TopTop
Begin typing your search above and press return to search.

അന്ന് അവർ ബീഫിന് നേരെ വന്നു; ഇപ്പോൾ പൊറോട്ടയ്ക്ക് എതിരെയും! #തൊടരുത് എന്റെ പൊറോട്ടയെ

അന്ന് അവർ ബീഫിന് നേരെ വന്നു; ഇപ്പോൾ പൊറോട്ടയ്ക്ക് എതിരെയും! #തൊടരുത് എന്റെ പൊറോട്ടയെ

കോട്ടയത്ത് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പഠിക്കുന്ന കാലം. മാന്നാനം എന്ന സ്ഥലത്താണ് താമസിക്കുന്നത്. അവിടെ പള്ളിക്ക് അടുത്തുള്ള നിഷാദ്, ഡയസ് എന്നീ ഹോട്ടലുകളിൽ നിന്നാണ് വൈകിട്ടത്തെ ഭക്ഷണം. "യൂണിവേഴ്സിറ്റി പിള്ളേര്" വരുന്നു എന്ന് കാണുമ്പോഴേ ഹോട്ടലിലെ ജീവനക്കാർ രണ്ട് പൊറോട്ടയും ബീഫിന്റെ ഗ്രേവിയും എടുത്തിട്ടുണ്ടാകും. ഭാഗ്യമുള്ളവർക്ക് ഗ്രേവിക്കൊപ്പം ഒരു ഇറച്ചിക്കഷണവും വീണുകിട്ടും. എന്തായാലും ആദ്യം രണ്ട് രൂപയും പഠനം തുടരുന്നതിനിടയിൽ തന്നെ രണ്ടര രൂപയും ആയി മാറിയെങ്കിലും അഞ്ച് രൂപയ്ക്ക് ഒരാളുടെ വിശപ്പ് മാറ്റാൻ പൊറോട്ടയ്ക്ക് സാധിച്ചു. ഒരു നേരത്തിന് പകരം മൂന്ന് നേരവും പെറോട്ട തിന്ന് വിശപ്പടക്കുന്ന വിദ്യാർത്ഥികളും തൊഴിലന്വേഷകരും ധാരാളമാണ്. അത് കോട്ടയത്ത് യൂണിവേഴ്സിറ്റി ക്യാമ്പസിന് ചുറ്റും മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളവും കേരളത്തിന് പുറത്ത് മഹാനഗരങ്ങളിലും പൊറോട്ട ഒരു വികാരമായി പടർന്നു. കേരളത്തിലെ ഏത് ഭക്ഷണശാലയിൽ ചെന്നാലും ഉറപ്പായും ലഭിക്കുന്ന ഭക്ഷണമായതിനാൽ കൂടിയായിരുന്നു അത്.

ഇന്ന് സമൂഹത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കുന്ന തലമുറയിൽ ആരും തന്നെ പൊറോട്ടയുടെ രുചിയും രുചികേടും അറിയാതെ പോയിട്ടില്ല. മൈദ മുട്ടയുടെ വെള്ളയിൽ കുഴച്ച് എണ്ണയിലിൽ മൊരിച്ചെടുക്കുന്ന ഈ വസ്തു എങ്ങനെയാണ് കേരളത്തിന്റെ ഭക്ഷണ വികാരമായത് എന്നതിന് ഒരു ഉത്തരമേയുള്ളൂ. അതിന്റെ വിലക്കുറവ്. കുറഞ്ഞ വിലയ്ക്ക് ഇന്നും ലഭിക്കുന്ന പൊറോട്ട അടിച്ചമർത്തപ്പെട്ടവന്റെയും അധ്വാനിക്കുന്നവന്റെയും വികാരമാകുന്നതും അങ്ങനെയാണ്. പൊറോട്ട അടിക്കുന്നതും അതു കഴിക്കുന്നതുമെല്ലാം ഒരു കലയായി കാണുന്ന തലമുറയിലാണ് നമ്മൾ ജീവിക്കുന്നത്. മൈദയും ഉപ്പും വെള്ളവും മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി കുഴച്ച് അതിന് മുകളിൽ അൽപ്പം എണ്ണയും ഒഴിച്ച് നനഞ്ഞ തോർത്തിട്ട് മൂടി വയ്ക്കുന്നതാണ് ആദ്യഘട്ടം. ഒരു മണിക്കൂറിന് ശേഷം കയ്യിൽ എണ്ണ പുരട്ടി ഈ മാവ് ചെറിയ നാരങ്ങയുടെ വലിപ്പത്തിൽ ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കുക. ഈ ഉരുളകളും പത്ത് മിനിറ്റ് നനഞ്ഞ തുണി കൊണ്ട് മൂടി വയ്ക്കുക. ഉരുളകൾ ഓരോന്ന് എടുത്ത് പരത്തി വീശിയടിച്ച് പരമാവധി സോഫ്റ്റ് ആക്കുക. പിന്നീട് രണ്ട് വശത്തു നിന്നും മടക്കി ഒരു വശത്ത് നിന്ന് ചുരുട്ടിയെടുത്ത ശേഷം കൈ കൊണ്ട് അടിച്ച് പരത്തുക. നാലോ അഞ്ചോ പൊറോട്ട എണ്ണയിൽ ചുട്ടെടുത്ത ശേഷം വശങ്ങളിൽ കൈകൊണ്ട് അടിച്ച് വീണ്ടും മൃദുവാക്കുമ്പോൾ നല്ല മൊരിഞ്ഞ പൊറോട്ട തയ്യാറാകും. ഈ പൊറോട്ട ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ബീഫ് കറിയോടൊപ്പം ചേർത്ത് വായിലേക്ക് വയ്ക്കുമ്പോൾ ഏത് മൈദയും അലിഞ്ഞില്ലാതാകും.

