TopTop
Begin typing your search above and press return to search.

'കാലു കുത്താന്‍ സ്വന്തമായി ഒരു തരി മണ്ണില്ലാത്തവര്‍ക്ക് മരണത്തില്‍ പോലും ഇടം കിട്ടാത്ത അനാഥത്വമാണ് മണ്ണ്'

കാലു കുത്താന്‍ സ്വന്തമായി ഒരു തരി മണ്ണില്ലാത്തവര്‍ക്ക് മരണത്തില്‍ പോലും ഇടം കിട്ടാത്ത അനാഥത്വമാണ് മണ്ണ്

പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഉറക്കമുണകര്‍ന്നുവന്ന മലയാളികളുടെ ഹൃദയത്തില്‍ ഞെട്ടലിനൊപ്പം വലിയ മുറിവായി മാറുകയായിരുന്നു പെട്ടിമുടി ദുരന്തം. ഉരുള്‍പൊട്ടലുണ്ടായ രാജമലയില്‍ കാണാതായത് എഴുപത് മനുഷ്യരെയായിരുന്നു. മരണപ്പെട്ടവരും മണ്ണിനടിയില്‍നിന്ന് ഇനിയും കണ്ടെടുക്കാന്‍ ബാക്കിയുള്ളവരും നമ്മളില്‍ വേദനയായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത മണ്ണ് എന്ന ഡോക്യുമെന്ററിയെ കുറിച്ചെഴുതുകയാണ് അദ്ധ്യാപികയായ അനു പാപ്പച്ചന്‍.

നമുക്കെന്താണ് മൂന്നാര്‍?

മഞ്ഞും കുളിരും നുകരാനുള്ള ഹോളിഡേ സ്‌പോട്ട്. ഹണിമൂണ്‍ പാക്കേജുകള്‍ നിരത്തുന്ന റിസോര്‍ട്ടുകള്‍.സൂര്യന്‍ ഉദിക്കുന്ന തേയില തോട്ടങ്ങള്‍, ആകാശവും ഭൂമിയും കൂട്ടിമുട്ടുന്ന മലനിരകള്‍,

തെക്കിന്റെ കാശ്മീര്‍ എന്ന വിശേഷിപ്പിച്ച്,കേരളം സഞ്ചാരികളുടെ പറുദീസ എന്ന ടാഗ് ലൈനില്‍ ഫോട്ടോകളിലും വെബ്‌സൈറ്റുകളിലും പ്രത്യക്ഷപ്പെടുന്ന രമണീയ സ്ഥലം.

**** ***********

ഇനിയെന്താണ് മൂന്നാര്‍?

കല കലക്കുവേണ്ടിയാണോ

ജീവിതത്തിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് രാംദാസ് കടവല്ലൂര്‍ നല്കുന്ന ഉത്തരമാണ് 'മണ്ണ്' - sprouts of endurance എന്ന ഡോക്യുമെന്ററി. ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും പ്രത്യയശാസ്ത്രത്തോടും പ്രതികരിക്കുന്ന ഒരു തരി പ്രതിരോധമെങ്കിലും നമുക്കു വേണമെന്ന ചിന്തയെ കലയിലുണര്‍ത്തുന്നു 'മണ്ണ്'. ബുദ്ധിയെയും ഹൃദയത്തെയും ഒന്നുപോലെ പിടിച്ചുലക്കുന്നുണ്ട് രാംദാസ് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി.

''മണ്ണ്' ഒരുതരത്തില്‍ മലയാളനാട്ടിലെ 'വാസ്തുഹാര 'കളെക്കുറിച്ചാണ്. മണ്ണ് മനുഷ്യന്റെ സ്വത്വമാണ്. സമ്പാദ്യവും സ്വത്തുമായി മണ്ണ് കൈവശം വച്ചിരിക്കുന്നവര്‍ക്ക് അത് അഭിമാനത്തിന്റെയും കച്ചവടത്തിന്റെയും മുതലാണ്. എന്നാല്‍ കാലു കുത്താന്‍ സ്വന്തമായി ഒരു തരി മണ്ണില്ലാത്തവര്‍ക്ക് മരണത്തില്‍ പോലും ഇടം കിട്ടാത്ത അനാഥത്വമാണ് മണ്ണ്.മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതത്തില്‍ നിന്നാണ് രാംദാസ് തുടങ്ങുന്നത്.കൊളോണിയല്‍ കാലഘട്ടത്തില്‍ തുടങ്ങിവച്ച അപഹരണങ്ങളും ഇടമില്ലായ്മയും തേയിലത്തൊഴിലാളികളുടെ ജീവിതത്തില്‍ സമകാലത്തും എങ്ങനെ തുടരുന്നു എന്ന് മണ്ണ് നിര്‍വ്യാജം വെളിപ്പെടുത്തുന്നുണ്ട്.

2018ലെ പ്രളയത്തില്‍ തകര്‍ന്നു തരിപ്പണമായ ഇടുക്കിയുടെ ദുരിതക്കയങ്ങളിലൂടെ സഞ്ചരിച്ച് കുന്നിന്‍ മുകളിലെത്തുന്ന ക്യാമറയില്‍ കാണുന്ന കണ്ണുകളിലും വാക്കുകളിലും മൂന്നാര്‍ നിന്നു പെടയുന്നു.. രാഷ്ട്രീയ പാര്‍ട്ടികളും മുതലാളിമാരും കാലാകാലങ്ങളായി മുതലെടുക്കുന്ന, മുതലില്ലാത്ത മനുഷ്യരുടെ വേവ്. സമ്പാദ്യമില്ലാത്ത വേദനയല്ല അവര്‍ക്ക് പങ്കു വയ്ക്കാനുള്ളത്. ജീവിക്കാനും മരിച്ചു വീഴാനുമുള്ള മണ്ണിനു വേണ്ടിയാണ് അവര്‍ കരഞ്ഞു

കൈകൂപ്പിക്കൊണ്ടിരിക്കുന്നത്. എന്നെ പെറ്റ മണ്ണേ എന്ന ഇടറുന്ന പാട്ടിനൊപ്പം

നമ്മള്‍ കാണുന്ന ദൃശ്യങ്ങളില്‍, 'ഉയരും കൂടുന്തോറം ചായക്കു രുചി കൂടുമെന്ന പരസ്യമായക്കാഴ്ചയിലെ തേയിലത്തോട്ടങ്ങളാണ്. എന്നാല്‍ നിസ്വരെ കാര്‍ന്നുതിന്നുന്ന മണ്ണുമാന്തികളുടെ അതിക്രൂരമായ അടിച്ചമര്‍ത്തല്‍ ജീവിതമാണ് ഡ്രോണ്‍ ദൃശ്യങ്ങള്‍ക്കു താഴെ. സ്വദേശികളും വിദേശികളും ഒരുപോലെ ആരാധിക്കുന്ന മൂന്നാറിന്റെ മണ്ണും മനുഷ്യനും യഥാര്‍ത്ഥത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്കാണ് ക്യാമറ താഴുന്നത്.ചെയ്യുന്ന വേലക്ക് കൂലിയും ന്യായവുമില്ലാതെ അടിച്ചമര്‍ത്തപ്പെട്ട ഒരു കൂട്ടം തൊഴിലാളികള്‍ - പ്രത്യേകിച്ചും സ്ത്രീകള്‍ - മൂന്നാറിന്റെ മണ്ണില്‍ നടത്തിയ സമരത്തിന്റെ ചരിത്രത്തെ മൂന്നാര്‍ എന്ന ബ്യൂട്ടി സ്‌പോട്ടില്‍ അടയാളപ്പെടുത്തുന്നു സംവിധായകന്‍. ലോകം 'പൊമ്പിളൈ ഒരുമൈ ' എന്ന് പേരുകൊടുത്ത സമരത്തിന്റെ നാള്‍വഴികളും അതിന്റെ രാഷ്ട്രീയവും സംഘര്‍ഷങ്ങളും സത്യസന്ധമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

