കോവിഡ് കാലത്തെ എന്റെ ജീവിതം ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് കൊറോണ വൈറസ് കുടിയേറും മുൻപ് തന്നെ എനിക്കുള്ള ഡോക്ടറുടെ നിർദേശങ്ങൾ ഇവയായിരുന്നു : യാത്ര ചെയ്യരുത്. ഏറെ സംസാരിക്കരുത്. വിയർക്കരുത്. ടെൻഷൻ ഒഴിവാക്കണം. ഇറച്ചി, മീൻ, പുളി, എരിവ്, ഉപ്പ് എന്നിവ പരമാവധി കുറക്കണം. നാളുകൾക്ക് മുൻപ് തന്നെ എന്നെ ചില രോഗങ്ങൾ അലട്ടിയിരുന്നു. എങ്കിലും കാര്യമാക്കാതെ നിസ്സാരവൽക്കരിക്കുകയായിരുന്നു. പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാണിച്ചു ഡോക്ടറുടെ അടുത്തു എത്തിച്ചത് മുളക്കുളത്തെ എം. ബി. ബാബുരാജ് ആണ്.അദ്ദേഹത്തിന്റെ നിർദേശം സ്വീകരിചില്ലായിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു. എങ്കിലും പതിവ് രീതിയിൽ യാത്ര, പ്രസംഗങ്ങൾ എന്നിവ തുടരുമ്പോൾ ആണ് കടുത്ത പ്രതിസന്ധികളെ നേരിട്ടത്. അതോടെ ആരും വിളിക്കാതിരിക്കാൻ വേണ്ടി ഫേസ് ബുക്കിൽ ഒരു പോസ്റ്റ് ഇട്ടത്. പിന്നീട് ജീവിതം വീട്ടിനുള്ളിൽ ആയി.
ഈ സമയത്തു ആണ് പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം നടക്കുന്നത്. ആ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് ഒരു പഠനം നടത്താൻ തീരുമാനിച്ചു. പ്രാരംഭമായി ഡോ. ബി. ആർ. അംബേദ്കറിന്റെ സമ്പൂർണകൃതികളുടെ പതിനഞ്ചാം വാല്യം വായിച്ചു തുടങ്ങി. ഏത് പുസ്തകവും വളരെ സ്പീഡിൽ വായിക്കാൻ കഴിയുന്ന എനിക്ക് നാനൂറോളം പേജ് വായിച്ചു തീർക്കാൻ ദിവസങ്ങളാണ് വേണ്ടി വന്നത്. പിന്നീട് കടുത്ത ശാരീരിക അസ്വസ്ഥതകളാൽ വായന തുടരാൻ കഴിഞ്ഞില്ല. ജീവിതത്തിലെ ഏറ്റവും ഭീതിദമായ അവസ്ഥയായിരുന്നു അത്. ഞാൻ പ്രയോജനമില്ലാത്ത ഒരു വസ്തുവായി തീരുകയാണോയെന്ന വിചാരം എന്നെ വേട്ടയാടി. ഇതോടെ എന്റെ അതിജീവനം എന്റെ കടമയായിതീർന്നു. ഒരു പുതിയ ശീലമെന്നനിലയിൽ മരുന്നുകൾ കൃത്യമായി കഴിച്ചു തുടങ്ങി. യാത്ര സമ്പൂർണമായി ഒഴിവാക്കിയപ്പോൾ സംസാരം ആവശ്യത്തിനു മാത്രമായി. ആഹാരക്രമത്തിൽ മാറ്റം വരുത്തി. ആശാവഹമായ മാറ്റങ്ങൾ വന്നപ്പോൾ ആണ് മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് എഴുതാൻ ഉറച്ചത്. ഇതേ സമയത്തു ആണ് മാധ്യമപ്രവർത്തകനും സാമ്പത്തികശാസ്ത്രജ്ഞനുമായ കെ. പി. സേതുനാഥ് ഒരു പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടത്. വിഷയത്തിന്റെ ഗൗരവവും ചരിത്രപ്രാധാന്യവും ദാർശനികതലവും മുൻനിർത്തി അക്കാര്യം നിഷേധിക്കാൻ കഴിയുമായിരുന്നില്ല.ആ ദിവസങ്ങളിൽ ആണ് ലോക് ഡൗൺ പ്രഖ്യാപിക്കുന്നത്. മുൻപേതന്നെ വീട്ടിനുള്ളിൽ കഴിഞ്ഞിരുന്നതിനാൽ ആരോഗ്യ അടിയന്തിരാവസ്ഥയുടെ അസ്വസ്ഥത എന്നെ ബാധിച്ചിരുന്നില്ല.
