"വളരെ സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഇന്നലെ
ചേര്‍ത്തലയില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര് കമ്പനി, രാജ്യത്ത് നടന്ന ഒരു ആശയാധിഷ്ഠിത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി,
അതും ഒരു വിഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്റ്റ്വെയര് ഉണ്ടാക്കിയിട്ട്. മത്സരിച്ചത് ഈ രാജ്യത്തെ മുഴുവന്‍ സോഫ്റ്റ്വെയര് കമ്പനികള്‍ക്കും തുല്യ സാധ്യത ഉള്ള ഒരു മത്സരത്തില്‍; വലിയ സന്ദേശം ആണ് ഈ വിജയം. മികച്ച ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ വലിയ കോളേജിലെ പഠിപ്പോ, ഉന്നതങ്ങളിലെ പിടിപാടോ, മെട്രോ നഗരത്തിലെ ഡൗണ്‍ ടൗണ്‍ ഓഫീസോ ഒന്നും വേണ്ട. എന്തിന്, ആ മേഖലയില്‍ മുന്‍പ് എന്തെങ്കിലും പരിചയം വേണം എന്ന് പോലും നിര്‍ബന്ധം ഇല്ല. ഇതാണ് പുതിയ കാലം
മികച്ച ആശയം, മികച്ച പ്രോട്ടോടൈപ്പ്, മികച്ച ബിസിനസ് മോഡല്‍, ഫണ്ടിംഗ്- ഇത്രയും ഉണ്ടെങ്കില്‍ ആര്‍ക്കും അടുത്ത ബൈജു ആവാം, മുസ്തഫ ആവാം, ബാബു ശിവദാസന്‍ ആവാം, ജോയ് ആവാം; അത്രക്ക് ജനാധിപത്യമാണ് സ്വകാര്യ സംരംഭക മേഖലയില്‍. നമ്മുടെ തറവാട് പേരോ, പൂര്‍വികര്‍ ഇരുന്ന കസേരയോ, ഓടിക്കുന്ന കാറോ, ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലെ പേരുകളോ, ഒന്നും ഒരു പരിധിക്ക് അപ്പുറം സഹായം ആവില്ല.
ചില രസകരമായ വ്യക്തിപരമായ അനുഭവങ്ങള്‍ പറഞ്ഞിട്ട് ബാക്കി പറയാം.
വര്‍ഷം 20xx : നാട്ടില്‍ ഒരു കല്യാണത്തിന് പോവുന്നു. അടുത്ത സീറ്റില്‍ ഇരിക്കുന്ന എന്നെക്കാളും വളരെ സീനിയര്‍ ആയ ദമ്പതികളിലെ ഭര്‍ത്താവ്, എന്നോട് എന്ത് ചെയ്യുന്നു?
ഞാന്‍: സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആണ്.
അദ്ദേഹം: എവിടെ?
ഞാന്‍: അമേരിക്കയില്‍
അദ്ദേഹം: എവിടെ ?
ഞാന്‍: അമേരിക്കയില്‍
അദ്ദേഹം : അവിടെ എവിടെ?
ഞാന്‍: കാലിഫോര്‍ണിയയിലെ ... എന്ന സ്ഥലത്ത്
അദ്ദേഹം: എന്താ മോന്റെ കമ്പനിയുടെ പേര്
ഞാന്‍: ഇന്ന കമ്പനി
അദ്ദേഹം: അങ്ങിനെ ഒരു കമ്പനി ഉണ്ടോ
ഞാന്‍: ഉണ്ട്
അദ്ദേഹത്തിന്റെ ഭാര്യ: മോന്റെ പേര്, വീട്, വീട്ടു പേര്, അച്ഛന്, അമ്മ, അവരുടെ ജോലി - അങ്ങിനെ ഒരു ഡസന്‍ വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കുന്നു. ഞാന്‍ മറുപടി പറയുന്നു. ഞങ്ങള്‍ വളരെ സന്തോഷത്തോടെ രണ്ടു വഴിക്ക് പോവുന്നു.
