TopTop
Begin typing your search above and press return to search.

ഒടുവില്‍ ശബരിമലയുള്ള പത്തനംതിട്ട മുഴുവന്‍ ചുവന്നു

ഒടുവില്‍ ശബരിമലയുള്ള പത്തനംതിട്ട മുഴുവന്‍ ചുവന്നു

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ സംഭ്രമാത്മകമായ ഒരു അന്തരീക്ഷം രൂപപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലില്‍ നിന്നും കൈവിട്ട ഒരു സമരം കേരളത്തിന്റെയാകെ സാമാധാനാന്തരീക്ഷത്തെ ഭയപ്പെടുത്തുന്ന വിധത്തില്‍ തന്നെ ബാധിച്ചു. രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്ബേ തന്നെ നവോത്ഥാന മുന്നേറ്റം ആരംഭിക്കുകയും അതില്‍ ഏറെ മുന്നോട്ട് പോകുകയും ചെയ്ത നമ്മുടെ സംസ്ഥാനം കുറെ മത ഏജന്റുമാരുടെ കൈകളിലാണോയെന്ന് സംശയിക്കുന്ന സാഹചര്യമാണ് അന്ന് വളരെ പെട്ടെന്ന് തന്നെ രൂപപ്പെട്ടത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും അല്ലാത്തപക്ഷം ഭരണഘടനാ ലംഘനമാകുമെന്നും കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടതോടെയാണ് സംഭവവികാസങ്ങളുടെ തുടക്കം.

കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് രാഷ്ട്രീയ കക്ഷികളും സുപ്രിംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നാല്‍ നായര്‍ സമുദായ സംഘടനയായ എന്‍എസ്‌എസ് ഈ വിധി വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും ശബരിമലയിലെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. അതിന് മുമ്ബേ ശബരിമല ക്ഷേത്രത്തിന്റെ അവകാശികളെന്ന് അറിയപ്പെടുന്ന പന്തളം രാജകുടുംബവും നൂറ്റാണ്ടുകളുടെ പാരമ്ബര്യമുള്ള ആചാരം ലംഘിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് പിന്തുണയുമായാണ് എന്‍എസ്‌എസ് രംഗത്തെത്തിയത്. കൂട്ടത്തില്‍ ശബരിമലയിലെ തന്ത്രി കുടുംബവും ആചാര സംരക്ഷണ സമിതി പോലുള്ള സംഘടനകളും ചേര്‍ന്ന് നടത്തിയ നാമജപ പ്രതിഷേധത്തില്‍ നിലയ്ക്കലും സമീപ പ്രദേശങ്ങളിലും വന്‍ ആള്‍ക്കൂട്ടമാണ് രൂപം കൊണ്ടത്. ഈ ആള്‍ക്കൂട്ടമാണ് ശബരിമല ആചാര സംരക്ഷണമെന്നും വിശ്വാസ സംരക്ഷണമെന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ ആദ്യം കോണ്‍ഗ്രസിനെയും പിന്നീട് ബിജെപിയെയും പ്രേരിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പുത്തരിക്കണ്ടം മൈതാനത്തില്‍ നടത്തിയ നവോത്ഥാന പ്രസംഗം കൂടിയായപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്നും തങ്ങള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവരാണെന്നുമുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്കുള്ള ആയുധം കൂടി ലഭിച്ചു അവര്‍ക്ക്.

