TopTop
Begin typing your search above and press return to search.

"ചിലപ്പോൾ വായിക്കുന്നോർക്ക് മടുക്കും, കേൾക്കുന്നോർക്ക് മടുക്കും. പക്ഷെ അനുഭവിച്ചവര്‍ക്ക് മടുക്കില്ല", കാസര്‍ഗോഡ് നിന്ന് ഒരു അമ്മയുടെ കുറിപ്പ്

ചിലപ്പോൾ വായിക്കുന്നോർക്ക് മടുക്കും, കേൾക്കുന്നോർക്ക് മടുക്കും. പക്ഷെ അനുഭവിച്ചവര്‍ക്ക് മടുക്കില്ല, കാസര്‍ഗോഡ് നിന്ന് ഒരു അമ്മയുടെ കുറിപ്പ്

കാസറഗോഡ് ജില്ലയില്‍ എന്നെങ്കിലുമൊരു കാലത്ത് മികച്ച ചികിത്സ സൗകര്യങ്ങള്‍ വരുമായിരിക്കും അല്ലെ. ചത്തിട്ടു വെള്ളം കൊടുക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. ചാവും മുന്‍പേ കൊടുക്കണം. അതിനു നമുക്ക് സാധിക്കണം. അതുവരെയും, ജീവിച്ചിരിക്കുന്ന കാലത്തോളം സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനുഭവത്തിലൂടെ അറിയാവുന്നതുകൊണ്ട് എഴുതാന്‍ തന്നെയാണ് തീരുമാനം. അതൊക്കെ യാഥാര്‍ഥ്യമാകും മുന്‍പേ മരിച്ചുപോയാലും അതിനു വേണ്ടി ശബ്ദിക്കാന്‍ പറ്റിയെന്നൊരു ആത്മസന്തോഷം ഉണ്ടാവും. 1984 ഇല്‍ ജില്ല നിലവില്‍ വന്നിട്ട് (2020) ഇതുവരെയും ചികിത്സസൗകര്യങ്ങളുടെ കാര്യത്തില്‍ ഒട്ടും മുന്നോട്ട് പോയിട്ടില്ല. കാസറഗോഡ് ഉള്ള ഭൂരിഭാഗം ജനങ്ങളും ഇതിനെപ്പറ്റി ഒട്ടും ബോധവാന്‍മാര്‍ അല്ലായെന്നു എനിക്ക് തോന്നിയിട്ടുണ്ട്. ഇതിനുവേണ്ടി പ്രതികരിക്കണം, കൂടെനില്‍ക്കണമെന്ന് അപേക്ഷിക്കുന്നു.

ഒരു ബ്ലഡ് ടെസ്റ്റ്‌നു വേണ്ടി മൂന്നുമാസം ആയി കണ്ണൂരും മണിപ്പാലും ഉള്ള ഡോക്ടര്‍മാരുമായി ഫോണില്‍ സംസാരിച്ചു തുടങ്ങിയിട്ട്. കൊറോണ കാരണം മംഗലാപുരം പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അങ്ങനെയാണ് കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ ഉള്ള ഡോക്ടര്‍ക്ക് റിപ്പോര്‍ട്ടുകള്‍ അയച്ചു കൊടുക്കുന്നത്. അവര്‍ പറഞ്ഞു 'ടെസ്റ്റ് എന്തായാലും ചെയ്യണം പക്ഷെ മംഗലാപുരം നിങ്ങള്‍ക്ക് ഫ്രീ ചികിത്സ ഉള്ളത് കൊണ്ട് അവിടെ പോയ് ചെയ്യുന്നതായിരിക്കും നിങ്ങള്‍ക്ക് സൗകര്യം. ഇവിടെ ഏകദേശം 4000 രൂപയോളം ആവും. അതുകൊണ്ട് അവിടെ ചെയ്തു റിപ്പോര്‍ട്ട് കണ്ടുകഴിഞ്ഞു ഇവിടെ വരുന്ന കാര്യം ആലോചിക്കാമെന്ന്. അതുകഴിഞ്ഞു മംഗലാപുരം ഉള്ള ഡോക്ടറെ കാണാനുള്ള ശ്രമത്തിലായിരുന്നു. അദ്ദേഹമാണെങ്കില്‍ ആഴ്ചയില്‍ ഒരുദിവസം മണിപ്പാലില്‍ നിന്നും മംഗലാപുരം വന്നോണ്ടിരുന്നതായിരുന്നു. കൊറോണ കാലം വന്നേപ്പിന്നെ അവര്‍ മംഗലാപുരം വരുന്നതും നിര്‍ത്തിയിരിക്കുകയാണ്.

