Top

പാര്‍ട്ടി തോല്‍ക്കുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന പിണറായിയുടെ ധാര്‍ഷ്ട്യമെന്ന 'യമണ്ടന്‍' രാഷ്ട്രീയ പ്രശ്‌നം

പാര്‍ട്ടി തോല്‍ക്കുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന പിണറായിയുടെ ധാര്‍ഷ്ട്യമെന്ന
ഇപ്പോള്‍ മഴ കഴിഞ്ഞ് മരം പെയ്യുന്ന സീസണാണല്ലോ. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ മനംനൊന്ത് എങ്ങനെ മികച്ച വിജയം നേടാം എന്ന് സിപിഎമ്മിനെ പഠിപ്പിക്കുന്ന മാധ്യമ വിശാദരന്മാരുടെയും ഉപദേശികളുടെയും ചര്‍ച്ചാ ക്ലാസ്സുകളാണ് ഇപ്പോള്‍ നടന്ന് വരുന്നത്. ഇടതുപക്ഷത്തിന്റെ പ്രസക്തി മനസ്സിലാക്കി അവരെ സഹായിക്കാനായി തിരഞ്ഞെടുപ്പിന് മുന്നേ ഇടത് വിരുദ്ധ സര്‍വേകളും വ്യാജവാര്‍ത്തകളുമായി കളം കൊഴുപ്പിച്ച മാധ്യമങ്ങളാണ് ഇപ്പോള്‍ ഇടത് പ്രേമത്താല്‍ ഉപദേശികളാകുന്നതില്‍ ഒരുകൂട്ടര്‍. ഇവര്‍ ചാനല്‍ ചര്‍ച്ചകളിലൂടെ കണ്ടെത്തുന്ന നിഗമനങ്ങള്‍ ആവണം ഇടത് മുന്നണി യോഗങ്ങള്‍ കൂടി നടപ്പിലാക്കേണ്ടത് എന്നതാണ് ചര്‍ച്ചകളുടെ പ്രധാന ഉത്പന്നം.

മികവുറ്റ സ്ഥാനാര്‍ത്ഥികളും, സമസ്ത മേഖലയിലും ഉണര്‍വ്വേകിയ ഭരണവും, പുരോഗമന ആശയങ്ങളും, വര്‍ഗ്ഗീയതക്കെതിരെ ശക്തമായ നിലപാടുകളും ഉയര്‍ത്തിപിടിച്ച്, യാതൊരു ഭരണ വിരുദ്ധ വികാരവും ഇല്ലാതെ ഒരു മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പ്രവര്‍ത്തകരിലും അനുഭാവികളും ഉണ്ടാകുന്ന ആത്മവിശ്വാസം ചെറുതല്ല. വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്ത അത്തരം സന്ദര്‍ഭത്തില്‍ ഉണ്ടാകുന്ന പരാജയം പ്രവര്‍ത്തകരെ നിരാശയിലാക്കും എന്നതില്‍ സംശയവുമില്ല. ആ അവസരം മുതലെടുക്കലാണ് കറക്ടീവ് മെഷേഴ്‌സ് എന്ന പേരില്‍ പടച്ച് വിടുന്ന ചാനല്‍ ചര്‍ച്ചാ നിഗമനങ്ങള്‍. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയത്തിന് ഈ ഉപദേശക പാനല്‍ പ്രധാനമായും കണ്ടെത്തിയ കാരണങ്ങളിലൊന്ന് പിണറായി വിജയന്റെ ധാര്‍ഷ്ട്യവും മറ്റൊന്ന് ശബരിമല വിഷയവുമാണ്.

1. ''പിണറായി വിജയന്റെ ധാര്‍ഷ്ട്യം''

ഇത് പരക്കെ കേള്‍ക്കാന്‍ തുടങ്ങിയത് രണ്ടായിരത്തിന്റെ തുടക്കത്തിലാണ്. അതുമുതലിങ്ങോട്ട് നടന്നിട്ടുള്ള വിവിധ തിരഞ്ഞെടുപ്പുകളില്‍ ഏറിയും കുറഞ്ഞും പിണറായി ധാര്‍ഷ്ട്യം ചര്‍ച്ചചെയ്ത് കൊണ്ടിരുന്നു. ഒരു നേതാവിന്റെ ശൈലിയോ പെരുമാറ്റമോ പരാജയപ്പെടുമ്പോള്‍ മാത്രം എങ്ങനെ മുഴുവന്‍ മണ്ഡലങ്ങളിലെയും ഫലത്തെ സ്വാധീനിക്കും എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. വിജയിക്കുമ്പോളൊട്ട് ഈ ധാര്‍ഷ്ട്യം ബാധിക്കുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ഉണ്ടാകാറും ഇല്ല.