വര്‍ഷം 20yy : ഞാന്‍ രാജ്യസ്നേഹം ഒക്കെ കലശലായി അമേരിക്കയില്‍ നിന്നും കുറ്റിയും പറിച്ച് നാട്ടില്‍ വന്ന സമയം. മറ്റൊരു കല്യാണത്തിന് പോവുന്നു. അടുത്ത സീറ്റില്‍ ഇരിക്കുന്ന എന്നെക്കാളും വളരെ സീനിയര്‍ ആയ ദമ്പതികളിലെ ഭര്‍ത്താവ് , എന്നോട് എന്ത് ചെയ്യുന്നു?
ഞാന്‍: സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആണ്
അദ്ദേഹം: എവിടെ?
ഞാന്‍: കൊച്ചി
അദ്ദേഹം: കൊച്ചിയിലോ
ഞാന്‍: അതെ
അദ്ദേഹം: താന്‍ എഞ്ചിനീയറിംഗ് ആണോ പഠിച്ചത്, അതോ ഡിപ്ലോമ ആണോ
ഞാന്‍: എഞ്ചിനീയറിംഗ്, ഇന്ന കോളേജില്‍
അദ്ദേഹം: എന്നിട്ട്, എന്തേ ബാംഗ്ലൂരില്‍ ഒന്നും ശരിയായില്ല? ശ്രമിച്ചില്ലേ?
ഞാന്‍: ഇല്ല, ഇവിടെ മതി എന്ന് തോന്നി
അദ്ദേഹം: ജീവിതം വെറുതെ പാഴാക്കി കളയരുത്. നിങ്ങള്‍ ചെറുപ്പം ആണ്. പുറത്തു ഒക്കെ പോയി രക്ഷപെടാന്‍ നോക്കണം. വീട്ടുകാര്‍ക്കും ഗുണം ഉള്ള കാര്യമല്ലേ. തനിക്ക് ഇപ്പോള്‍ എവിടെ ആണ് ജോലി.
ഞാന്‍: ഇന്ന സ്ഥലത്തു
അദ്ദേഹം: നല്ല കമ്പനി ആണ്. എന്റെ മരുമകന് അവരുടെ ബാംഗ്ലൂര്‍ ഓഫിസില്‍ മാനേജര്‍ ആണ്. ഞാന്‍ നമ്പര്‍ തരാം, അവനെ വിളിക്കൂ. സ്നേഹപൂര്‍വം അദ്ദേഹം നമ്പര്‍ എനിക്ക് തന്നു.
നമ്മുടെ നാട്ടില്‍ സ്വകാര്യ മേഖലയില്‍ ജോലി നോക്കുന്നവര്‍ ഒക്കെ തന്നെ വേറൊരു നാട്ടിലും ജോലി കിട്ടാത്തവര്‍ ആണെന്ന ഒരു മിഥ്യാധാരണ ഇവിടെ പലരും കൊണ്ട് നടക്കുന്നു എന്ന് ഞാന്‍ ഭയക്കുന്നു. ആ ധ്വനിയില്‍ ഉള്ള സംസാരങ്ങള്‍ അനവധി കേട്ടിട്ടും ഉണ്ട്. പുതുതായി ജോലിക്ക് കയറുന്നവര്‍ പോലും ബാഗ്ലൂര് ട്രാന്‍സ്ഫര്‍ കിട്ടാന്‍ വഴി നോക്കുന്നു എന്നതും വലിയ യാഥാര്‍ഥ്യം ആണ് കേട്ടോ. അത്, അവിടെത്തെ സോഷ്യല്‍ ലൈഫ് കണ്ടിട്ടും കൂടി ആണ്, അതില്‍ തെറ്റു പറയാനും ഇല്ല. 10 മണിക്ക് ഉറങ്ങുന്ന, ഇരുട്ട് പുതയ്ക്കുന്ന നഗരങ്ങളെ യുവാക്കള്‍ ഇഷ്ടപ്പെടണം എന്ന് വാശിയൊന്നും പിടിക്കാന്‍ പറ്റില്ല.
