TopTop
Begin typing your search above and press return to search.

കിട്ടിയതിൽ സന്തോഷിക്കുകയല്ലാതെ ഇതുവച്ച് അത്ര വലിയ സ്വപ്നങ്ങളൊന്നും കാണാതിരിക്കുന്നതാവും നല്ലത്

കിട്ടിയതിൽ സന്തോഷിക്കുകയല്ലാതെ ഇതുവച്ച് അത്ര വലിയ സ്വപ്നങ്ങളൊന്നും കാണാതിരിക്കുന്നതാവും നല്ലത്

ബി ജെ പിയെ തൂത്തെറിഞ്ഞുകൊണ്ടുള്ള ഈ ആം ആദ്മി വിജയം ശരിക്കും അവേശകരം തന്നെ. പ്രത്യേകിച്ച് അത് മൃഗീയ ഭൂരിപക്ഷത്തോട നാട് ഭരിക്കുന്ന ബി ജെ പിയുടെ മൂക്കിൻ തുമ്പിൽ കിടന്നുകൊണ്ട് പൊരുതി നേടിയ ഒന്നാവുമ്പോൾ. തങ്ങളുടെ അധികാരവും സമ്പത്തും പേശീബലവും ജനാധിപത്യം തൊട്ട് തീണ്ടിയിട്ടില്ലാത്ത രാഷ്ട്രീയ പ്രവർത്തന ശൈലിയും ഉപയോഗിച്ച് ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചിട്ടും ഈ ചെറു സംസ്ഥാനത്തിന്റെ ഭരണകൂടം വഴങ്ങിയില്ല. അത് തങ്ങളുടെ ശൈലിയിൽ ഉറച്ചുനിന്ന് ഭരിക്കുകയും അത് ജനപക്ഷമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു.എഴുപത് സീറ്റിൽ അറുപത്തിരണ്ടും നേടി അധികാരം നിലനിർത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കേജരിവാൾ നടത്തിയ പ്രസംഗത്തിലുണ്ട് അവരുടെ ആ വിജയരഹസ്യം. സ്കൂളുണ്ടാക്കുന്നവർക്ക്, കരണ്ടും വെള്ളവും എത്തിക്കുന്നവർക്ക്, വഴിവെട്ടുന്നവർക്ക്, വൈദ്യസഹായം ഉറപ്പുവരുത്തുന്നവർക്ക് വോട്ട്. കേന്ദ്രം തങ്ങളുടെ കീഴിലുള്ള വ്യത്യസ്ഥ സ്ഥാപനങ്ങളെ ഉപയോഗിച്ച് നടത്തിയ തുരങ്കംവയ്ക്കൽ ശ്രമങ്ങളെ അതിജീവിച്ചാണ് ആം ആദ്മി സർക്കാർ വിദ്യാഭ്യാസ മേഖലയിലും വൈദ്യുതി, ജലവിതരണ മേഖലയിലും, പൊതുജനാരോഗ്യ മേഖലയിലും വിജയം കൈവരിച്ചത്. ഡല്‍ഹിവാസികൾക്കും ആം ആദ്മി പാർട്ടിക്കും അരവിന്ദ് കേജരിവാളിനും അഭിനന്ദനങ്ങൾ. വൻ ഭൂരിപക്ഷത്തോടെ മോദി അധികാര തുടർച്ച സാദ്ധ്യമാക്കിയതിനുശേഷം ബി ജെ പിക്ക് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ നേരിട്ട ആദ്യത്തെ പരാജയമൊന്നുമല്ല ഇത്. എന്നാൽ ഈ അളവിലുള്ള ഒരു പരാജയം വേറെയില്ല. അതുകൊണ്ട് തന്നെ മോദി ഭരണത്തിൽനിന്നും ഇന്ത്യൻ ജനാധിപത്യത്തിനൊരു മോചനം സ്വപ്നം കാണുന്ന എല്ലാവരും പ്രത്യാശയോടെ ഈ മാതൃകയിലേക്ക് ഉറ്റുനോക്കാൻ ഇടയുണ്ട്. എന്താണാ മാതൃക? കാം കി രാജ്നീതി അഥവാ പൊളിറ്റിക്സ് ഓഫ് വർക്. താരതമ്യേനെ അഴിമതി രഹിതമായി, താരതമ്യേനെ കൂടുതൽ ഫലപ്രദമായി പൊതുജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് ഭരിക്കാനായാൽ ജനം കൂടെ നിൽക്കും എന്നതാണു ഡല്‍ഹി നൽകുന്ന പുതിയ സന്ദേശമായി അരവിന്ദ് കേജരിവാൾ മുമ്പോട്ട് വയ്ക്കുന്ന കാം കി രാജ്നീതി. ഒപ്പം അദ്ദേഹം പറയാതെ പറയുന്ന മറ്റൊരു സന്ദേശം കൂടിയുണ്ട്. അത് കൾചറൽ പൊളിറ്റിക്സ് എന്ന ശാഖയിൽ ഇലക്ടറല്‍ പൊളിറ്റിക്സിൽ നിൽക്കുന്നവർ തലയിടരുത് എന്ന താണ്.

