കൊറോണ രോഗലക്ഷണങ്ങളുള്ളവരെ ക്വാറന്റീന് ചെയ്യാന്‍ സിപിഎം നിര്‍മിച്ച വീടുകള്‍ ഉപയോഗിക്കണമെന്ന് വി.ടി ബല്‍റാം എംഎല്‍എയുടെ പരിഹാസം. 'ക്വാരന്റൈന് ചെയ്യാന്‍ ഇനിയെന്തിനാ വേറെ സ്ഥലം? സിപിഎം ഉണ്ടാക്കിയ 2000 വീടുണ്ടല്ലോ! ഓരോ ലോക്കലിലും സിപിഎം നിര്‍മിച്ചു കൊടുത്ത വീടുകളുടെ ഫോട്ടോ ഇടാനുള്ള നൂല്' എന്നായിരുന്നു തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ബല്‍റാമിന്റെ ഈ പരിഹാസ പോസ്റ്റിന് തനിക്കുള്ള ഒരനുഭവം പങ്കുവച്ചുകൊണ്ട് മറുപടി നല്‍കുകയാണ് മാധ്യമപ്രവര്‍ത്തകനായ ഷിജു ആച്ചാണ്ടി. "രാഷ്ട്രീയപാര്‍ടികള്‍ രാഷ്ട്രീയം പറയണം, ഉച്ചത്തില്‍ തന്നെ പറയണം. പ്രതിപക്ഷം നിശിതമായ ഭരണകൂട വിമര്‍ശനം നടത്തിക്കൊണ്ടിരിക്കണം. അതിലൊന്നും യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പക്ഷേ, അനാവശ്യം പറയരുത്, ലെവലു വിടരുത്" എന്നോര്‍മിപ്പിച്ചുകൊണ്ടുള്ള ഷിജു ആച്ചാണ്ടിയുടെ കുറിപ്പ് താഴെ വായിക്കാം.
"പത്താം ക്ലാസു വരെ ഞങ്ങളുടെ സഹപാഠിയായിരുന്ന ഒരു സുഹൃത്തുണ്ട്. സ്കൂള്‍ പഠനത്തിനു ശേഷം അവന് അച്ഛന്റെയും ചേട്ടന്മാരുടേയും കൂടെ മരപ്പണിക്കാരനായി. നല്ല പണിക്കാരനെന്നു പേരെടുക്കുകയും ചെയ്തിരുന്നു. ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം തമ്മില്‍ കാണുന്നത് ഞങ്ങള്‍ ഒരുമിച്ചു പഠിച്ച സ്കൂളിലെ ഒരു വാര്‍ഷികത്തിനാണ്. അപ്പോഴേയ്ക്കും അവന്റെയും എന്റെയും മക്കള്‍ അവിടെ വിദ്യാര്‍ത്ഥികളായിരുന്നു. തുടര്‍ന്ന് വാര്‍ഷികങ്ങള്‍ക്കെല്ലാം കാണും, സ്കൂളോര്‍മ്മകള്‍ പങ്കു വയ്ക്കും, പിരിയും എന്നല്ലാതെ പരസ്പരം വീടുകളില്‍ പോകലോ ഒന്നുമില്ല. പത്താം ക്ലാസിലെ പഠനാവധിയ്ക്ക് ഒരു ദിവസം ഞങ്ങള്‍ കുറച്ചു പേര് സൈക്കിളില്‍ സഹപാഠികളുടെ വീടുകളിലേയ്ക്കു പോയ കൂട്ടത്തില്‍ നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള അവന്റെ വീട്ടിലും പോയത് ഞാന്‍ മറന്നിരുന്നുമില്ല.രണ്ടു വര്‍ഷം മുമ്പ് അവന് മരണപ്പെട്ടു. ഒരു വീടിന്റെ രണ്ടാം നിലയില്‍ ജനല്‍ പിടിപ്പിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഞങ്ങള്‍ക്കെല്ലാം വലിയ ഷോക്കായിരുന്നു അത്. മൃതസംസ്കാരചടങ്ങുകള്‍ക്കായി വീട്ടിലെത്തിയപ്പോള്‍ കണ്ട അവന്റെ വീട് അധികദുഃഖമായി. ഏതു നിമിഷവും നിലം പൊത്താവുന്ന ഒരു കുഞ്ഞുകൂര. പലരും അതു ശ്രദ്ധിക്കുന്നത് അപ്പോഴാണ്.അനേകരുടെ സ്വപ്നഭവനങ്ങളെ തന്റെ നൈപുണ്യം കൊണ്ടു ശില്പഗോപുരങ്ങളാക്കിയ ഒരാള്‍ക്ക് തന്റെ കുടുംബത്തിനായി ഉറപ്പുള്ളൊരു കൂര നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല. മിക്കപ്പോഴും അതങ്ങിനെയാണല്ലോ സംഭവിക്കുക. അവിടെ ഒരു വീട് അവന്റെ സ്വപ്നമായിരുന്നത്രെ. മക്കളുടെ വിദ്യാഭ്യാസത്തിനു നല്‍കിയിരുന്ന മുന്‍ഗണനയും നിത്യച്ചിലവും താണ്ടിയിട്ടു വേണമായിരുന്നു ആ ഒറ്റയാള്‍ ദിവസവേതനക്കാരനു തന്റെ സ്വപ്നത്തിന്റെ പുറകെ പോകാന്‍.ഏതായാലും മരണത്തോടെ തികച്ചും നിരാലംബമായിപ്പോയ ആ കുടുംബത്തെ അടുത്ത മഴയെ അതിജീവിക്കുമെന്നുറപ്പില്ലാത്ത ആ കൂരയിലാക്കുവാന്‍ നിവൃത്തിയില്ലായിരുന്നു. അവിടെ തുണയായി എത്തിയത് സി പി എം ആണ്. അവരുടെ പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ഓരോ ലോക്കല്‍ കമ്മിറ്റിയും ഓരോ വീടു നിര്‍മ്മിച്ചു നല്കുന്ന പദ്ധതിയില്‍ ഈ കുടുംബത്തെ ഉള്‍പ്പെടുത്തി. എന്നുമാത്രമല്ല, മാസങ്ങള്‍ക്കുള്ളില്‍ അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി അവര്‍ക്കു നല്‍കുകയും ചെയ്തു. കറുകുറ്റി ലോക്കല്‍ കമ്മിറ്റിയുടെ പരിധിയിലാണിത്.നേരിട്ടറിയാവുന്ന ഒരു സംഗതി. ഇതിപ്പോള്‍ പറയേണ്ടതാണെന്നു തോന്നി.രാഷ്ട്രീയപാര്‍ട്ടികള്‍ രാഷ്ട്രീയം പറയണം, ഉച്ചത്തില്‍ തന്നെ പറയണം. പ്രതിപക്ഷം നിശിതമായ ഭരണകൂട വിമര്‍ശനം നടത്തിക്കൊണ്ടിരിക്കണം. അതിലൊന്നും യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പക്ഷേ, അനാവശ്യം പറയരുത്, ലെവലു വിടരുത്.ഈ കൊച്ചു വീട്ടില്‍ സുഹൃത്തിന്റെ ഭാര്യയും ബി ടെക് വിദ്യാര്‍ത്ഥിനിയായ മകളും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ മകനുമുണ്ട്. അവിടെ ആരെയും ക്വാറന്റൈന് ചെയ്യാന്‍ സൗകര്യമില്ല എന്നും അറിയിക്കട്ടെ.