മസാല ബോണ്ടിൽ രണ്ടായിരം കോടി രൂപ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ടു പുകമറയുണ്ടാക്കാനുള്ള ഭഗീരഥ പ്രയത്നത്തിന്റെ ഭാഗമായി എഴുതുന്നതാണ്, അല്ലാതെ 'ഒരു സിയാൽ സ്‌ഥാപനമായ കേരള സർക്കാർ' എന്നെഴുതാൻ മാത്രം വിവരക്കേടുള്ള ഒരാൾ മനോരമയുടെ എഡിറ്റോറിയലിൽ പോയിട്ട് റിസപ്‌ഷനപ്പുറം കടക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ് ഇത് പറയുന്നത്.

(മനോരമയ്ക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ പറ്റേണ്ട ഒരു മലയാളി സി ഡി പി ക്യൂവിന്റെ തലപ്പത്തുണ്ട്. അവരോടൊന്നു അന്വേഷിച്ചാൽ ബാക്കി ലാവലിൻ വിവരങ്ങളും കിട്ടേണ്ടതാണ്)

പണ്ട് മനോരമയിൽ ഇൻഡക്ഷൻ പ്രോഗ്രാമിന് പോയപ്പോൾ പറഞ്ഞു കേട്ടിട്ടുള്ളത് എട്ടാം ക്ലാസ് (അതോ നാലാം ക്ലാസോ) വിദ്യാഭ്യാസമുള്ളവർക്കു വായിച്ചാൽ മനസിലാകുന്ന ഭാഷയായിരിക്കണം പത്രത്തിന്റേതു എന്ന് പഴയ പത്രാധിപന്മാർ നിഷ്കര്ഷിച്ചിരുന്നു എന്നാണ്. സാധാരണക്കാരായ വായനക്കാരെ മനസിൽകണ്ടുള്ള പ്രായോഗികമതികളായ പത്രാധിപന്മാരുടെ കരുതൽ എന്ന് കണക്കാക്കുക.

അതിപ്പോൾ വന്നുവന്ന് മനോരമ വായനക്കാരെല്ലാം എട്ടാം ക്ലാസിൽ പഠിത്തം നിർത്തിയവരാണെന്ന ധാരണയാണോ മനോരമയ്ക്കു?

(ഒരു പത്രക്കാരൻ പറയുന്നതായി കാണണ്ട. ഒരു വായനക്കാരൻ പറയുന്നു എന്ന് കണക്കാക്കിയാൽ മതി)

രണ്ട്: അപ്പോൾ ബാറ്റാക്കാരാണോ കുറ്റക്കാർ?

പത്രക്കാരുടെ കാര്യം പോട്ടെ. ഇനി പറയാനുള്ളത് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനോടാണ്.

അങ്ങ് കേരളത്തിലെ നിയമപരമായ, ഭരണഘടനാ സ്‌ഥാപനത്തിനു തുല്യമായ പദവിയിൽ ഇരിക്കുന്ന ആളാണ്. അറിവടക്കമുള്ള വിഭവങ്ങളെ സംസ്‌ഥാനത്തിന്റെ ഗുണത്തിനുവേണ്ടി ഉപയോഗിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും ആ സ്‌ഥാനം അങ്ങേയ്ക്കു തരുന്നുണ്ട്.

സർക്കാർ പണം മുടക്കി സ്‌ഥാപിച്ചിരിക്കുന്ന സർവ്വകലാശാലകൾ കേരളത്തിൽ ധാരാളമുണ്ട്. അവിടെ മിക്കയിടത്തും ഇക്കണോമിക്സ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് വകുപ്പുകളുണ്ട്. സർക്കാരിന്റെ സ്വന്തം സ്‌ഥാപനമായ ഇൻസ്റിറ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവണ്മെന്റുണ്ട്. ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടാക്സേഷൻ സ്റ്റഡീസ് ഉണ്ട്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് ഉണ്ട്. റിസർവ്വ് ബാങ്കിന് തിരുവനന്തപുരത്തും കൊച്ചിയിലും ഓഫീസുകളുണ്ട്. അവിടെയൊക്കെ സാമ്പത്തിക-ധനകാര്യ കാര്യങ്ങളിൽ അറിവും വൈദഗ്ധ്യവും ഉള്ളവരുണ്ട്.

അവരോടാരോടെങ്കിലും ഈ മസാല ബോണ്ടിനെപ്പറ്റി അങ്ങ് ചോദിച്ചറിയണം. ഒരു പെൻഷൻ ഫണ്ട് സാധാരണഗതിയിൽ നിക്ഷേപം നടത്തുന്നത് എങ്ങനെയൊക്കെയാണ് എന്ന് അവരോടു ചോദിക്കണം. നിക്ഷേപം നടത്തുന്ന കമ്പനിയും സ്വീകരിക്കുന്ന കമ്പനിയും തമ്മിലുള്ള ബദ്ധം എന്താണ്, നിക്ഷേപം സ്വീകരിക്കുന്ന രണ്ടാമത്തെ കമ്പനിയും ആദ്യത്തെ കമ്പനിയും തമ്മിലുള്ള ബന്ധമെന്താണ് എന്നൊക്കെ.

ഇനി അതല്ലെങ്കിൽ ഒരു വഴിയുണ്ട്. അങ്ങേയ്ക്കു നീയമാനുസൃതമായി ഇരുപതോ മുപ്പതോ പേഴ്‌സണൽ സ്റ്റാഫിനെ വയ്ക്കാം. അതിൽ ഒരാളെ, ഒരൊറ്റയാളെ, ഇതൊക്കെ മനസിലാക്കാൻ പറ്റുന്ന ഒരാളെ നിയമിക്കുക. എന്നിട്ടു അങ്ങയുടെ പാർട്ടിക്കാരനായ വി ഡി സതീശൻ ചോദിക്കുന്നതുപോലെ കാമ്പുള്ള ചോദ്യങ്ങൾ ചോദിക്കുക.

മസാല ബോണ്ടിന് ലാവലിൻ ബന്ധം, അഴിമതി എന്നൊക്കെ പറയുന്ന അങ്ങ് 'അപ്പോൾ ബാറ്റക്കാരാണോ കൊലപാതകികൾ' എന്ന് ചോദിക്കുന്ന പഴയ സിനിമയിലെ ആഭ്യന്തര മന്ത്രിയെ ഓർമ്മിപ്പിക്കുന്നു. എന്തോ അതത്ര സന്തോഷമുള്ള കാര്യമല്ല. അങ്ങ് വസ്തുനിഷ്ഠമായി, ഗൗരവമുള്ള കാര്യങ്ങൾ സർക്കാരിനോട് ചോദിക്കണം. മറുപടി പറയാൻ അവർ ബാധ്യസ്‌ഥരുമാണ്.

'അപ്പോൾ ബാറ്റക്കാരാണല്ലേ പ്രതികൾ' എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചാൽ അവരെന്തു ചെയ്യും?

ശ്രീജിത്ത് പി എയുടെ എഫ് ബി പോസ്റ്റ്


Next Story

Related Stories