അവിടെയാണ് ചേര്‍ത്തലയിലെ മിടുക്കികളും മിടുക്കന്മാരും മികവും വിലാസവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് തെളിയിച്ചത്. അവര്‍ക്ക് അഭിനന്ദനങ്ങള്‍, പൂര്‍ണ പിന്തുണ !
ഇനി, നമ്മുടെ നാട്ടില്‍ ചില കേസരികള്‍ ഉണ്ട്. എല്ലാ രംഗത്തും, രാഷ്ട്രീയം, പൊതു പ്രവര്‍ത്തനം, അധികാരത്തിന്റെ ഇടനാഴികള്‍, സര്‍ക്കാര്‍ ആഫീസുകള്‍, സ്വയം സംരംഭങ്ങള്‍ -എല്ലാ ഇടത്തും അവരുണ്ട്.
മക്കള്‍ ഒക്കെ വിദേശത്ത് ആയിരിക്കും. വിദേശത്തു നല്ല നിലയില്‍ ആയിരിക്കും. അവിടെ സ്വകാര്യ കമ്പനികള്‍, അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ബഹു രാഷ്ട്ര കുത്തകകളില്‍ തന്നെ ആയിരിക്കും. ഇനി വിദേശത്ത് അല്ലെങ്കില്‍, ഈ രാജ്യത്ത് തന്നെ, കേരളത്തിന് പുറത്തു എവിടെ എങ്കിലും വലിയ പദവികളില്‍ (സ്വപ്രയത്നം കൊണ്ട് തന്നെ അവിടെ എത്തിയവര്‍ ആണ്, അവരോടും ബഹുമാനം മാത്രം) ആയിരിക്കും.
ഈ കേസരികള്‍ക്ക്, കേരളത്തിലെ സ്വകാര്യ മേഖലയോട് തികഞ്ഞ അവമതിപ്പാണ്. കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി എടുക്കുന്നവരോട് പുച്ഛമാണ്. ഇവിടെ എന്ത് സ്വകാര്യ സംരംഭ ചര്‍ച്ച വന്നാലും ഇവരില്‍ ചിലരെങ്കിലും ഈ കുത്തക, ചൂഷണം, കൊള്ള, സംസ്ഥാന താല്പര്യം എന്നൊക്കെ പറഞ്ഞു ചാടിയിറങ്ങും. വസ്തുതാപരമായ എതിര്‍പ്പുകളെക്കാള്‍ അന്ധമായ എതിര്‍പ്പും മുന്‍ധാരണകളും ആണ് പലര്‍ക്കും. ഫലമോ, കേരളം ഒരു സ്വകാര്യ നിക്ഷേപ സൗഹൃദ സംസ്ഥാനം അല്ല എന്ന പ്രതീതി വലിയ രീതിയില്‍ തന്നെ നില നില്ക്കുന്നു. ആളുകള്‍ വരാന്‍ മടിക്കുന്നു.
കേരളത്തിലെ യുവാക്കളെ, നിങ്ങളോട് ഞാന്‍ ഒന്ന് പറയട്ടെ
ഒരു പി എസ് സി പരീക്ഷ ജയിക്കുന്നതിന്റെ പത്തിലൊന്ന് പ്രയത്നം മതി ഒരു സ്വകാര്യ തൊഴില്‍ കിട്ടാന്‍. കാരണം, സ്വകാര്യ തൊഴില്ദായകര്, ആ തൊഴിലില്‍ വേണ്ട കാര്യങ്ങള്‍, കഴിവുകള്‍ മാത്രമേ ചോദിക്കൂ. അതും വളരെ കൃത്യമായ ചില കാര്യങ്ങള്‍ മാത്രം. പി എസ് സി യില്‍ ആവട്ടെ, നിങ്ങള്‍ സര്‍വ വിജ്ഞാന പാരംഗതന്‍ ആവണം. കാത്തിരിപ്പോ, അനന്തവും. ഇനി അങ്ങോട്ട് സര്‍ക്കാര്‍ ജോലി വളരെ പരിമിതവും അനാകര്‍ഷകവും ഒക്കെ ആവും.
