TopTop
Begin typing your search above and press return to search.

പ്രതിപക്ഷങ്ങളെല്ലാം പ്രതികളായിക്കൊണ്ടിരിക്കുന്ന ഇരുണ്ടകാലത്ത് വിമോചന സമരത്തെ ഓര്‍മ്മിക്കുമ്പോള്‍

പ്രതിപക്ഷങ്ങളെല്ലാം പ്രതികളായിക്കൊണ്ടിരിക്കുന്ന ഇരുണ്ടകാലത്ത് വിമോചന സമരത്തെ ഓര്‍മ്മിക്കുമ്പോള്‍

ഈ ദിവസമാണത് (ജൂലൈ 31). ഇന്ത്യാചരിത്രത്തിലെ, കേരളചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിൽ ഒന്ന്. 1959 ജൂലൈ 31. ആയിരത്തി തൊള്ളായിരത്തി അൻപത്തിഒമ്പതിൽ നിന്നും രണ്ടായിരത്തി പത്തൊമ്പതിലേക്ക് നയിച്ച മത, സാമുദായിക രാഷ്ട്രീയം ഇന്ത്യൻ ഭൂപടത്തിലാകെ പടർന്നു കയറിയതിന്റെ ആദ്യ തുള്ളികൾ. അതിന് നേതൃത്വം കൊടുത്തതാകട്ടെ ഇതേ കാരണം കൊണ്ട് ഇപ്പോൾ ഇന്ത്യയിൽനിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന, സ്വയം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കോൺഗ്രസും!

അതെ. ഇന്നലെയാണ് ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേരള മന്ത്രിസഭയെ പുറത്താക്കിയ ദിവസം. 1957 ഏപ്രിൽ 5 നും 1959 ജൂലൈ 31 നും ഇടയ്ക്കുള്ള 28 മാസം മാത്രം അധികാരത്തിലിരുന്ന ഇഎംഎസ് സർക്കാരിനെ. ലോകഭൂപടത്തിൽത്തന്നെ അപൂർവ്വമായതുകൊണ്ടാണ് ആ സർക്കാറിനെക്കുറിച്ചുള്ള വാർത്തകളെല്ലാം ഒരേസമയം പ്രാദേശികവും അന്തർദേശീയവുമായിത്തീർന്നത്.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ ഫോസ്റ്റർ ഡള്ളസ്‌ അന്നൊരിക്കൽ പത്രസമ്മേളനത്തിൽ ഇങ്ങനെ പറഞ്ഞു. 'ഇന്ത്യയിലും ഇന്തോനേഷ്യയിലും പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റുകാർ നേടിയ വിജയങ്ങൾ അപകടകരമായ പ്രവണതയാണ്.'

അതെ. തങ്ങളുടെ വർഗ്ഗാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ ഭരണകൂടം എന്ന് മറ്റൊരറ്റത്തുനിന്ന് അപ്പോൾത്തന്നെ തിരിച്ചറിഞ്ഞവർ!

ഭൂവുടമാ ബന്ധങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രമേ ആധുനിക ഇന്ത്യയ്ക്ക് മുന്നോട്ടു പോകാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞ ആദ്യ ഭരണകൂടമായിരുന്നു ഇഎംഎസിൻറെത്. അതുകൊണ്ടാണ് സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യം നടത്തിയ പ്രഖ്യാപനം കുടിയൊഴിപ്പിക്കൽ തടഞ്ഞുകൊണ്ടുള്ളതായത്. അധികാരമേറ്റു ഒരാഴ്ചയ്ക്കകം, അതായത് എപ്രിൽ 11 ന്. അതിന്‍റെ തുടർച്ചയായിരുന്നു ഭൂപരിഷ്കരണ ബിൽ. തുടർന്ന് 'കേരളമോഡൽ 'എന്ന് പിൽക്കാലത്ത് പ്രസിദ്ധമായ വികസനമാതൃകകൾക്ക് തുടക്കം കുറിച്ച വിവിധ പരിപാടികളും പദ്ധതികളും. വിദ്യാഭ്യാസ മേഖലയിലെയും, കാർഷിക മേഖലയിലെയും ആരോഗ്യമേഖലയിലെയും സമഗ്രമായ പരിഷ്കരണങ്ങൾ. ഇതെല്ലാം പൂർണ്ണമായും അന്നുവരെയുണ്ടായിരുന്ന സാമ്പത്തിക സാമൂഹ്യ,അധികാര,താല്പര്യങ്ങൾക്ക് എതിരായിരുന്നു. സാമുദായിക നേതാക്കന്മാരുടെ കീഴിൽ നിസ്സഹായരായിപ്പോയ മനുഷ്യരെല്ലാം ഉയർത്തെഴുന്നേറ്റ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. പക്ഷേ ആ ദിവസങ്ങൾക്ക് അധികകാലം ആയുസ്സുണ്ടായില്ല. അല്ല ഉണ്ടാക്കിയില്ല.

