TopTop
Begin typing your search above and press return to search.

'വിശന്നു മണ്ണു തിന്നു എന്നതില്‍ വിശപ്പിനാണ് ഊന്നല്‍, അനുഭവിച്ച വിശപ്പിന്റെ ദീനതയാണ് ആ വാക്യം'

വിശന്നു മണ്ണു തിന്നു എന്നതില്‍ വിശപ്പിനാണ് ഊന്നല്‍, അനുഭവിച്ച വിശപ്പിന്റെ ദീനതയാണ് ആ വാക്യം

'വിശന്നു മണ്ണു തിന്നുന്നു കുട്ടികള്‍' എന്നു കേട്ടാല്‍ നാം വേദനിക്കുന്നത് വിശപ്പിന്റെ ആഴമോര്‍ത്താവണം. മണ്ണ് തിന്നുവെന്നും തിന്നില്ലെന്നും തര്‍ക്കിക്കുന്നതിന് എന്തര്‍ത്ഥം? വിശന്നു മണ്ണു തിന്നു എന്നതില്‍ വിശപ്പിനാണ് ഊന്നല്‍. അനുഭവിച്ച വിശപ്പിന്റെ ദീനതയാണ് ആ വാക്യം പുറത്തു വിടുന്നത്. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിന്റെ മൂക്കിനു താഴെ ഒരു കുടുംബം വിശന്നിരിക്കുന്നു എന്ന വാസ്തവം കുട്ടികള്‍ മണ്ണു തിന്നാലും ഇല്ലെങ്കിലും നമ്മെ ഞെട്ടിക്കണം.

വിശന്നു മണ്ണു തിന്നു എന്നതില്‍ മണ്ണു തിന്നു എന്നതാണ് പലരെയും പ്രയാസപ്പെടുത്തുന്നത്. അത് സര്‍ക്കാറിന് അപമാനകരയാണത്രെ! വിശപ്പു നില നില്‍ക്കുന്നു എന്നതിനെക്കാള്‍ സര്‍ക്കാറിനെ ലജ്ജിപ്പിക്കുന്നത് ഒരു കുട്ടി മണ്ണു തിന്നുന്നു എന്നതാണ്. അഥവാ മണ്ണു തിന്നില്ല എന്നു തെളിവോടെ സ്ഥാപിച്ചു വിശപ്പിനെ റദ്ദു ചെയ്യാനാവുമെന്ന് അവര്‍ കരുതുന്നു.

പുറമ്പോക്കു ജീവിതവും ദാരിദ്ര്യവും യാഥാര്‍ത്ഥ്യമാണ്. കൂടുതല്‍പേരെ പുറമ്പോക്കു ജീവിതത്തിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളി വിടുന്ന ഭരണകൂട വികസനനയവും യാഥാര്‍ത്ഥ്യം തന്നെ. ദാനകര്‍മ്മങ്ങള്‍കൊണ്ടും സാന്ത്വന വാക്കുകള്‍കൊണ്ടും സംരക്ഷിക്കുന്ന ഒരു വ്യവസ്ഥയല്ല, തൊഴിലും കിടപ്പാടവും നല്‍കുന്ന ഒരു വ്യവസ്ഥയാണ് അഭികാമ്യം. മിച്ചഭൂമി കണ്ടെത്താനും അതു വിതരണം ചെയ്യാനും അറച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ പ്രതിക്കൂട്ടിലുണ്ട്. കയ്യേറ്റ മാഫിയകള്‍ ഭൂനിയമം ലംഘിച്ചു പ്രകൃതി വിഭവങ്ങളില്‍ അധികാരം വ്യാപിപ്പിക്കുമ്പോള്‍ തടയാന്‍ തയ്യാറാകുന്നില്ല അധികാരികള്‍. അവര്‍ ജനങ്ങളെ കൊള്ളയടിച്ച പണപ്രമാണികളുടെ ദാനശീലത്തെ വാഴ്ത്തുകയും ചെയ്യും.

വിശപ്പു വിതച്ചത് ഭരണകൂടമാണ്. അതു നില നില്‍ക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സമ്മതത്തോടെയാണ്. കുട്ടികള്‍ മണ്ണു തിന്നുന്നത് അവരെ നാണംകെടുത്താനാണെന്നേ അവര്‍ ധരിക്കൂ. വിശപ്പ് അദൃശ്യാനുഭവമാണ്. മണ്ണു തിന്നുന്നത് ദൃശ്യമാവും. അത് വിശപ്പിനെപ്പറ്റി അത്യുച്ചത്തില്‍ പറയും. സത്യം പറയുന്ന നാവുകള്‍ ഭരണകൂടത്തെ പൊള്ളിക്കും. അതിനാല്‍ അത്തരം ചൊല്ലുകളോ രൂപകങ്ങളോ വേണ്ട. അതിനാല്‍, മണ്ണുപോലും തിന്നാതെ അനുസരണയോടെ കീഴടങ്ങണം ദരിദ്ര സമൂഹം!

ശിശുക്ഷേമ സമിതി മണ്ണുതിന്നുന്ന വിശപ്പു കണ്ടു. ബാലാവകാശ കമ്മീഷന്‍ മണ്ണുതിന്നാത്ത വിശപ്പും. മണ്ണു തിന്നു എന്ന നുണയ്ക്കു ശിക്ഷ വേണം! വിശപ്പ് എന്ന വാസ്തവത്തെ ഒരു വിശേഷണംകൊണ്ടും ഇനി ഉയര്‍ത്താനാവരുത്!

ആസാദ്

ഫേസ്ബുക്ക് പോസ്റ്റ്-


ഡോ. ആസാദ്‌

ഡോ. ആസാദ്‌

അധ്യാപകന്‍, എഴുത്തുകാരന്‍

Next Story

Related Stories