TopTop
Begin typing your search above and press return to search.

'കൊഴുപ്പിക്കലില്ലാതെ വാർത്തയെ കിറുകൃത്യം അവതരിപ്പിക്കുന്ന ജേർണലിസ്റ്റിന്റെ ആധികാരികതക്ക് നല്ല വിലയുണ്ടായിരുന്നു'

കൊഴുപ്പിക്കലില്ലാതെ വാർത്തയെ കിറുകൃത്യം അവതരിപ്പിക്കുന്ന ജേർണലിസ്റ്റിന്റെ ആധികാരികതക്ക് നല്ല വിലയുണ്ടായിരുന്നു

മാധ്യമപ്രവർത്തനത്തെയും മാധ്യമ പ്രവർത്തകരെയും കുറിച്ച് തലങ്ങും വിലങ്ങും സംവാദം നടക്കുകയാണല്ലോ. എന്താണ് ശരിയായ മാധ്യമ പ്രവർത്തനം എന്നതിന് 10 വർഷം മുമ്പ് ഇന്നുള്ള ഉത്തരമല്ല. 2006 - 2009 കാലഘട്ടത്തിൽ മാധ്യമ രംഗത്ത് നിലനിന്നപ്പോൾ ഏറ്റവും അധികം ആഴത്തിൽ മനസിലേക്ക് പതിഞ്ഞ ഒരു ടേം പ്രൊഫഷണലിസം എന്നായിരുന്നു. ദൃശ്യങ്ങൾ ആദ്യം സംസാരിക്കണം, അതിനെ പൂരിപ്പിക്കാനുള്ള വർത്തമാനം മാത്രമേ റിപ്പോർട്ടർ പറയേണ്ടതുള്ളൂ എന്നതാണ് ആദ്യം കിട്ടിയ ട്രെയിനിങ്ങ്. ഒരു ന്യൂസ് സ്റ്റോറിയെന്നാൽ വാക്കുകൾ വലിച്ചെറിഞ്ഞെഴുതി വിഷൽ വെട്ടി ഇടുകയല്ല,വിഷൽ കണ്ട് വേണ്ട ടെക്സ്റ്റ് മാത്രം എഴുതുക എന്നതായിരുന്നു. ആൻകർ വായിക്കുന്ന ഹെഡ്, വോയിസ് ഓവർ, ഒരു ബൈറ്റ് (ആവർത്തനമില്ലാതെ) ഇതെല്ലാം ചേർത്ത് ഒരു മിനിറ്റിൽ താഴെ നില്ക്കുന്ന സ്റ്റോറിയുണ്ടാക്കുക റിപ്പോർട്ടറുടെ മികവായിരുന്നു. സ്വാഭാവികമായും വികാരാവേശങ്ങളെല്ലാം പടിക്കു പുറത്താവും. അത്തരം കൊഴുപ്പിക്കലില്ലാതെ വാർത്തയെ കിറുകൃത്യം അവതരിപ്പിക്കുന്ന ജേർണലിസ്റ്റിന്റെ ആധികാരികതക്ക് നല്ല വിലയുണ്ടായിരുന്നു.

നമുക്കു മാത്രം കിട്ടുന്ന

എക്സ്ക്ലൂസീവ് , ബ്രേക്കിങ്ങ് കൊടുക്കുന്നതിന് മുന്ന് രണ്ടോ മൂന്നോ ചെക്കിങ്ങ് നടത്തണമെന്നാണ് അടുത്ത പാഠം. ആ ചെക്കിങ്ങിന്റെ സാവകാശത്തിൽ വാർത്ത കൈയിൽ നിന്നു പോയാലും, ആ വാർത്ത കൈവിട്ടല്ലേ...ശെടാ, എന്നാലും സാരമില്ല, അബദ്ധം പറ്റുന്നതിനേക്കാൾ ഭേദമെന്ന് സമാധാനിപ്പിക്കുന്നവരായിരുന്നു ബ്യൂറോ ചീഫുമാർ. പ്രൊഫഷണൽ നീറ്റ്നെസ് സൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുന്ന ബഹുഭൂരിപക്ഷത്തിനെയാണ് ചുറ്റും കണ്ടിട്ടുള്ളത്.വ്യക്തിപരമായ പരിമിതികളിലും, വീഴ്ചകളിലും, ബലഹീനതകളിലും, വിയോജിപ്പുള്ള രാഷ്ട്രീയമുള്ളപ്പോൾ പോലും, വാർത്തയിലെ പ്രൊഫഷണലിസം മുന്തി നിന്നു.

