TopTop
Begin typing your search above and press return to search.

അവളെ ഓർക്കാതെ ഈ ദിവസം കടക്കുവതെങ്ങനെ? സഡാക്കുവിനെക്കുറിച്ചെഴുതുമ്പോൾ നമ്മുടെ രാജ്യത്തും ഭീതിയുടെ പുകപടലങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്

അവളെ ഓർക്കാതെ ഈ ദിവസം കടക്കുവതെങ്ങനെ? സഡാക്കുവിനെക്കുറിച്ചെഴുതുമ്പോൾ നമ്മുടെ രാജ്യത്തും ഭീതിയുടെ പുകപടലങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്

എഴുപത്തിനാല് വർഷം മുൻപത്തെ ഈ ദിവസത്തെക്കുറിച്ചാണ്.അതായത് ഇന്നത്തെ പ്രഭാത സമയം എട്ടു മണി കഴിഞ്ഞ് പതിനഞ്ചു മിനുറ്റ്. അമേരിക്കയുടെ ഒരു 'ചെറിയ കുട്ടി' വന്ന് ലോക മനസാക്ഷിയെ ഞെട്ടിച്ച ദിവസം. അതെ;ചരിത്രത്തിലെ ആദ്യത്തെ അണുബോംബ് ഒരു രാജ്യത്തിനുമേൽ പതിച്ച ദിവസം. ജനറൽ പോൾ ടിബ്‌റ്റ്സ് പറപ്പിച്ച ബി 29 ഇനാലഗ എന്ന യുദ്ധവിമാനത്തിൽ നിന്നു പതിച്ച യുറേനിയം ബോംബ്‌ ഒരു ജനതയുടെ സ്വപ്നങ്ങൾക്കു മുകളിൽ. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ പർവതസമാനമായ തീജ്വാലകളുണ്ടാക്കിയ ആ 'ചെറിയകുട്ടി' ജപ്പാനിലെ ഹിരോഷിമനഗരത്തെ ചുട്ടുചാമ്പലാക്കിയ ദിവസം. ആ നിമിഷം എൺപതിനായിരത്തോളം പേരാണ് മരണത്തിലേക്കെടുത്തെറിയപ്പെട്ടത്. തൊട്ടടുത്ത ദിവസങ്ങളിലായി അതിലധികം പേർ നിസ്സഹായരായി മരണക്കയത്തിൽ പിന്നെയും പിടഞ്ഞുതീർന്നു.

ഒപ്പം ചരിത്രത്തിന്റെ/ദുരന്തത്തിന്റെ കണക്കു പുസ്തകങ്ങളിൽനിന്ന് എപ്പോഴും പുറത്തായിപ്പോകുന്ന കോടിക്കണക്കിന് ജീവജാലങ്ങളും! ബാക്കിയുള്ളവർ മരണത്തിനും ജീവിതത്തിനുമിടയിൽപ്പെട്ട് പിന്നെയും കുറച്ച് ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമായി ഭൂമിയിൽ ആണവവികിരണത്താൽ ഉരുകിയൊലിച്ചു. അവരിലൊരാളായിരുന്നു സഡാക്കോ സസാക്കി എന്ന കൊച്ചു പെൺകുട്ടി. അവളെ ഓർക്കാതെ ഈ ദിവസം കടക്കുവതെങ്ങനെ!

സഡാക്കോ സസാക്കി. പേര് കേൾക്കുമ്പോൾ കുഞ്ഞു നിലവിളിയാണ് മനസിൽ. ആ തീജ്വാലകൾ ആകാശം മൂടുമ്പോൾ ഹിരോഷിമയിലെ ഒരു പാലത്തിനരികിലെ ചെറിയ വീട്ടിൽ കിടന്നുറങ്ങുന്ന രണ്ടു വയസുമാത്രം പ്രായമുണ്ടായിരുന്ന കുട്ടി. അണുവികിരണങ്ങളേറ്റ് പിന്നീട് ക്യാൻസറിലേക്ക് വലിച്ചെറിയപ്പെട്ട കുട്ടി.

എന്നിട്ടും ആശുപത്രിക്കിടക്കയിൽ നിന്ന് ആ പെൺകുട്ടി സ്വപ്നം കണ്ടു. നോവിൽ കുതിർന്നു കലങ്ങിയപ്പോഴും മഴയോടും നിലാവിനോടും വെയിലിനോടും പ്രണയം തോന്നിയ കുട്ടി. വർഷങ്ങൾ പിന്നെയും പതിനൊന്നു കഴിഞ്ഞാണ് അർബുദം അവളെ മരണക്കിടക്കയിലേക്കെത്തിച്ചത്. പതിമൂന്നാം വയസിലെ ജീവിതത്തോടുള്ള ആ കൊതിയാണ് അവളെ കടലാസു കൊറ്റിയിലേക്കെത്തിച്ചത്. തന്റെ കൂട്ടുകാരാണ് ആ പഴയ ജാപ്പാനീസ് വിശ്വാസത്തെക്കുറിച്ച് അവളോട് പറഞ്ഞത്. മനസിലുള്ള ആഗ്രഹങ്ങൾ നിറവേറ്റാൻ ആയിരം കൊക്കുകളെയുണ്ടാക്കി പ്രാർത്ഥിച്ചാൽ മതിയെന്ന്. അങ്ങനെ മരണത്തെ തോൽപ്പിക്കാൻ ആ വിശ്വാസത്തിന്റെ പ്രേരണയിൽ സഡാക്കു വെളുത്ത കടലാസ് കൊക്കുകളെയുണ്ടാക്കിത്തുടങ്ങി. പക്ഷെ 644 കൊക്കുകളെ മാത്രമേ ആ മരണക്കിടക്കയിൽ നിന്ന് അവൾക്കുണ്ടാക്കുവാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും മരണം സഡാക്കുവിനെയും കൊണ്ടുപോയി. എന്നാൽ സഡാക്കുവിന്റെ പ്രിയപ്പെട്ട കൂട്ടുകാർ ആയിരം കൊക്കുകളെന്ന അവളുടെ ആഗ്രഹം പൂർത്തിയാക്കിക്കൊടുത്തു. ശേഷം ആ കൊക്കുകളെയെല്ലാം അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് ആ കടലാസ് കൊക്കുകൾ അവിടുന്ന് സമാധാനത്തിന്റെ ചിറകു പടർത്തി ലോകം മുഴുവൻ പ്രതീകാത്മകമായി പറന്നുയർന്നു.