കേരളത്തില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ വരണം. അത് ഇന്ന ആളുടെ വേണം, വേണ്ട എന്നൊന്നും എനിക്ക് അഭിപ്രായമില്ല. എല്ലാ നിക്ഷേപങ്ങളും വരണം എന്നാണ് എന്റെ പക്ഷം. എങ്കില്‍ മാത്രമേ, ഇവിടെ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഗള്‍ഫില്‍ ഇനി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുന്ന വേഗം കുറയും. പണ്ടത്തെ പോലെ കിട്ടാന്‍ എളുപ്പം ആവില്ല. അതിനാല്‍ തന്നെ നമ്മള്, സ്വന്തം നാട്ടിലും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കണം. നമുക്ക് തൊഴില്‍ ഇവിടെ തന്നെ ലഭിച്ചാല്‍, എന്തോരു സുഖമാണ്. ഓര്‍ത്തു നോക്കൂ; ഈ നാട്, ഈ കാലാവസ്ഥ, ഈ ഭക്ഷണം, ഈ ഉത്സവങ്ങള്‍, ഉറ്റവര്‍, ഉടയവര്‍, അഭിപ്രായ സ്വാതന്ത്ര്യം - ഇതൊക്കെ അമൂല്യമല്ലേ? സ്വകാര്യ മേഖല വരാതെ ഇതൊന്നും നടക്കില്ല.
സര്‍ക്കാര്‍ ഏറ്റവും വലിയ തൊഴില്ദാതാവായാല് മരിക്കുക ജനാധിപത്യമാണ് എന്ന തിരിച്ചറിവ് എങ്കിലും നമുക്ക് വേണ്ടേ?
സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ പരിപൂര്‍ണ അധികാരം സര്‍ക്കാരിനും ജനപ്രതിനിധി സഭകള്‍ക്കും ഉണ്ട്. അവര്‍ അവരുടെ പണി മര്യാദക്ക് എടുത്താല്‍, വളരെ കൃത്യവും വ്യക്തവും കോടതിയില്‍ പോയി മാറ്റിക്കാന്‍ കഴിയാത്തതുമായ നിയമങ്ങള്‍ ഉണ്ടാക്കിയാല്‍, സ്വകാര്യ മേഖലയിലെ അനാരോഗ്യകരമായ പ്രവണതകള്‍ നിയന്ത്രിക്കാം. തൊഴില്‍ നിയമങ്ങളിലും അവകാശങ്ങളിലും വ്യക്തത വരുത്തിയാല്‍ മികച്ച തൊഴില്‍ അന്തരീക്ഷം നില നിര്‍ത്താം.
അതുകൊണ്ട്, കാലം മാറിയത് നമ്മളും അംഗീകരിക്കണം. നമ്മുടെ ഭാവിയില്‍ നമ്മളും ഒരല്പം ജാഗ്രത കാണിക്കണം. ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാലത്തിനനുസരിച്ച നയങ്ങള്‍ എടുക്കണം. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നയങ്ങളും അന്തരീക്ഷവും കൊണ്ട് വരാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാവണം. നിങ്ങളുടെ മക്കളുടെ ഭാവി മാത്രം നോക്കുന്ന, സ്വാര്‍ത്ഥത ഇനിയെങ്കിലും നിങ്ങള്‍ കൈ വെടിയണം. കേരളത്തിലെ യുവതി-യുവാക്കള്‍ക്ക്, മെച്ചപ്പെട്ട ജീവിതം സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നത് പ്രഥമ പരിഗണന ആക്കാന്‍ ഇവിടത്തെ യുവ ജനപ്രതിനിധികള്‍ കക്ഷി ഭേദമന്യേ മുന്നോട്ട് വരണം.