ഭാരത് മാതാകീ, ഇങ്ക്വിലാബ്, വന്ദേ തുടങ്ങിയ മുദ്രാവാക്യങ്ങളിൽ തുടങ്ങി അവസാനിച്ച ആ പ്രസംഗം മുതൽ സി എ എയിൽ തന്റെ നിലപാട് സാങ്കേതികമായി വ്യക്തമാക്കിക്കൊണ്ടുതന്നെ ആ വിഷയത്തിൽ ഡല്‍ഹിയില്‍ തന്നെ നടക്കുന്ന സമരങ്ങളിൽനിന്നും നടത്തിയ തന്ത്രപരമായ മാറിനിൽക്കലിൽ വരെ അതുണ്ട്. ബി ജെ പിയുടെ തന്ത്രത്തിൽ കേജരിവാൾ വീണില്ല എന്ന നിലയിൽ അയാളെ ആരാധനയോടെ കാണുന്ന ബി ജെ പിക്കാർ പോലും ഉണ്ടാവുന്നത് അങ്ങനെയാണ്. പറഞ്ഞുവരുന്നത് ചുരുക്കിയാൽ ഹിന്ദുത്വ ഹെജമണിയെ എതിർക്കാൻ തുനിയാതിരുന്നാൽ, അതുണ്ടാക്കിയ ഹിന്ദു ദേശീയതയെ എതിർക്കാതിരുന്നാൽ വെൽഫെയർ പൊളിറ്റിക്സ് കൊണ്ട് ചിലപ്പോൾ ബി ജെ പിയെയും തോല്പിക്കാനാവും. ഒരു ചെറു സംസ്ഥാനമായ കേരളത്തിന്റെ വലിപ്പം പോലും 15005 സ്ക്വയർ കിലോമീറ്ററാണെന്നിരിക്കെ 576 സ്ക്വയർ കിലോ മീറ്റർ മാത്രം വരുന്ന ഒരു ചെറു പ്രദേശത്തെ ഏറിയ പങ്കും മദ്ധ്യവർഗ്ഗ സ്വഭാവം പുലർത്തുന്ന മനുഷ്യരെ വച്ച് ആം ആദ്മി നേടിയ ഈ വിജയം അതുപോലെ ഒരു പാനിന്ത്യൻ മാതൃകയാക്കി എടുക്കാനാവുമോ എന്നതിൽ സംശയമുണ്ട്.

മിണ്ടാതിരിക്കുന്നതിൽ മാത്രമല്ല, മിണ്ടുന്നതിലുമുണ്ട് കാര്യം. ഹനുമാൻ എന്ന നെഞ്ചിൽ രാമനെ മാത്രം ഏറ്റിയ ഭക്ത ഹനുമാന്റെ അനുഗ്രഹം അതിലൊന്നാണു. ബി ജെ പിക്കാണെങ്കിൽ അഞ്ച് ശതമാനത്തോളം വോട്ട് ഷെയറിൽ വർദ്ധനവ് ബോണസായും. അപ്പോൾ, കിട്ടിയതിൽ സന്തോഷിക്കുകയല്ലാതെ ഇതുവച്ച് അത്ര വലിയ സ്വപ്നങ്ങളൊന്നും കാണാതിരിക്കുന്നതാവും നല്ലത്. *ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories