TopTop
Begin typing your search above and press return to search.

ഇന്ത്യൻ മുസ്ലിമിന്റെ ആശങ്ക വിട്; പ്രശ്നം ഭരണഘടനയാണ്, അഥവാ മാനവികതയാണ് നിഷ്കളങ്കരേ...

ഇന്ത്യൻ മുസ്ലിമിന്റെ ആശങ്ക വിട്; പ്രശ്നം ഭരണഘടനയാണ്, അഥവാ മാനവികതയാണ് നിഷ്കളങ്കരേ...

ഇന്ത്യൻ പൗരരായ മുസ്ലിംകൾ ഒരിക്കലും ആശങ്കപ്പെടേണ്ടതില്ല എന്ന് പ്രധാനമന്ത്രി രാംലീലാ മൈതാനത്ത് ഉച്ചസ്ഥൈര്യം വിളിച്ചു പറഞ്ഞിട്ടും, സ്വദേശികളായ മുസ്ലിംകളെ രേഖകളുടെ പേരിൽ ഏറെ വ്യാകുലപ്പെടുത്തുന്ന, ദേശവ്യാപകമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന NRC യെ കുറിച്ച് ആഭ്യന്തര മന്ത്രിക്ക് പോലും യാതൊരു ധാരണയുമില്ലെന്ന് പാസ്പോർട്ട് പോലും പൗരത്വത്തിന് തെളിവല്ലെന്ന് കുറിപ്പിറക്കിയ അവസരത്തിലും ബോധ്യപ്പെട്ട സ്ഥിതിക്ക് ഇനിയെങ്കിലും തെരുവ് നിറക്കുന്നത് അവസാനിപ്പിച്ചു കൂടേ എന്ന് നൊമ്പരപ്പെടുന്ന നിഷ്ക്കളങ്കരോടാണ് പറയാനുള്ളത്.

ഇന്ത്യൻ മുസ്ലിംകളെ കുറിച്ചുള്ള ആശങ്കയിലല്ല ഈ സമരമുറകൾ കൊടുമ്പിരികൊള്ളുന്നത്. അല്ലെങ്കിലും, സ്വദേശികളായ മുസ്ലിംകൾ NRC എന്ന ഉമ്മാക്കിക്കു മുമ്പിൽ മുട്ടുമടക്കാൻ കാത്തിരിക്കുന്നവരല്ലല്ലോ. പിന്നെ ആശങ്കയിരിക്കുന്നത് ഭരണഘടനയെ കുറിച്ചാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യത്വപരമായ മൂല്യങ്ങൾ പച്ചക്ക് ലംഘിക്കപ്പെടുന്നതിനെ കുറിച്ചാണ്. വ്യക്തമാക്കിയാൽ നിങ്ങൾ വിവേചനപരമായി പെരുമാറുന്ന ഇന്ത്യയിൽ അഭയാർത്ഥികളായെത്തിയ മുസ്ലിംകളെ കുറിച്ചാണ് ആശങ്ക. നുഴഞ്ഞു കയറ്റക്കാർ എന്ന വിളിപ്പേര് സമ്മാനിക്കുന്ന അനധികൃതക്കാരായ മുസ്ലിംകളും അഭയം തേടിവന്ന മുസ്ലിമേതരെ പോലെയാണെന്ന് മനസ്സിലാക്കാതെ വിവേചനപരമായി ഇടപെടുന്ന മനുഷ്യത്വലംഘനത്തെ കുറിച്ച്. CAA യുടെയും NRC യുടെയും ഗൗരവം മനസ്സിലാക്കാതെ നിഷ്ക്കുഭാവം കൊള്ളുന്നവർക്ക് വേണ്ടി കാര്യങ്ങൾ ചുരുക്കിപ്പറയാം. 