2001- പിണറായി പാര്‍ട്ടി സെക്രട്ടറി- നിയമസഭ തിരഞ്ഞെടുപ്പില്‍ 40 സീറ്റുമായി എല്‍ഡിഎഫ് പ്രതിപക്ഷത്താകുന്നു, പിണറായി ധാര്‍ഷ്ട്യം ചര്‍ച്ചചെയ്യപ്പെടുന്നു.
2004- പിണറായി പാര്‍ട്ടി സെക്രട്ടറി- ലോകസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 18/20 സീറ്റ് നേടി മിന്നുന്ന വിജയം, ഒരാളും
പിണറായി ധാര്‍ഷ്ട്യം ചര്‍ച്ച ചെയ്തില്ല.
2006- പിണറായി പാര്‍ട്ടി സെക്രട്ടറി- നിയമസഭ തിരഞ്ഞെടുപ്പില്‍ 98 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നു, ഒരാളും
പിണറായി ധാര്‍ഷ്ട്യം ചര്‍ച്ച ചെയ്തില്ല.
2009 - പിണറായി പാര്‍ട്ടി സെക്രട്ടറി- ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സീറ്റ് 04/20 എന്ന നിലയിലേക്ക് താഴുന്നു. പിണറായി ധാര്‍ഷ്ട്യം ചര്‍ച്ചചെയ്യപ്പെടുന്നു.
2011 - പിണറായി പാര്‍ട്ടി സെക്രട്ടറി- നിയമസഭ തിരഞ്ഞെടുപ്പില്‍ 68 സീറ്റുമായി എല്‍ഡിഎഫ് മികച്ച പ്രകടനം നടത്തുന്നു, ഒരാളും
പിണറായി ധാര്‍ഷ്ട്യം ചര്‍ച്ച ചെയ്തില്ല.
2014 - പിണറായി പാര്‍ട്ടി സെക്രട്ടറി- ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സീറ്റ് 08/20 എന്ന നിലയിലേക്ക് മാറുന്നു. പിണറായി ധാര്‍ഷ്ട്യം ചര്‍ച്ചചെയ്യപ്പെടുന്നു.
2016 - പിണറായി നിയമസഭ ഇലക്ഷനില്‍ മത്സരിക്കുന്നു, 91 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തില്‍ എത്തുന്നു. ഒരാളും
പിണറായി ധാര്‍ഷ്ട്യം ചര്‍ച്ച ചെയ്തില്ല.
2019 - ലോകസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെടുന്നു, പിണറായി ധാര്‍ഷ്ട്യം വീണ്ടും ചര്‍ച്ചചെയ്യപ്പെടുന്നു.

നിപ്പയും, ഓഖിയും പ്രളയവും ഒക്കെ ഒന്നൊന്നായി കേരളത്തെ ബാധിച്ചപ്പോള്‍, ''ചിരിക്കാത്ത'' എന്ന ചീത്തപ്പേരുള്ള പിണറായി വിജയന്‍ നിശ്ചയധാര്‍ഢ്യമുള്ള നിലപാടുകളുമായി കേരളത്തെ മുന്നോട്ട് നയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിച്ച് ഒറ്റപ്പെടുത്തിയിട്ടും, പതറിപ്പോകാതെ എതിര്‍ക്കേണ്ടതിനെ എതിര്‍ത്തും മറുപടി പറയേണ്ടപ്പോള്‍ കൃത്യമായി മറുപടി പറഞ്ഞും കേരളീയരെ ഒന്നിച്ച് നിറുത്തി മുന്നോട്ട് പോയ പിണറായി വിജയന്റെ ധാര്‍ഷ്ട്യം കേരളം അന്ന് വാഴ്ത്തി. ഉറച്ച നിലപാടുകളുള്ള ആര്‍ജ്ജവമുള്ള പിണറായി വിജയനെ പോലെ ഒരു നേതാവ്, കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണെന്ന് ജനങ്ങള്‍ക്കൊപ്പം മാധ്യമങ്ങളായ മാധ്യമങ്ങളൊക്കെ വിളിച്ചുപറഞ്ഞു. പിണറായി വിജയന്റെ ധാര്‍ഷ്ട്യം അന്ന് അഭിമാനമായി പോലും വ്യാഖ്യാനിച്ചവരുണ്ട്.