കുറെ ദിവസത്തെ ശ്രമത്തിനു ശേഷം അദ്ദേഹവുമായി വീഡിയോ കാള്‍ ചെയ്യാന്‍ അപ്പോയ്മെന്റ് കിട്ടി. അദ്ദേഹം ആദ്യം പറഞ്ഞത് മണിപ്പാല്‍ വരെ പോകാനാണ്. അത് എന്തായാലും ഈയൊരു സാഹചര്യത്തില്‍ ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല. 'മംഗലാപുരത് വച്ചു ടെസ്റ്റ് നടത്തിത്തരാന്‍ വല്ല വഴിയും ഉണ്ടോ? '.അവിടെ വരെ എങ്ങനേലും പോകാമെന്നു കരുതി. ഞങ്ങളുടെ നിസ്സഹായത കണ്ട് ആ നല്ല മനുഷ്യന്‍ മംഗലാപുരം ഹോസ്പിറ്റല്‍ സ്റ്റാഫ് വഴി ടെസ്റ്റ് കാര്യങ്ങള്‍ എല്ലാം അയച്ചുതന്നു.

'അവിടെ പൊയ്‌ക്കോളൂ ടെസ്റ്റിന് വേണ്ടതെല്ലാം ഞാന്‍ അയച്ചിട്ടുണ്ട്'. അങ്ങനെയാണ് ഇന്ന് പോകുന്നത്. ഒരു രോഗിയുടെ കൂടെ ഒരാളെയെ ഹോസ്പിറ്റലിനുള്ളില്‍ കടത്തിവിടുന്നുള്ളൂ. അതെ ഹോസ്പിറ്റലില്‍ ചെക്കപ്പിന് പോകുന്ന ഒരു ഫാമിലിയുടെ കൂടെയാണ് പോയത്. അതാവുമ്പോ വണ്ടിക്കാശ് ഷെയര്‍ ചെയ്യാം.

രണ്ടുദിവസം ആയിട്ട് നല്ല മഴയാണല്ലോ. വൈകി ഉറങ്ങുന്ന കുഞ്ഞു രാവിലെ എണീക്കില്ല. അതുകൊണ്ട് രാത്രി തന്നെ പതിനൊന്നു മണിക്ക് പല്ലുതേപ്പിച്ചു, കുളിപ്പിച്ച്, നല്ല ഡ്രസ്സ് ഇട്ട്, ബ്ലാങ്കറ്റില്‍ പുതപ്പിച്ചു കിടത്തും. രാവിലെ ഉള്ള ആ ഉറക്കത്തോടെ കൂടെക്കൂട്ടും. അത് വര്‍ഷങ്ങളായിട്ട് അങ്ങനെ തന്നെയാണ്.