അടുത്തത് ഭാഷയുടെ ഉപയോഗം. നമ്മുടെ മലയാള ഭാഷയെ ഏറ്റവും ലളിതമായി, തെളിച്ചത്തോടെ, വികലമല്ലാതെ ഉപയോഗിക്കുക നല്ല ജേർണലിസ്റ്റിന്റെ യോഗ്യതയായിരുന്നു. ക്രിയേറ്റീവായി ഭാഷയെ ഉപയോഗിക്കുന്ന മാധ്യമ പ്രവർത്തകർ അതത് സ്ഥാപനങ്ങളുടെ അസറ്റായിരുന്നു.. ഒരക്ഷരത്തെറ്റ് സ്ട്രിപ്പിൽ കണ്ടാൽ പോലും നാലിടത്തു നിന്നു ചോദ്യവും ഉടൻ തിരുത്തും വരും.വാർത്ത കേൾക്കുന്നതിൽ / കാണുന്നതിൽ ഭൂരിപക്ഷവും സാധാരണക്കാരാണ്. ഒറ്റ കേൾവിയിൽ ഹൃദയത്തിലെത്തണം. അതുപോലെ തന്നെ വാക്കുകൾ ആഞ്ഞു പതിയുകയും ചെയ്യും!. ഭാഷ അധികാരത്തിന്റെ പ്രതീകം കൂടിയാണ്.പണ്ഡിതരും പാമരരും, സ്ത്രീകളും കുട്ടികളും, തൊഴിലാളികളുമൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന ഭാഷയിൽ എന്തു പറയാം, എന്തുപറയരുത് എന്ന ജാഗ്രത എപ്പോഴും ഉണ്ടായിരുന്നു.

ഭാഷയിലും പ്രയോഗങ്ങളിലും മനുഷ്യ വിരുദ്ധതകൾ ,അത്തരം പ്രയോഗങ്ങൾ ബോധത്തിലോ അബോധത്തിലോ വന്നാൽ പരസ്പരം തിരുത്തുക ശീലമായിരുന്നു. അതൊരു സാമൂഹിക പഠനം കൂടിയാണ്.

'ചെറ്റ, ' 'പണ്ടാരടങ്ങാൻ ' തുടങ്ങിയ വാക്കുകൾ വൊക്കാബുലറിയിൽ നിന്ന് കളയാൻ അത്തരം ഇടങ്ങൾ കാരണമായിട്ടുണ്ട്.

News Reader, News Presenter ആയ കാലം കൂടിയായിരുന്നു. വാർത്ത വെറുതെ വായിച്ചു പോവലല്ല , ധാരണ വേണം എന്നായി. അവതാരകരും റിപ്പേർട്ടറും, റിപ്പോർട്ടറും മനുഷ്യരും, തമ്മിൽ ചോദ്യ ഉത്തരങ്ങളുമായി.വാർത്താ വിശകലനങ്ങളുണ്ടായി. സ്വാഭാവികമായും വാർത്തയെ കുറിച്ച് മാത്രമല്ല, വാർത്ത ഉത്ഭവിക്കുന്ന ലോകത്തെ കുറിച്ചും ജ്ഞാനമുണ്ടാവുക പ്രധാനമാണ്. നല്ല ജേർണലിസ്റ്റുകളെല്ലാം തന്നെ ആഴത്തിൽ വായനയും നിരീക്ഷണവുമുള്ള വരുമായിരിക്കും. പത്തു പത്രം വായിച്ചാൽ പത്തുനിലപാട് കിട്ടും എന്ന തമാശയിറങ്ങിയ കാലത്ത്, പത്തും വായിക്കൂ എന്നാണ് കിട്ടിയ പാഠം. ഒന്നു മാത്രം വായിച്ച് അത് ശരിയെന്ന് കരുതരുതെന്നും.

മുൻപ് എല്ലാം മഹത്തരമായിരുന്നു എന്നല്ല.