പൊറോട്ടയുടെ വിലക്കുറവും അതിന്റെ ലഭ്യതയുമെല്ലാം അതിനെ പാവപ്പെട്ടവരുടെ പ്രീയപ്പെട്ട ഭക്ഷണമാക്കുന്നുണ്ടെങ്കിലും എല്ലാക്കാലത്തും അവഗണനയും ആരോപണങ്ങളും നേരിട്ട ഇതുപോലൊരു ഭക്ഷണം മറ്റൊന്നുണ്ടാകില്ല. ശരീരത്തിന് യാതൊരു ഗുണവുമില്ലാത്ത മൈദ കുഴച്ചുണ്ടാക്കുന്ന പൊറോട്ട ആമാശയത്തിന് കേടാണ് എന്ന ആരോപണങ്ങൾ വരെ ഉയർന്നു. അടിസ്ഥാന വർഗ്ഗം ദേശീയഭക്ഷണമായി കാണുമ്പോഴും ഇവിടുത്തെ സവർണ്ണ മേധാവിത്വമാണ് ഇത്തരം പ്രചരണങ്ങൾക്ക് കുടപിടിച്ചത്. അതിനൊരു പക്ഷെ വിലകുറഞ്ഞ ഭക്ഷണ രീതിയോടുള്ള അവജ്ഞയും പൊറോട്ടയും ബീഫും തമ്മിലുള്ള പ്രണയവുമെല്ലാം കാരണമായിരിക്കാം. പൊറോട്ടയ്ക്ക് ഒപ്പം നമ്മൾ എന്നും ചേർത്തു വയ്ക്കുന്ന പേരാണ് ബീഫ് എന്നത്. ഈ പ്രണയത്തെ അദൃശ്യവൽക്കരിക്കുകയും അതിലൂടെ ബീഫിന്റെ സാമൂഹിക അപ്രമാദിത്വത്തെ ഇല്ലാതാക്കുകയും ആകും പൊറോട്ട വിരുദ്ധ പ്രചരണങ്ങൾക്ക് പിന്നിലെ പ്രധാന അജണ്ട. ഇടക്കാലത്ത് യൂടൂബിലൂടെ പുറത്ത് വന്ന തോർത്ത് എന്ന ഷോർട്ട് ഫിലിമും പൊറോട്ട വിരുദ്ധ പ്രചരണങ്ങൾക്ക് ഉപയോഗിക്കപ്പെട്ടു. യാതൊരു വൃത്തിയും ശുചിത്വവുമില്ലാതെ പാചകം ചെയ്യുന്ന സാധനമാണ് മലയാളികൾ ഇങ്ങനെ ദേശീയ ഭക്ഷണമായി വെട്ടി വിഴുങ്ങുന്നത് എന്നായിരുന്നു അപ്പോഴത്തെ പ്രചരണം. പശയുണ്ടാക്കാനായി കൊണ്ടുവന്ന അമേരിക്കൻ മാവ് ആളുകളുടെ വയറ്റിലെത്തിച്ച് ആരോഗ്യം നശിപ്പിക്കുന്നതിലൂടെ സാമ്രാജ്യത്വ അജണ്ട നടപ്പാക്കപ്പെടുകയാണെന്നും പാവം പൊറോട്ട ആരോപണം നേരിട്ടു.

