TopTop
Begin typing your search above and press return to search.

പത്രം ഹിന്ദു, കർത്താവ് രാമൻ; ഡായ്, ചൗക്കീദാർ എവിടെയായിരുന്നു ഹേ?

പത്രം ഹിന്ദു, കർത്താവ് രാമൻ; ഡായ്, ചൗക്കീദാർ എവിടെയായിരുന്നു ഹേ?

അഞ്ചാറു സായിപ്പന്മാരും അതിനൊത്ത മദാമ്മമാരും Days of Raj എന്ന പ്രേതകഥ പോലെ ഇന്ത്യ ഗേറ്റിനും രാഷ്ട്രപതി ഭവനുമിടയിൽ ഉലാത്തുന്ന ഒരു നിറകൊണ്ട പാതിരക്കാണ് റഫാൽ ഇടപാടുകൾ സംബന്ധിച്ച രേഖകൾ South Block എന്ന പ്രതിരോധ മാളികയിൽ നിന്നും അപ്രത്യക്ഷമായത്. സംഭവം പുറത്തുകൊണ്ടുപോയ കള്ളൻ വെറുതെയിരുന്നില്ല. നാട്ടുകാർക്ക് വായിച്ചു രസിക്കാനും മായാവി, മനോരമ, മാതൃഭൂമി എന്നീ സചിത്ര കഥകൾക്ക് പിന്നാലെ പത്രം മാത്രമല്ല ഒരു ഇംഗ്ലീഷ് നിഘണ്ടുവും ഒപ്പം നൽകിയിരുന്ന The Hindu പത്രത്തിൽ വിശദമായി അച്ചടിക്കുകയും ചെയ്തു. മൊത്തം രാജ്യരക്ഷയും ദാ, ചെന്നൈ വഴി കടൽ കടന്നിരിക്കുന്നു. പത്രം ഹിന്ദു, കർത്താവ് രാമൻ, എന്തൊരു വൈരുധ്യം , എന്തൊരു ദ്രോഹം!

കള്ളൻ ഏതുവഴിയായിരിക്കും കടന്നത്. അന്വേഷിച്ചു വരികയാണെന്ന് രാജാവിന്റെ നിയമജ്ഞന്മാർ അറിയിച്ചിട്ടുണ്ട്. രഹസ്യരേഖ പുറത്തായിട്ടു തന്നെ മാസം ഒന്ന് കഴിഞ്ഞു. ഫെബ്രുവരി 8 നാണ് ഓലകൾ വെളിച്ചത്തുവന്നത്. അപ്പോൾ തസ്കരന്മാർ കൃത്യം നിർവ്വഹിച്ച് വീട്ടിൽപ്പോയി തിരിഞ്ഞും മറിഞ്ഞും കിടക്കുകയും നാനാവിധകേളികളിൽ മുഴുകുകയും ചെയ്തു കഴിഞ്ഞിട്ടും ചില വാരങ്ങളായിരുന്നു. ഡായ്, ചൗക്കീദാർ എവിടെയായിരുന്നു ഹേ?

ഏതുവഴിക്കായിരിക്കും ഇതൊക്കെ പോയത്? പോയതൊക്കെ ശരിയായ സാധനങ്ങളാണെന്നു ഉറപ്പാണെന്ന് സർക്കാർ സമ്മതിച്ചു. ദയവു ചെയ്തു അതൊന്നും നിങ്ങൾ നോക്കരുത്. രഹസ്യമാണ്. ആയ്, ഇക്കണ്ട ജനമൊക്കെ വായിച്ചിട്ടും രഹസ്യമോ? അതങ്ങനെയാണ്, നാട്ടിലെ സകല മനുഷ്യരും അറിഞ്ഞതിനു ശേഷം മാത്രം നമ്മളറിയുന്ന ഒരു കാര്യത്തിനെയാണ് പൊതുവെ എല്ലാവരും രഹസ്യം എന്ന് തെറ്റിദ്ധരിക്കാറ് . അന്വേഷിക്കുകയാണ്, മി ലോഡ് അന്വേഷിക്കുകയാണ്.

