TopTop
Begin typing your search above and press return to search.

ഗൾഫ് മലയാളികളും കൊറോണയും: വലിയ പ്രതിസന്ധി എങ്ങനെ മറികടക്കാം

ഗൾഫ് മലയാളികളും കൊറോണയും: വലിയ പ്രതിസന്ധി എങ്ങനെ മറികടക്കാം

ഗൾഫ് മലയാളികളും കൊറോണയും:ഒരു ആലോചന

ഗൾഫിലുള്ള മുഴുവൻ മലയാളികളുടെയും എണ്ണവും അതിന്റെ ശതമാനവും എടുത്തു ആളുകൾ മടങ്ങുന്നതിന്റെ കണക്കു കൂട്ടുന്നത് എന്തിന് എന്ന് മനസ്സിലാവുന്നില്ല. എനിക്ക് ഗൾഫിനെക്കുറിച്ചു വളരെ പരിമിതമായ ധാരണയെ ഉള്ളൂ. പറയുന്ന കാര്യങ്ങൾ എത്രത്തോളം പ്രായോഗികമാണെന്നറിയില്ല, ഒരു പക്ഷെ വിഡ്ഢിത്തം ആവുകയും ചെയ്യാം. ഇനി പലതും മറ്റു പലരും ആലോചിച്ചതോ നടപ്പാക്കിത്തുടങ്ങിയതോ ആവാം. എന്നാലും ഏതെങ്കിലും തരത്തിൽ ആലോചനകൾക്കു പ്രേരകമായാലോ എന്ന തോന്നലിൽ ചില ആലോചനകൾ മുന്നോട്ടു വെക്കട്ടെ. പ്രവാസികളുടെ കഠിനാദ്ധ്വാനത്തോടു ബഹുമാനവും കൃതജ്ഞതയും ഉള്ള ഒരാളുടെ കുറിപ്പുകളായി കണ്ടാൽ മതി.

ഗള്ഫിലുള്ളവരിൽ പല കാറ്റഗറി ആൾക്കാറുമുണ്ടല്ലോ. അവരെ ഇപ്പോഴത്തെ കോറോണയുടെ സാഹചര്യത്തിൽ താഴെപ്പറയുന്ന രീതിയിൽ വിഭജിച്ചു നോക്കാവുന്നതാണ്:

1. കൊറോണ ബാധിതരും കൊറോണ പോസിറ്റീവ് ആയ ആളുകൾക്കൊപ്പം താമസിച്ചിരുന്നവരും

2. മക്കളുടെ കൂടെ താമസിക്കുന്ന പ്രായമായവർ

3. ശ്വാസകോശസംബന്ധിയായ രോഗങ്ങൾ ഉള്ള ആളുകൾ

4. ജോലി അന്വേഷിച്ചു വിസിറ്റ് വിസയിൽ വന്നവർ

5. ഒരു പാട് പേർ ഒരുമിച്ചു താമസിക്കുന്ന സ്ഥലങ്ങളിലെ (കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ഇടങ്ങൾ) ജോലിയുള്ളവരോ പണമുള്ളവരോ ആയ ആളുകൾ

6. കുടുംബമായി ഫ്ലാറ്റുകളിൽ താമസിക്കുന്നവർ.

(ഇതൊരു തരം ക്യാറ്റഗറൈസേഷൻ മാത്രമാണ്. വേറെ രീതികളിലും ആലോചിക്കാം).

ഈ ഓരോ കാറ്റഗറിയിലും എത്ര പേർ ഉണ്ട് എന്ന് ആദ്യം കണക്കാക്കണം. ആ എണ്ണം വെച്ച് മാത്രമേ എന്ത് തീരുമാനവും എടുക്കാവൂ.

ഇതിൽ കുടുംബമായി ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കു അവരുടെ വീടുകളിൽ തന്നെ നിൽക്കാം. അവരിൽ ജോലിയോ ശമ്പളമോ ഇല്ലാത്തവരുടെ ലോണുകൾ, വാടക എന്നിവക്ക് അവധി കിട്ടാനാണ് ശ്രമം ഉണ്ടാവേണ്ടത്.

അഞ്ചാമത്തെ വിഭാഗത്തെ, കൂടുതൽ ആളുകൾ ഒരുമിച്ചു പാർക്കുന്നവരെ, കൂടുതൽ സ്കൂൾ/ ഹാൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടി മാറ്റിതാമസിപ്പിക്കാം. താമസിപ്പിക്കാൻ സൗകര്യമില്ലെങ്കിൽ താൽക്കാലിക ടെന്റുകൾ ഉണ്ടാക്കാം. ഇതും ലേബർ ക്യാമ്പുകളുടെ ഉടമകളും യു എ ഇ സർക്കാരും ഇന്ത്യൻ സർക്കാരും ഇന്ത്യൻ സന്നദ്ധ സംഘടനകളും ചേർന്നാൽ ഉണ്ടാക്കാവുന്നതേയുള്ളു. മുകളിൽ പറഞ്ഞ രണ്ടു വിഭാഗത്തിലും, കൊറോണ കാരണം പിരിച്ചു വിടപ്പെട്ടവരോ നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിക്കപ്പെട്ടവരോ ഉണ്ടെങ്കിൽ അവർക്കു ഭക്ഷണത്തിനും മരുന്നിനും ഉള്ള പണം കൊടുക്കാൻ അവർ അത് വരെ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളുടെ മുതലാളിമാരോട് നിര്ബന്ധിക്കണം. അവരുടെ അദ്ധ്വാനത്തിന്റെ ഫലമായി ലാഭം കിട്ടിയിരുന്നവർ ഈ മുതലാളിമാർ ഇപ്പോൾ അവരുടെ ബുദ്ധിമുട്ടിൽ സഹായിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണ് എന്ന് തന്നെ മനസ്സിലാക്കി പ്രവർത്തിക്കും എന്നാണു എന്റെ തോന്നൽ.

വിസിറ്റ് വിസയിൽ ജോലി അന്വേഷിച്ചു വരുന്നവർക്ക് സാധാരണ ഗതിയിൽ കുടുംബക്കാരോ നാട്ടുകാരോ സുഹൃത്തുക്കളോ ഉണ്ടാവും. ഇങ്ങനെ ആരും ഇല്ലാത്തവർക്ക് നാട്ടിലെ സർക്കാരും ഇന്ത്യൻ സംഘടനകളും വിചാരിച്ചാൽ നിൽക്കുന്ന രാജ്യത്ത് നിലനിന്നു പോവാനുള്ള പണം കണ്ടെത്തി കൊടുക്കാൻ കഴിയും. അത് കൊണ്ട് അവർക്കു അവിടെ നിൽക്കാൻ കഴിയും,

എന്ന് പറഞ്ഞാൽ ഇവരാരും ഇന്ത്യയിലേക്ക് ഇപ്പോൾ മടങ്ങേണ്ടതില്ല കാരണം അവരുടെ പ്രശ്നം സാമ്പത്തികമോ സോഷ്യൽ ഡിസ്റ്റൻസിങ് പ്രാവർത്തികമാക്കാനുള്ള സ്ഥലത്തിന്റെ ലഭ്യതയോ ആണ്.അത് അവിടെത്തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളൂ.

ഇനിയുള്ള മൂന്നു ക്യാറ്റഗറികൾ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവരാണ്. കൊറോണ ബാധിതരും (യാത്ര ചെയ്യാവുന്ന അവസ്ഥയിൽ ഉള്ളവരെ മാത്രം) ബാധിതരുമായി സമ്പർക്കമുണ്ടായിട്ടുള്ളവരും വൃദ്ധരും ആരോഗ്യം കുറഞ്ഞവരുമായ ആളുകൾ അവരെ സ്പെഷ്യൽ വിമാനങ്ങളിൽ നാട്ടിലേക്ക് കൊണ്ടുവരിക തന്നെയാണ് വേണ്ടത്. രോഗികളെ വിമാനത്താവളത്തിന് പുറത്തു ഹോസ്പിറ്റൽ ഉണ്ടാക്കി അവിടെത്തന്നെ തന്നെ ക്വാറന്റൈൻ ചെയ്യുക. അല്ലാത്തവരെ വീട്ടിലേക്കയക്കുക. കർശനമായി ക്വാറന്റൈൻ ചെയ്യുക. വീട്ടിൽ അത്തരം സൗകര്യമില്ലാത്തവരെയും ഹോട്ടലുകളിലും സ്കൂളുകളിലും ആയി ക്വാറന്റൈൻ ചെയ്യുക. ഇതിൽ ഉള്ളവരോട് ടിക്കറ്റിന്റെ പണം വാങ്ങുക. ഇല്ലാത്തവർക്ക് സൗജന്യ യാത്ര ഏർപ്പാടാക്കുക.