മുൻപും, ഓരോ പത്രത്തിനും ചാനലിനും അതാത് രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉണ്ടായിരുന്നു.എല്ലാവരും മത്സരബുദ്ധിയോടെ പണിയെടുത്തിരുന്നു. പുതിയ പുതിയ സ്ഥാപനങ്ങൾ വന്നപ്പോൾ തങ്ങളെ പുതുക്കി കൊണ്ടേയിരുന്നു... പിന്നെന്താണ് മാധ്യമ പ്രവർത്തനത്തിനും മാധ്യമ പ്രവർത്തകർക്കും സംഭവിച്ചത്? സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ആദ്യത്തെയും പ്രധാനവുമായ കാര്യം ,വിപണി നിലനില്പാണ്.സോഷ്യൽ മീഡിയ വന്നതിനു ശേഷം ഓരോരുത്തരും റിപ്പോർട്ടറുമാരായി. അന്നുണ്ടായ 'റിപ്പോർട്ടർ'എന്ന ചാനലിന്റെ പേര് തന്നെ ശ്രദ്ധിക്കുക. അതത് ഇടങ്ങളിലെ സംഭവങ്ങൾ, വാർത്തകൾ, പ്രശ്നങ്ങൾ.. അവരവർ തന്നെ അവതരിപ്പിക്കുന്ന സ്ഥിതി വന്നു. 24x7 ചാനലിനും, വാർത്തക്കു പിറ്റേന്നിറങ്ങുന്ന പത്രത്തിനും അന്നന്നത്തെ ദിവസത്തെ വാർത്ത ഏറ്റവും ഫ്രഷായി അവതരിപ്പിക്കുക വലിയ വെല്ലുവിളിയായി. ഞങ്ങൾക്കാണ് ആദ്യം കിട്ടിയ വാചകം പോലും പുതുകാലത്തിന്റേതാണ്. എന്തെത്തുക എന്നതല്ല ആദ്യമെത്തുക പ്രധാനമായി. ആദ്യം കിട്ടുന്ന വാർത്തയും ദൃശ്യങ്ങളുമാണ് ആളുകൾ കാണുക, പങ്കു വക്കുക. ഒരു അവിചാരിതം/ദുരന്തം / അപ്രതീക്ഷിതം സംഭവിച്ചാൽ റിമോട്ട് കൊണ്ട് എല്ലാ ക്ലിക്കിലും പോയി നോക്കി തങ്ങൾക്ക് തൃപ്തിയായ വിഭവം കിട്ടും വരെ സംതൃപ്തമാകുന്ന മനുഷ്യരെ തങ്ങളുടെ ഇടത്തിൽ പിടിച്ചു നിർത്തുകയായി മാധ്യമങ്ങളുടെ വെല്ലുവിളി.കയ്യിൽ ഫോണുമായി റെഡിയായിരിക്കുന്ന മനുഷ്യർക്ക് ആദ്യം വിഭവം വില്ക്കുക.- വാർത്ത ഏറ്റവും വലിയ ഉല്പന്നമായ തങ്ങനെയാണ്. സ്വാഭാവികമായും ഉല്പന്നം വില്ക്കാൻ സകല മാർഗങ്ങളും പ്രയോഗിക്കലായി.ക്ഷോഭവും ഒച്ചയും സ്വാഭാവികതയായി.News Presenter ,News Actor ആവുന്നത്ര അരോചകമായ അവസ്ഥ വേറെയില്ല. പക്ഷേ ആ അവസ്ഥ ഉണ്ടാക്കുന്നത് സ്ഥാപനത്തിന്റെ താല്പര്യമല്ല ,സ്ഥാപനത്തെ കൂടി നിയന്ത്രിക്കുന്ന വാണിജ്യത്തിന്റെ താല്പര്യമാണ്.