ഇനി പറയട്ടെ, രഹസ്യം എങ്ങനെ പുറത്തായെന്ന്. പണ്ട് നരസിംഹറാവുവിന്റെ ഒരു കുശിനിക്കാരൻ നായരെ പത്രക്കാർ മൂപ്പിച്ചപ്പോൾ അങ്ങേര് മുറുക്കാൻ ചവക്കുന്നതിനിടയിൽ വളരെ അലസമായി, 'ആ മൂപ്പർ രാവിലെ മൂന്നാലു ഇഡലി അല്ലെങ്കിൽ ദോശ. ഉച്ചയ്ക്ക് പിന്നെ...' എന്ന മട്ടിൽ പ്രധാനമൗനിയുടെ ഭക്ഷണവിശേഷം പറഞ്ഞുകൊടുത്തു. പിറ്റേന്ന് രണ്ടു തകരപ്പെട്ടിയിൽ സ്ഥാവരജംഗമവസ്തുക്കളുമായി തീവണ്ടിയാപ്പീസിൽ നാട്ടിലേക്ക് വണ്ടി കാത്തിരുന്നു മൂപ്പിൽ നായർ. പ്രധാനമൗനിയുടെ ജീവൻ അപകടത്തിലാക്കിക്കളഞ്ഞില്ലേ ! പിന്നെ ഏതു പത്രമാപ്പീസു കണ്ടാലും അറിഞ്ഞു ശപിച്ചെ മൂപ്പര് പുവ്വാറുള്ളു . എന്നാൽ, അങ്ങനെയൊരു നാലാംക്ലാസ് ജീവനക്കാരനാണ് ഇതൊക്കെ മോഷ്ടിച്ചത് എന്ന് തോന്നുമോ? അല്ല. അതിനുള്ള ഒരു വഴിയുമില്ല. കാരണം ഇതൊന്നും ശിപായിമാർ കൈമാറുന്ന രേഖകളല്ല.

എന്നാൽ പിന്നെയാര്? Elementary മിസ്റ്റർ വാട്സൺ, ഭഗവാനെന്നു വിളിപ്പേരുള്ള ലൈംഗികപീഡകൻ കിഷൻ ഗീതയുടെ രഹസ്യം എന്ന ഈസ്റ്റ്മാൻ കളർ സിനിമയിൽ പറഞ്ഞത് ഓർമ്മയില്ലേ? "ആർക്കാണോ ഇത് പോയാലും പുറത്തുവന്നാലും ഒന്നും സംഭവിക്കാത്തത്, എന്നാലത് ആരുടെ കയ്യിലാണോ ഉള്ളത്, എന്നാൽ അതുകൊണ്ടയാൾക്ക് യാതൊരു പ്രയോജനവും ഇനി ജീവിതത്തിൽ ഇല്ലാത്തത്, അവനാണ് ആദ്യം രഹസ്യങ്ങൾ ചോർത്തുക എന്ന്." ഇതിന്റെ സംസ്‌കൃതം ചോദിക്കരുത്, കൊങ്ങിണിയിലാണ് ഈ ഗീതാഭാഷ്യം. ടിയാന്റെ കയ്യിലുണ്ട് രേഖകൾ. ഒരു റഫേൽ വിമാനത്തിന്റെ അകമൊന്നു കാണാൻ പോലും സമ്മതിക്കാതെ, പാരീഷ്യൻ ഉന്മാദം മുഴുവൻ ഒറ്റയ്ക്കനുഭവിച്ച ചൗകീദാർ, ചോർ ഹേ എന്ന് പതുക്കെപ്പതുക്കെ തെളിയുന്ന വഴി അതാണ്. ഗോവയിൽ നിന്നുള്ള കടൽക്കാറ്റ്.

പ്രതിരോധരഹസ്യങ്ങൾ കയറിയിറങ്ങാറുള്ള സാധാരണ വഴികളിൽ ഈ രേഖകൾ പോയില്ല. ആ വഴിക്കു വേറെ വിനോദം ഉണ്ടായിരുന്നു. എന്തായാലും പണി പോയ ചാര സുന്ദരന്മാരും സുന്ദരികളും വിഷമിക്കരുത്. ചാരന്മാർക്ക് നർത്തകരായും പാട്ടുകാരായും വിപ്ലവകാരികളായും വരാമെന്ന് നമ്മൾ പറഞ്ഞുവെച്ചിട്ടുണ്ട്.

(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)


Next Story

Related Stories