TopTop
Begin typing your search above and press return to search.

ശബരിമല അയ്യപ്പനെ ഉപയോഗിച്ച് എല്ലാവരും രാഷ്ട്രീയ നേട്ടം കൊയ്യുമ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ മാത്രം എന്തിന് കുറ്റം പറയണം?

ശബരിമല അയ്യപ്പനെ ഉപയോഗിച്ച് എല്ലാവരും രാഷ്ട്രീയ നേട്ടം കൊയ്യുമ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ മാത്രം എന്തിന് കുറ്റം പറയണം?

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ 'പന്ത്' ഒരു മുഴം നീട്ടി എറിയുകയാണ്. ശബരിമല വിഷയത്തിൽ ഇത്രയേറെ പ്രക്ഷോഭം നടത്തിയ ബി.ജെ.പിയും, സംഘ പരിവാറുകാരും ലോക്സഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെ പിന്തുണക്കുമോ എന്നാണ് ഇനി കാണേണ്ടത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായ നേട്ടം കിട്ടിയതിൽ പിന്നെ ശബരിമല അയ്യപ്പനെ ഉയർത്തി കാട്ടിയുള്ള ബി.ജെ.പിയുടെ രാഷ്ട്രീയമായ മുന്നേറ്റം കഴിഞ്ഞുവെന്നുമാണ് തോന്നുന്നത്.

ഇപ്പോൾ ശബരിമലയിലെ കാര്യങ്ങൾ അന്വേഷിക്കാനോ അവിടെ സ്ത്രീകൾ കയറുന്നുണ്ടോ എന്ന് തിരക്കാനോ ബി.ജെ.പി ക്കാരേയും, സംഘ പരിവാറുകാരേയും കാണാനില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല വിഷയത്തിന്റെ രാഷ്ട്രീയമായ പ്രസക്തിയും അവസാനിച്ചു. പക്ഷെ ബുദ്ധിയുള്ള രാഷ്ട്രീയക്കാരന് കേരളം ഇത്രയേറെ പ്രക്ഷോഭം കണ്ട ശബരിമല വിഷയം അത്ര പെട്ടെന്ന് ഉപേക്ഷിക്കാനാകുമോ? ആ രാഷ്ട്രീയ ബുദ്ധി തന്നെയാണ് ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി. കാട്ടുന്നത്.

പിണറായ് വിജയൻ ലക്ഷ്യം വച്ചത് ശബരിമല വിഷയത്തിൽ സംഘ പരിവാറുകാർ ഉയർത്തുന്ന ഭീഷണി ചൂണ്ടിക്കാട്ടി 40 ശതമാനത്തോളം വരുന്ന ന്യൂനപക്ഷത്തിന്റെ സംരക്ഷകരായി നടിച്ച് വോട്ട് പിടിക്കുക എന്നതായിരുന്നു. പുരോഗമന ലേബലിൽ മതവും ജാതിയും തിരിക്കുക. ഭിന്നിപ്പിച്ച് നിർത്തി 60 ശതമാനത്തോളം വരുന്ന ഹിന്ദു വോട്ട് ജാതി അടിസ്ഥാനത്തിൽ പിടിക്കുക എന്നതും ലക്ഷ്യമായിരുന്നു. ഹിന്ദു വോട്ട് ഭിന്നിപ്പിക്കുന്നതിലൂടെ കോൺഗ്രസിനെ തീർത്തും ദുർബലമാക്കാമെന്നതായിരുന്നു സി പി എം കണ്ട ലക്ഷ്യം. ശബരിമല വിഷയത്തിലുള്ള സി പി എം നിലപാട് ഒട്ടുമേ നിഷ്കളങ്കമായിരുന്നില്ല. കാര്യങ്ങൾ പരമാവധി വഷളാക്കി 'കുളം കലക്കിയുള്ള മീൻ പിടുത്തത്തിനാണ്' സി പി എംകാർ ശ്രമിച്ചതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപി ഹിന്ദു വോട്ടുമായി അൽപം വളർന്നാൽ കോൺഗ്രസ് ദുർബലപ്പെടും എന്ന് സി പി എം കരുതി.