1986 ലാണ് ആദ്യ പൗരത്വ ഭേദഗതി നിയമം വരുന്നത്. അതു പ്രകാരം 1987 ജൂലൈ 1 നു മുമ്പ് 1950 ജനുവരി 26 നു ശേഷം ഇന്ത്യയിൽ ജനിച്ചവർക്കെല്ലാം പൗരത്വം ലഭിക്കുമെന്ന് പാർലമെന്റ് വ്യവസ്ഥ ചെയ്തു. എന്നാൽ ഈ ഭേദഗതിയിൽ നിന്ന് അസമിനെ പുറത്തു നിർത്തിയിരുന്നു. 1979 മുതൽ 1985 വരെ നടന്ന അസം വിദ്യാർത്ഥി സമര ഒത്തുതീർപ്പിന്റെ ഫലമായി 1985 ഓഗസ്റ്റ് 15 നു ഉടമ്പടി ചെയ്ത അസം അക്കോർഡ് പ്രകാരം ബംഗ്ലാദേശ് വിമോചന യുദ്ധത്തിനു ശേഷം കുടിയേറിയ എല്ലാ അനധികൃത കുടിയേറ്റക്കാരെയും അസമിൽ നിന്ന് പുറത്താക്കാമെന്ന് രാജീവ് സർക്കാർ അസം ജനതക്കു നൽകിയ വാഗ്ദാനത്തിനു മേലായിരുന്നു ഇത്. അതായത് 1987 ജൂലൈ 1 വരെ ഇന്ത്യയിൽ ജനിച്ചവർക്ക് 1986 ഭേദഗതി പ്രകാരം പൗരത്വം നൽകുമ്പോൾ തന്നെ അസമില്‍ 1971 മാർച്ച് 24നു ശേഷം കുടിയേറിയവർക്കോ അവർക്ക് ഇന്ത്യയിൽ ജനിക്കുന്ന മക്കൾക്കോ പൗരത്വം ലഭിക്കില്ല. 1971 മാർച്ച് 25 നായിരുന്നു ബംഗ്ലാദേശ് വിമോചന പ്രക്ഷോഭം തുടങ്ങുന്നത്. 1986 ലെ ഈ പൗരത്വ നിയമ ഭേദഗതിയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. 1987 ജൂലൈ 1നു മുമ്പ് ഇന്ത്യയിൽ ജനിച്ചവർക്ക് പൗരത്വം നൽകുമെന്ന് ഇതിൽ വ്യവസ്ഥ ചെയ്യുമ്പോൾ സ്വാഭാവികമായും അനധികൃത കുടിയേറ്റക്കാരുടെ ഇന്ത്യയിൽ ജനിക്കുന്ന മക്കൾക്ക് പൗരത്വം ലഭിക്കേണ്ടി വരുന്നു. പക്ഷേ അപ്പോഴും കുടിയേറ്റക്കാരായ രക്ഷിതാക്കളുടെ പൗരത്വത്തെ സംബന്ധിച്ച് ഈ നിയമം മൗനം പാലിക്കുന്നു. രണ്ട്, അസമിലെ കട്ട് ഓഫ് ഡേറ്റ് 1971 മാർച്ച് 24 ആണ്. ഈ തീയതിക്കു ശേഷം അസമിൽ പ്രവേശിക്കുന്ന കുടിയേറ്റക്കാരും അവരുടെ ഇന്ത്യയിൽ ജനിക്കുന്ന മക്കളും അസം അക്കോർഡ് പ്രകാരം പൗരത്വരഹിതരാണ്. അതേസമയം അസമിനു പുറത്ത് ഇവരുടെ മക്കൾ പൗരത്വത്തിന് അർഹരാവുന്നു. കാരണം അവർ 1987 ജൂലൈ 1 നു മുമ്പ് ഇന്ത്യയിൽ ജനിച്ചവരാണ്. അന്നൊന്നും പൗരത്വ പട്ടികയുടെ പ്രശ്നം ഉദിക്കാത്തതു കൊണ്ട് ഈ രണ്ട് പ്രശ്നങ്ങൾ ആരെയും