കേരളത്തില്‍ സ്വകാര്യ മേഖലയില്‍ പത്രവും ചാനലും മാത്രം മതി എന്ന നിലപാട് മാധ്യമങ്ങളും അവസാനിപ്പിക്കണം.
വ്യവസായം 4.0 എന്ന പുതിയ വ്യാവസായിക ക്രമത്തിന്റെ ഗുണഭോക്താവായി കേരളം മാറണം.
അടുത്ത സൂം ഇതാ കേരളത്തില്‍ നിന്നും വന്നു കഴിഞ്ഞു; അവിടെ നില്‍ക്കരുത്, നിര്‍ത്തരുത്.
അടുത്ത ബി എം ഡബ്ള്യൂ, അടുത്ത നെസ്കഫെ, അടുത്ത ദില്‍മ, അടുത്ത ടോമി ഹില്‍ഫിഗര്‍, അടുത്ത ആപ്പിള്‍, അടുത്ത യൂണിവേഴ്സല്‍ സ്റ്റുഡിയോ, അടുത്ത ടെസ്ല, അടുത്ത ഗൂഗിള്‍, അടുത്ത മൈക്രോസോഫ്ട്, അടുത്ത ആമസോണ്‍, അടുത്ത ഷാനല്‍, അടുത്ത ലോറിയല്, അടുത്ത പ്രാഡ, അടുത്ത ഷാദുനെയ്, അടുത്ത ലിന്ട് എന്ന് വേണ്ട ഈ ലോകം കാംക്ഷിക്കുന്ന എന്തും ഇവിടെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും, പക്ഷെ അതിനു സ്വപ്നം വേണം, വീക്ഷണം വേണം, നയം വേണം, നിയമം വേണം, സാമ്പത്തിക സഹായം വേണം, ബ്രാന്‍ഡിംഗ് വേണം.
ഇവിടെ ഇപ്പോള്‍ ഉള്ള വിമാനത്താവളങ്ങളും തുറമുഖങ്ങളും ബ്രോഡ്ബാന്‍ഡും ഒക്കെ കേരളപ്പെരുമയും ഉല്പന്നങ്ങളും ലോകം മുഴുവന്‍ എത്തിക്കാന്‍ സഹായിക്കണം , അതാണ് സത്യത്തില്‍ അവരുടെ പ്രസക്തിയും
ഇനിയും എത്ര നാള് ഇങ്ങനെ, ഈവിധം ഊതിവീര്‍പ്പിച്ച ഒരു നീര്ക്കുമിളയായി, നിറം പിടിപ്പിച്ച ഒരു നുണ മാത്രമായി?
ഉണരൂ കേരളമേ, ഉണരൂ. അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്, പുത്തന്‍ സാധ്യതകള്‍ തേടുകയാണ് വേണ്ടത്.
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് എഴുതാന്‍ ആരും എനിക്ക് പണമോ പദവിയോ മറ്റു സുഖങ്ങളോ വാഗ്ദാനം ചെയ്തിട്ടില്ല, തന്നിട്ടും ഇല്ല. കഴിഞ്ഞ 11 വര്‍ഷമായി ഇവിടെ ജീവിച്ചു, തൊഴില്‍ എടുത്ത്, ആദായ നികുതിയും മറ്റു നികുതികളും കൃത്യമായി അടയ്ക്കുന്ന, തറവാട്ടു മഹിമയോ മറ്റു സോ കോള്‍ഡ് പ്രിവിലേജുകളോ അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു പൗരന്റെ അഭിപ്രായം ആണിത്.
മൂഢ സ്വര്‍ഗത്തില്‍ നിന്ന്, നാം നമ്മളെ തന്നെ വിശ്വസിപ്പിക്കുന്ന കേരള സംബന്ധിയായ പല നുണകളില്‍ നിന്നും പുറത്തു വന്ന് സത്യത്തില്‍ ഒരു മനോഹര കേരളം നിര്‍മ്മിക്കാന്‍ ഇനിയും വൈകരുത്.
(സുധീര്‍ മോഹന്‍ ഫേസ്ബുക്കില്‍ എഴുതിയത്)