അവിടെ എത്തുമ്പോഴേക്കും എണീക്കുകയും ഫുഡ് കഴിപ്പും കഴിയും. അതൊന്നും വിഷയമല്ല ശീലമായി. രാവിലെ ആറുമണിക്ക് ഇറങ്ങിയതാണ്. രാവിലെ 5 മണിക്ക് എണീക്കുമ്പോ കറണ്ടും ഇല്ലായിരുന്നു. മനസ്സ് മടുത്തു ഞാന്‍ പിന്നേം വന്നു കിടന്നു. 'വേണ്ട ഇന്ന് പോകണ്ടാ....പിന്നേം ഇവനെ കാണുമ്പോ എനിക്ക് കിടക്കാനും പറ്റുന്നില്ല. അങ്ങനെ പിന്നേം പോകാന്‍ തീരുമാനിച്ചു.

ഇന്നവിടെ എത്തി ലാബില്‍ പോയ് മണിപ്പാല്‍ ഡോക്ടര്‍ അയച്ച ടെസ്റ്റ്‌നുള്ള മെസേജ് കാണിച്ചപ്പോഴാണ് ആകെ പെട്ടു എന്ന് തോന്നിയത്. 'ഇതില്‍ ടെസ്റ്റ് ചെയ്യുന്നതായാ കാര്യമൊന്നും പറയുന്നില്ലല്ലോ'. മെസേജ് കണ്ട അവിടെ ഇരുന്നവരില്‍ ഒരാള് പറഞ്ഞു. സത്യം പറഞ്ഞാല്‍ തലയില്‍ കൈവച്ചു പോയ്. മണിപ്പാല്‍ ഉള്ള ഡോക്ടര്‍ കന്നഡ കലര്‍ന്ന മലയാളമാണ് സംസാരിക്കുക. ഇനി എനിക്കെങ്ങാനും കേട്ടത് മാറിപോയതാണോ, അതോ ലാബില്‍ ഉള്ളവര്‍ക്ക് തെറ്റിയതോ എന്തെന്നറിയാതെ ടെന്‍ഷന്‍ ആയി.

'ഒന്നുടെ നോക്കൂ. എന്നോട് ഡോക്ടര്‍ ഉറപ്പ് പറഞ്ഞതാ ഇവിടെ ചെയ്യാന്‍ എല്ലാം ഇതില്‍ പറഞ്ഞിട്ടുണ്ടെന്ന് '. ഞാന്‍ പിന്നേം പറഞ്ഞു. 'നിങ്ങള്‍ ഫസ്റ്റ് ഫ്‌ലോറില്‍ കുട്ടികളുടെ ഡോക്ടര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കാണിച്ചിട്ട് ഇത് എഴുതി തരാന്‍ പറയൂ'. കന്നഡയും മലയാളവും കലര്‍ന്ന സംസാരമാണ്. മനസിലാക്കാന്‍ പ്രയാസം.

മേലത്തെ നിലയില്‍ എത്തിയപ്പോ അവിടെ ഒരു ഡോക്ടര്‍ പോലുമില്ല. മോനെ 6 വര്‍ഷായിട്ട് അവിടെ തന്നെയാണ് ചികില്‍സിക്കുന്നുള്ളത്. ആ ഡോക്ടറെയും ബന്ധപ്പെടാന്‍ പറ്റിയില്ല.

നേഴ്സ് പറഞ്ഞു. 'ഇവിടെ ഇന്ന് ഡോക്ടര്‍സ് ആരും വരില്ല. സംസാരിക്കാന്‍ ആണെങ്കില്‍ വാര്‍ഡില്‍ ജൂനിയര്‍ ഡോക്ടര്‍ ആരെങ്കിലും കാണും പോയ് നോക്കൂ'.കോവിഡ് ആണ് കാരണം. അപ്പോഴാണ് എനിക്ക് മിംസ് ഹോസ്പിറ്റലിലെ ഡോക്ടറെ ഓര്‍മ്മ വന്നത്. അവരെ അപ്പൊ തന്നെ വിളിച്ചു. 'മണിപ്പാല്‍ ഡോക്ടര്‍ തന്നത് എനിക്ക് അയച്ചേക്കൂ ഞാന്‍ നോക്കിയിട്ട് പറയാം ടെന്‍ഷന്‍ ആവണ്ട'. ഡോക്ടര്‍ ആശ്വസിപ്പിച്ചു. അപ്പോള്‍ തന്നെ അയച്ചു കൊടുത്തു.