പുരോഗമന ലേബലിൽ നടത്തുന്ന ജാതി, മത കളികൾ ഒക്കെ മനസിലാക്കാനുള്ള വിവരം ഉള്ളവരും ഈ നാട്ടിൽ ഉണ്ടെന്നു മാത്രം സി പി എം തിരിച്ചറിഞ്ഞില്ല. നിലനിൽക്കുന്ന വോട്ടു ബാങ്കുകളൊക്കെ വിഘടിക്കാം എന്നതുകൊണ്ടാണ് ശബരിമല വിഷയത്തിൽ ഇത്ര കാർക്കശ്യ സ്വഭാവം കാണിച്ചതെന്നും തോന്നുന്നു. ക്രിസ്ത്യൻ സഭയും, SNDPയും, NSSഉം, മുസ്‌ലിം സംഘടനകളും ഒക്കെ നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തിന്റെ കാര്യം വരുമ്പോൾ ഇടതുപക്ഷം പറയുന്ന നവോത്ഥാനം എവിടെയുമില്ല. തങ്ങളുടെ സ്വന്തം സ്ഥാപനങ്ങളിൽ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ കോഴ വാങ്ങിക്കുമ്പോൾ NSS ഒരു വഴിക്ക് സഞ്ചരിക്കുന്നു; SNDP വേറെ ഒരു വഴിക്ക് സഞ്ചരിക്കുന്നു; ക്രിസ്ത്യൻ സഭകളും, മുസ്‌ലിം സംഘടനകളും മറ്റൊരു വഴിക്കും. അതിലൊന്നും സർക്കാർ ഇടപെടുകയില്ല.

പിണറായി വിജയനും, ഇടതു പക്ഷത്തിനും ഹിന്ദു മത വിശ്വാസത്തിൽ ഊന്നിക്കൊണ്ട് ശബരിമല വിഷയത്തിൽ സംഘ പരിവാറിനെ ചെറുക്കാമായിരുന്നു. ഹിന്ദു വിശ്വാസത്തിൽ തന്നെ നിലനിന്നിരുന്ന പല ബ്രഹ്മചര്യ സങ്കൽപ്പങ്ങളും, ഇക്കാര്യത്തിലുള്ള പല മുൻകാല കോടതി ഉത്തരവുകളും ഒക്കെ പരിശോധിച്ചിട്ടാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അത്തരത്തിൽ ശബരിമല വിഷയം ജനങ്ങളോട് വിശദീകരിക്കാമായിരുന്നു. അത് ഉണ്ടായില്ല. ജനത്തെ പ്രകോപിപ്പിച്ചുകൊണ്ടല്ല ആരും സാമൂഹ്യ മാറ്റത്തിനിന് വേണ്ടി ശ്രമിക്കേണ്ടത്. ഇവിടെയാണ് ഗാന്ധി പറഞ്ഞ “One Step Ahead is Enough” എന്ന വാചകത്തിനു പ്രസക്തി ഉള്ളതും.

അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം യുവതീ പ്രവേശനത്തിൽ ഇടതുമുന്നണിയുടെ നിലപാടിനോട് അഭിപ്രായ വിത്യാസം ഉണ്ടായിരുന്നെങ്കിലും ശബരിമലയുടെ പേരിൽ നടന്ന അക്രമവും, തെറി വിളിയും, ഗുണ്ടായിസവുമൊന്നും ഒരു യഥാർത്ഥ ഭക്തനും അംഗീകരിച്ചിരുന്നു എന്ന് തോന്നുന്നില്ല. പക്ഷെ അക്രമത്തെ മാർഗം ആയി സ്വീകരിച്ച സി.പി.എം. എങ്ങനെ ബി.ജെ.പിയെ വിമർശിക്കും? ചുരുക്കം പറഞ്ഞാൽ സി.പി.എമ്മിനു തന്നെ നഷ്ടം സംഭവിച്ചു. ആ നഷ്ടം ശരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കാനെത്തിയത് വഴി ജാതീയമായി വിഭജിച്ചു പോകുന്ന വോട്ടുകൾ എല്ലാം യു.ഡി.എഫിന് അനുകൂലമായി. യു.ഡി. എഫ് 19 സീറ്റുകൾ കരസ്ഥമാക്കിയപ്പോൾ എൽ.ഡി.എഫിന് കേവലം ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബി.ജെ.പിയും മൊത്തം പോൾ ചെയ്ത വോട്ടുകളുടെ ശതമാനം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ തങ്ങൾക്ക് അനുകൂലമായി കൂട്ടി. ചുരുക്കം പറഞ്ഞാൽ എല്ലാ അർത്ഥത്തിലും എൽ.ഡി.എഫിന് നഷ്ടം.

