TopTop
Begin typing your search above and press return to search.

ആളൊരു പ്രതിഭയൊക്കെ തന്നെ, പക്ഷെ, ജോൺ എബ്രഹാമിൻ്റെ ഒരു പെർഫക്ട് സിനിമ പറയാമോ?

ആളൊരു പ്രതിഭയൊക്കെ തന്നെ, പക്ഷെ, ജോൺ എബ്രഹാമിൻ്റെ ഒരു പെർഫക്ട് സിനിമ പറയാമോ?

അരാജകൻ, റിബൽ, തീവ്ര വിപ്ളവകാരി തുടങ്ങിയ ലേബലുകളിൽ ആഘോഷിക്കപ്പെടുകയും ഇപ്പോഴും പിന്തുടരപ്പെടുകയും ചെയ്യുന്ന ജോൺ എബ്രഹാം വിമർശനാത്മകമായ അക്കാദമിക് വായനക്ക് വിധേയപ്പെടാതെ പോയതിൻ്റെ കാരണങ്ങൾ എന്താണ് എന്ന് ആലോചിച്ചിരുന്നു. ഒരു പക്ഷെ, അദ്ദേഹത്തിന് ഇപ്പോഴും കുറവല്ലാതെ ഉള്ള ആരാധകവൃന്ദത്തെ ഭയപ്പെട്ടാവാം എന്ന് തോന്നിയിട്ടുണ്ട്. അയാളെ വിമർശിച്ച് കോഴിക്കോട് ആർട് ഗാലറിയിലോട്ടൊന്നും നമുക്ക് അത്ര ധൈര്യത്തിൽ കയറിച്ചെല്ലാൻ പറ്റി എന്നുവരില്ല. അധികം പഴയതല്ലാത്ത ഒരു ഓർമയാണ്. തിരുവനന്തപുരത്ത് ചലച്ചിത്രോൽസവം നടക്കുന്നു. തലേദിവസം തന്നെ ഓം ലോഡ്ജിലെ ഡബിൾ ബെഡ് റൂം 'ലാവിഷ്' റൂമിൽ തമ്പടിച്ച ഞാനും സംഘവും നേരെ പള്ളിക്കെട്ട് ഇറക്കി വെക്കാൻ ചോളയിലേക്ക് പോയി. ഇറക്കി ഇറക്കി എപ്പഴോ ഒരു നേരമായപ്പോൾ കൂടെ ഇരിക്കുന്നത് കവി ലൂയിസ് പീറ്ററും ആർട് ഗാലറിയുടെ ജീവാത്മാവായിരുന്ന കഥാകാരൻ നന്ദേട്ടനുമാണ് (അദ്ദേഹം ഈയിടെ മരിച്ചു). ലൂയി ഏട്ടൻ ജീവിതത്തിലും എഫ് ബി യിലും പഴയതിനെക്കാൾ ഇപ്പോൾ സജീവമാണ്) അവരെ എക്സ്ചേസ്ചേഞ്ച് ഓഫർ ആയി ഞാൻ എവിടെ നിന്നോ സ്വീകരിച്ചതായിരിക്കും.