'ഇതില്‍ എല്ലാം കറക്ട് ആണല്ലോ. എന്നും പറഞ്ഞു ഡോക്ടര്‍ എനിക്കത് വ്യക്തമാക്കി തിരിച്ചയച്ചു തന്നു.

ഫോണ്‍ അവിടെ ലാബില്‍ ഉള്ളവരുടെ കൈയില്‍ കൊടുക്കൂ ഞാന്‍ സംസാരിക്കാം .

അവര്‍ തമ്മില്‍ രണ്ടുമിനുട്ട് സംസാരം. അവരവിടെയുള്ള ഒരു ഡോക്ടറെ വിളിക്കുന്നു, ഒരു ഫോം സൈന്‍ ചെയ്തു തരുന്നു. ബ്ലഡ് എടുക്കുന്നു! പത്തുദിവസം കഴിഞ്ഞേ റിപ്പോര്‍ട്ട് കിട്ടൂ. വിളിക്കാം. അത്രേ ഉണ്ടായിരുന്നുള്ളൂ. ടെസ്റ്റ് ചെയ്യാന്‍ എന്തിനാണ് മനസിലാവാത്തപോലെ എന്നോട് പറഞ്ഞതെന്ന് എനിക്ക് മനസിലായിട്ടില്ല. ചിലപ്പോള്‍ ഒരു വട്‌സപ് മെസേജ് അവര്‍ക്ക് വിശ്വാസയോഗ്യമല്ലാത്തതായിരിക്കും കാരണം. എന്തോ..... അറിയില്ലെനിക്ക്. നന്നായി ബുദ്ധിമുട്ടിയെങ്കിലും കാര്യം നടന്നു.

ആദ്യമായി പോകുന്ന ആളുകളോ, ഡോക്ടര്‍മാരുമായി ഇങ്ങനെ കോണ്‍ടാക്ട് ചെയ്യാന്‍ പറ്റാത്ത ഒരാളായിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ടുകളൊക്കെ സഹിച് തിരിച്ചു വരേണ്ടിമാരുമായിരുന്നില്ലേ?. അങ്ങനെ എത്ര പേര് നമ്മളറിയാതെ തിരിച്ചു പോന്നിരിക്കും, ഇനിയെത്ര പേരിങ്ങനെ ബുദ്ധിമുട്ടാനുണ്ടാവും ....... അറിയില്ല.

ഇവിടുന്നു ഏകദേശവും കണ്ണൂരേക്ക് 100 കിലോമീറ്ററും, മംഗലാപുരത്തേക്ക് 60 കിലോ മീറ്റര്‍ ദൂരവുമുണ്ട്. കാസര്‌ഗോഡേക്ക് 13 ഉം. ജില്ലയില്‍ സൗകര്യമില്ലാത്തതു കൊണ്ട് ഈ ദൂരമൊക്കെയും പോകണം ഇവിടുള്ള ജനങ്ങള്‍. ഒരു ജില്ല ആശുപത്രി ഉണ്ടായിരുന്നു കാഞ്ഞങ്ങാട്. ഇപ്പൊ അതും കോവിഡ് ആശുപത്രിയായി മാറ്റിയിരിക്കുകയാണ്. ചിലപ്പോള്‍ വായിക്കുന്നോര്‍ക്ക് മടുക്കും, കേള്‍ക്കുന്നോര്‍ക്ക് മടുക്കും. പക്ഷെ അനുഭവിക്കുന്നവനും, അനുഭവിച്ചവനും മടുക്കില്ല.

അനുഭവിക്കാന്‍ പോകുന്നവന് മടുക്കാതിരിക്കട്ടെ.


Next Story

Related Stories