ജന്മിമാരും മാടമ്പിമാരും മുതലാളിമാരും ആ സർക്കാരിനെതിരായിത്തീർന്നത് സ്വാഭാവികം. അതിൽ ആർക്കും അത്ഭുതമുണ്ടാവില്ല.

പക്ഷേ കോൺഗ്രസ്! കോൺഗ്രസ് എതിരായിത്തീർന്നത് എന്തിനായിരുന്നു?

അധികാരം, അധികാരത്തിനു വേണ്ടി മാത്രം. അധികാരം പിടിക്കാൻ അമേരിക്കയെവരെ കൂട്ടുപിടിച്ച നെറികെട്ട രാഷ്ട്രീയം!

വെറുതെ പറഞ്ഞതല്ല. പിൽക്കാലത്ത് അതൊക്കെ ഓരോന്നായി തെളിഞ്ഞു വന്നിട്ടുണ്ട്.ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ ആയിരുന്ന ഡാനിയൽ പാട്രിക് മേയ്‌നിഹാൻ ഇക്കാര്യം A Dangerous place എന്ന തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്. അതിങ്ങനെ;

'We had twice, but only twice, interfered in Indian politics to the extent of providing money to a political party. Both times this was done in the face of a prospective communist victory in state elections, once in Kerala once in West Bengal , where Kolkata is located. Both times the money was given to the the Congress party which had asked for it'.

അന്ന് ഇതിനൊക്കെ നേതൃത്വം കൊടുത്ത പലരും പിൽക്കാലത്ത് പശ്ചാത്തപിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ആ പശ്ചാത്താപം കൊണ്ട് കഴുകിക്കളയാവുന്ന തരത്തിൽ ചെറുതായിരുന്നില്ല അതിൻറെ അനന്തരഫലങ്ങൾ. അത് രാഷ്ട്രം മുഴുവൻ പടർന്നു കഴിഞ്ഞു. അതിലൊന്നായിരുന്നു സമുദായ രാഷ്ട്രീയം. അതിൻറെ ഭീതിതരൂപമായ ഹിന്ദുത്വ പൊളിറ്റിക്സ് ഇന്ന് ആ കോൺഗ്രസിനെത്തന്നെ വിഴുങ്ങിതീർത്തുകൊണ്ടിരിക്കുന്ന ഇന്ത്യൻ 'ജനാധിപത്യത്തിൻറെ' മുനമ്പിലിരുന്നാണ് ഈ ദിവസത്തിൻറെ ഓർമ്മയെപ്പോലും ഞാൻ വായിക്കാനെടുക്കുന്നത്.

ഇന്നലത്തെ വൈകുന്നേരത്തെക്കുറിച്ച് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ എഴുതിയിരുന്നു.

'അന്നു വൈകീട്ട് ഗവർണർ ബി രാമകൃഷ്ണറാവു അടിയന്തര സന്ദേശം അയച്ച് ഞങ്ങളെ എല്ലാവരെയും വിളിപ്പിച്ചു. രാജ്ഭവനിൽ ഞങ്ങൾക്ക് ചായ പകർന്നു തന്നു. ശേഷം അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സർക്കാർ ഇല്ലാതാവാൻ പോവുകയാണെന്ന്. പിറ്റേന്ന് ഇ എം എസിനും മന്ത്രിസഭാംഗങ്ങൾക്കും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്മാരുടെ യാത്രയയപ്പ് ആയിരുന്നു. ഉജ്ജ്വലമായ ഉപസംഹാര പ്രസംഗത്തിൽ ഞങ്ങളുടെ സർക്കാർ ഇന്ന് പോവുകയാണെന്ന് ഇ എം എസ് പ്രഖ്യാപിച്ചു. പക്ഷേ ജനങ്ങളിലേക്കാണ് പോകുന്നത്. അവിടെ നിന്ന് വീണ്ടും മന്ത്രിസഭയുണ്ടാക്കാൻ ഞങ്ങൾ മടങ്ങിവരും. ഉറച്ച സ്വരത്തിൽ ഇഎംഎസ് പറഞ്ഞു.'

അതെ ജനങ്ങളിലേക്ക്. ഇടതുപക്ഷം ജനങ്ങളിലേക്ക് തന്നെ മടങ്ങിപ്പോയി. പിന്നീട് നടന്ന വോട്ടെടുപ്പിൽ 57 ലേതിനേക്കാൾ നാല് ശതമാനം വോട്ട് അവർക്ക് കൂടി. പക്ഷേ കോൺഗ്രസ്സും മറ്റു പാർട്ടികളും സമുദായങ്ങളിലേക്ക് തന്നെ മടങ്ങിപ്പോയി. സമുദായങ്ങൾ ഇല്ലാതെ, വർഗീയത ഇല്ലാതെ നിയമനിർമ്മാണ സഭകളിലേക്ക് പിന്നീടവർക്ക് ഒരിക്കലും തിരിച്ചുവരാൻ കഴിയാതായി. പിൽക്കാലത്ത് ഇടതുപക്ഷത്തിന് പോലും ഇതേ സമുദായങ്ങളെ കുറച്ചെങ്കിലും പരിഗണിക്കേണ്ട ഗതികേട് ഉണ്ടായി എന്നത് മറ്റൊരു ചരിത്രം!

