1972 ലാണ്. തിരുവനന്തപുരത്തു പെരുന്താന്നിയിലുള്ള അച്ഛന്റെ പത്രമാഫീസില്‍ (കേരളശബ്ദം - കുങ്കുമം) ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നു. കെ പി എ സി യുടെ ആദ്യത്തെ ചലച്ചിത്ര സംരംഭം. തോപ്പില്‍ ഭാസി സംവിധാനം ചെയ്യുന്ന ഏണിപ്പടികള്‍. സെക്രട്ടറിയേറ്റിലെ ഓഫീസ് മുറിയില്‍ കേശവപിള്ളയും തങ്കമ്മയും കൂടിയുള്ള രംഗങ്ങളാണ്. മധു, ശാരദ, അടൂര്‍ഭാസി, ബഹദൂര്‍.. പിന്നെ കെ പി എ സി യിലെ ഖാനും അസീസും മറ്റും.
അന്ന് സ്കൂളില്‍ പോകാതെ മുഴുവന്‍ ദിവസവും സിനിമാ ഷൂട്ടിംഗ് കാണുകയായിരുന്നു ഞങ്ങള്‍ കുട്ടികള്‍. താരങ്ങളെയൊക്കെ അടുത്തുകാണുന്നതിന്റെ, സംവിധായകന്റെ 'ആക്ഷന്‍, കട്ട് ' തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു അഭിനയിക്കുന്നതും ക്യാമറ ചലിക്കുന്നതും ഒക്കെ ആദ്യമായി കാണുന്നതിന്റെയെല്ലാം ത്രില്ലിലായിരുന്നു. അപ്പോഴാണ് ഒന്നോ രണ്ടോ ക്യാമറകള്‍ നെഞ്ചത്ത് തൂക്കിയിട്ട് ഓരോ സീക്വന്‍സും അതിസൂക്ഷ്മതയോടെ പകര്‍ത്തുന്ന ചെറുപ്പക്കാരനെ കണ്ടത്. ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറാണ്. പുനലൂര്‍ രാജന്. വീട്ടില്‍ വന്നു കണ്ടിട്ടുണ്ട്. റഷ്യയില്‍ പോയി പഠിച്ചതാണെന്നൊക്കെ അച്ഛന് പറഞ്ഞുകേട്ടിട്ടുമുണ്ട്. കോഴിക്കോട് നടന്ന കല്യാണത്തെ കുറിച്ച് ബഷീര്‍ കുങ്കുമത്തില്‍ എഴുതിയത് വായിച്ചതോര്മ്മയുണ്ടായിരുന്നു. അച്ഛനുള്‍പ്പെടെയുള്ള കേരളശബ്ദം കുങ്കുമം ടീം കല്യാണത്തിന് ചെന്ന വിശേഷങ്ങളൊക്കെ ബഷീര്‍ ഓര്‍മ്മയുടെ അറകളില്‍ എഴുതിയിട്ടുണ്ട്
ഞങ്ങള്‍ കുട്ടികള്‍ ആരൊക്കെയാണെന്നറിഞ്ഞപ്പോള്, വളരെ സൗഹൃദത്തിലായി. അതുവരെ ചിത്രീകരിച്ച പടത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന ആല്‍ബങ്ങള്‍ കാണാന്‍ തന്നു !. അതിലെ ഓരോ ചിത്രങ്ങളും ഇപ്പോഴും മനസ്സിലുണ്ട്. കണ്ടിന്യൂയിറ്റി സ്റ്റില്‍ എന്നൊക്കെ ആദ്യമായി കേള്‍ക്കുന്നത്, - കാണുന്നതും - രാജേട്ടന് പറഞ്ഞു തന്നപ്പോഴാണ്. തോപ്പില്‍ ഗോപാലകൃഷ്ണന് ചേട്ടനുമുണ്ടായിരുന്നു കൂടെ. ഇടക്ക് നേരം കിട്ടിയപ്പോഴാണ് ഞങ്ങളുടെ -എന്റെയും ചേച്ചിയുടെയും അനിയന്റെയും ചിത്രങ്ങള്‍ എടുത്തത്. ജനാലയില്‍ കൂടി വരുന്ന ഒരൊറ്റ light osurce മാത്രം ഉപയോഗിച്ച് എടുത്ത ആ ചിത്രങ്ങള്‍ വീട്ടില്‍ കൊണ്ടു തന്നു. എന്തോ വലിയ 'സംഭവം' ആണെന്നാണ് ഫോട്ടോ കണ്ടപ്പോള്‍ എന്നെകുറിച്ച് എനിക്കുതന്നെ തോന്നിയത്. എന്റെ പ്രായക്കാരുടെയൊന്നും അങ്ങനെയൊരു പടം കണ്ടിട്ടില്ല. ബഷീറിന്റെ ഫോട്ടോ എടുക്കുന്ന പുനലൂര്‍ രാജന് എടുത്ത ഫോട്ടോ എന്ന് സ്വല്പ്പം അഹങ്കാരവും തോന്നി.
പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ബേപ്പൂരില്‍ ബഷീറിന്റെ വീട്ടില്‍ വെച്ച് രാജേട്ടനെ കണ്ടു. കെ എസ് ചന്ദ്രന്റെ മകനെന്നു പരിചയപ്പെടുത്തിയപ്പോള്വീണ്ടും അതിശയിപ്പിച്ചു കൊണ്ടു പറഞ്ഞു. 'ഞാന്‍ നിന്റെ പടമെടുത്തിട്ടുണ്ട്, നിനക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍..'
ബഷീര്‍, തകഴി, എം ടി, പൊറ്റക്കാട്ട്.... മഹാപ്രതിഭകളുടെ ജീവന് തുടിക്കുന്ന ആ ഛായാചിത്രങ്ങള്‍ കാണുമ്പോള്‍ അഭിമാനത്തോടെ ഓര്‍ക്കാറുണ്ടായിരുന്നു ആ മാജിക് ലെന്‍സ് എന്റെ മുഖവും പകര്‍ത്തിയിട്ടുണ്ടല്ലോ എന്ന്...
ഓര്‍മ്മകള്‍ക്ക് മുന്പില് പ്രണാമം..