കേരളത്തില്‍ ജനിച്ചു വളര്‍ന്ന തമിഴ് മക്കള്‍ക്ക് മണ്ണു സമരം തൊഴില്‍ സമരം മാത്രമല്ല എന്നോര്‍ക്കണം. ഞങ്ങള്‍ അഭയാര്‍ത്ഥികളാണ്, അനാഥരാണ് എന്ന് തൊണ്ടയിടറുമ്പോള്‍ ആരുടേതാണ് വിയര്‍പ്പിറ്റു വീഴുന്ന മണ്ണ് എന്ന് അവരവരുടെ നീതിബോധത്തിലേക്ക് വിരല്‍ ചൂണ്ടിയേ പറ്റൂ. ജനിച്ചു വളര്‍ന്ന നാട്ടില്‍ അഭയാര്‍ത്ഥികളായി, അനീതികള്‍ക്കും ചൂഷണങ്ങള്‍ക്കും അടിപ്പെട്ട് ജീവിക്കുന്ന മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതം നേര്‍രേഖയിലൂടെ കാണുമ്പോള്‍

ഉയരം കൂടുന്തോറും കടുപ്പം കൂടുന്നത് ചായക്കല്ല, മനുഷ്യജീവിതത്തിന് തന്നെയാണ് എന്ന് ഓര്‍മിപ്പിക്കുന്നു 'മണ്ണ്'.

മൂന്നാറിന്റെ മാത്രം പ്രശ്‌നമല്ലയെന്ന് സൂചിപ്പിച്ച് ക്യാമറ അടിമാലിയിലെ ആദിവാസിക്കുടികളിലേക്കിറങ്ങുന്നു. തോപ്രാംകുടി പോലെ നാടിന്റെ പേരു പോലും തങ്ങളുടെ അസ്തിത്വത്തിന്റെ അടയാളങ്ങളായിരുന്ന ഒരു കാലമുണ്ടായിരുന്നു.. ഇന്നോ തുച്ഛമായ വിലക്ക്, അനധികൃതമായി മറിച്ചു വില്ക്കപ്പെടുന്നു ആദിവാസി മണ്ണ്. സ്വന്തം കാട് വിട്ട് പുറംപണിക്ക് പോകേണ്ടി വരുന്ന, തങ്ങള്‍ക്കവകാശപ്പെട്ട ഇടത്തില്‍ കൂലിത്തൊഴിലാളികളായി ശിഷ്ടകാലം ചെലവഴിക്കേണ്ടി വരുന്ന ആദിവാസി മനുഷ്യര്‍ ക്യാമറക്ക് മുന്നിലെത്തുന്നു.ഏതു ഭൂവിടത്തിലും അഭയാര്‍ത്ഥികളാകുന്ന മനുഷ്യരുടെ സാര്‍വലൗകികമായ അനാഥത്വത്തെ നോക്കാന്‍ മണ്ണ് നമ്മെ പ്രേരിപ്പിക്കുന്നു. സഞ്ചാരിയെയല്ല, ദൂരെയിരുന്ന് കാഴ്ച കാണുന്ന ഒരു കാണിയെയല്ല, സിനിമ ആഗ്രഹിക്കുന്നത്. മാനവികതാ ബോധ്യമുള്ള ഹൃദയങ്ങളെ മണ്ണ് അന്വേഷിക്കുന്നു. അത്തരം ചേര്‍ന്നു നില്പാണ് കലക്ക് കൊടുക്കേണ്ട ഉത്തരം.

പ്രേക്ഷകര്‍ക്കുള്ള ചോദ്യങ്ങളുണ്ട്.

എന്താണ് നിങ്ങളുടെ രാഷ്ട്രീയം? മണ്ണിന്റെ മക്കളെ വോട്ടു ബാങ്കാക്കി വക്കുന്ന രാഷ്ട്രീയക്കൊടികളുടെ ഇടയിലൂടെ നേര് കാട്ടി ക്യാമറ പോകുമ്പോള്‍ ആ ചോദ്യം ചങ്കില്‍ തറക്കും

എന്താണ് നിങ്ങളുടെ മതത്തിന്റെ രാഷ്ട്രീയം?അത്താണിക്കായെത്തുന്ന നിരാലംബരായ മനുഷ്യരെ

ഊറ്റിയെടുക്കുന്ന സ്വര്‍ണ്ണക്കുരിശുകളിലും ഘോഷയാത്രയിലും ആ ചോദ്യം ഉടക്കും.