ഇപ്പോൾ പൊറോട്ടയ്ക്ക് 18% ജി എസ് ടി ഏർപ്പെടുത്തിയ കർണാടക എ എ ആറിന്റെ (അതോറിറ്റി ഫോർ അഡ്വാൻസ് റൂറിംഗ്) നടപടിയിലൂടെ ഈ പൊറോട്ട വിരുദ്ധത നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. നോർത്ത് ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമായ റൊട്ടിക്ക് 5% മാത്രം ജി എസ് ടി ഉള്ളപ്പോഴാണ് ഇത്. പൊറോട്ട കഴിക്കുന്നതിന് മുമ്പ് മൊരിക്കണമെന്നും അതിനാൽ റൊട്ടിയുടെ ഗണത്തിൽ ഉൾപ്പെടുത്താനാകില്ലെന്നുമാണ് ജി എസ് ടി ഉയർത്തുന്നതിനുള്ള ന്യായമായി പറയുന്നത്. റൊട്ടിയുടെ ഗണത്തിൽ ഉൾപ്പെടുത്തിയ ചപ്പാത്തി ഉൾപ്പെടെയുള്ളവയും മൊരിച്ചെടുക്കണം എന്ന് ചൂണ്ടിക്കാട്ടി കേരളത്തിന്റെ ദേശീയ ഭക്ഷണമായ പൊറോട്ടയോടുള്ള നിലപാട് ഹിന്ദുത്വ ഭരണകൂടത്തിന് നമ്മളോട് എക്കാലവുമുള്ള അവഗണനയുടെ ഒടുവിലത്തെ തെളിവായും കണക്കാക്കുന്നവരുണ്ട്. കേന്ദ്ര സർക്കാരിന്റെ ഫുഡ് ഫാസിസ്റ്റ് നയങ്ങളിൽ ഒന്നായാണ് പലരും ഇതിനെയും വിശേഷിപ്പിക്കുന്നത്. ആദ്യം ബീഫിലും പിന്നീട് പഴംപൊരിയിലും തൊട്ടുകളിക്കാൻ വന്ന സംഘപരിവാർ ഭരണകൂടം ഇപ്പോൾ പൊറോട്ടയിലും കൈവച്ചിരിക്കുന്നു. മുൻ കാലങ്ങളിലെ പൊറോട്ട വിരുദ്ധ പ്രചരണം കൂടി കണക്കിലെടുക്കുമ്പോൾ ഇതിനുള്ള നീക്കം പണ്ടേ തുടങ്ങിയതാണെന്നും കാണാം.

അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും പ്രതിഷേധിക്കാനുള്ള അവകാശത്തെയും നിർവീര്യമാക്കുന്ന, പൗരന്റെ അടുക്കളയിൽ പോലും കൈകടത്തുന്ന ഭരണകൂട വേട്ടക്കാരുടെ പുതിയ ഇരയായാണ് പൊറോട്ട ഇപ്പോൾ അവതരിപ്പിക്കപ്പെടുന്നത്. എന്തായാലും ജി എസ് ടി കൂട്ടുന്നതോടെ പൊറോട്ടയുടെ വിലയും വർധിക്കുമെന്ന് ഉറപ്പാണ്. സ്വാഭാവികമായും പൊറോട്ടയുടെ താര പദവിയും വർദ്ധിക്കും. ചെലവേറുമ്പോൾ കൂടുതൽ പേരും അതിനെ ഉപേക്ഷിക്കുകയും പണമുള്ളവർക്ക് മാത്രം പ്രാപ്യമായ ഒന്നായി പൊറോട്ട മാറുകയും ചെയ്യും. അതോടെ കുറഞ്ഞ വിലയ്ക്ക് വിശപ്പ് അടക്കാവുന്ന ഭക്ഷണമെന്ന പദവിയാണ് പൊറോട്ടയ്ക്ക് ഇല്ലാതാകുന്നത്. സ്വാഭാവികമായും പൊറോട്ടയെന്ന വികാരവും അസ്തമിക്കും.

ഇങ്ങനെ സംഭവിക്കാതിരിക്കാൻ സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് പ്രചരണം ആരംഭിച്ചിരിക്കുകയാണ്. #HandsoffPorotta എന്ന പ്രചരണത്തിന് കേരള ടൂറിസം വകുപ്പ് തന്നെയാണ് നേതൃത്വം നൽകുന്നത്. ഒട്ടേറെ അടിച്ചമർത്തലുകൾക്കും ചുരുട്ടി കൂട്ടലുകൾക്കും ശേഷം ആണ് പൊറോട്ട ഉണ്ടാകുന്നതെന്നും ഇത് കൊണ്ടൊന്നും തളരില്ലെന്നും തളർന്നാൽ രുചിയും ഉണ്ടാകില്ലെന്നും പൊറോട്ട വാദികൾ കാവ്യാത്മകമായി പറയുന്നു. "പോട്ടേ പൊറോട്ടെ, സാരമില്ല എന്തു സംഭവിച്ചാലും നിനക്ക് ഞങ്ങളുണ്ട്." എന്ന് പറഞ്ഞ് ജി എസ് ടി കൊടുക്കാതെ വീട്ടിൽ പൊറോട്ട പാചകം ചെയ്യാനുള്ള ഒരുക്കത്തിലാണ് പലരും.


Next Story

Related Stories