സ്ക്രീനിൽ മുഖം വരുന്നതിനുള്ള ഇടമല്ല ജേർണലിസം.മമ്മൂട്ടിയും മോഹൻലാലുമല്ല ആൻകർ. മേക്കപ്പിട്ട സുന്ദര ശരീരവുമല്ല.പക്ഷേ അങ്ങനെയാവാൻ പ്രേരിപ്പിക്കുന്നു വിപണി.പ്രൊഫഷണലിസം മാറുക, പേഴ്സണലിസം കൊണ്ടുവരിക ! രാജ്യത്ത് നിലനില്ക്കുന്ന വിപണി പ്രത്യയശാസ്ത്രത്തിന് അടിപ്പെടാതെ ,മാറി നിന്ന് റിബലായി പ്രവർത്തിക്കുക എളുപ്പവുമല്ല. നമ്മുടെ മാധ്യമ സുഹൃത്തുക്കളിൽ, മാധ്യമ ബോധമുള്ള,

എത്രയോ പേരുണ്ട്. ! വിയോജിപ്പുള്ള ഇടങ്ങളിലിരിക്കുന്നതിനാൽ അവർ സാമൂഹികദ്രോഹികളാകുന്നില്ല. പക്ഷേ പലരും പ്രൊഫഷണലിസത്തിനു പുറത്താകുന്നു. വാർത്തയിൽ ഏറ്റവും വിപണിയുള്ള രാഷ്ട്രീയവും സിനിമയും ഒന്നാമതെത്തുന്നു. പൊളിറ്റിക്കൽ ഗെയിമിനു മാത്രമുള്ള വിഭവങ്ങളുണ്ടാവുന്നു. സിനിമയിലും സീരിയലിലും അല്ലാത്ത കലകളെല്ലാം സ്ക്രീനിന് പുറത്താവുന്നു. ഓണമില്ലെങ്കിലും നടന്റെയോ ,മന്ത്രിയുടെയോ നഷ്ടപ്പെട്ട ഓണം ഓണവിഭവമാകും.ഇത് വാർത്താ ചാനലുകളിൽ മാത്രമല്ല. പിന്തിരിപ്പനും സ്ത്രീവിരുദ്ധവും പാടിയാർക്കലുമായ കണ്ടന്റുകൾ മുഖ്യധാരാ എന്റർടെയിൻമെന്റുകളിൽ പടച്ചു വിടുന്നത് അവിടെ വിവേകമുള്ളവരില്ലാഞ്ഞിട്ടല്ല.

രണ്ടാമത്തേത്

ജേർണലിസം സ്ഥാപനവല്കരിക്കപ്പെടുന്നതിന്റെ പ്രശ്നങ്ങളാണ്. ജേർണലിസ്റ്റിന്റെ പ്രൊഫഷണലിസവും എത്തിക്സും പൊളിറ്റിക്സും സാമൂഹിക ഉത്തരവാദിത്തവും ഒരു സ്ഥാപനത്തിന്റെ കീഴിലേക്ക് വരുമ്പോൾ റദ്ദ് ചെയ്യപ്പെടുന്നു. മുമ്പ് അടക്കിപ്പിടിച്ചിരുന്ന സംഘർഷങ്ങൾ പുറത്തേക്കു തള്ളി വരികയാണ്.പരസ്പരം ഉണ്ടായിരുന്ന സർഗാത്മകമായ മത്സരബുദ്ധി വ്യക്തി/സ്ഥാപനതാല്പര്യാർത്ഥം

വിധ്വംസകമായി മാറുന്നു എന്നതാണ് സത്യം.ഒരു നല്ല ജേർണലിസ്റ്റിന് നല്ല സ്ഥാപനങ്ങളിൽ സ്വതന്ത്രമായി ജോലിയെടുക്കാനാവുന്നില്ല. നല്ല സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന ഒരാൾക്ക് നല്ല ജേർണലിസ്റ്റാവാനും പറ്റണമെന്നില്ല.എല്ലാ തൊഴിൽ മേഖലയിലുമെന്ന പോലെ ഇവിടെയും ഉണ്ട് ആ പ്രശ്നം. ഈ തൊഴിൽ മേഖല കൂടുതൽ പ്രകടമാക്കുന്നു എന്നു മാത്രം.രാഷ്ട്രീയ പ്രവർത്തനം എടുക്കൂ. സി പി എം, കോൺഗ്രസ് എന്നീ സംഘങ്ങളിൽ അതാത് ആദർശങ്ങൾ പാലിക്കുന്നവർ എത്ര പേരുണ്ട്? സ്വജനപക്ഷപാതം, അഴിമതി, കെടുകാര്യസ്ഥത ഒക്കെ 'സാമൂഹിക പ്രവർത്തനം' നടത്തേണ്ടുന്നവരിൽ സ്വാഭാവികമെന്ന പോലെ അംഗീകരിക്കപ്പെടുന്നു! ഈ

