TopTop

ഇവരീ പെണ്ണുങ്ങള്‍ നയിക്കുന്നിടത്തോളം നമ്മള്‍ തോല്‍ക്കില്ല

ഇവരീ പെണ്ണുങ്ങള്‍ നയിക്കുന്നിടത്തോളം നമ്മള്‍ തോല്‍ക്കില്ല

ഭയപ്പെടുന്ന ഈ രാത്രിയെ പ്രതീക്ഷയോടെ നിലനിര്‍ത്തുന്ന രണ്ട് ഇമേജുകളാണിത്.

സ്ത്രീകള്‍. പെണ്‍കുട്ടികള്‍.

1. ഇരുമ്പ് ദണ്ഡുകൊണ്ട് ആര്‍.എസ്.എസ് ക്രിമിനലുകള്‍ തലയടിച്ച് പൊളിച്ചിട്ടും, ചോര വാര്‍ന്നൊലിക്കുമ്പോഴും ഇതുകൊണ്ടൊന്നും വിദ്യാര്‍ത്ഥി വര്‍ഗ്ഗം തകരുമെന്ന്‌ നിങ്ങള്‍ കരുതരുത് ഫാഷിസ്റ്റുകളെ എന്ന് പറയുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കാമ്പസുകളിലൊന്നായ ജെ.എന്‍.യുവിനെ വിദ്യാര്‍ത്ഥി യൂണിയന്റെ അധ്യക്ഷ, കാമ്പസിന്റെ നേതാവ് ഒയ്ഷി ഘോഷ്. എന്തൊരു കരുത്തുറ്റ വാക്കുകളാണ്. എന്തൊരു കരുത്തുറ്റ ജസ്റ്ററാണ്. മുഖം മൂടി ധരിച്ച ഗുണ്ടാ സംഘവും മുഖം മൂടികളില്ലാത്ത പോലീസ് ഗുണ്ടകളും ഒരുപോലെ ആക്രമിക്കുമ്പോഴും ധീരമായ ശബ്ദം.

2. ഇത് കൂടുതല്‍ ധീരമാണ്. കൂടുതല്‍ കരുത്തുള്ളതാണ്. ഡല്‍ഹി പോലുള്ള ഒരു വലത് പക്ഷ സ്ഥലത്ത്, ലാജ്പത് നഗര്‍ പോലെ മിഡില്‍ക്ലാസ്-അപര്‍ക്ലാസ് സമൂഹം ജീവിക്കുന്ന ഒരു റസിഡന്‍ഷ്യല്‍ കോളനിയില്‍, ഇന്ത്യന്‍ ഫാഷിസത്തിന്റെ ഏറ്റവും വലിയ ക്രൂരമുഖമായ അമിത്ഷാ വരുമ്പോള്‍ ബാനറുയര്‍ത്തി, മുദ്രവാക്യം വിളിച്ച് എതിര്‍ക്കാന്‍ ധൈര്യമുള്ള രണ്ട് പെണ്ണുങ്ങള്‍. ഒരു കാമ്പസിന്റെ സുരക്ഷയില്ല, ഒരു സമൂഹത്തിന്റെ സുരക്ഷയില്ല, വെടിയുണ്ടയുടെ മുന്നില്‍ കൂസാതെ നില്‍ക്കുക എന്നൊക്കെ കാല്പനികമായി പറയാറുള്ള അതേ കാര്യമാണ്, അതേ കരുത്താണ് ആ രണ്ട് പെണ്ണുങ്ങളുടേത്. ഡല്‍ഹിയില്‍ ഒരു വീട് ലഭിക്കാന്‍ എത്ര ബുദ്ധിമുട്ടാണെന്ന് അവര്‍ക്കറിയാം. ഇന്‍സ്റ്റിറ്റിയൂഷന്‍സിനെതിരെയുള്ള ഒരു ശബ്ദം പോലും ഇത്തരമൊരു സമൂഹം പൊറുക്കില്ല എന്നറിയാം. എന്നിട്ടും.

കേരളം പോലെ ഈ ക്രിമിനല്‍ ഗാങിന് വലിയ വേരോട്ടമില്ലാത്ത സ്ഥലത്ത് പോലും ഇവന്മാര് വിശദീകരണവുമായി വന്നാല്‍ എന്തേലും പറഞ്ഞിട്ട് പോകട്ടെ എന്ന് തലകുലുക്കുന്ന നമ്മുടെ മുന്നിലാണ്, ഒരു പിന്തുണയുമില്ലാതെ രണ്ട് പെണ്‍കുട്ടികള്‍ അമിത്ഷായ്ക്ക് മുന്നില്‍ ഓട് കണ്ടം വഴി എന്ന് എന്ന് പുല്ലുപോലെ പറയുന്നത്. എന്തൊരു ധൈര്യമാണ്. എന്തൊരുജ്ജ്വല പെണ്ണത്തമാണ്.

ചാനല്‍ മാറിമാറി നോക്കിയപ്പോള്‍ ജെ.എന്‍.യുവിന് മുന്നില്‍ നിന്ന് ഒരു പെണ്‍കുട്ടി മീഡിയവണ്ണില്‍ റഷീദ് ഭായിയോട് സംസാരിക്കുന്നത് കണ്ടു. ജെ.എന്‍.യുവില്‍ പഠിക്കുന്ന ആളൊന്നുമല്ല. രാത്രി വൈകി ഇവിടെ പ്രശ്‌നമുണ്ടെന്നറിഞ്ഞ് വന്ന ഒരു പെണ്‍കുട്ടിയാണ്. സംഘപരിവാരിനെ പ്രതിരോധിക്കേണ്ടത്, പൗരത്വബില്ലിനെ പ്രതിരോധിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് മനസിലാക്കി വന്നതാണ്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ജോലി ചെയ്യുന്നവരും ജോലി ചെയ്യാത്തവരുമായ പെണ്ണുങ്ങള്‍ പലരുമുണ്ട്, 20-നും 30നും ഇടയില്‍ പ്രായമുള്ളവര്‍. ഒരു സംശയമില്ലാതെ രാത്രിയും പകലും പകലും പ്രതിരോധമൊരുക്കുന്നവര്‍.

ഇവരീ പെണ്ണുങ്ങള്‍ നയിക്കുന്നതിടത്തോളം നമ്മള്‍ തോല്‍ക്കില്ല.

*ഫേസ്ബുക് പോസ്റ്റ്



Next Story

Related Stories