UPDATES

ബ്ലോഗ്

ബി ജെ പി വിരുദ്ധ പ്രതിപക്ഷത്തുള്ള ഒരു മതേതരകക്ഷിയുമായി കോൺഗ്രസ് അധ്യക്ഷൻ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ എന്ത് സന്ദേശമാണ് ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിന് രാഹുല്‍ ഗാന്ധി നൽകുന്നത്?

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം നെഹ്‌റു കുടുംബത്തിന് ആവേശം വിതച്ചുകൊണ്ട് കൊയ്തെടുക്കാൻ കഴിയുന്ന ഒരു കൃഷിയല്ലാതായിട്ട് പതിറ്റാണ്ടുകളായി.

കേരളത്തിൽ വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി മത്സരിച്ചാൽ അയാളവിടെ ജയിക്കും. സംശയമൊന്നുമില്ല. പക്ഷെ ജനാധിപത്യ, മതേതര ഭരണഘടനാ റിപ്പബ്ലിക്ക് എന്ന ഇന്ത്യയുടെ അടിസ്ഥാനസ്വഭാവം നിലനിൽക്കണോ വേണ്ടയോ എന്ന ചോദ്യമുയർത്തുന്ന ഒരു തെരഞ്ഞെടുപ്പിൽ, ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയവുമായി നേർക്കുനേർ ഏറ്റുമുട്ടൽ നടക്കേണ്ട ഒരു സമയത്ത് അതിനെ അട്ടിമറിക്കുന്ന ഒന്നാകും കോൺഗ്രസിന്റെ ഈ തീരുമാനം. ഇന്ത്യയിലെമ്പാടും ബി ജെ പിയുമായുള്ള നേർക്കുനേർ ഏറ്റുമുട്ടലിൽ മുന്നിൽ നില്കക്കേണ്ട സമയത്ത്, ബി ജെ പി വിരുദ്ധ പ്രതിപക്ഷത്തുള്ള ഒരു മതേതരകക്ഷിയുമായി കോൺഗ്രസ് അധ്യക്ഷൻ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ എന്ത് സന്ദേശമാണ് ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിന് അയാൾ നൽകുന്നത്?

രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ കേരളത്തിൽ എൽ ഡി എഫ് ഇല്ലാതാകും എന്നുള്ള വാർത്താവതാരകരുടെ നിലവാരത്തിലുള്ള ഉൾപ്പുളക വിശകലനങ്ങളൊക്കെ മാറ്റിവെക്കാവുന്നതേയുള്ളു. അതല്ല പ്രശ്നം. ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷമായ ചരിത്ര പ്രാധാന്യത്തേയും അതിന്റെ നിർണായക സ്വഭാവത്തെയും കോൺഗ്രസ് അതിന്റെ പണ്ടത്തെ തഴമ്പുകളിൽ ആത്മരതി തേടുന്ന തിരക്കിൽ വിസ്മരിക്കുന്നു എന്നതാണ് പ്രശ്നം. ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കണം എന്നാണെങ്കിൽ (എന്തിന് എന്നത് വേറൊരു ചോദ്യം) അത് ബി ജെ പിയുമായി നേരിട്ടേറ്റുമുട്ടുന്ന ഒരു മണ്ഡലത്തിലാകണമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ, കോൺഗ്രസ് വിരുദ്ധ തരംഗവും മോദിയനുകൂല പ്രവണതയും ഒരുപോലെ ഉണ്ടായിട്ടും ബി ജെ പിക്ക് നാമമാത്രമായ നേട്ടങ്ങൾ മാത്രമുണ്ടാക്കാൻ കഴിഞ്ഞ ദക്ഷിണേന്ത്യയിൽ, അത്തരം രാഷ്ട്രീയ സാഹചര്യം ഇല്ലാത്ത ഈ തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധി എന്തെങ്കിലും പ്രത്യേകമായ ആവേശം ഉണ്ടാക്കുമെന്ന് കരുതാൻ വയ്യ. ആവേശം ഉണ്ടാക്കാനാണെങ്കിൽ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും മത്സരിക്കുന്ന മണ്ഡലങ്ങളിൽപ്പോലും മറ്റു പ്രതിപക്ഷ കക്ഷികളുടെ സഹായമില്ലെങ്കിൽ ജയിക്കുന്ന കാര്യം കഷ്ടിയാകില്ലായിരുന്നു. ജവഹർ ലാൽ നെഹ്‌റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് എന്ന് മാത്രമാണ് വളരെ ചെറിയ ഒരു വിഭാഗം ജനങ്ങളെങ്കിലും ഓർക്കുന്നത്.

