TopTop
Begin typing your search above and press return to search.

'ഹൈന്ദവ തീവ്രവാദ സംഘടനകൾക്ക് യുഎപിഎ ബാധകമല്ല അല്ലേ?'

ഹൈന്ദവ തീവ്രവാദ സംഘടനകൾക്ക് യുഎപിഎ ബാധകമല്ല അല്ലേ?

യുഎപിഎ വരുമോ? വരില്ലായിരിക്കുമോ?

'മിന്നൽ മുരളി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കാലടി മണപ്പുറത്ത് ഇട്ട പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗി എന്ന വർഗ്ഗീയ തീവ്രവാദ സംഘടന പൊളിച്ചതും അതിന്റെ ഫോട്ടോ പ്രസിദ്ധപ്പെടുത്തി പരസ്യമായി ഏറ്റെടുത്തതും, പൊളിക്കുകയായിരുന്നില്ല കത്തിക്കുകയായിരുന്നു വേണ്ടതെന്ന് പറഞ്ഞതുമൊക്കെ വലിയ പ്രതിഷേധം ഉണ്ടാക്കിക്കഴിഞ്ഞു. വിശ്വഹിന്ദു പരിഷത്തിനു വർഗ്ഗീയമൂർച്ച പോരാ എന്നഭിപ്രായമുള്ള പ്രവീൺ തൊഗാഡിയ ഉണ്ടാക്കിയ സംഘടനയായ അന്തരാഷ്ട്രീയ ഹിന്ദുപരിഷദ് (AHP) ന്റെ യുവ അണികളാണ് ഈ രാഷ്ട്രീയ ബജ്‌രംഗി.

സംഘപരിവാറിൽ വളർന്ന മനുഷ്യർ ചേർന്നുണ്ടാക്കുന്ന പല സംഘടനകൾ പല പേരിൽ ഒരേ ആശയം നടപ്പാക്കുന്നു, ചിലതിന് വീര്യം കൂടും. ചിലത് കുറയും. മനുഷ്യരുടെ മേൽ ടയറിട്ടു കത്തിക്കണം എന്ന് എഴുതുന്നവരും ഇവരും തമ്മിൽ എത്ര ദൂരം!

നിർമ്മാണം പുഴയുടെ ഫ്ലഡ് പ്ളേനിലാണ്. പഞ്ചായത്തിന്റെ ബിൽഡിങ് അനുമതി വേണം. എന്നാൽ അപേക്ഷ നൽകി ഫീസ് അടച്ചു 30 ദിവസത്തിനുള്ളിൽ അനുമതി നിഷേധിച്ചില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കി നിർമ്മാണം നടത്താമെന്ന് പഞ്ചായത്ത് ബിൽഡിങ് ചട്ടം പറയുന്നു. ഓരുമാസം മുൻപ് ഫീസ് അടച്ചതിന്റെ രസീത് ടോവിനോ പ്രസിദ്ധീകരിച്ചു. അങ്ങനെയെങ്കിൽ അനുമതിയുണ്ട് എന്നു മനസിലാക്കണം.

'ശിവരാത്രി ആഘോഷ സമിതി' എന്നൊരു സംഘടനയുടെ നിബന്ധനകളോടെയുള്ള അനുമതി കിട്ടിയതായി സിനിമാ പ്രവർത്തകരും കൊടുത്തതായി ആ സംഘടനയും അവകാശപ്പെടുന്നുണ്ട്. ഈ സംഘപരിവാർ സംഘടനയ്ക്ക് സർക്കാർ സ്ഥലത്ത് നിർമ്മാണം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്തധികാരം? ആലുവാ പുഴയോ ശിവക്ഷേത്രമോ ഇവരുടെ അധികാരത്തിലല്ല. എല്ലാ വർഷവും ശിവരാത്രി ആഘോഷം നടത്തുന്ന പണി മാത്രമാണ് ഇവരുടെ. അതൊരു നല്ലകാര്യം. അപ്പോൾ നിർമ്മാണത്തിന് അനുമതി കൊടുക്കാൻ ഇതിൽ കേവലമൊരു സംഘടനയായ അവർക്കെന്ത് കാര്യം? ആര്‍എസ്എസ് പാരലൽ സർക്കാർ നടത്തുന്നുണ്ടോ ഇവിടെ?