രാഷ്ട്രീയഇടങ്ങളിലെ ശരികേടുകൾ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ മാധ്യമ പ്രവർത്തകരുടെ സ്ഥാപനം ആദ്യം പ്രശ്ന പരിസരത്തു കൊണ്ടുവരുത്തുന്നതും

അപകടകരമാണ്. വിമർശനം - വിരുദ്ധത രണ്ടും രണ്ടാണ്. അധികാരിയെ ഭയന്ന് ചോദ്യം ചോദിക്കാതിരിക്കുക നല്ല മാധ്യമ പ്രവർത്തകർക്ക് ചേർന്നതല്ല. അധികാരി ഭയപ്പെടുത്തുന്നതും ശരിയല്ല. ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം. പക്ഷേ ആ ചോദ്യം സാമൂഹിക ഉത്തരവാദിത്തത്തിന്റെ മേലാണോ, സ്ഥാപന അജണ്ടയാണോ എന്നതാണ് ഡിബേറ്റിനു വിഷയം. ചോദ്യം ജഡ്ജ്മെന്റ് ആകുമ്പോൾ പലപ്പോഴും പ്രശ്നമുണ്ടാകുന്നു.പല ചർച്ചകളിലും ചോദ്യ- ഉത്തര സംവാദങ്ങളിലും വാർത്താ സമ്മേളനങ്ങളിലും എതിർപക്ഷത്തിന്റെ ഒരു Statement ഇട്ട് കൊട്ത്ത് അതിനുത്തരം വാങ്ങി തല്ലിപ്പിക്കുന്ന രീതി പതിവായി കാണുന്നു. ഒരു ചോദ്യത്തിൽ ജേർണലിസ്റ്റിന്റെ ബോധ്യവും അയാളുടെ അന്വേഷണബുദ്ധിയും കാര്യ വിശകലനവും അടങ്ങിയിട്ടുണ്ടെങ്കിൽ ചോദ്യത്തിൽ കാതലുണ്ടാവും.അതിന് ന്യായമായ ഉത്തരവും ഉണ്ടാവും.നിർഭാഗ്യകരമെന്നു പറയട്ടെ, ചോദ്യങ്ങളും ഉത്തരങ്ങളും സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാതെ പോകുന്നു. അതവർക്കുമറിയാം. നമുക്കു മറിയാം.

പോയ കാലത്തെ ശരിയായ മാധ്യമ പ്രവർത്തനത്തിൽ ഉണ്ടായ ഉത്തരങ്ങൾ - പ്രൊഫഷണലിസം, കാര്യജ്ഞാനം, ഭാഷാ മികവ്, വാർത്താബോധം, കൃത്യത, സാമൂഹിക ഉത്തരവാദിത്തം - മാധ്യമങ്ങളെ ആ ഉത്തരങ്ങളിലേക്കെത്തിക്കുന്നതിൽ,

വാർത്താർത്തിയുള്ള, ഉടൻ പ്രതികരണം കാണാൻ ആഗ്രഹിക്കുന്ന നമുക്കോരോരുത്തർക്കും പങ്കുണ്ട്. മാധ്യമങ്ങൾ നമ്മിൽ നിന്നു അടർത്തിയെടുത്ത അന്യഗ്രഹങ്ങളല്ല. അഥവാ അങ്ങനെയാക്കരുത്.

കിട്ടിയ വാർത്തയോ വിവരമോ ദൃശ്യമോ ഞൊടിയിടയിൽ പോസ്റ്റിടുന്ന, സിനിമയിലും താരങ്ങളിലും കൂടുതൽ വാർത്തകൾ വായിക്കുന്ന, എഴുതുന്ന

പ്രൊഫൈലുകളും ലെ ഔട്ടുകളും എപ്പഴും പുതുതായി അപ്ഡേറ്റ് ചെയ്യുന്ന,

വൈകാരിക പ്രക്ഷുബ്ധത പകർത്തിവക്കുന്ന

നമ്മുടെ തന്നെ അടരാണ് .

എന്ന് പഴയ ഒരു മാധ്യമ പ്രവർത്തക.


Next Story

Related Stories