TopTop
Begin typing your search above and press return to search.

ജീവിക്കാൻ സമൂഹം സമ്മതിക്കില്ല എന്ന് അവൾ വളരെ നേരത്തെ മുന്നിൽ കണ്ടിരുന്നോ? അഞ്ജന നല്‍കിയ മുറിവ്

ജീവിക്കാൻ സമൂഹം സമ്മതിക്കില്ല എന്ന് അവൾ വളരെ നേരത്തെ മുന്നിൽ കണ്ടിരുന്നോ? അഞ്ജന നല്‍കിയ മുറിവ്

ഒരാളുടെ ജൻഡർ അയാൾക്ക് മാത്രം അറിയുന്ന കാര്യമാണ്, അതുപോലെ തന്നെയാണ് സെക്ഷ്വാലിറ്റി. ഓരോരുത്തരുടെയും മനസ്സിൽ അവർ ആരെന്നു തോന്നുന്നുവോ അതാണ് അവർ. ഒരു ആണിന്റെ മനസ്സും പെണ്ണിന്റെ ശരീരവുമായി ജീവിക്കുന്നവരുണ്ട്, അതുപോലെ തിരിച്ചും. സെക്സും ജൻഡറും രണ്ടു കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്നുപോലും അറിയാത്ത ആളുകളാണ് നമ്മുടെ സമൂഹത്തിലുള്ളത്. മനുഷ്യരെല്ലാരും വ്യത്യസ്തരാണ്, നാം നോര്‍മലായി ജനിച്ചവരാണ് എന്ന് നാമും കരുതുമ്പോഴും ആരാണ് ശരിക്കും നോർമൽ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെവരും. സെക്ഷൻ 377 എടുത്തു കളഞ്ഞാലും ട്രാൻസ്ജൻഡർസ് ന് സമൂഹത്തിൽ അംഗീകാരം ഉണ്ടെന്നു പറഞ്ഞാലും പുഴുക്കുത്തു പിടിച്ച സമൂഹം ഇപ്പോഴും ഇവരെയൊക്കെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നു. അതിന്റെ പരിണിത ഫലമാണ് തലശേരി ബ്രണ്ണൻ കോളേജിൽ വിദ്യാർത്ഥിനിയായ അഞ്ജന എന്ന പെൺകുട്ടിയുടെ ദുരൂഹ മരണം. സെക്ഷ്വാലിറ്റിയിൽ സമൂഹം എഴുതിവച്ച നോർമൽ അവസ്ഥയിൽ നിന്നും വ്യത്യസ്തയായവളാണ് അഞ്ജന. അവളാണ് ഇന്നലെ ഗോവയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചിരിക്കുന്നത്. അവൾ ഒരിക്കലും സ്വയം ഇല്ലാതാകില്ല എന്ന് സുഹൃത്തുക്കൾ പറയുമ്പോഴും ജീവിക്കാൻ ഏറെ ശ്രമിച്ചിട്ടും അതിനു സമൂഹം സമ്മതിക്കാതെ ഒരവസ്ഥ വന്നപ്പോൾ എല്ലാം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കണ്ണുകൾ എപ്പോഴും നക്ഷത്രങ്ങൾ പോലെ തിളങ്ങുന്ന വിടർന്ന ചിരിയുള്ള ആ പെൺകുട്ടി ജീവിതത്തെ വളരെയേറെ സ്നേഹിച്ചിരുന്നു എന്നാണു അവളെ അറിയുന്നവർ പറയുന്നത്. അവൾക്കു ഇനി ഒരിക്കലും ഒളിച്ചു വയ്ക്കാൻ കഴിയില്ല എന്ന അവസ്ഥ വന്നപ്പോഴായിരിക്കാം അവളുടെ സെക്ഷ്വൽ ഐഡന്റിറ്റി പുറത്തുവന്നത്.. എത്രനാൾ സമൂഹത്തിനെ ഭയന്ന് ഒരുവൾ അവളുടെ ഐഡന്റിറ്റി ഒളിച്ചു വയ്ക്കും. പക്ഷെ അതിനവൾ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. സ്വന്തം കുടുംബത്തിൽ നിന്നുപോലും അവഗണനയും പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു എന്നാണ് അവളുടെ ഫേസ്ബുക് കുറിപ്പുകൾ വ്യക്തമാക്കുന്നത്. വെറും 21 വയസ്സ് മാത്രം പ്രായമുള്ള അഞ്ജന എന്ന പെൺകുട്ടി ജീവിതത്തിൽ ഒറ്റപ്പെടാൻ കാരണം അവളുടെ സെക്ഷ്വൽ പ്രിഫെറെൻസ് പുറത്തു പറഞ്ഞു എന്നുള്ളതാണ്. ഒരു ഘട്ടത്തിൽ അവൾക്കു വളരെയധികം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെന്നും