കൂടെ കെട്ടിറക്കാൻ കയറിയവർ ആരുമില്ല. സ്ഥാവര ജംഗമ വസ്തുക്കളായി ഒന്നോ രണ്ടോ പഴയ ബാഗുകളുമുണ്ട്. രണ്ട് പേരും താമസിക്കാനിടം നഷ്ടപ്പെട്ട് ചോളയെ അഭയം പ്രാപിച്ചതാണ് എന്നോ മറ്റോ രണ്ട് പേരിലാരോ , അതോ മേൽവിലാസവും വിശപ്പും നിഴലുമില്ലാത്ത ജോണോ കെട്ടിറക്കിയപ്പോൾ ഇതിൻ്റെയൊക്കെ ഓർമ പറന്നു പോയ എന്നോട് ഉരിയാടി. ' പ്രതിഭകൾക്കു പ്രവേശനമില്ലെൻ്റെ മുറിയിൽ! ഒട്ടും സഹിക്കവയ്യെനിക്കവരുടെ സർപ്പ സാന്നിധ്യം' എന്നെനിക്ക് പറയാൻ തോന്നിയില്ല. പന്ത്രണ്ടടിച്ചപ്പോൾ മധുശാല പിരിഞ്ഞു. ഭ്രാന്തൻമാരും ഉൻമാദികളും അപരലോകജീവികളും സ്വർഗ്ഗത്തിൽ നിന്ന് പുറന്തള്ളപ്പെട്ടു. രണ്ട് പേരോടും ഞാൻ ഉദാരനും കരുണാവാനുമായി. ബാഗെടുത്ത് കൂടെ പോരാൻ പറഞ്ഞു. ഓമിലെത്തി തിരിഞ്ഞു നോക്കിയപ്പോൾ ഒരു അവധൂതനെ പാതി വഴിയിലെവിടെയോ നഷ്ടപ്പെട്ടു എന്ന് ഓർമ പറഞ്ഞു. നന്ദേട്ടൻ വന്ന പാടെ കാല് കവച്ച് ഉറക്കമായി. പിന്നെ ഒരാൾക്ക് മാത്രം കിടക്കാനിടം. സഹമുറിയൻമാർ നാല് പേർ ഔട്ട്. ഒരാൾ ടോയ് ലെറ്റിൽ. മൂന്നു പേർ പുറത്ത്! നന്ദേട്ടൻ പുലർച്ചെ തന്നെ എഴുന്നേറ്റു ജനലിനിടയിൽ കൂടി കൈയിട്ട് മാവിൻ്റെ ഇല എടുത്തു ' ജോൺ ഇത് കൊണ്ടാണ് പല്ല് തേപ്പ് ' എന്ന് പറഞ്ഞ് അവധൂത ഭാഷണം ആരംഭിച്ചു. എൻ്റെ പാൻ്റും ഇട്ടാണ് പറച്ചിൽ! തൽക്കാലം ഈ കഥ പാതി വഴിയിൽ ഉപേക്ഷിക്കുന്നു.

എഴുപതുകളിൽ സമൂഹത്തെ സ്വാധീനിച്ച രണ്ട് പേരെ കുറിച്ച് സി.ആർ പരമേശ്വരൻ മാതൃഭുമിയിൽ എഴുതിയത് സിവിക് ചന്ദ്രൻ ഈയിടെ എടുത്തു പറഞ്ഞിരുന്നു. കെ.വേണുവിൻ്റെ പാതയിൽ പോകുന്നതിനു പകരം ആളുകൾ യൂസഫ് അലിയുടെ ഒപ്പം ഗൾഫിലേക്ക് കുടിയേറിയതു കൊണ്ടാണ് ഇന്നത്തെ കേരളം ഉണ്ടായത് എന്നോ മറ്റോ ആയിരുന്നു അത്. ജോൺ എന്ന റാഡിക്കൽ റൊമാൻ്റിക് ഔട്ട് സൈഡറും വസന്തത്തിൻ്റെ ഇടിമുഴക്കം പെറ്റിട്ട സന്തതി തന്നെ! അയാൾ ഞാൻ ഒരു പ്രതിഭാസമല്ല എന്ന് പറഞ്ഞിരുന്നെങ്കിലും അയാൾക്ക് യേശുവിൻ്റെയും പ്രതിഭാസത്തിൻ്റെയും വിദൂരഛായ ഉണ്ടായിരുന്നു. ചുറ്റും ആള് കൂടുന്ന തരം ഹീലിക് ജീനിയസ് എൻ്റർടൈനർ ആയിരുന്നു ജോൺ. ഒട്ടും സഹിക്ക വയ്യെനിക്ക് , എന്ന് പറയുമ്പോഴും വന്നാൽ ഭയങ്കര രസമായേനെ എന്ന് തോന്നുന്നതരം പ്രതിഭാസം.! അയാൾ ചെല്ലുന്നിടമെല്ലാം കാനായിലെ കല്യാണവീടായി! ആ കല്യാണ വീടുകൾ പിന്നെ മൂപ്പരുടെ പേരിലായിരുന്നു അറിയപ്പെട്ടത്. ഫാൻസ് അതിനു വേണ്ടി ധാരാളം കഥകളും നിർമ്മിച്ചു. (തൃശൂരിലെ മണക്കാട് വൈൻ ഉടമ ഒരു ഫുൾ ബോട്ടിലും കൊടുത്ത് ജോണി നെ ലോഡ്ജിൽ ആക്കിയത്രെ! പുതുതായി തുടങ്ങാൻ പോകുന്ന മദ്യശാലക്ക് പരസ്യ വാചകമെഴുതാനാണ്. ഉടമ വൈകീട്ട് വന്ന് നോക്കിയപ്പോൾ ജോൺ മലർന്ന് കിടന്നുറങ്ങുന്നു. നെഞ്ചത്ത് കാലിക്കുപ്പിയും ഒരു സിഗരറ്റ് കൂടുമുണ്ട്! രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നു. സിഗരറ്റ് കൂടിൽ ഇങ്ങിനെ എഴുതിയിരിക്കുന്നു. ' കുടിക്കിനെ ഡാ മൈരുകളെ , മണക്കാട് വൈൻ! ')

