TopTop
Begin typing your search above and press return to search.

ചിലതു മാത്രം ജനഹൃദയങ്ങൾ ഏറ്റെടുത്ത് ശരിക്കും നാടൻപാട്ടുകളാവുന്നു, തന്നെ തിരിച്ചറിഞ്ഞ മലയാളത്തിനൊപ്പം ഏറെനാൾ ജീവിക്കാൻ കഴിയാതെ ജിതേഷ്

ചിലതു മാത്രം ജനഹൃദയങ്ങൾ ഏറ്റെടുത്ത് ശരിക്കും നാടൻപാട്ടുകളാവുന്നു, തന്നെ തിരിച്ചറിഞ്ഞ മലയാളത്തിനൊപ്പം ഏറെനാൾ ജീവിക്കാൻ കഴിയാതെ ജിതേഷ്

സഫ്ദർ ഹാശ്മി നാട്യസംഘത്തിൻ്റെ ( Safdar Hasmi Natyasangam Vadakara) തെരുവരങ്ങുകളുടെ ഭാഗമായാണ് നാടൻപാട്ടുകളുമായി പരിചയത്തിലാവുന്നത്. കാലിക്കറ്റ് സർവ്വകലാശാലയുടെ ഫോക് ലോർ വിഭാഗവും അന്ന് വടകരയിലായിരുന്നു. അവർക്കും ഒരു നാടൻപാട്ട് സംഘമുണ്ടായിരുന്നു. അക്കാദമിക്കലും സാംസ്കാരികവുമായ ഘടകങ്ങളിലൂന്നിയതായിരുന്നു അവരുടെ അവതരണവും വിനിമയവും. ഞങ്ങൾക്കാവട്ടെ അതിലെ പ്രതിരോധ / സമര മൂല്യങ്ങളായിരുന്നു പ്രധാനം. മാത്രമല്ല, നാടൻപാട്ട് സംബന്ധിച്ച മേലെപ്പറഞ്ഞ സൈദ്ധാന്തിക ചട്ടക്കൂടിൽ നിൽക്കാതെ തന്നെ വിപ്ലവഗാനങ്ങളും നാടൻപാട്ടുകളും എഴുതിക്കിട്ടിയ പാട്ടുകളും നാടകഗാനങ്ങളും ചേർന്ന അവതരണമായിരുന്നു അത്. തെരുവുനാടകത്തിലും അവയുടെ വായ്ത്താരികളും ഉപയോഗിക്കാറുണ്ട്. സച്ചിദാനന്ദൻ്റെ 'പറയപ്പാട്ട് ' ഒക്കെ പാടിയിട്ടുണ്ട്. പിന്നീട് സാഹിത്യ പഠനത്തിലും അദ്ധ്യാപക പരിശീലനത്തിലും സ്കൂളുകളിലും അക്കാലത്തെ പാട്ടറിവുകൾ നൽകിയ കരുത്ത് ചെറുതല്ല.