ബാധിച്ചിരുന്നില്ല, ആരുടെയും ചർച്ചയിൽ വന്നിരുന്നില്ല. പൗരത്വ നിയമം അതിന്റെ സുപ്രധാനമായ 2003, 2004 ഭേദഗതികൾ കഴിഞ്ഞ് 2019 ലെ ഭേദഗതിയിലേക്ക് എത്തുമ്പോൾ പ്രശ്നം ഭരണഘടനയുടെ മൂല്യത്തെ തന്നെ ബാധിക്കുന്നതായി മാറുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ മതേതര സ്വഭാവം റദ്ദു ചെയ്യപ്പെടുകയാണ്. ഈ രാഷ്ട്രത്തിന്റെ ചരിത്രപരമായ സ്വാഭാവികതയായി ഹിന്ദുവിന്റെ പൗരത്വ അവകാശത്തെ കാണാൻ ശ്രമിക്കുകയും ഹിന്ദുവിന്റെ പിതൃഭൂമിയാണ് ഇന്ത്യയെന്ന സവർക്കറൻ യുക്തി ഒളിച്ചുകടത്തി ഹിന്ദുവിന്റെ സ്വാഭാവിക അവകാശമാക്കി ഇന്ത്യയെ മാറ്റിത്തീർക്കുകയുമാണ് ചെയ്യുന്നത്. ഈയൊരു ബോധ്യത്തിൽ നിന്നു കൊണ്ടാണ് കേന്ദ്രമന്ത്രിമാർക്ക് പോലും ചോദിക്കാൻ കഴിഞ്ഞത്; "മുസൽമാന് അഭയം തേടാൻ ലോകത്ത് യഥേഷ്ടം ഇസ്ലാമിക രാഷ്ട്രങ്ങളില്ലേ, ഹിന്ദുവിന് ഇന്ത്യ മാത്രമല്ലേയുള്ളൂ." അതിനാൽ, ഇന്ത്യൻ മുസ്ലിമിനെ ബാധിക്കാത്ത CAA ക്കെതിരെ തെരുവിലിറങ്ങുന്നവരെ ചൊല്ലി പരിതപിക്കുന്ന നിഷ്ക്കുകൾ ഈ രാജ്യത്തെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റിയ ഭരണഘടനയെപ്പറ്റി തീരെ ബോധവരല്ല എന്നു മാത്രമല്ല, ഹിന്ദുത്വ പൊതുബോധത്തിന് വിധേയരാണ് എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. 2019 CAA ഭരണഘടനയുടെ മൂല്യങ്ങൾ ലംഘിക്കുമ്പോൾ അത് എത്രത്തോളം മാനവിക വിരുദ്ധമാണെന്നു നോക്കാം. അവിടെയും ദേശവ്യാപക NRC മൂലം ഇന്ത്യൻ പൗരരായ മുസ്ലിംകൾക്കുണ്ടാകുന്ന ആശങ്ക കുട്ടിക്കലർത്തേണ്ടതില്ല. അത് വിട്. (ദേശവ്യാപക NRC എന്നതു തന്നെ പരിഹാസ്യമാണ്, പുറത്തെ മൂന്ന് രാഷ്ട്രങ്ങളിലെ അമുസ്ലിമിനെ രാജ്യത്തിന്റെ സ്വാഭാവിക പൗരനായി കാണാൻ ശ്രമിക്കുമ്പോൾ രാജ്യത്തു വസിക്കുന്ന അമുസ്ലിം പൗരനിൽ ഒരു രേഖാ പരിശോധന നടത്തുന്നതിന്റെ യുക്തിയെന്താണ്. അതുകൊണ്ട് NRC യെ മുസ്ലിമിന്റെ രേഖാ പരിശോധനാ യജ്ഞം മാത്രമായാണ് കാണാൻ കഴിയുക) 2019 CAA മനുഷ്യത്വം ലംഘിക്കുമ്പോൾ അതിന്റെ ഇരകൾ അഭയാർത്ഥികളായ മുസ്ലിംകളാണ്. 