TopTop
Begin typing your search above and press return to search.

'തേങ്ങയുടയ്ക്ക് സ്വാമീീീ...', 'എന്നാലും എന്റെ ആപ്പേ...'; കേരളത്തെ 'മുള്‍മുനയില്‍' നിര്‍ത്തിയ മണിക്കൂറുകള്‍

തേങ്ങയുടയ്ക്ക് സ്വാമീീീ..., എന്നാലും എന്റെ ആപ്പേ...; കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍

ഇന്നലെ ഉച്ചയോടെ തീർത്തും അപരിചിതമായ നമ്പരിൽ നിന്നും ഒരു കോൾ വരുന്നു. എടുത്തപ്പോൾ അൽപ്പം മുമ്പ് കൂടി നേർക്കുനേർ കടന്നുപോയ ഒരാളാണ്. വർഷങ്ങളായുള്ള പരിചയമുണ്ടെങ്കിലും ഇന്നേവരെ എന്നോട് മിണ്ടിയതായി ഓർമ്മയിലില്ല. ആരോടോ നമ്പർ വാങ്ങി വിളിക്കുന്നതാണെന്ന് പറഞ്ഞു. സംഭവം ബിവറേജസ് ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെയാണെന്ന് അറിയണം. ഓൺലൈൻ മാധ്യമത്തിൽ ജോലി ചെയ്യുന്നതിനാൽ എനിക്ക് അറിയാൻ സാധ്യതയുണ്ടെന്ന് ആരോ പറഞ്ഞു പോലും. ഇദ്ദേഹം മാത്രമല്ല, ലോകമലയാളികളെല്ലാം തന്നെ ഇന്നലെ ഈ ആപ്പിനായുള്ള കാത്തിരിപ്പിലായിരുന്നു. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ചെറിയ കവലകളിലും വീടുകളിലും ഫ്ലാറ്റുകളിലുമെല്ലാം ഈ ആപ്പിനായി കാത്തിരിക്കുന്നവരെ കാണാമായിരുന്നു. അടുത്ത കാലത്തൊന്നും മലയാളികൾ ഇത്ര കൂട്ടത്തോടെ മൊബൈലിലേക്കും നോക്കി ഇതുപോലെ കാത്തിരുന്നിട്ടുണ്ടാകില്ല. സ്മാർട്ട് ഫോൺ ഇല്ലാത്തവർക്ക് മെസേജ് അയച്ച് മദ്യം എപ്പോൾ മുതൽ വാങ്ങാമെന്നായിരുന്നു അറിയേണ്ടത്. ഈ കാത്തിരിപ്പുകളെക്കുറിച്ച് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വിവിധ ട്രോളുകളും ഇറങ്ങിയിരുന്നു.

രണ്ട് മാസം മുമ്പ് മുട്ടിയ 'കുടി' വീണ്ടും തുടങ്ങുമ്പോഴുള്ള ആകാംക്ഷയാണ് പലർക്കും. പുതിയ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാനുള്ള കൗതുകം കൊണ്ട് കാത്തിരുന്നവരെയും കാണാമായിരുന്നു. ഒരാഴ്ചയിൽ കൂടുതലായി ആപ്പ് വരുമെന്ന് പറയുന്നുണ്ടെങ്കിലും ഇന്ന് മദ്യവിതരണം പുനരാരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നതിനാൽ ഇന്നലെത്തന്നെ ആപ്പ് വരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. അതിനായി പ്ലേ സ്റ്റോറൊക്കെ 'തുടച്ച് വൃത്തിയാക്കി' എല്ലാവരും രാവിലെ മുതൽ കാത്തിരിപ്പ് തുടങ്ങി. എന്നാൽ പ്ലേ സ്റ്റോർ റീഫ്രഷ് ചെയ്ത് വിരൽ തേഞ്ഞത് മാത്രം മിച്ചം. BevQ എന്ന് സർച്ച് ചെയ്യുമ്പോൾ അത് കാണിക്കുന്നില്ലെന്നതിനാൽ ആപ്പ് പ്ലേ സ്റ്റോറിൽ എത്തിയിട്ടില്ലെന്ന് പലരും മനസിലാക്കി. എന്നാൽ തിരയുന്ന ആപ്പിന് പകരം മറ്റ് പല ആപ്പുകളും ലഭ്യമാകുന്നതും പലരെയും പ്രകോപിതരാക്കുകയും ചെയ്തു. കൃഷി ആപ്പ് മലയാളം, ആരോഗ്യ സേതു, കൃഷി മലയാളം, സുമോ റസ്ലിംഗ്, ഓൺലൈൻ റമ്മി എന്നിങ്ങനെയുള്ള ആപ്പുകളാണ് BevQ എന്ന് സർച്ച് ചെയ്യുമ്പോൾ ഇപ്പോഴും ലഭ്യമാകുന്നത്. ഇങ്ങനെയൊക്കെ ചില ആപ്പുകൾ പ്ലേ സ്റ്റോറിലുണ്ടെന്ന് മലയാളി മനസിലാക്കിയ ദിവസവുമായിരുന്നു ഇന്നലെ. പ്രകോപനങ്ങളെല്ലാം അലയടിച്ചത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ്. രാവിലെ മുതലുള്ള കാത്തിരിപ്പ് വിഫലമായപ്പോൾ ഉച്ചയ്ക്ക് ശേഷമെന്ന വാർത്ത പരന്നു.