പിന്നീട് കലാഭവൻ മണിയുടെ അരങ്ങുകൾ, ഇന്ന് കാണും വിധമുള്ള ഫ്യൂഷൻ അരങ്ങുകൾ എന്നിവയുടെ വലിയ തരംഗം വന്നു. കേരളത്തിലെ ഗോത്ര / അനുഷ്ഠാന കലാരൂപങ്ങളെ എല്ലാം വേഷം കെട്ടിച്ച് കൊണ്ടുവന്ന് ഇന്ന പാട്ട് എന്നോ ഇന്ന കലാരൂപം എന്നോ പാടുന്നവനും ആടുന്നവനും കാണുന്നവനും നിശ്ചയമില്ലാത്ത ഫ്യൂഷനുകളുടെ അടുത്തുകൂടിപ്പോലും പോവാറില്ല. പാട്ടുകൾക്കോ കലകൾക്കോ മാറ്റം പാടില്ലെന്ന ഒരു ശാഠ്യവുമുള്ള ആളല്ല ഞാൻ. പക്ഷേ ആ മാറ്റത്തിനും പരീക്ഷണങ്ങൾക്കും പിറകിൽ വലിയ ആലോചനകൾ ഉണ്ടാവണം. ആദിവാസി ഗോത്ര ഭാഷകളിൽ, ആ മനുഷ്യർ തങ്ങളുടെ മൺമറഞ്ഞു പോയ പരമ്പരകളോട്, പ്രകൃതിയോട് നടത്തുന്ന ആത്മസംവേദനങ്ങളുണ്ട്. ആധുനികകവിതയാകെ ആർജിച്ച ഇമേജറികളെയാകെ നിഷ്പ്രഭമാക്കുന്ന കവിതകൾ. ആ വരികൾ എവിടെ നിന്നെങ്കിലും എടുത്തുകൊണ്ടു വന്ന് അതിലെ ജീവിതമാകെ ചോർത്തി ,നമുക്കിഷ്ടമുള്ള ഈണവും കലർത്തി ഒരു ബന്ധവുമില്ലാത്ത കലാരൂപങ്ങളും മുന്നിൽ നിർത്തി അവതരിപ്പിക്കുന്നത് പരീക്ഷണമല്ല, പരിഹാസമാണ്.സ്കൂളുകളിൽ നാടൻപാട്ട് ഒരു മത്സരയിനമായി. അതിൻ്റെ സൗന്ദര്യാത്മകവും സാംസ്കാരികവുമായ ഫലങ്ങൾ സംബന്ധിച്ച് പഠനങ്ങൾ നടക്കേണ്ടതാണ്. മത്സരയിനമായതോടെ നാടൻ പാട്ടുകളെ നിർവ്വചിക്കാൻ നടക്കുന്ന ശ്രമങ്ങളൊക്കെ കാണുമ്പോൾ മടുപ്പും ക്ഷീണവും വരും. എങ്കിലും അതൊരു നല്ല കാര്യമാണ്. പുതുതലമുറയ്ക്ക് ആ സംസ്കൃതിയുമായി ഒരു ജൈവബന്ധത്തിൻ്റെ വഴിയത് ബാക്കി വെക്കുന്നുണ്ടല്ലോ.അത്തരം വേദികളിൽ നിന്ന് കേരളമതിൻ്റെ ഹൃദയത്തിൽ ഏറ്റെടുത്ത പാട്ടാണ് "കൈതോലപ്പായ വിരിച്ച് ". അതാരോ എഴുതിയ പാട്ടാണെന്ന് അല്പമെങ്കിലും നാടൻ പാട്ടുകളുമായി ബന്ധമുള്ള ആർക്കും മനസ്സിലാവും. അതുകൊണ്ടെന്താണ്? ഒരു ജനത അതിൻ്റെ ഹൃദയത്തിലൊപ്പിയെടുത്ത് ഏറ്റു പാടിയ ഏതു പാട്ടിനെയും നാടൻപാട്ട് എന്ന ഗണത്തിൽ പെടുത്തണം എന്നാണ് എൻ്റെ അഭിപ്രായം. സി.ജെ കുട്ടപ്പൻ മാഷ് അടക്കമുള്ള ലബ്ധപ്രതിഷ്ഠരായ കലാകാരന്മാർ ആ പാട്ട് അരങ്ങിൽ പാടുന്നത് കേട്ടിട്ടുണ്ട്. ആ പാട്ടിന് താളം പിടിച്ച, ആവേശത്തോടെ ചുവടുവച്ച നമ്മളാരും പക്ഷേ , അതാരുടെ രചനയെന്ന് ചിന്തിച്ചിട്ടില്ല. ഫ്ലവേഴ്സ് ചാനലിൻ്റെ ഒരു പരിപാടിയാണ് 'ജിതേഷ് കക്കിടിപ്പുറം' എന്ന കവിയെ, പാട്ടെഴുത്തുകാരനെ കേരളത്തിനു മുന്നിൽ കൊണ്ടുവന്ന് നിർത്തിയതെന്നാണ് എൻ്റെയറിവ്. കാൽനൂറ്റാണ്ടു കാലം തൻ്റെ പാട്ട് മലയാളികളുടെ ചുണ്ടുകളിൽ പടരുന്നത് കണ്ട് , ആരാലും തിരിച്ചറിയപ്പെടാതെ ജീവിക്കുക. ആ രചന എത്ര മൗലികമാണ് എന്നതിന് വേറെ എങ്ങും തിരഞ്ഞു പോവേണ്ട കാര്യമില്ല.ബന്ധുവായ ഒരു കുട്ടിയുടെ കാതുകുത്തിന് പോയപ്പോൾ ആ കുഞ്ഞിൻ്റെ വേദന കണ്ടതാണ് ഈ പാട്ടിൻ്റെ രചനയ്ക്ക് പിറകിലെന്ന് ജിതേഷ് പറയുന്നുണ്ട്. നാടൻ ജീവിതാനുഭവങ്ങൾ മുൻനിർത്തി ഒട്ടേറെ പാട്ടുകൾ രചിക്കപ്പെടുന്നു. ചിലതു മാത്രം ജനഹൃദയങ്ങൾ ഏറ്റെടുത്ത് ശരിക്കും നാടൻപാട്ടുകളാവുന്നു. എന്തുകൊണ്ട് എന്ന ചോദ്യത്തിൻ്റെ ഉത്തരമാണ് അദ്ദേഹം പറഞ്ഞത്. നാടൻ എന്ന് തോന്നിക്കുന്ന കുറെ പദാവലികൾ നിരത്തി വച്ച് ഒരു വായ്ത്താരിയും ചേർത്താൽ പാട്ടുണ്ടാവില്ല. അതിൽ ജനുവിൻ എന്ന് വിളിക്കാവുന്ന ജീവിതം ഉണ്ടാവണം. ആ ജീവിതം ഉൾക്കൊള്ളുന്ന ഉരുക്കുശീലും കെട്ടുശീലും കയ്യടക്കത്തിലാവണം. അവ അതിജീവിക്കും. ജനത ഏറ്റെടുക്കും.അങ്ങനെയൊരു പ്രതിഭയായിരുന്നു ജിതേഷ് കക്കിടിപ്പുറം. ജിതേഷിന്റെ കഴിവുകള്‍ അടുത്തകാലത്താണ് പുറംലോകം അറിഞ്ഞുതുടങ്ങിയത്. പൊന്നാനി കോഴിപറമ്പില്‍ തറവാട്ടില്‍ നെടുംപറമ്പില്‍ താമിയുടെയും മാളുക്കുട്ടിയുടെയും മകനായി ജനിച്ചു. കക്കിടിപ്പുറം എല്‍പി സ്‌കൂളിലും, കുമരനെല്ലൂര്‍ ഹൈസ്‌കൂളിലും പഠിക്കുന്ന സമയത്ത് തന്നെ തെയ്യംകെട്ട്, നാടകരചന, കഥാപ്രസംഗം, പാട്ടെഴുത്ത്, സംഗീതം, സംവിധാനം തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ച കലാകാരനാണ്. കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ. (നാടകം- ദിവ്യബലി) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 ഓളം പാട്ടുകളെഴുതിയിട്ടുണ്ട്.'കഥ പറയുന്ന താളിയോലകള്‍' എന്ന നാടകം എഴുതുകയും ഗാനരചന, സഗീതം, സംവിധാനം എന്നിവ നിര്‍വഹിച്ച് തൃശൂര്‍ ജനനി കമ്മ്യൂണിക്കേഷന്‍ ഒട്ടനവധി വേദികളില്‍ അവതരിപ്പിച്ചു. കേരളോല്‍സവ മല്‍സരവേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രാസംഗികന്‍, മിമിക്രിക്കാരന്‍ എന്ന നിലയില്‍ ഒന്നാമനായിരുന്നു. നെടുമുടി വേണുവും, സുധീര്‍ കരമനയും, വിനീതും, വിനോദ് കോവൂരും അഭിനയിച്ച ആദി സംവിധാനം ചെയ്ത 'പന്ത്' എന്ന സിനിമയ്ക്കുവേണ്ടി പാട്ടെഴുതി പാടി അഭിനയിച്ചിട്ടുമുണ്ട്.തന്നെ തിരിച്ചറിഞ്ഞ മലയാളത്തിനൊപ്പം ഏറെനാൾ ജീവിക്കാൻ ജിതേഷിന് കഴിഞ്ഞില്ല. നമ്മളങ്ങനെയാണ്. സോമൻ കടലൂരിനെ കടമെടുത്താൽ, " നീ വരും ഞാൻ മരിച്ചാൽ ആയിരം പൂക്കളുള്ള റീത്തുമായ് അതിലൊന്നു മതിയായിരുന്നു എനിക്ക് ജീവിക്കാൻ " എന്നതിലെ നീ മാറ്റി നാം എന്നാക്കിയാൽ മതി. ജീവിക്കാൻ പ്രേരണ നൽകുന്ന പൂക്കൾ കൊണ്ട് പുഷ്പചക്രങ്ങൾ തീർക്കാനാണ് നമുക്കിഷ്ടം.

*ഫേസ്ബുക്ക് പോസ്റ്റ് ചിത്രം കടപ്പാട്: പി എസ് ബാനര്‍ജി (ഫേസ്ബുക്ക്)


Next Story

Related Stories