അവളെ മെന്റൽ അസൈലത്തിൽ പൂട്ടിയിട്ടു മാനസിക രോഗത്തിനുള്ള മരുന്നുകൾ കുത്തിവയ്ച്ചു എന്നുമാണ് അഞ്ജനയുടെ അവസാനത്തെ ഫേസ്ബുക് ലൈവ് തരുന്ന വിവരം. അവിടെ നിന്നും ഒരു കണക്കിന് രക്ഷപെട്ട പെൺകുട്ടി തന്റെ സുഹൃത്തുക്കളോടൊപ്പമാണ് പോയത്. പക്ഷെ വീട്ടുകാർ കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് അഞ്ജനയ്ക്കു കോടതിയിൽ ഹാജരാകേണ്ടി വന്നു. സുഹൃത്തിനോടൊപ്പമാണ് പോകാൻ താല്പര്യം എന്ന് കോടതിയെ അറിയിച്ച അഞ്ജനയെ കോടതി സുഹൃത്തിനോടൊപ്പം വിട്ടയക്കുകയായിരുന്നു. അവരോടൊപ്പം താമസിച്ചുവന്ന യുവതി ഗോവയിൽ പോയെന്നും അവിടെ വയ്ച്ചു മരണപ്പെട്ടു എന്നുമാണ് ഒടുവിൽ വന്നവിവരം. അഞ്ജനയോടൊപ്പം ആരൊക്കെ ഉണ്ടായിരുന്നു എന്നോ എങ്ങനെ മരണപ്പെട്ടു എന്നോ വ്യക്തമായ വിവരം കിട്ടിയിട്ടില്ല. പക്ഷെ ഒന്ന് മാത്രം അറിയാം അഞ്ജനയുടെ മരണത്തിനുത്തരവാദി നാം ഉൾപ്പെടുന്ന സമൂഹമാണ്. ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു കൊടുത്തപ്പോഴും തല മൊട്ട അടിച്ചപ്പോഴും കോളേജ് മുറ്റത്തു കൂടെ ബൈക്ക് ഓടിച്ചു നടന്നപ്പോഴും തന്നിഷ്ടക്കാരിയായി മുദ്ര കുത്തപ്പെട്ട പെൺകുട്ടി പക്ഷെ ശുദ്ധഗതിക്കാരിയും സ്നേഹമുള്ളവളുമായിരുന്നു എന്നാണു സുഹൃത്തുക്കൾക്ക് പറയാനുള്ളത്. ട്രാൻസ്ജൻഡേഴ്സിന്റെ അവകാശങ്ങൾക്കു വേണ്ടി വളരെയധികം പോരാടിയിരുന്നു. ലിംഗ ഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളുവാനും പ്രണയിക്കുന്നതിനോ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും സാമൂഹിക സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാതെയിരിക്കാനും ബോധവത്കരിക്കാൻ വേണ്ടി നടത്തുന്ന ക്വിയർ പ്രൈഡ് എന്ന ഫെസ്റ്റിവലിലൊക്കെ സജീവ പങ്കാളിത്തമായിരുന്നു അഞ്ജന. ഈയടുത്ത കാലത്തു പലപ്പോഴും ജീവിതം കൈവിട്ടു പോകുന്നതിനെക്കുറിച്ചാണ് അഞ്ജന എന്ന ചിന്നു എഴുതിയിരുന്നത് ഇങ്ങനെ; പറക്കണമെന്നാഗ്രഹിച്ച് ഉയരും മുൻപേ വീണുപോയ ആകാശത്തെക്കുറിച്ചാകാം ചേർത്തുനിർത്തണമെന്നാഗ്രഹിച്ചിട്ടും ഊർന്നുപോയ വിരലുകളെക്കുറിച്ചാകാം ചുംബിക്കണമെന്നാഗ്രഹിച്ചിട്ടും അടർന്നുപോയ ചുണ്ടുകളെക്കുറിച്ചാകാം മനസ്സിലാക്കായ്മയിൽ ഉരുകിത്തീർന്ന ചൂടിനെപ്പറ്റിയാകാം കീഴടക്കാനാഗ്രഹിച്ച മലകളെയും കാടിനെയും മാറിനെയും കുറിച്ചാകാം എന്തുതന്നെ ആയാലും അതെൻ്റെ ആത്മഹത്യക്കുറിപ്പായി വായിക്കുക സ്വപ്നങ്ങളുടെ .... സുന്ദര പ്രണയത്തിൻ്റെ...നേടിയെടുത്ത മോഹങ്ങളുടെ...ചീഞ്ഞുനാറിയ മണം നിങ്ങളുടെ മൂക്കിലേക്ക് തുളച്ചുകയറിയേക്കാം എങ്കിലും വെറുതെയൊന്ന് കണ്ണോടിക്കുക ശേഷമെൻ്റെ കണ്ണിലേക്കും. ജീവിക്കാൻ സമൂഹം സമ്മതിക്കില്ല എന്ന് അവൾ വളരെ നേരത്തെ മുന്നിൽ കണ്ടിരുന്നോ?


Next Story

Related Stories