ലോക് ഡൗൺ കാലത്ത് സേതു ഏൽപ്പിച്ച ജോലി ആരംഭിച്ചു. കഠിനമായ പ്രയത്നമായിരുന്നു അത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും വായനയും എഴുത്തും തുടർന്ന്. ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ പേജ് മാത്രമാണ് എഴുതാൻ കഴിഞ്ഞത്. അദ്വൈതം പോലൊരു വിഷയം എഴുതാൻ രണ്ടാഴ്ചത്തെ വായനയാണ് വേണ്ടിവന്നത്. ഏതായാലും ലോക് ഡൗൺ കാലത്ത് തന്നെ എഴുതി പൂർത്തിയാക്കി.ഇനിയത് തിരുത്തുന്ന ജോലിയാണുള്ളത്. എഴുത്തിനിടെ സമയം ചിലവഴിച്ചത് മഹാമാരിയെക്കുറിച്ചുള്ള വാർത്തകൾ കാണാനും വായിക്കാനുമാണ്. ദുരന്തങ്ങൾ സങ്കടപ്പെടുത്തിയെങ്കിലും ഞാൻ ഏറെ വിശ്വാസം അർപ്പിച്ചത് ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ശാസ്ത്രജ്ഞർ എന്നിവരുടെ വിശകലനങ്ങളിൽ ആണ്. കാരണമുണ്ട്. ലോകമെമ്പാടും പടർന്ന മഹാമാരിയെ ശാസ്ത്രമെന്ന നിലയിൽ സമീപിക്കാൻ അവർക്കേ കഴിയുമായിരുന്നുള്ളൂ. ഇതോടൊപ്പം യുദ്ധങ്ങളുടെയും മഹാമാരികളുടെയും ചരിത്രമറിയുന്നതിനാൽ കോവിഡ് സമ്പദ് -സാമൂഹിക -രാഷ്ട്രീയഘടനയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചു പരിമിതമായ അറിവ് നേടാനും കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ആരാധകനല്ലാതിരുന്നിട്ടും പിണറായി വിജയന്റെ പത്രസമ്മേളനം സ്ഥിരമായി ശ്രദ്ധിക്കാറുണ്ടായിരുന്നു. മതവിശ്വാസിയല്ലാത്തതുകൊണ്ടാവാം അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ ശാസ്ത്രവാബോധത്തിന്റെ തെളിച്ചം പരന്നിട്ടു ണ്ടായിരുന്നു.
മറ്റൊരു കാര്യം വ്യക്തിപരമാണ്. എന്റെ മക്കളും ബന്ധുക്കളും സുഹൃത്തുക്കളും കേരളത്തിനു വെളിയിലുമാണ് ഉള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെക്കുറിച്ചു ഒരു പൊതുവായ ചിത്രം മുഖ്യമന്ത്രിയിൽനിന്നും ലഭിച്ചത് ഏറെ സഹായകമായിരുന്നു. കേരളത്തിൽ കൊറോണകാലത്തെ ഏറ്റവും വലിയ അശ്ലീലം രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എന്നിവരാണ്. ഭരിക്കുകയെന്നത് ജന്മാവകാശമാണെന്ന് ധരിച്ചിരിക്കുന്ന ഈ മാടമ്പിമാരാണ് കോവിഡിനെ കൈകാര്യം ചെയ്തിരുന്നതെങ്കിൽ സംസ്ഥാനം, അമേരിക്ക, ഇറ്റലി, മഹാരാഷ്ട്ര എന്നിവയെപ്പോലെ ദുരന്തഭൂമിയാകുമായിരുന്നു. മാത്രമല്ല ഓരോ കേരളീയനും മാനക്കേട് ഉണ്ടാക്കുന്നത്, വിമോചനസമരകാലത്തെപ്പോലെ പകയും വെറുപ്പും ഉയർത്തുന്ന യുത്ത് കോൺഗ്രസിന്റെ സമരങ്ങൾ ആണ്.
മൊത്തം കോൺഗ്രസ്സ്കാരുടെയും സാമൂഹ്യാവബോധം ഒരു യുവ എം. പി. പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്: അന്യസംസ്ഥാനങ്ങളിൽനിന്നും ആയിരക്കണക്കിന് പേരെ ഗ്രാമപഞ്ചായത്തകളിലെ കമ്മ്യുണിറ്റി ഹാളുകളിലും സ്കൂളുകളിലും പാർപ്പിക്കുക.കോവിഡിന് എതിരെ മരുന്നോ വാക്സിനോ ഇല്ലാതിരിക്കെ സാമൂഹിക അകലം മാത്രമാണ് പ്രതിവിധിയെന്നു ലോകം മുഴുവനും അംഗീകരിചിരിക്കെയാണ് എം. പി. സ്വന്തം അറിവില്ലായ്മ ലക്ഷക്കണക്കിന് ജനങ്ങളുടെ മുൻപിൽ വിളമ്പിയത്. ഇത്തരം പ്രാഥമികമായ അറിവ് പോലും ഇല്ലാത്തവർ ആയിരുന്നു രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറെ ജർമനിയുടെ ഫ്യുറർ ആക്കിയത്. എട്ട് കോടി ജനങ്ങളെ കൊന്നൊടുക്കിയ ആ സ്വേച്ഛാധിപതിയുടെ അപ്രമാദിത്വത്തെ അന്ധമായി വിശ്വസിച്ചവർ ജർമ്മനിയുടെ മേൽ പെരുമഴയായി ബോംബുവർഷമുണ്ടായപ്പോഴും ടാങ്കുകളുടെയും പീരങ്കികളുടെയും തോക്കുകളുടെയും മുൻപിൽ നാസികൾക്കൊപ്പം മരിച്ചു വീണപ്പോഴാണ് ഹിറ്റ്ലർക്കെതിരെ തിരിഞ്ഞത്. അത്തരം ഓർമ്മകൾ നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്.
(കെ.കെ കൊച്ച് ഫേസ്ബുക്കില് എഴുതിയത്)