കേരളത്തിലെ അന്നത്തെ കോൺഗ്രസുകാരുടെ അരാജകത്വത്തെ അംഗീകരിക്കുകയും ആദർശവൽക്കരിക്കുകയും ചെയ്യുക വഴി കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങൾ ഇന്ത്യൻ ഭരണഘടനാക്രമത്തിന്റെ തകർച്ചയുടെ തുടക്കമായിരുന്നു എന്ന് പിന്നീട് വി ആർ കൃഷ്ണയ്യർ എഴുതിയിരുന്നു.

അന്നത്തെ പ്രതിപക്ഷത്തോട് ഇഎംഎസ് ഇങ്ങനെ പറഞ്ഞിരുന്നു. 'പ്രതിപക്ഷമായി നിന്നുകൊണ്ട് ഞങ്ങളുടെ ഗവൺമെൻറ്നെ വിമർശിക്കുക. അവതരിപ്പിക്കുന്ന നയങ്ങളിലും എടുക്കുന്ന നടപടികളിലും ഉള്ള പോരായ്മകൾ ചൂണ്ടിക്കാണിക്കുക. ഗവൺമെൻറ് കൂട്ടായോ ഏതെങ്കിലും മന്ത്രിയോ വ്യക്തിപരമായ ചെയ്യുന്ന അന്യായങ്ങളെയും അനീതികളെയും നെറികേടുകളെയും തുറന്നു കാണിക്കുക. ഇതെല്ലാം ചെയ്യുന്നത് പാർട്ടികളുടെയും സംഘടനകളുടെയും കടമയാണ്.അതിനെ ഞങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ സ്വാഗതം ചെയ്യും.'

പക്ഷേ അതല്ല ഉണ്ടായതെന്ന് ചരിത്രം. ജാതിമതസംഘടനകളെ സംഘടിപ്പിച്ച് കോൺഗ്രസ്, കേരളത്തെ എക്കാലത്തേക്കുമായി പിന്നിലേക്ക് കൊണ്ടുപോവുകയും അരാഷ്ട്രീയമാക്കുകയും ചെയ്തു. പക്ഷേ ഇന്നോ?

പ്രതിപക്ഷത്തുനിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തെങ്കിലും ശബ്ദം ഉണ്ടോ?

ഉണ്ടെങ്കിൽ തന്നെ അതിന് അനുമതി ഉണ്ടോ? സമുദായ രാഷ്ട്രീയം ആൾക്കൂട്ട കൂട്ടകൊലപാതകമായും ഏകാധികാരവുമായും മറ്റും ഇന്ത്യൻ ജനാധിപത്യത്തിൽ വിലസി കൊണ്ടിരിക്കുകയല്ലേ! ബാക്കിയായ കോൺഗ്രസിൽനിന്ന് എന്തെങ്കിലും ശബ്ദം ഇതിനെതിരായി ആരെങ്കിലും കേൾക്കുന്നുണ്ടോ!

വിമോചന സമരം കൊടുമ്പിരികൊള്ളുമ്പോൾ ഇക്കണോമിക്സ് വീക്കിലി 1959 ജൂൺ 27ന് ഒരു ആർട്ടിക്കിൾ എഴുതിയിരുന്നു. അതവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. കോൺഗ്രസിനുവേണ്ടി കോൺഗ്രസിനാൽ തെരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസ് ഭരണമാണ് ജനാധിപത്യം എന്ന് മാറ്റി എഴുതരുത് എന്ന്.

പക്ഷേ കോൺഗ്രസ് ഈ ദിവസം ചരിത്രത്തിൽ അങ്ങനെത്തന്നെ എഴുതി വെച്ചു. കോൺഗ്രസിൻറെ 'ജനാധിപത്യം'!

ഇന്നിപ്പോൾ ബിജെപിയും അങ്ങനെതന്നെ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. ബിജെപിക്ക് വേണ്ടി മാത്രമുള്ള ജനാധിപത്യം രാഷ്ട്രം മുഴുവൻ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

അതെ,

പ്രതിപക്ഷങ്ങളെല്ലാം പ്രതികളായിക്കൊണ്ടിരിക്കുന്ന ഇരുണ്ടകാലം!

ഒറ്റ തിരഞ്ഞെടുപ്പും ഒറ്റ രാഷ്ട്രീയവും ഒറ്റരാജ്യവും. വിമോചനസമരത്തിന് നേതൃത്വം കൊടുത്ത, ഇപ്പോഴും അതിനെ തള്ളിപ്പറയാത്ത ഫാസിസ്റ്റ് രാഷ്ട്രീയത്തിനെ ഒറ്റ വാക്കുകൊണ്ട് പോലും മുറിവേൽപ്പിക്കാത്ത ബാക്കിയായ ചില കോൺഗ്രസുകാർക്കൊപ്പം നമുക്കും കാത്തിരുന്ന് കാണാം.

*ഫേസ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories