ഇടവേള ബാബുവിന്റെ അറിവിലേക്ക്... :
ശ്രീകൃഷ്ണ @ജിമെയില്‍.കോം എന്ന കന്നഡ സിനിമ ഈ ഡിസംബര്‍ മാസം റിലീസ് ചെയ്യും.. സംവിധാനം നാഗ ശേഖര്‍..
ഭജ രംഗി 2 എന്ന കന്നഡ സിനിമ ഈ ഡിസംബര്‍ മാസം റിലീസ് ചെയ്യും. സംവിധാനം ഹര്‍ഷ എ...
ഇന്‍സ്പക്ടര്‍ വിക്രം എന്ന കന്നഡ സിനിമയും ഡിസംബര്‍ മാസം റിലീസ് ചെയ്യും. സംവിധാനം നരസിംഹ ...
ഇതൊക്കെ താങ്കളോട് പറയാന്‍ ഒരു കാരണമുണ്ട്...
ഈ മൂന്നു സിനിമകളിലും നായിക നമ്മുടെ ഭാവനയാണെടോ !
2019 ല്‍ ഭാവന അഭിനയിച്ച കന്നട സിനിമ 99 ഒരു പാട് പേരെടുത്തിരുന്നു.. തമിഴിലെ 96 തന്നെയാണ് കന്നഡയിലെ 99. തൃഷയ്ക്ക് പകരം ഇതില്‍ നായിക ഭാവന ...
കഴിഞ്ഞ കൊല്ലം ഭാവന അഭിനയിച്ച തമിഴ് സിനിമയാണ് ഇരുട്ടു അറയില്‍ മുരട്ടു കൈഥി. കിച്ചാ സുദീപ് നായകനും ഭാവന നായികയും..
2018ല്‍ തഗാരു എന്ന കന്നഡ സിനിമയില്‍ ശിവരാജ് കുമാറിന്റെ നായിക ആയത് ഭാവനയായിരുന്നു. അതും അവിടെ പേരെടുത്തിരുന്നു.
2017ല്‍ പൃഥ്വീരാജിന്റെ നായികയായി ഭാവന ആദം ജോണില്‍ അഭിനയിച്ചു.
ഇതേ വര്‍ഷം വിളക്കുമരം എന്ന മലയാളം സിനിമയില്‍ നായിക ആയിരുന്നു.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള ഹണി ബീ 2.5 എന്ന മലയാളം സിനിമയില്‍ അഭിനയിച്ചു.
ഹണി ബീ 2.0 ല്‍ ആസിഫ് അലിയുടെ നായിക ആയി മലയാളത്തില്‍ ഉണ്ടായിരുന്നു ..
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് എന്ന മലയാളം സിനിമയില്‍ ആസിഫ് അലിയുടെ നായിക ആയി ഭാവന അഭിനയിച്ചു.
2016ല്‍ കുട്ടികളുണ്ട് സൂക്ഷിക്കുക, ഹലോ നമസ്തേ എന്നീ രണ്ടു മലയാള സിനിമകളിലും മുകുന്ദ മുരാരി എന്ന കന്നഡ സിനിമയിലും നായിക ആയി ഉണ്ടായിരുന്നു.
2015ല്‍ രണ്ടു മലയാളം , രണ്ടു തമിഴ് , രണ്ടു തെലുങ്ക് സിനിമകളില്‍ ...! മൈത്രി എന്ന സിനിമ തമിഴിലും തെലുങ്കിലും ഇറങ്ങി .. രണ്ടിലും ഭാവന തന്നെ ..!
ഇങ്ങിനെ ഭാവന ബഹു ഭാഷകളില്‍ ഏതാണ്ട് ഒരേ രീതികളിലും തോതുകളിലും ഇതിനു മുന്‍പുള്ള വര്‍ഷങ്ങളിലും അഭിനയിച്ചു പോരുന്നത് കാണാം..
ഇതൊക്കെ ബാബുവിനോട് പറയുന്നത് ഒരു കാര്യം ബോദ്ധ്യപ്പെടുത്താനാണ് ...
ഭാവന മരിച്ചിട്ടില്ലെടോ... അടുത്തെങ്ങും മരിക്കാനും ഉദ്ദേശ്യമില്ല.. അവര്‍ ഉഷാറായി സിനിമകളില്‍ അഭിനയിച്ചു കൊണ്ടേയിരിക്കുന്നുണ്ട്......
എന്നിരുന്നാലും ചിലരെ കൊല്ലാതെ കൊല്ലാന്‍ താങ്കള്‍ക്കും താങ്കളുടെ തല്ലിപ്പൊളി താരസംഘടനയ്ക്കും കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്...
നടന് ശ്രീനാഥ് മരണമടഞ്ഞപ്പോള്‍ അതു കൊലപാതകമാണെന്നും അതില്‍ സിനിമാരംഗവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ബന്ധമുണ്ടെന്നും ആരോപിച്ചത് ശ്രീനാഥിന്റെ സഹോദരനായിരുന്നു .. ആരെക്കുറിച്ചാ ബാബുവേ അന്ന് ആ സഹോദരന് സൂചിപ്പിച്ചത്?
മലയാള സിനിമാഭിനയ ലോകത്തെ ചക്രവര്‍ത്തി ആയിരുന്ന തിലകനെ കൊല്ലാതെ കൊന്നതാരൊക്കെ ചേര്‍ന്നാണ് ?
ഇരിക്കപ്പിണ്ഡങ്ങളെ കൊണ്ടു നിറഞ്ഞ സംഘടനയില്‍ ഗുമസ്തപ്പണി ചെയ്യുന്ന ബാബുവിനെ ജിഹ്വയാക്കി നടത്തുന്ന ഈ വൃത്തികെട്ട ഈ ''ട്വന്റി ട്വന്റി ' കളി തുറന്നു കാട്ടിക്കൊണ്ട് അതിനെതിരെ ശബ്ദമുയര്‍ത്തി ഇറങ്ങിപ്പോന്ന പാര്‍വ്വതി തിരുവോത്തിന് അഭിവാദ്യങ്ങള്‍ !
തിരുവോത്തിനെ കുറിച്ചോര്‍ത്ത് അഭിമാനം.. അവര്‍ക്ക് ഐക്യദാര്‍ഢ്യം!