എന്താണ് നിങ്ങളുടെ പരിസ്ഥിതി രാഷ്ടീയം? പ്രളയം തകര്‍ത്ത റിസോര്‍ട്ടുകളും മണ്ണുമാന്തിയന്ത്രങ്ങളും ഷെഡ് കെട്ടിയ വീടുകളും ക്യാമറ കാണാതെ പോകുന്നില്ല.

നിരീക്ഷണവും സംവേദനാത്മക ഇടപെടലും സന്ദര്‍ഭാനുസരണം ഉപയോഗപ്പെടുത്തിയ ഡോക്യുമെന്ററിയാണ് മണ്ണ്.

മനുഷ്യരും പ്രകൃതിയും നേരിട്ടു തന്നെ ഈ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നു. അമിതവൈകാരികതയും പക്ഷം ചേര്‍ന്നുള്ള നിലപാടുകളും കുത്തിനിറച്ച 'വോയിസ് ഓവര്‍ ' കൊണ്ടും പരിമിതപ്പെടുത്താത്ത ദൃശ്യാഖ്യാനം കാഴ്ചകളുടെ, അഭിപ്രായങ്ങളുടെ, വ്യത്യസ്തധാരകള്‍ കാണിക്കു മുന്നില്‍ തുറന്നിടുകയാണ്.അതു കൊണ്ട് കണ്‍ മുന്നില്‍ തെളിയുന്ന film - truth ന്റെ വിധികര്‍ത്താക്കള്‍ കാണിയായി മാറുന്നു.

ക്രാഫ്റ്റിന്റെ മിടുക്കിനെ കുറിച്ച് വാചാലമാകാതിരിക്കാന്‍ സംവിധായകന്‍ എടുത്തിരിക്കുന്ന ആത്മാര്‍ഥത മന: പൂര്‍വമാണ്.പ്രതാപ് ജോസഫിന്റെ Prathap Josephക്യാമറ സത്യത്തെ മാത്രം ചൂണ്ടി സഞ്ചരിക്കുന്നു. പ്രകൃതിഭംഗിയുടെ വിലാസങ്ങളില്‍ നിന്ന് ,യാഥാര്‍ഥ്യം മറയുന്ന മൂടല്‍മഞ്ഞില്‍ നിന്ന് ക്യാമറ മാറിപ്പോകുന്നു.മൂന്നാറിന്റെ ഭൂപ്രകൃതിയെ അടയാളപ്പെടുത്താന്‍ പ്രയോഗിച്ച ഡ്രോണ്‍ ഷോട്ടുകളും മനുഷ്യരുടെ സമീപ ദൃശ്യങ്ങളും വാക്കുകള്‍ക്കതീതമായി സംസാരിക്കുന്നുണ്ട്.പ്രതാപിന്റെ, Film - eye പ്രമേയത്തോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥത പ്രശംസ അര്‍ഹിക്കുന്നു.

ഇതിലെ മനുഷ്യരാരും അഭിനയിച്ചിട്ടില്ല.

ഇടിമുറിയുടെ ചരിത്രം പറയുന്ന വല്യപ്പച്ചനും പത്തറുപതു വര്‍ഷം പണിയെടുത്തിട്ടും ചത്താല്‍ അടക്കാനിടമില്ല എന്ന് കരയുന്ന തൊഴിലാളി സ്ത്രീയും

അവകാശങ്ങള്‍ ചോദിക്കാനെത്തുന്ന ഞങ്ങള്‍ തീവ്രവാദികളാണോ!.... -തമിഴനല്ല, കേരളക്കാരന്‍ എന്നിടറുന്ന യുവാവും മനസ്സില്‍ നിന്ന് മറയുന്നില്ല.

