ജോസ് വിഭാഗം കേരള കോണ്‍ഗ്രസ് ഇനി എങ്ങോട്ടു പോകും എന്നതാണ് രാഷ്ട്രീയ കേരളത്തിന്റെ ഇപ്പോഴത്തെ ഉത്ക്കണ്ഠ. ഒറ്റയ്ക്കു നില്‍ക്കുമെന്ന് ജോസ്. അതു പക്ഷെ ആരും വിശ്വസിക്കുന്നില്ല. ഇത്ര സുന്ദരിയായ ഒരു കക്ഷി ഒറ്റയ്ക്കാവുമെന്ന് കരുതാനാവില്ല.
വട്ടമിടുന്നുണ്ട് വിജയരാഘവന്. വട്ടമിടുന്നുണ്ട് കെ സുരേന്ദ്രനും. കിട്ടിയാല്‍ മോശമാവില്ല. വസ്തുവകകളും ധാരാളമാണ്. മാണിസാറിന്റെ എണ്ണല്‍യന്ത്രം വിശ്രമിച്ച നേരമില്ല. കൊതിപ്പിച്ചു നേടാനുള്ള കഴിവും അപാരമാണ്.
പണ്ടൊക്കെ, വരാന്‍ കോപ്പുകൂട്ടുന്ന കേകോ ഘടകങ്ങളോടു നിബന്ധന വെച്ചിരുന്നു സി പി എം. പള്ളിയെത്തള്ളാം എന്നു മുട്ടുകാലില്‍ ഇരുന്നാണ് ജോസഫ് പ്രീതിപ്പെടുത്തിയത്. ലീഗിനും കേരളകോണ്‍ഗ്രസ്സിനും രണ്ടു നീതിയോയെന്നു കലഹിച്ചവരുണ്ടായിരുന്നു അന്നു സി പി എമ്മില്‍. ഇന്നു നിബന്ധനകളില്ല. വന്നാല്‍ മതി. അപ്പുറത്താവുമ്പോള്‍ വര്‍ഗീയം. അഴിമതിക്കൂട്ടം. കടവു കടന്നെത്തിയാല്‍ മതേതരര്‍! പരിശുദ്ധര്‍!
ബി ജെ പി മുന്നണിക്കും ജോസിനെ വേണം. ലീഗുമായും മുന്നണിയുണ്ടാക്കിയിട്ടുണ്ട് നാഗ്പൂരില്‍. കാശ്മീരിലും അതാണനുഭവം. മധ്യതിരുവിതാംകൂറിന്റെ ജാതകം മാറുമെന്ന് തീര്‍ച്ച. തുഷാറിനെ കൊതിപ്പിച്ച സകല പദവികളും സഹമന്ത്രി സ്ഥാനവും കാത്തിരിക്കുന്നു! അഴിമതിക്കറയും വര്‍ഗീയ ഛായയും ഒറ്റയടിക്കു മായും. ദേശീയരാവും.
ഒറ്റയ്ക്കു നില്ക്കുന്ന പൂമരമേ എന്ന പാട്ടുയരുന്നു. കെട്ടട്ടെ ചില്ലയിലെന്റെ കൊടി, തൊടട്ടെ സിന്ദൂരം? എന്നെത്രപേരാണു ജോസേ, സുന്ദരീമണീ. ആര്‍ക്കാണസൂയ വരായ്ക?
പരമയോഗ്യരെയും പരമ നാറിയെയും നിശ്ചയിക്കുന്ന രാഷ്ട്രീയത്തമ്പുരാക്കളല്ലേ കൈനീട്ടുന്നത്! അഴിമതിക്കു ശിക്ഷയേറ്റവരെ മന്ത്രിപദവിയിലേക്ക് ഉയര്‍ത്തിയ കാരുണ്യമാണ് വിളിക്കുന്നത്. പിതാവിനു സ്മരണാലയം തീര്‍ക്കാന്‍ അഞ്ചു കോടി നീട്ടിയ കരുതല്‍. നേരം കളയല്ലേ ജോസേ.
തത്വാധിഷ്ഠിതമാണ് സകലതും. പോകുന്ന വഴി തന്നെ തത്വം. അദ്ധ്വാന സിദ്ധാന്തത്തിന്റെ ചുവപ്പു രാശിയില്‍ ഒരു സന്ധിപ്പാവാം. മാണി മാര്‍ക്സ് സംവാദത്തെപ്പറ്റി കാനമെന്തറിഞ്ഞു? ഇടതുപക്ഷത്തേയ്ക്കു ചെന്ന പാര്‍ട്ടികളൊക്കെ കണ്ടുകണ്ടിരിക്കെ ഇല്ലാതാവുമെന്ന് കേള്‍വി. പ്രേമചന്ദ്രന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ജനാധിപത്യത്തിന്റെ ഉന്നത പരീക്ഷണമാണ്. യുഡിഎഫും കോണ്‍ഗ്രസ്സും മാണിസാറിന്റെ മോനേ എന്നേ വിളിച്ചിട്ടുള്ളു. വലിയ കസേരയില്‍ നോട്ടമിട്ടപ്പോള്‍ മാത്രം അല്‍പ്പം കഠിനകൃത്യം ഉമ്മന്‍ചാണ്ടിക്കു ചെയ്യേണ്ടിവന്നു. ആരായാലും അതു ചെയ്യാതിരിക്കുമോ? അല്ലാതെ അഴിമതിക്കേസില്‍ കുടുക്കാന്‍ വി എസ്സാണോ ഉമ്മന്‍ചാണ്ടി?
വിഎസ്സല്ല പിണറായിയും. ഇടതുനോട്ടത്തിന്റെ നാട്യങ്ങളില്‍ വീഴ്ത്തിയില്ലേ പിണറായിയെ! അലിയിച്ചുകളഞ്ഞില്ലേ പഴയ അഴിമതികള്‍! കൊതിപ്പിച്ചു നേടുന്നു സുന്ദരി. ഇനിയിപ്പോള്‍ എന്തൊക്കെയെന്ന് വിടാതെയുണ്ട് പിന്നില്‍ മാദ്ധ്യമങ്ങള്‍. കൊതിപ്പിച്ചാല്‍ പോരാ കൊടുക്കയും വേണം ജോസേ!