അപ്പോൾ വരാൻ ആയിരങ്ങളേ കാണൂ എന്നാണു എന്റെ നിഗമനം (ഇനി അതെത്ര ആണെങ്കിലും നമ്മൾ കൊണ്ടുവരികയും വേണം). വരുന്നവരെ സംസ്ഥാനത്തിന് നോക്കാൻ കഴിയുകയും ചെയ്യും. ഇത് പെട്ടെന്ന് നടപ്പാക്കി എടുക്കുകയാവും എല്ലാവര്ക്കും ഗുണം.

ഇനി ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ രംഗത്തിനു ഒരു പാൻഡെമിക് നേരിടുന്നതിൽ വലിയ പ്രതിസന്ധികൾ ഉണ്ടാവും. അത് പണത്തിന്റെയല്ല; ആരോഗ്യ രംഗത്തെ പരിശീലനം കിട്ടിയ ആളുകളുടെ കുറവ് കാരണമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കേസുകൾ വളരെക്കുറവും തയ്യാറെടുപ്പു നല്ല നിലക്കും നടന്ന ഒരു സംസ്ഥാനമെന്ന നിലക്ക് കേരളത്തിന് ചെയ്യാൻ കഴിയുന്ന ഒരു കാര്യം എല്ലാവരെയും കേരളത്തിലേക്ക് കൊണ്ടുവരികയല്ല- ഡോക്ടർമാർ, നഴ്സുമാർ, ഹോസ്പിറ്റൽ സെറ്റ് അപ്പ് ഉണ്ടാക്കിയെടുത്ത പ്രൊജക്റ്റ് മാനേജര്മാർ എന്നിവരടങ്ങുന്ന ആളുകളുടെ ഒരു വലിയ ടീമിനെ ഗൾഫ് രാജ്യങ്ങളിലേക്ക് അയക്കുകയാണ്. അവർക്കുള്ള എല്ലാ സൗകര്യവും ഒരുക്കാൻ അവിടുത്തെ സർക്കാരിനോട് പറയുക (ഇഷ്ടം പോലെ ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നതു കൊണ്ട് അത് ബുദ്ധിമുട്ടാവില്ല). ശമ്പളവും അലവൻസുകളും പങ്കിടാനും അവർ തയ്യാറാവുമെന്നു പ്രതീക്ഷിക്കാവുന്നതാണ്.

ഇനി കൊറോണ മൂലമുള്ള മാനസിക പ്രശ്നങ്ങൾ നേരിടാൻ നാട്ടിലുള്ള കൗണ്സലര്മാരുമായി ടെലിഫോൺ ഹോട്ലൈൻ ഏർപ്പാടാക്കുന്ന കാര്യവും നടപ്പാക്കാവുന്നതേയുള്ളു.

(ഇതൊക്കെപ്പറഞ്ഞാലും ഇപ്പറഞ്ഞതിനൊക്കെ അപ്പുറമുള്ള കേസുകൾ ഉണ്ടാവാം. അവയെ ഒട്ടും ശ്രദ്ധിക്കാതെ നമുക്കീ പദ്ധതി മനുഷ്യത്വപരമായി നടപ്പാക്കാൻ കഴിയില്ല.- അവ പഠിച്ചു വേണ്ടത് ചെയ്യാൻ ഡോക്ടർമാരും ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും സാമൂഹികവിഭാഗത്തിന്റെ പ്രതിനിധികളും സർവകക്ഷി പ്രതിനിധികളും അംഗങ്ങളുള്ള തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള സമിതിയെയും ഓരോ മേഖലയിലും ഉണ്ടാക്കേണ്ടി വരും)

ഇങ്ങനെ പ്രവാസികളെ തരം തിരിച്ചുള്ള ഒരു പദ്ധതി കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവുമോ? ആലോചനകൾ പങ്കുവെക്കാനപേക്ഷിക്കുന്നു.

- എൻ പി ആഷ്‌ലി


എന്‍.പി ആഷ്‌ലി

എന്‍.പി ആഷ്‌ലി

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അസി. പ്രൊഫസര്‍

Next Story

Related Stories