കണിശമായ രാഷ്ട്രീയ നിലപാടുകളും മാധ്യമ അതിപ്രസരത്തോടുള്ള എതിര്‍പ്പും പരസ്യമായി പ്രകടിപ്പിച്ച് തന്നെയാണ് പിണറായി എല്ലാകാലവും മുന്നോട്ട് പോയിട്ടുള്ളത് എന്നതാണ് ചരിത്രം. രാഷ്ട്രീയ ഭേദമെന്നെ സ്വീകാര്യതയും പരിലാളനവുമേറ്റ് വാങ്ങി ശീലിച്ച് പോയ മാധ്യമങ്ങള്‍ക്കത് സഹിക്കാവുന്നതായിരുന്നില്ല. അതിനാല്‍ തന്നെ പിണറായി ധാര്‍ഷ്ട്യം അവര്‍ക്കാവശ്യമുള്ളപ്പോഴൊക്കെ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു.

കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാളും ദയവായി വസ്തുതകള്‍ തിരിച്ചറിയാതെ ഉപരിപ്ലമായി പിണറായി ധാര്‍ഷ്ട്യത്തിന് ചുറ്റും കിടന്ന് കറങ്ങരുത്. വിശദമായ പരിശോധനക്ക് മിനക്കെടാതെ മാധ്യമങ്ങള്‍ പറയുന്നത് അതുപോലെ ആവര്‍ത്തിക്കാന്‍ എളുപ്പവുമാണ്. പക്ഷെ വിശകലനവും തെറ്റ് തിരുത്തലും ഒന്നും ഇതില്‍ കിടന്ന് ചുറ്റിത്തിരിയേണ്ട ഒന്നല്ല. ഇനി അഥവാ പിണറായി ശൈലി എന്നപേരില്‍ എന്തെങ്കിലും അനുകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി അനുഭാവിയോ നേതാവോ ഉണ്ടെങ്കില്‍ അവര്‍ സ്വയം പരിശോധിക്കുകയാണ് വേണ്ടത്.

2. 'ശബരിമല വിഷയം'.
'എത്ര സീറ്റ് കിട്ടും, എത്ര വോട്ട് കിട്ടും എന്ന് നോക്കിയിട്ടല്ല സ്ത്രീപക്ഷത്ത് നില്‍ക്കേണ്ട വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത്. ലിംഗനീതി നടപ്പാക്കുക എന്നത് ഈ കാലഘട്ടത്തില്‍ ഒരു നവോത്ഥാന മുദ്രാവാക്യമാണ്, അതിന്റെ പേരില്‍ ഇടതുമുന്നണിക്ക് വോട്ട് കുറഞ്ഞ് പോകുന്നെങ്കില്‍ അതങ്ങ് പോകട്ടെ' - ഇതാണ് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്, അത് കൃത്യവും ആണ്. കേവലം ഒരു തിരഞ്ഞെടുപ്പിലൂടെ വിലയിരുത്തപ്പെടേണ്ട ഒന്നല്ല നവോത്ഥാന നിലപാട്.

ഇപ്പോള്‍ വിമര്‍ശിക്കുന്ന ഇടത് ബുദ്ധിജീവികളും, മാധ്യമങ്ങളും, ചാനല്‍ ഉപദേശികളും സിപിഐഎം കൈക്കൊണ്ട പുരോഗമനാത്മകമായ സ്ത്രീപക്ഷ നിലപാടിനെ തിരഞ്ഞെടുപ്പിന് മുന്നേ വരെ സഹര്‍ഷം സ്വാഗതം ചെയ്തവരായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായതോടെ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താവുന്ന ഒരു കാരണമായി ശബരിമല മാറ്റിയതാണ്. അതൊരു പരാജയ കാരണമായി സമൂഹത്തിലേക്ക് ഇന്‍ജെക്ട് ചെയ്യപ്പെടുന്നു എങ്കില്‍ പുരോഗമനസമൂഹത്തില്‍, ഭാവി തലമുറയോട് ചെയ്യുന്ന കൊടും പാതകമാകുമത്.

ശബരിമല, തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുന്ന ഒരു പ്രധാന ഘടകമായിരുന്നു എങ്കില്‍ എങ്ങനെയാണ് ആലപ്പുഴയില്‍ ഇടതുമുന്നണി 10,474 വോട്ടിന് വിജയിച്ചത്. ജില്ലാടിസ്ഥാനത്തില്‍ 68.64% ഹിന്ദുക്കള്‍ ഉള്ള ഒരു മണ്ഡലത്തില്‍ (ക്രിസ്ത്യന്‍ - 20.45%, മുസ്ലിം - 10.55%) അതിന്റെ പ്രതിഫലനം ഉണ്ടാകേണ്ടതല്ലേ. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയിലോ സമീപ ജില്ലയായ ആലപ്പുഴയിലോ ഉണ്ടാകാത്ത പ്രതികരണം കേരളത്തിലെമ്പാടും ഉണ്ടായി എന്ന നിഗമനത്തില്‍ എത്തുന്നതിന്റെ സാംഗത്യം എന്താണ്.