അതിന്റെ ഫലമായി സംസ്ഥാനത്തുടനീളം ഒട്ടനവധി ഹര്‍ത്താലുകളും പ്രതിഷേധങ്ങളുമാണ് അരങ്ങേറിയത്. അതില്‍ ഏറ്റവുമധികം സമരങ്ങളും പ്രാദേശികമായ ഹര്‍ത്താലുകളും നടന്നത് പത്തനംതിട്ട ജില്ലയിലാണ്. ജില്ലയില്‍ ഒരു വര്‍ഗ്ഗീയ ധ്രുവീകരണം തന്നെ നടക്കുന്നുവെന്ന പ്രതീതിയാണ് ഉടലെടുത്തത്. വിശ്വാസത്തിന്റെ പേരില്‍ എക്കാലവും വോട്ടുതേടുകയും നേടുകയും ചെയ്യുന്ന ബിജെപിയ്ക്ക് കേരളത്തില്‍ വളരാനുള്ള മണ്ണ് ശബരിമലയിലും പത്തനംതിട്ട ജില്ലയിലും ഒരുങ്ങിയെന്നും വിലയിരുത്തപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ വിശ്വാസികളെ മതേതരമായി സംരക്ഷിക്കുന്നവര്‍ തങ്ങളാണെന്ന് പറഞ്ഞ് കോണ്‍ഗ്രസും ശക്തിപ്രാപിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളുടെയും മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും ഇതെല്ലാം മനസില്‍ കണ്ടാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വിജയിച്ചെങ്കിലും 2,97,396 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നേടിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായ വീണാ ജോര്‍ജ്ജിന്റെ വോട്ട് കുറഞ്ഞതും അതുവഴി രണ്ടാം സ്ഥാനത്തായതിനും പിന്നില്‍ സുരേന്ദ്രന്‍ വിശ്വാസത്തിന്റെ പേരില്‍ നേടിയ വോട്ടിന് പങ്കുണ്ടെന്നും വിശ്വസിക്കപ്പെട്ടു. ഈ രാഷ്ട്രീയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം 89 വോട്ടിന്റെ മാത്രം കുറവില്‍ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തിയ സുരേന്ദ്രന്‍ ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം വിട്ട് കോന്നിയില്‍ മത്സരിച്ചത്. ശബരിമലയിലും പത്തനംതിട്ടയിലും വിശ്വാസത്തിന്റെ പേരില്‍ ഉഴുതിട്ട മണ്ണ് ആചാരസംരക്ഷണത്തിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്ന സുരേന്ദ്രനെ മുന്‍നിര്‍ത്തി രാഷ്ട്രീയമായി ഉപയോഗിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കു കൂട്ടല്‍.

ഉപതെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് കെ സുരേന്ദ്രന്റേതെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു ചിത്രവും ഇവിടെ ശ്രദ്ധേയമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ ഒരു ബസ് സ്റ്റോപ്പില്‍ വോട്ട് അഭ്യര്‍ത്ഥിച്ച്‌ നില്‍ക്കുമ്ബോള്‍ അദ്ദേഹത്തെ ഗൗനിക്കാതെ നില്‍ക്കുന്ന ഏതാനും സ്ത്രീകളായിരുന്നു ഈ ചിത്രത്തിലുണ്ടായിരുന്നു. കോന്നിക്കാരുടെ മനസ് എന്താണെന്ന് ഈ ചിത്രം പറയുമെന്നും ആ ചിത്രത്തില്‍ കുറിച്ചിരുന്നു. എന്നാല്‍ കോന്നിക്കാരുടെ മനസില്‍ യഥാര്‍ത്ഥത്തില്‍ എന്താണുണ്ടായിരുന്നതെന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തെളിഞ്ഞു. 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തെ കോന്നിക്കാര്‍ വിജയിപ്പിച്ചത്.

ഉപതെരഞ്ഞെടുപ്പ് കേരളത്തിന് നല്‍കിയ ഏറ്റവും വലിയ പാഠം വിശ്വാസത്തിന്റെയോ മതത്തിന്റെയോ പേരില്‍ വോട്ടര്‍മാരെ വിലക്കെടുക്കാനാകില്ലെന്നാണ്. ഇരുപത്തിമൂന്ന് വര്‍ഷത്തിന് കോന്നി മണ്ഡലം യുഡിഎഫിന് നഷ്ടമായപ്പോള്‍ പത്തനംതിട്ട ജില്ലയെ സംബന്ധിച്ച്‌ അത് മറ്റൊരു ചരിത്രം കൂടിയാകുകയാണ്. കൊല്ലത്തിന് പിന്നാലെ പത്തനംതിട്ട ജില്ലയും മുഴുവനായും ഇപ്പോള്‍ എല്‍ഡിഎഫിന്റെ കയ്യിലായിരിക്കുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ കോന്നി മാത്രമാണ് എല്‍ഡിഎഫിന് ലഭിക്കാതിരുന്നത്. എന്നാല്‍ കോന്നിയും ഇപ്പോള്‍ ചുവന്നിരിക്കുന്നു. അതായത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ എവിടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചോ അവിടം കോണ്‍ഗ്രസിനെയും ബിജെപിയെയും പൂര്‍ണമായും കൈവിട്ടിരിക്കുന്നു. വട്ടിയൂര്‍ക്കാവില്‍ സംഭവിച്ചതും മറ്റൊന്നല്ലെന്ന് ഫലവും തെരഞ്ഞെടുപ്പ് പ്രചരണവും പരിശോധിച്ചാല്‍ മനസിലാകും. മതവും വിശ്വാസവുമൊന്നുമല്ല തങ്ങള്‍ക്ക് പ്രധാനമെന്ന് പ്രബുദ്ധരായ ഒരു ജനത ഈ രാഷ്ട്രീയ കക്ഷികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ് ഇത്.


Next Story

Related Stories