ഈ ദിവസവും സഡാക്കുവിനെപ്പോലെയുള്ള ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ലോകത്ത് അതിജീവനത്തിന്റെ സ്വപ്നങ്ങളുമായിക്കഴിയുന്നുണ്ട്. അധികാരങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രങ്ങളുടെ കലഹങ്ങൾ ഒന്നുമറിയാത്ത പാവം കുഞ്ഞുങ്ങളുടെ വിധികൾ നിർണയിക്കുന്നു! സഡാക്കുവിനെക്കുറിച്ചള്ള ഈ കുറിപ്പെഴുതുമ്പോൾ നമ്മുടെ രാജ്യത്തും ഭീതിയുടെ പുകപടലങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. കാശ്മീരിന്റെ ആകാശത്ത് വെടിയുപ്പു നിറച്ച് റോന്തു ചുറ്റുന്ന വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ആളുകൾ പറഞ്ഞു കേൾക്കുന്നു. അവിടുത്തെ സ്കൂളുകളെല്ലാം പൂട്ടിയിട്ടിരിക്കയാണ്. ഒരു മിനുറ്റുപോലും വീടിനു പുറത്തിറങ്ങാൻ കഴിയാതെ പേടിച്ചിരിക്കുന്ന അവിടുത്തെ കുഞ്ഞുങ്ങളെ എനിക്കിപ്പോൾ കാണാൻ കഴിയുന്നുണ്ട്. നമ്മുടെ ഭൂപടത്തിൽ ആ കണ്ണീരുകൂടി കലർന്നു തുടങ്ങിയിരിക്കുന്നു. അവരുടെ കൂട്ടത്തിലുള്ള സഡാക്കുമാരെ ആകാശത്തു റോന്തുചുറ്റുന്ന വിമാനങ്ങളിൽ നിന്ന് ആരെങ്കിലും കാണുന്നുണ്ടാവുമോ?

സഡാക്കുവിനെക്കുറിച്ചോർക്കുമ്പോൾ, കാശ്മീരിനെക്കുറിച്ചോർക്കുമ്പോൾ, 1945 മാർച്ചിൽ തെക്കേ ജർമ്മനിയിലെ നാസി തടവറയിൽവെച്ച് മരണപ്പെട്ട ആൻഫ്രാങ്കെന്ന പഴയ പതിമൂന്നുകാരി പെൺകുട്ടിയുടെ ഡയറിക്കുറിപ്പും ഇപ്പോൾ എന്റെ ഓർമ്മയിലെത്തുന്നു. ഡയറിയിലൊരിടത്ത് അവൾ ഇങ്ങനെയെഴുതി.

'ഓരോ തവണ വ്യോമാക്രമണം നടക്കുമ്പോഴും സ്ത്രീകളെല്ലാം പേടിച്ചു വിറയ്ക്കുന്നു. കഴിഞ്ഞ ഞായറാഴ്ച മുന്നൂറ്റിയമ്പത് ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ ഓരോ ദശലക്ഷം കിലോ വീതം ഭാരമുള്ള ഭീമൻ ബോംബുകൾ ഇജ്മുതനിൽ വർഷിച്ചപ്പോൾ കാറ്റിലുലയുന്ന പുൽനാമ്പു പോലെയാണ് കെട്ടിടങ്ങൾ വിറച്ചത്. മാത്രമോ എത്രമാത്രം നാശനഷ്ടങ്ങളാണ് അതുണ്ടാക്കിയിരിക്കുക!

അതിനെക്കുറിച്ചെല്ലാം വിശദമായി എഴുതാനാണെങ്കിൽ ദിവസം മുഴുവനും ഞാൻ ഡയറിയെഴുതേണ്ടി വരും.'

സഡാക്കുവും ആൻഫ്രാങ്കും ഏതെങ്കിലും രാഷ്ട്രത്തിന്റെയോ വംശത്തിന്റെയോ പ്രതിനിധിയല്ല. സാർവലൗകീകമായ വിലാപമാണ്.

കാശ്മീരിൽ ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഒക്കെ താൽക്കാലിമായി നിർത്തിവെച്ചിരിക്കയാണ്.

അവിടെ നിന്ന് ഇപ്പോൾ ഒരു വാർത്തകളും പുറംലോകമറിയുന്നില്ല. കഴിഞ്ഞുപോയ ദിവസങ്ങളെക്കുറിച്ച്, സ്കൂളിലേക്ക് പോകാൻ കഴിയാത്ത, മുറ്റത്തേക്കിറങ്ങാൻ കഴിയാത്ത മറ്റൊരു ആൻഫ്രാങ്ക് ഡയറി എഴുതിത്തുടങ്ങിയിട്ടുണ്ടാകാം. അതുംകൂടി വായിക്കാൻ നമുക്ക് കാത്തിരിക്കാം.

*ഫേസ്ബുക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്


Next Story

Related Stories