ശബരിമല വിഷയത്തിൽ ജുഡീഷ്യറി അവരുടെ വിധി 2018 സെപ്റ്റംബർ 28ന് പറഞ്ഞു കഴിഞ്ഞു. റിവ്യൂ പെറ്റിഷനിൽ സാധാരണ ഗതിയിൽ ഫാക്ച്വൽ ആയിട്ടുള്ള 'എറർ' മാത്രമേ പരിശോധിക്കപ്പെടാറുള്ളൂ. നീണ്ട 12 വർഷം എടുത്ത ആ കേസിൽ എന്തു ഫാക്ച്വൽ ആയിട്ടുള്ള 'എറർ' ആണുള്ളത്? 1991നു മുൻ അനേകം അമ്മമാർ ശബരിമലയിൽ നടത്തിയ ചോറൂണുകളുടെ രസീതും, അതിന്റെ ഫോട്ടോകളും എല്ലാം കണ്ടിട്ടാണ് കോടതി വിധി വന്നത്. ഇതൊക്കെ പബ്ളിക് ഡോക്കുമെൻറ്റ്സാണ്. ഇങ്ങനെ ഒരു പ്രൊഫഷണൽ സമീപനത്തോട് കൂടി പുറപ്പെടുവിച്ച വിധിയിൽ ഫാക്ച്വൽ ആയിട്ടുള്ള 'എറർ' ഉണ്ടാകാന്‍ സാധ്യതയില്ല. ആർക്കും ഗൂഗിളിൽ കയറി 411 പേജുള്ള ആ സുപ്രീം കോടതി വിധി ന്യായം വായിച്ചു മനസിലാക്കാം. അങ്ങനെ മിനക്കെടുന്ന എത്ര പേർ കേരളത്തിലുണ്ട്? അവിടെയാണ് ബി.ജെ.പിയുടേയും, സംഘ പരിവാറുകാരുടേയും വിജയം. സംഘ പരിവാറുകാർ ജനങ്ങളുടെ അറിവില്ലായ്മ സമർത്ഥമായി മുതലെടുക്കുന്നു. അതാണ് ചില പ്രമുഖ വക്കീലന്മാരെ തന്നെ അണിനിരത്തി ഈ സുപ്രീം കോടതി വിധി ശബരിമല സാഹചര്യം മനസിലാക്കാത്ത ചില ഉത്തരേന്ത്യൻ ജഡ്ജിമാരുടെ തെറ്റായിരുന്നു എന്നുള്ള വ്യാജ പ്രചാരണം വന്നത്. കൂടെ ദൈവ നിഷേധികളായ കമ്യൂണിസ്റ്റുകാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നു, ക്ഷേത്രങ്ങളിൽ നിന്ന് സർക്കാർ പണം അടിച്ചു മാറ്റുന്നു എന്നുള്ള കള്ള പ്രചാരണങ്ങളെല്ലാം വളരെ വലിയ തോതിൽ പ്രചരിക്കപ്പെട്ടു.

ശബരിമല വിഷയം അഖിലേന്ത്യ തലത്തിൽ തന്നെ ഉയർത്തി ഒരുതരം രാഷ്ട്രീയമായ 'ഇവൻറ്റ് മാനേജ്മെൻറ്റ്' ആണ് നേരത്തേ നടന്നത്. ബി.ജെ.പിയും, സംഘ പരിവാറുകാരും പണവും, മാൻപവറും, റിസോഴ്‌സസും ഒക്കെ ഉപയോഗിച്ച് നടത്തിയ ശരിക്കുള്ള രാഷ്ട്രീയ നാടകം. ഇവിടെ ജനങ്ങളുടെ വിശ്വാസം അവർ സമർത്ഥമായി മുതലെടുത്തു. 'പോപ്പുലർ' ദൈവങ്ങളെ ഉപയോഗിച്ചാണ് അല്ലെങ്കിലും ബി.ജെ.പി ഇന്ത്യയിൽ വളർന്നത്. രാമ ക്ഷേത്രത്തിന്‍റെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെ. ശ്രീരാമൻ ഭാരതത്തിന്‍റെ 'പോപ്പുലർ കൾച്ചറിൽ' വളരെ അറിയപ്പെടുന്ന ഒരു ദൈവമാണല്ലോ. 'രാം രാം' എന്നാണല്ലോ ഉത്തരേന്ത്യയിൽ സാധാരണ ജനങ്ങൾ പരസ്പരം കാണുമ്പോഴുള്ള സംബോധന. "രാം നാം സത്യ ഹേ" എന്നാണല്ലോ ശവഘോഷ യാത്ര നടക്കുമ്പോൾ ജനങ്ങൾ ഉത്തരേന്ത്യയിൽ ഉരുവിടുന്നത്. കേരളത്തിലാണെങ്കിൽ പണ്ട് സന്ധ്യാവേളകളിൽ നാമം ജപിക്കുമ്പോൾ, "രാമ രാമ രാമ രാമ പാഹിമാം, രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം" - എന്നായിരുന്നല്ലോ പ്രാർഥന. ഹിന്ദിയിലാണെങ്കിൽ കണ്ടമാനം ശ്രീരാമ പ്രാർഥനാ ഗീതങ്ങളുമുണ്ട്.