അനുമതിയില്ലാതെ പണിതതെങ്കിൽപ്പോലും പൊളിക്കാൻ സർക്കാറിനല്ലാതെ ആർക്കും അധികാരമില്ല. ആ പൊളിക്കൽ നിയമലംഘനമാണ്. ഏത് കുറ്റം ചാർത്തും? പൊതുഉടമസ്ഥത ഉള്ള നിർമാണമല്ല. PDPP ആക്റ്റ് ഇടാൻ പറ്റില്ല. ഹർത്താലോ സമാന പ്രതിഷേധത്തിന്റെയോ ഭാഗമായ നാശമാണെങ്കിൽ സ്വകാര്യവസ്തുക്കളുടെ നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും 2019-ലെ പ്രത്യേക നിയമമുണ്ട്. ഇതിപ്പോ അതിന്റെ പരിധിയിലും വരില്ല.

(അതാ നിയമമുണ്ടാക്കിയപ്പോൾ രണ്ടാം വകുപ്പിൽ വ്യാഖ്യാനം എഴുതിയതിന്റെ കുഴപ്പം) വന്നിരുന്നെങ്കിൽ ജാമ്യം കിട്ടണമെങ്കിൽ ആ നാശനഷ്ടമുണ്ടാക്കിയ തുക കെട്ടി വയ്‌ക്കേണ്ടി വന്നേനെ.

മോഷണമോ ഭവനഭേദനമോ നടന്നിട്ടില്ല. അപ്പോൾ ആകെപ്പാടെ ഐപിസിയിൽ മിസ്ചീഫ്; രണ്ടുവർഷം തടവോ പിഴയോ കിട്ടാവുന്ന സിമ്പിൾ കുറ്റം. എളുപ്പം ജാമ്യം കിട്ടാം. ഫൈനിൽ ശിക്ഷ തീരാം. ഇതാണ് കൊട്ടിഘോഷിച്ച കുറ്റത്തിന് കൊടുക്കാൻ നമ്മുടെ നിയമവ്യവസ്ഥയിലുള്ള ശിക്ഷ. ഈ പ്രവർത്തിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടെ അപലപിച്ച നിയമമന്ത്രി ശ്രീ. ബാലൻ 2019 ലെ ആ നിയമം കൊള്ളാവുന്ന നിയമജ്ഞരോട് ചോദിച്ച് ഒന്ന് ശക്തിപ്പെടുത്തണം.

ഈ പൊളിച്ചതൊരു അമ്പലത്തിന്റെ നിർമ്മാണവും ചെയ്തത് മുസ്ലീങ്ങളും ആയിരുന്നെങ്കിലോ? എന്തായിരുന്നേനെ പുകിൽ!! യുഎപിഎ കടന്നു വന്നേനെ. എഎച്ച്പിയോ ബജ്‌റംഗിയോ ആര്‍എസ്എസ് അനുകൂലിക്കുന്ന സംഘടന അല്ലെന്ന് അവർ പറയുന്നു. ശരിയാണ്. എന്നാൽ പുതിയ യുഎപിഎ ഭേദഗതി നിയമം ഉപയോഗിച്ച് അവർക്കിത് നിരോധിക്കാമല്ലോ. കേസ് എടുക്കാമല്ലോ. എന്തേ ചെയ്യുന്നില്ല? ഹൈന്ദവതീവ്രവാദ സംഘടനകൾക്ക് യുഎപിഎ ബാധകമല്ല അല്ലേ?

വർഗ്ഗീയ സ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകളാണ് ഇക്കൂട്ടരുടെ ഫേസ്‌ബുക്ക് നിറയെ. ഐപിസി 153(a) യിൽ കേസെടുത്ത് എന്നേ അകത്താക്കേണ്ട കൂട്ടർ പുറത്ത് നടക്കുന്നത് സ്റ്റേറ്റിനെക്കൊണ്ടു കൊള്ളാഞ്ഞിട്ടാണ്.

NB: യുഎപിഎ എന്നതൊരു കരിനിയമമാണ്. അത് ആർക്കെതിരായും പ്രയോഗിക്കുന്നതിനോട് യോജിപ്പില്ല. പ്രയോഗത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടാൻ എഴുതിയെന്നു മാത്രം.

(അഡ്വ. ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ എഴുതിയത്)


Next Story

Related Stories