1986 ഭേദഗതിയുടെ നേരത്തേ സൂചിപ്പിച്ച രണ്ട് പ്രശ്നങ്ങളോടൊപ്പം (കുടിയേറ്റക്കാരായ രക്ഷിതാക്കളുടെ പൗരത്വമില്ലായ്മ, 1987 നു മുമ്പ് അസമിൽ ജനിച്ച കുടിയേറ്റക്കാരുടെ മക്കൾ അർഹതയുണ്ടായിട്ടും അസം അക്കോർഡ് മൂലം ഭരണഘടനയുടെ ആനുകൂല്യം നേടാതിരിക്കുന്ന അവസ്ഥ) മൂന്നാമതൊരു പ്രശ്നം കൂടി ഉദിക്കുകയാണ്. ആ പ്രശ്നത്തിനു കാരണം ഇന്ത്യയിലെ ഭരണ സംവിധാനത്തിന്റെ അനാസ്ഥയാണ്. അതായത് 1987 ജൂലൈ1 നു മുമ്പ് അസമിതര ഇന്ത്യയിൽ ജനിക്കുന്ന ആർക്കും പൗരത്വം നേടാം. പക്ഷേ പൗരത്വത്തിന്റെ മതിയായ രേഖയായി ഇത്രയും കാലം പ്രത്യേക മാനദണ്ഡം ഇന്ത്യയിൽ നിർണ്ണിതമല്ലാത്തതുകൊണ്ട് 30-40 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ അനധികൃതമായി കുടിയേറിയവർക്ക് ജനിക്കുന്ന മക്കൾ ഭരണഘടനാപരമായി ഇന്ത്യൻ പൗരത്വത്തിനു അർഹരായിട്ടും NRC ക്കു മുമ്പിൽ അത് തെളിയിക്കാനാവാതെ വരുന്നു. ഈ പ്രശ്നം ഇന്ത്യയിൽ മുപ്പതും നാൽപതും വർഷങ്ങൾ ജീവിച്ചവർ ഒരുപോലെ അനുഭവിക്കേണ്ട ദുരവസ്ഥയായിരിക്കെയാണ് CAA എന്ന ഭൂതത്തെ തുറന്നു വിടുന്നത്. അനധികൃതമായി കുടിയേറ്റം നടത്തിയവരിൽ നീ മുസൽമാനാണോ അതോ നോണ്‍ മുസൽമാനാണോ എന്ന ഒരു മതരാഷ്ട്രത്തിന്റെ വിദേശ നയത്തിനു സമാനമായ വർഗീകരണം. മുസൽമാനാണെങ്കിൽ പുറത്തു പോകണം അല്ലെങ്കിൽ തടങ്കൽ പാളയത്തിൽ കിടന്ന് നരകിക്കണം. അങ്ങനെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നു പറയാതെ പറയുകയാണ് ഈ ഭരണകൂടം. പക്ഷേ ചോദ്യങ്ങൾ അവസാനിക്കുന്നില്ല, തൽക്കാലത്തേക്ക് ഹിന്ദുവായി പേരോ മതമോ മാറ്റുന്ന മുസൽമാൻ ശരീരത്തിനും പൗരത്വം ലഭിക്കുമോ പ്രിയ ആഭ്യന്തര മന്ത്രി? ഇനി പറയൂ നിഷ്കളങ്കരേ, ഭരണഘടനാ ലംഘനം ഉദ്ഘോഷിക്കുന്ന CAA യും മനുഷ്യത്വ വിരുദ്ധ CAA+NRC യും നമുക്ക് ആവശ്യമുണ്ടോ? (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories