TopTop
Begin typing your search above and press return to search.

മദ്യം കിട്ടാതെ അഞ്ചോളം ആത്മഹത്യകള്‍, മദ്യപാനികള്‍ ചത്തൊടുങ്ങിക്കോട്ടെ എന്നാണോ? എന്താണ് സാമൂഹിക പ്രത്യാഘാതമെന്ന് വി ടി ബല്‍റാമിന് മനസിലായിട്ടുണ്ടാകുമല്ലോ, അല്ലേ?

മദ്യം കിട്ടാതെ അഞ്ചോളം ആത്മഹത്യകള്‍, മദ്യപാനികള്‍ ചത്തൊടുങ്ങിക്കോട്ടെ എന്നാണോ? എന്താണ് സാമൂഹിക പ്രത്യാഘാതമെന്ന് വി ടി ബല്‍റാമിന് മനസിലായിട്ടുണ്ടാകുമല്ലോ, അല്ലേ?

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക് ഡൗൺ ചെയ്തിട്ട് ഇന്ന് നാല് ദിവസം പിന്നിടുന്നു. ചൊവ്വാഴ്ചത്തെ ഈ പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളും അടച്ചിടുന്നതായി കേരള സർക്കാർ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണം കർശനമാക്കുമ്പോഴും സർക്കാരിന് വരുമാനം ലഭിക്കുന്ന മദ്യശാലകൾ യഥേഷ്ടം പ്രവർത്തിക്കുന്നുവെന്ന നിരവധി പ്രതിഷേധങ്ങളുടെയും വിമർശനങ്ങളുടെയും ഒടുവിലായിരുന്നു ഈ തീരുമാനം.ഇതിനിടെ കള്ള് ഷാപ്പ് ലേലം നടത്തുന്നതിനെതിരെയും വ്യാപക വിമർശനം ഉയർന്നു. ലേലം നടക്കുന്ന ഹാളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറുകയും പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടത്തോടെ തള്ളിക്കയറിയതിനായിരുന്നു അറസ്റ്റ്. അതേസമയം മാനദണ്ഡങ്ങൾ അനുസരിച്ച് കസേരകൾ ഒരു മീറ്റർ അകറ്റിയിട്ടും ഹാൻഡ് സാനിറ്റെെസറും മറ്റ് സുരക്ഷാ സംവിധാനങ്ങളും ലേല ഹാളിൽ ഒരുക്കിയിരുന്നു. പ്രതിപക്ഷവും മദ്യവിൽപനയ്ക്കെതിരെ ശക്തമായ നിലപാടാണ് എടുത്തത്. ആരോഗ്യ മന്ത്രി പത്രസമ്മേളനങ്ങൾ നടത്തുന്നതിനെതിരെ പത്രസമ്മേളനങ്ങൾ നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഓരോ പത്രസമ്മേളനത്തിലും മദ്യം വിൽക്കുന്നതിനെതിരെ ശബ്ദമുയർത്തി. മദ്യം അവശ്യ വസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ലഹരി ലഭിക്കാതെ വരുമ്പോൾ സമൂഹത്തിലെ ബഹുഭൂരിപക്ഷം മദ്യപാനികൾക്കും ഉണ്ടാകാനിടയുള്ള മാനസികവും ആരോഗ്യപരവുമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ മദ്യശാലകൾ അടച്ചുപൂട്ടുന്നത് വൈകിപ്പിച്ചത്. മദ്യം ലഭ്യമല്ലാതാകുമ്പോഴുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും അന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മദ്യാസക്തി ചികിത്സയില്ലാത്ത ഒരു രോഗമാണെന്നും മറ്റേതെങ്കിലും രോഗം പോലെ മരുന്ന് നൽകി ചികിത്സിക്കാനാകില്ലെന്നും മാനസിക രോഗ വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. മദ്യം ലഭ്യമല്ലാതെ വരുന്നതോടെ വ്യാജമദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും സമൂഹത്തിൽ വ്യാപകമാകാനുള്ള സാധ്യതകളും ചൂണ്ടിക്കാട്ടപ്പെട്ടു. എന്തായാലും മദ്യശാലകൾ അടച്ചതോടെ കോവിഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ശബ്ദം നിലയ്ക്കുകയും ചെയ്തു. "യ്യോ... അപ്പോ സാമൂഹ്യ പ്രത്യാഘാതം? വ്യാജമദ്യം? വിത്ഡ്രോവൽ സിംറ്റംസ്?" എന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവും തൃത്താല എം എൽ എയുമായ വി ടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മദ്യശാലകൾ പൂട്ടാൻ സമയമെടുത്തതിനെ പരിഹസിച്ചത്. അതേസമയം പഞ്ചാബിൽ മദ്യത്തെ അവശ്യ സാധനങ്ങളിൽ ഉൾപ്പെടുത്തുകയാണ് ബല്‍റാമിന്റെ നേതാവ് കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ചെയ്തത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പഞ്ചാബിൽ യുവാക്കൾ വ്യാപകമായി ലഹരിക്ക് അടിമപ്പെടുന്ന ഒരു സ്ഥിതി വിശേഷം രൂപപ്പെട്ടിരുന്നു. കോൺഗ്രസ് അധികാരം തിരിച്ചു പിടിച്ചത് തന്നെ തെരഞ്ഞെടുപ്പ് ആയുധമായി ഇതിനെ ഉപയോഗിച്ചതിനാലാണ്. എന്നാൽ പെട്ടെന്ന് മദ്യം ലഭ്യമല്ലാതാകുമ്പോഴുണ്ടാകാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് അമരീന്ദർ സിംഗ് സർക്കാർ മദ്യത്തെ അവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