കോട്ടയത്തെ മത്തായിമാരുടെ കഥകളൊന്നും അധികം ചർച്ച ചെയ്യപ്പെട്ടില്ല. ജോണിനെ സിനിമക്കാരനായിട്ടാണ് ഇന്നും വായിക്കപ്പെടുന്നത്. ഋത്വിക് ഘട്ടക്കിൻ്റെയും മണി കൗളിൻ്റെയും ഒക്കെ ശിഷ്യനായ ജോൺ എടുത്ത ഒരു പെർഫക്ട് സിനിമ പറഞ്ഞു തരാമോ? (വിദ്യാർത്ഥികളെ ഇതിലെ ഇതിലെ ഒഴികെ എല്ലാം യൂ ടൂ ബിലുണ്ട്) പെർഫക്ഷൻ എന്ന് ഞാൻ പറഞ്ഞത് ടെക്നിക്കാലിറ്റിയും ഘടനയുമൊക്കെയാണ്. മണി കൗൾ, ഘട്ടക്കുമാരെ വെച്ചാണ് പറഞ്ഞത്. ജോണും ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഡക്ട് ആണല്ലോ. ഒരു വിധം തുടർച്ചയും പെർഫക്ഷനും ഒക്കെയുള്ള മുഴുനീള സിനിമയായ ചെറിയാച്ചൻ്റെ ക്രൂരകൃത്യങ്ങൾ പോലും കുട്ടനാടിൻ്റെ കർഷക സമരവും അവിടുത്തെ പഴയ ജൻമി ജോൺ ജേക്കബ് - നിരണം ബേബിയെയു മൊക്കെ അറിയാത്ത എത്ര പേർക്ക് പൂർണമായി പിടി കിട്ടും? ജോണിൻ്റെ സിനിമകളെ തള്ളിപ്പറയുകയല്ല, പ്രതിഭയായിരുന്നു ജോൺ എന്നതിന് അഭിപ്രായവ്യത്യാസവുമില്ല. അക്കാദമിക് ആയി സിനിമ പഠിച്ച ജോണിനെ അക്കാദമികമായി ക്രിട്ടിക്കൽ സ്റ്റഡിക്ക് വിധേയപ്പെടുത്തേണ്ട സമയം കഴിഞ്ഞു എന്ന് പറയുകയായിരുന്നു.


Next Story

Related Stories