ഇതിനു മുമ്പ് ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയുമൊക്കെ ദക്ഷിണേന്ത്യയിൽ മത്സരിച്ചപ്പോൾ അന്നൊക്കെ ദക്ഷിണേന്ത്യയാകെ അവർ ഇളക്കിമറിച്ചിട്ടൊന്നുമില്ല. അതായത് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നു എന്ന വാർത്ത ആന്ധ്രയിലെ ഏതോ ഒരു മണ്ഡലത്തിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയെ സഹായിക്കും എന്ന മട്ടിലാണ് കോൺഗ്രസുകാർക്ക് തോന്നുന്നതെങ്കിൽ ഇന്ത്യയെക്കുറിച്ച് മോദിക്കുള്ള അതേ തെറ്റിദ്ധാരണയാണ് അവർക്കുമുള്ളത് എന്ന് പറയേണ്ടിവരും. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം നെഹ്‌റു കുടുംബത്തിന് ആവേശം വിതച്ചുകൊണ്ട് കൊയ്തെടുക്കാൻ കഴിയുന്ന ഒരു കൃഷിയല്ലാതായിട്ട് പതിറ്റാണ്ടുകളായി. ആന്ധ്രയിൽ കോൺഗ്രസ് എന്ന പാർട്ടിയെ ഭരണകക്ഷി എന്ന നിലയിൽ നിന്നും നേതൃത്വമോ ഘടകമോ പോലും നേരാംവണ്ണം ഇല്ലാത്ത വിധത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത് ഈ നേതൃത്വമാണ്. ഒരു വടക്കേ ഇന്ത്യൻ സംസ്ഥാനത്തും രാഹുൽ ഗാന്ധിയോ നെഹ്‌റു കുടുംബ പാരമ്പര്യമോ ഒന്നുമല്ല തെരഞ്ഞെടുപ്പിനെ നിശ്ചയിക്കുന്നത്. ഇന്ത്യയിലെവിടെയും അതല്ല. ഈ തെരഞ്ഞെടുപ്പിൽ ബി ജെ പി വിരുദ്ധ വോട്ടുകൾ വരുന്നത് ഹിന്ദുത്വ ഭീകരതയ്‌ക്കെതിരായ രാഷ്‌ടീയത്തിൽ നിന്നും, ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ കാർഷികമേഖല തകർച്ചയിൽ നിന്നും, നോട്ടു നിരോധനം ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും, മോദി വാഴ്ച്ച രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയെല്ലാം ഒന്നൊന്നായി തകർക്കുന്നതിനെതിരായ ഉരുണ്ടുകൂടുന്ന പ്രതിഷേധത്തിൽ നിന്നുമായിരിക്കും.

സംസ്ഥാനങ്ങളിൽ ശക്തിയുള്ള ബി ജെ പി വിരുദ്ധ പ്രതിപക്ഷമാണ് ഈ തെരഞ്ഞെടുപ്പിൽ മോദിയുടെയും സംഘ്പരിവാറിന്റെയും രാഷ്ട്രീയത്തെ ചെറുക്കുന്നത്. അതിനെ തുരങ്കം വെക്കാതിരിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന് ഇത്തവണ ചെയ്യാനുള്ളത്. മധ്യപ്രദേശ്, രാജസ്ഥാൻ , ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് ഗണ്യമായ തരത്തിൽ കോൺഗ്രസ് നേർക്കുനേർ ഒറ്റയ്ക്ക് ബി ജെ പിയെ നേരിടുന്നത്. മറ്റെല്ലായിടത്തും ഒന്നുകിൽ സഖ്യങ്ങളിൽ ചെറുകക്ഷിയായും മഹാരാഷ്ട്രയിൽ ഏതാണ്ട് പപ്പാതിയുമായാണ് പോരാട്ടം. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന ബി ജെ പിയുടെ സമഗ്രാധിപത്യ ഭരണഭീഷണി മനസിലാക്കി കോൺഗ്രസ് ഇതര ബി ജെ പി വിരുദ്ധ പ്രതിപക്ഷം കോൺഗ്രസിനോട് കാണിക്കുന്ന സൗമനസ്യത്തിലും രാഷ്ട്രീയ യാഥാർത്ഥ്യ ബോധ്യത്തിലുമാണ് ആ കക്ഷിയുടെ ദേശീയമായ നിലനിൽപ്പ് പോലും എന്നതാണ് വാസ്തവം.

ഈ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തെ എതിർക്കുന്നതാണ് ഈ തെരഞ്ഞെടുപ്പിൽ താൻ നൽകേണ്ട ഏറ്റവും വലിയ സന്ദേശമെന്ന് രാഹുൽ ഗാന്ധി കരുതുന്നുവെങ്കിൽ അയാൾ ഇക്കണ്ട കാലം കൊണ്ട് പഠിച്ച രാഷ്ട്രീയപാഠങ്ങൾ പരിതാപകരമെന്നേ പറയാനാകൂ. അത് കേരളത്തിലെ വയനാട് ഒഴിച്ചുള്ള ഏതെങ്കിലും സീറ്റിനെ ബാധിക്കുമോ ഇല്ലയോ എന്നുള്ള നിസ്സാരതയിലല്ല, അത് ഇന്ത്യയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും നിർണ്ണായകമായ തെരഞ്ഞെടുപ്പുകളിലൊന്നിൽ ഇത്ര ക്ഷുദ്രമായ തീരുമാനമെടുത്തതിന്റെ പേരിലായിരിക്കും താൻ വിധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുക എന്ന വകതിരിവ് രാഹുൽ ഗാന്ധിക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. ആ പാർട്ടിയുടെ ചരിത്രവും വർത്തമാനവും അത്തരം പ്രതീക്ഷകളെ ന്യായീകരിക്കുന്നില്ലെങ്കിലും.

*ഫേസ്ബുക്ക് പോസ്റ്റ്

©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