സാധാരണക്കാരുടെ നോട്ടങ്ങള്‍ക്കു വാക്കുകള്‍ക്കും ഈ ഡോക്യുമെന്ററിയില്‍ ധാരാളം ഇടം കിട്ടിയിട്ടുണ്ട്.രാഷ്ടീയ നേതാക്കന്‍മാരുടെ കപടോക്തികള്‍ ഉള്‍പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയം.സിനിമയുടെ ശബ്ദ പഥത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ നോവും വേവും ഉണര്‍വും പൊട്ടിത്തെറിക്കുന്നു. അടിയാന്റെ വേദന പാടുന്ന നാടന്‍ പാട്ടും പോരാട്ടത്തിന്റെ

അബേദ്കര്‍ പാട്ടും 'മണ്ണി'ന്റെ രാഷ്ടീയത്തെ ബലപ്പെടുത്തുന്നു.

ഇത്രയധികം ആഖ്യാനങ്ങളെ കൂട്ടി വക്കുക എളുപ്പമല്ല. സാമൂഹ്യ, രാഷ്ടീയ, പാരിസ്ഥിതിക വിഷയങ്ങള്‍ സമിശ്രമായി, സമഗ്രമായി ഒരൊറ്റ ഡോക്യുമെന്ററിയില്‍ ഉള്‍പെടുത്തുമ്പോഴുള്ള ഏകാഗ്രതയില്ലായ്മ 'മണ്ണി'ല്‍ തോന്നാം. പക്ഷേ രണ്ടു മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി ഒട്ടും ബോറടിപ്പിക്കുന്നില്ല.'

'പെമ്പിളൈ ഒരുമൈ 'എന്ന ഐതിഹാസിക പ്രക്ഷോഭത്തിന്റെ ചരിത്രം ,ആ സമരങ്ങള്‍ നയിച്ച ഗോമതി, ലിസി തുടങ്ങിയവരുടെ വാക്കുകളിലൂടെ രേഖപ്പെടുന്നു.( ആ ഭാഗങ്ങള്‍ അല്പം നീണ്ടു പോകുന്നതായി തോന്നി ). സ്ത്രീ പോരാട്ടം വ്യക്തിഗത താല്പര്യങ്ങളുടേയും തൊഴുത്തില്‍ കുത്തുകളുടേയും പരിണിതഫലമായി തകര്‍ന്നു പോയൊരു മുന്നേറ്റമായല്ലോ എന്ന് സങ്കടപ്പെടാനിടയായി.മൂലധനാധിഷ്ഠിത സാമൂഹ്യ സാഹചര്യങ്ങളും അധികാര രാഷ്ടീയക്കളികളും പുരുഷാധികാര വ്യവഹാരങ്ങളും ഒരുമയുടെ ചരിത്രത്തെ എങ്ങനെ തന്ത്രപരമായി ഇടപെട്ട് തകര്‍ത്തു എന്നതിന്റെ നേരനുഭവം വേദനയോടെയാണ് കേട്ടത്..

പൊളിറ്റിക്കലായി സഞ്ചരിക്കാനുറപ്പിച്ച സംവിധായന്റെ ബഹുവിധ ആശയ സങ്കലനം എഡിറ്റര്‍ക്കൊരു തലവേദനയായിരിക്കുമ്പോള്‍ അയാളുടെ ശ്രമത്തെ വിലമതിക്കണം.

സബ്‌ടൈറ്റിലിങ്ങിലെ ശ്രദ്ധയും ഉചിതം. എല്ലാറ്റിലുമുപരി ഇതൊരു Crowd funded ജനകീയ സിനിമയാണ് എന്ന് എഴുതി കാണിക്കുമ്പോള്‍ തന്റെ കല മൂലധനത്തിന്റെ അടിമത്തത്തില്‍ നിന്ന് സ്വതന്ത്രമാണ് എന്ന ആത്മവിശ്വാസവും ധൈര്യവും സംവിധായകനും സംഘത്തിന്നും അവകാശപ്പെടാം.

ഉപരിതലത്തിലെ മണ്ണു കുഴിക്കുമ്പോഴാണ് ഒളിച്ചു വച്ചതും മൂടിയിട്ടതും പുറത്തു വരിക.

ഈ പോരാട്ടത്തിന് അഭിവാദ്യങ്ങള്‍.


അനു പാപ്പച്ചന്‍

അനു പാപ്പച്ചന്‍

എഴുത്തുകാരി, അസിസ്റ്റന്‍റ് പ്രൊഫസര്‍, വിമല കോളേജ് തൃശൂര്‍

Next Story

Related Stories