മറ്റൊരു ദൈവത്തിനും ശ്രീരാമനെ പോലെ 'പോപ്പുലർ അപ്പീൽ' ഇല്ല. ഇത്തരം ജനപ്രിയ ദൈവങ്ങളെ കൂട്ടുപിടിച്ചായിരുന്നു ബി.ജെ.പിയുടെ രാഷ്ട്രീയമായ വളർച്ച. ശബരിമല അയ്യപ്പൻ ദക്ഷിണേന്ത്യയിലും വളരെ പോപ്പുലർ ആണല്ലോ. ശബരിമലയിൽ ആചാരരീതികൾ പുനഃസ്ഥാപിക്കണമെന്ന എൻ.കെ. പ്രേമചന്ദ്രൻറ്റെ ഇപ്പോഴുള്ള സ്വകാര്യ ബില്ലും അത്തരം ജനപ്രിയ ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയമായ വളർച്ച ഉദ്ദേശിച്ചു തന്നെയാണ്. 'ശബരിമല ശ്രീധർമശാസ്ത്ര ടെംപിൾ സ്‌പെഷ്യൽ പ്രോവിഷ്യൻസ് ബിൽ 2019' എന്ന പേരിൽ ശബരിമലയിലെ തൽസ്ഥിതി തുടരണമെന്നാണ് ബില്ലിലെ ആവശ്യം. സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കഴിഞ്ഞ ലോക്സഭയുടെ അവസാന സമ്മേളനത്തിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ നടപടിയെടുത്തില്ല. നിയമ നിർമ്മാണം താൽപര്യപ്പെടുന്നതായി ബി.ജെ.പി. ഇത്തവണത്തെ പ്രകടന പത്രികയിലും ഉറപ്പു നൽകിയിരുന്നില്ല. ഇതിനിടെയാണ് പ്രേമചന്ദ്രൻ എം.പിയുടെ അപ്രതീക്ഷിത നീക്കം.

ശബരിമല വിഷയത്തിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ 'ഓർഡിനൻസ് ഇറക്കൂ' എന്ന് പറയുന്ന സാധാരണ ആളുകൾ നിയമത്തിൻറ്റെ സങ്കീർണതകൾ മനസിലാക്കുന്നില്ല. നിയമം പഠിച്ചിട്ടുള്ളത് കൊണ്ട് ബി.ജെ.പിയിലെ തന്നെ ശ്രീധരൻ പിള്ളക്കും, അരുൺ ജെയ്റ്റ്ലിക്കും, രവി ശങ്കർ പ്രസാദിനും കാര്യങ്ങൾ അറിയാം. അതാണ് അവർ ഓർഡിനൻസ് ഇറക്കുന്നതിനെ കുറിച്ച് നേരത്തേ ഒന്നും മിണ്ടാതിരുന്നത്. അരുൺ ജെയ്റ്റ്ലി ആണെങ്കിൽ ശബരിമല വിഷയത്തിലുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. സുബ്രമണ്യം സ്വാമി പട്ടാളത്തെ ഇറക്കിയാണെങ്കിലും ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കണം എന്ന് പറഞ്ഞു. പിന്നെ ഓർഡിനൻസ് ഇറക്കുന്നതിനെ കേന്ദ്രത്തിൽ ആര് അനുകൂലിക്കും? ഇനി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയാൽ തന്നെ അതിൻറ്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഓർഡിനൻസ് തള്ളി പോകും. അതല്ലെങ്കിൽ ഭരണഘടന തിരുത്തിയെഴുതണം. അതിനു ലോക്സഭയിലും, രാജ്യ സഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. പിന്നീട് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്കു സമർപ്പിക്കണം. ഇത് വല്ലതും നടപ്പുള്ള കാര്യമാണോ? ചുരുക്കം പറഞ്ഞാൽ 12 വർഷവും, 24 കക്ഷികൾ വാദിച്ചതും, എല്ലാ വശങ്ങളും പരിശോധിച്ചതുമായ സുപ്രീം കോടതി വിധി ന്യായം തിരുത്തുക ദുഷ്കരമാണ്.