ഇനി കേരളത്തിലേക്ക് തിരിച്ചു വരാം. മദ്യം ലഭ്യമല്ലാതായ രണ്ടാം ദിവസം തന്നെ അതുമായി ബന്ധപ്പെട്ട അഞ്ച് ആത്മഹത്യകളും റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. എറണാകുളം കരിമുകൾ പെരിങ്ങാല ചായ്ക്കര മുരളി, തൃശൂർ കേച്ചേരി തൂവാന്നൂർ സ്വദേശി സനോജ് എന്നിവരാണ് തൂങ്ങി മരിച്ചത്. മദ്യം ലഭിക്കാത്തതുമൂലം ഇരുവരും രണ്ട് ദിവസമായി അസ്വസ്ഥത കാണിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതിൽ മുരളി മദ്യം അന്വേഷിച്ച് അഞ്ച് കിലോമീറ്റർ അകലെയുള്ള പുത്തൻകുരിശ് ബവ്കോയിലേക്ക് നടന്നു പോയി എന്നതിൽ നിന്ന് തന്നെ ഇയാളുടെ മദ്യാസക്തിയും അതുമൂലമുണ്ടായ അസ്വസ്ഥതയും വ്യക്തമാണ്. കൊല്ലം ജില്ലയിൽ വ്യത്യസ്ത ഇടങ്ങളിലായി രണ്ട് യുവാക്കളാണ് മദ്യം ലഭിക്കാത്തതിനാൽ ജീവനൊടുക്കിയത് എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുണ്ടറ പാമ്പുറം സ്വദേശി സുരേഷ്, കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശി ബിജു വിശ്വനാഥൻ എന്നിവരാണ് ആത്മഹത്യ ചെയ്ത്. തൂങ്ങിമരിച്ച നിലയിലായിരുന്നു സുരേഷ്. കൂട്ടിക്കട സ്വദേശിയായ ബിജുവും സമാന കാരണം കൊണ്ട് തന്നെയാണ് ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സ്ഥിരം മദ്യം കഴിക്കുന്നവർക്ക് മദ്യം ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന ആൽക്കഹോള്‍ വിഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി അറിയിച്ചിരിന്നു. ഗുരുതരമായ ശാരീരിക മാനസിക പ്രശ്നങ്ങളുണ്ടാക്കുന്ന അവസ്ഥ ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.രണ്ട് ദിവസത്തിനിടെ നിരവധി പേരെയാണ് വിഡ്രോവൽ സിൻഡ്രോം മൂലം ഡീ അഡിക്ഷൻ കേന്ദ്രങ്ങളിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ ആശുപത്രികളെല്ലാം തന്നെ കൊറോണ ചികിത്സയ്ക്കായി സജ്ജീകരിച്ചിരിക്കുന്നതിനാൽ ലഹരി വിമുക്ത വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമല്ല. മദ്യാസക്തിയിലും ഉപഭോഗത്തിലും മുൻപന്തിയിലാണെങ്കിലും നിലവാരമുള്ള ലഹരി വിമുക്ത കേന്ദ്രങ്ങൾ കേരളത്തിൽ നാമമാത്രമാണെന്നതാണ് സത്യം. അതിനാൽ തന്നെ വരും ദിവസങ്ങളിൽ മദ്യാസക്തിയും അത് ലഭിക്കാത്തതും മൂലമുള്ള പ്രശ്നങ്ങൾ ഗുരുതരമാകുമെന്നാണ് രണ്ട് ദിവസത്തിനിടെ തന്നെയുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്. വീണ്ടുവിചാരമില്ലാതെ സർക്കാരിനെ വിമർശിക്കാനും പരിഹസിക്കാനും മാത്രം നാക്ക് പൊക്കുന്ന ബലരാമന്മാർക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കൂടി അവർ തന്നെ വ്യക്തമാക്കണം.


Next Story

Related Stories