ഉച്ചയൂണ് കഴിച്ചും കഴിക്കാതെയും അവർ വീണ്ടും പ്ലേ സ്റ്റോറിന് മുന്നിലെത്തി. മൂന്നര മണിക്ക് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെ പത്രസമ്മേളനവും നടന്നു. എന്നിട്ടും ആപ്പ് മാത്രം വന്നില്ല. നാളെ മുതൽ മദ്യം ലഭ്യമായി തുടങ്ങുമെന്നും വീടുകളിൽ മദ്യമെത്തിച്ച് നൽകാനാകില്ലെന്നും പറഞ്ഞ മന്ത്രിയും ആപ്പ് വൈകുന്നതിനെക്കുറിച്ച് വ്യക്തമായി ഒന്നും മിണ്ടിയില്ല. ഇതിനിടെ ആപ്പിന്റെ ബീറ്റാ വേർഷൻ ലീക്ക് ആയി. ആപ്പ് പ്ലേ സ്റ്റോറിൽ ലോഡ് ചെയ്യുന്നതിന് മുമ്പ് ഫയലായി വാട്സ് ആപ്പ് വഴിയാണ് പ്രചരിച്ചത്. ഇതിലൂടെ ലഭിക്കുന്ന ടോക്കൺ അസാധുവാണെന്ന് ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് ടെക്നോളജീസ് പ്രതിനിധി തന്നെ അറിയിക്കുകയും ചെയ്തു. bevcoapp.in എന്ന സൈറ്റിലൂടെയാണ് മന്ത്രി ആപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ സൈറ്റും തുടർച്ചയായി റീ ഫ്രഷ് ചെയ്യപ്പെട്ടു കൊണ്ടിരുന്നു. ഒടുവിൽ കൗണ്ട് ഡൗൺ കഴിഞ്ഞിട്ടും 'ആപ്പ് ഒരു മണിക്കൂർ കഴിഞ്ഞ് ഇവിടെ ലഭിക്കും' എന്ന സന്ദേശം മാത്രമാണ് ലഭിക്കുന്നതെന്ന് വന്നതോടെ പ്രതിഷേധം അണപൊട്ടി. ഈ പ്രതിഷേധങ്ങളെല്ലാം ഫെയർകോഡിന്റെ ഫേസ്ബുക്ക് പേജിൽ ചീത്തവിളികളായി എത്തി.

'തേങ്ങ ഉടയ്ക്ക് സാമീ', 'നിന്നോളം കാത്തിരുന്നിട്ടില്ല മറ്റൊന്നിനെയും' എന്നിങ്ങനെ പോയി പലരുടെയും തമാശ പ്രതിഷേധ കമന്റുകൾ. നിന്നെയൊക്കെ ഏൽപ്പിച്ച സ്ഥാനത്ത് വേറെ ആരെയെങ്കിലും ഏൽപ്പിക്കണമായിരുന്നു. പണിയറിയാവുന്ന മിടുക്കന്മാർ ഇവിടെയുണ്ട് തുടങ്ങിയവയായിരുന്നു രൂക്ഷമായ ഭാഷയിലെ പ്രതികരണങ്ങളിൽ ഇവിടെ പറയാൻ പറ്റാവുന്നവയിൽ ചിലത്. ഈ കമന്റുകൾക്ക് ആപ്പ് ഉടൻ റിലീസ് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി മറുപടിയും നൽകി. ചിലർക്കൊക്കെ ആപ്പ് ഡൗൺലോഡ് ചെയ്യാനായെങ്കിലും ബുക്കിംഗ് സ്ഥിരീകരിക്കാൻ ഒ ടി പി(one time password) മെസേജ് ആയി ലഭിക്കുന്നുണ്ടായിരുന്നില്ല. ആദ്യ പേജിൽ പേരും ഫോൺ നമ്പരും പിൻകോഡും കൊടുത്തതിന് ശേഷമാണ് ഒ ടി പി കൊടുക്കേണ്ടത്. പല തവണ ശ്രമിച്ചപ്പോഴാണ് പലർക്കും ഒ ടി പി ലഭിച്ചത്. അതിനും സോഷ്യൽ മീഡിയയിൽ ചീത്തവിളി ഉയർന്നു. "പാതിരാത്രിയിലും കേരളത്തെ മുൾമുനയിൽ നിർത്തി ഒ ടി പി" തുടങ്ങിയ രസകരമായ കമന്റുകളും വന്നു. ഒടുവിൽ രാത്രി പത്ത് മണിയോടെ ഒ ടി പി ലഭ്യമായി തുടങ്ങുകയും ബുക്കിംഗ് സാധ്യമാകുകയും ചെയ്തു. 10.53-ന് ഫെയർകോഡിന്റെ ഫേസ്ബുക്ക് പേജ് വഴിയും ആപ്പിന്റെ ലിങ്ക് പുറത്തുവിട്ടു. അതേസമയം വാട്സ്ആപ്പിലൂടെ ലഭിച്ച അതേ ഫയലാണ് ഇതിലൂടെ ഇൻസ്റ്റാൾ ആയത്. അതായത് വാട്സ്ആപ്പിലൂടെ ലഭിച്ച ആപ്പ് യഥാർത്ഥ ആപ്പ് ആയിരുന്നു. എങ്കിലും പലർക്കും ഒ ടി പി ലഭിച്ചില്ലെന്ന പരാതി ഇപ്പോഴുമുണ്ട്. ഒ ടി പി കൊടുത്ത് അകത്തു കയറുമ്പോൾ മദ്യമോ ബിയർ / വൈനോ തിരഞ്ഞെടുക്കാനുള്ള പേജ് ലഭ്യമാകും. സാധനം വാങ്ങേണ്ട ഇടത്തെ പിൻകോഡ് ഇവിടെ നൽകുന്നതോടെ അടുത്തുള്ള ഔട്ട്ലെറ്റിലോ ബാറിലോ ഉള്ള ക്യൂ നമ്പറും 15 മിനിറ്റിനിടയിലെ സമയവും വ്യക്തമാക്കി സ്ഥിരീകരണം വരും. ഇതോടൊപ്പം ലഭിക്കുന്ന ബാർകോഡുമായി പോയി വേണം സാധനം വാങ്ങാൻ എന്നതിനാൽ ബുക്ക് ചെയ്യുന്നയാൾ തന്നെ ഔട്ട്ലെറ്റിലെത്തണം.

സമൂഹത്തിലും കാത്തിരിപ്പ് ശക്തമായിരുന്നു. ഓൺലൈൻ ക്ലാസിന്റെ ഭാഗമായി മൊബൈലിലേക്ക് നോക്കിയിരിക്കുന്ന കൊച്ചു കുട്ടികളോട് പോലും ആപ്പും നോക്കിയിരിക്കുകയാണോയെന്ന് ചോദിക്കുന്ന സ്ഥിതിയിലെത്തി. എന്തായാലും ആപ്പ് ലഭിക്കാത്തവരുടെ പരിഭവങ്ങൾ ബാക്കി നിൽക്കുന്നുവെങ്കിലും ഇന്ന് രാവിലെ ഒമ്പത് മണിക്ക് തന്നെ മദ്യ വിതരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ഉറങ്ങിയത്. എന്റെ നാടിന് ചുറ്റിലുമായി അടുത്തുള്ളത് മൂന്ന് ബിവറേജസ് ഔട്ട്ലെറ്റുകളാണ് ഉള്ളത്. മുളന്തുരുത്തി, ചിത്രപ്പുഴ, പുത്തൻകുരിശ് എന്നിവിടങ്ങളിലാണ് അവ. ഈ ഭാഗത്തേക്ക് എവിടേക്കെങ്കിലും ആരെങ്കിലും പോകുന്നുവെന്നറിഞ്ഞാൽ മദ്യം വാങ്ങാനുള്ള കാശ് കൂടി കൊടുത്തു വിട്ടിരുന്ന പതിവ് കൂടിയാണ് ഇല്ലാതാകുന്നത്. എന്റെ നാട്ടിൽ മാത്രമല്ല, എല്ലാ നാടുകളിലും. എങ്കിലും സുരക്ഷിതരാകാൻ ഈ വിർച്വൽ ക്യൂവിൽ അണിനിരക്കാൻ എല്ലാവരും നിർബന്ധിതരാകുകയാണ്.


Next Story

Related Stories