ഇന്ത്യൻ ഭരണഘടനയിലേക്കൊന്നു നോക്കുക:

Article 14 in The Constitution Of India: Equality before law - The State shall not deny to any person equality before the law or the equal protection of the laws within the territory of India and prohibits discrimination on grounds of religion, race, caste, sex or place of birth.

ഭരണഘടനയുടെ അനുച്ഛേദം - 14 പ്രകാരം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും നിയമത്തിനു മുന്നിലെ സമത്വം ഉറപ്പു നൽകുന്നു. ഈ അനുച്ഛേദ പ്രകാരം സ്ത്രീക്കും പുരുഷനും മതമോ, ജാതിയോ, വർഗ്ഗമോ, വർണ്ണമോ, ലിംഗമോ, സ്ഥലമോ നോക്കാതെ തുല്യാവകാശം ഉറപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ചുരുക്കത്തിൽ ശബരിമലയിൽ പ്രവേശിക്കാൻ പുരുഷന്മാരെപ്പോലെ തന്നെ തുല്യ അവകാശം സ്ത്രീകൾക്കും ഭരണഘടന നൽകുന്നു. സംഭവം ഇങ്ങനെ ആകുമ്പോൾ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിധി പറഞ്ഞ സുപ്രീം കോടതിയെ കുറ്റം പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം വിവാദമാക്കി കൊച്ചു കേരളത്തിലിരുന്ന് പ്രകടനം നടത്തി ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ ഭരണഘടന മാറ്റി എഴുതിക്കാം എന്നൊക്കെ കരുതുന്ന ആളുകൾ നിയമ വ്യവസ്ഥയുടെ സങ്കീർണതകൾ മനസിലാക്കുന്നില്ല.അറിയാത്തവരാണ്.

ഇതെല്ലാം അറിഞ്ഞാണ് പ്രേമചന്ദ്രൻ ബുദ്ധിപരമായ നീക്കം നടത്തുന്നതെന്നാണ് കരുതേണ്ടത്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സ്വകാര്യ ബിൽ സംബന്ധിച്ച കേന്ദ്ര സർക്കാർ നിലപാട് ഇനി നിർണ്ണായകമാകും. ഭുരിപക്ഷമുള്ള ബി.ജെ.പി. ഗവൺമെൻറ്റ് തന്നെ നിയമം കൊണ്ട് വരണം; അതിനാവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നു പറഞ്ഞാSabarലും കേന്ദ്രത്തിലുള്ള ബി.ജെ.പി. സർക്കാർ വെട്ടിലാകും. ബില്ല് അവതരിപ്പിക്കാന്‍ കഴിഞ്ഞത് തന്‍റെ ചരിത്ര നിയോഗമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറയുമ്പോൾ അദ്ദേഹം സമർത്ഥമായി ബി.ജെ.പി. സർക്കാറിൻറ്റെ 'കോർട്ടിലേക്ക്' പന്ത് എറിയുകയാണ്. അദ്ദേഹത്തിന് ഒന്നും നഷ്ടപ്പെടാനില്ല; മറിച്ച് വിശ്വാസികളുടെ കൂടെ നിന്നില്ലെങ്കിൽ ബി.ജെ.പിക്ക് രാഷ്ട്രീയമായി പലതും നഷ്ടപ്പെടാനുണ്ട്. ചുരുക്കം പറഞ്ഞാൽ ഈ ബിൽ അവതരിപ്പിക്കുക വഴി എൻ.കെ. പ്രേമചന്ദ്രൻ സമർത്ഥനായ രാഷ്ട്രീയക്കാരനാണെന്ന് തെളിയിച്ചു കഴിഞ്ഞു. ശബരിമല അയ്യപ്പനെ ഉപയോഗിച്ച് എല്ലാവരും രാഷ്ട്രീയ നേട്ടം കൊയ്യുമ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ മാത്രം കുറ്റപ്പെടുത്താനും വയ്യാ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: ഹിന്ദുത്വ, സവർണ, ബ്രാഹ്മണ്യ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ കേരളത്തിൽ നിന്നുള്ള ഒരു ആർ എസ് പി എം.പി അവതരിപ്പിക്കുന്നതിനേക്കാൾ അശ്ലീലമായി മറ്റെന്തുണ്ട്?


Next Story

Related Stories