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ടുകളില്‍ കുറവുണ്ടായി എന്നത് സത്യമാണ്. പക്ഷെ അത് ശബരിമല വിഷയത്തിലാണ് എന്ന വ്യാഖ്യാനം ഇടത് പാര്‍ട്ടികള്‍ക്കിടയില്‍ നിന്ന് ഉണ്ടാകുന്നു എങ്കില്‍, അത് നവോത്ഥന ആശയങ്ങളില്‍ സംശയം ഉള്ളവരില്‍ നിന്നോ, ആത്മീയ-ആചാരാനുഷ്ഠാനങ്ങളോട് വിധേയത്വം ഉള്ളവരില്‍ നിന്നോ ആവാനാണ് സാധ്യത. എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും നവോത്ഥാന മുദ്രാവാക്യം ഏറ്റെടുത്ത് മുന്നോട്ട് പോകും എന്ന തീരുമാനമാണ് ഈ അവസരത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടി കൈക്കൊള്ളേണ്ടത്. അതിന്റെ ഗുണഫലം ഇന്നല്ലെങ്കില്‍ നാളെ സമൂഹത്തിനൊന്നാകെയാണ് ലഭിക്കുക.

തിരഞ്ഞെടുപ്പ് വേളയില്‍ വര്‍ഗ്ഗീയതക്കെതിരെയുള്ള ഇടത് പക്ഷ ക്യാമ്പയിന്‍ ഫലപ്രദമായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് വലിയമുന്നേറ്റം പ്രതീക്ഷിച്ച സമൂഹം അവര്‍ സഖ്യസര്‍ക്കാരിലൂടെ എങ്കിലും അധികാരത്തിലെത്തും എന്നും വിശ്വസിച്ചു. സ്വാഭാവികമായും ഇടത് ക്യാമ്പയിന്റെ നേട്ടം യുഡിഫിന് ലഭിക്കുന്ന സ്ഥിതിയുണ്ടായി. കൂടാതെ രാഹുല്‍ ഗാന്ധിയെപോലെ ഒരു ദേശീയ നേതാവ് കേരളത്തില്‍ നിന്ന് മത്സരിക്കുന്നു എന്നത് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്സ് ഗൗരവതരമായി സമീപിക്കുന്നു എന്ന പ്രതീതി സമൂഹത്തിലാകെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചു. ബിജെപിയെ അകറ്റി നിറുത്താനായി അവര്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ചു.

യാതൊരു ഭരണ വിരുദ്ധ വികാരവും ഇല്ലാതെ സമസ്ത മേഖലയിലും ഉണര്‍വ്വേകിയ ഭരണവും, മികവുറ്റ സ്ഥാനാര്‍ത്ഥികളും, ഒക്കെ ആയി മത്സരിച്ച ഇടത് മുന്നണി ഈ പരാജയം അര്‍ഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ ഇടത് മുന്നണി ഒരു തിരുത്തലും നടത്തേണ്ടതില്ല എന്ന് തന്നെയാണ് അഭിപ്രായം. ദേശീയതലത്തില്‍ പ്രത്യേകിച്ച് ബിജെപിയുടെ സംഘപരിവാര വര്‍ഗ്ഗീയതയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞ സാഹചര്യത്തില്‍, ഇടത് പക്ഷത്തിന് പ്രസക്തി വര്‍ദ്ധിക്കുകയാണ്. പരാജയകാരണം വിലയിരുത്തുന്ന യോഗങ്ങളില്‍ കേരള സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങളും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഇടത് പക്ഷ പ്രാതിനിധ്യമുള്ള ഫലപ്രദമായ പ്രാദേശിക മുന്നണി സംവിധാനം കെട്ടിപ്പടുക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യണം എന്നതാണ് അഭ്യര്‍ത്ഥന.

read more:ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ വലുതാണ്, അതുപോലെയാണ് ഒരു പെണ്‍കുട്ടിയുടെ ജീവിതവും; ശൈലജ ടീച്ചര്‍ ഇടപെടുമോ?

Next Story

Related Stories