TopTop
Begin typing your search above and press return to search.

നിങ്ങള്‍ പറയുമ്പോള്‍ നടക്കാനല്ല, ഞങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ നടക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്

നിങ്ങള്‍ പറയുമ്പോള്‍ നടക്കാനല്ല, ഞങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ നടക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്

നിര്‍ഭയ ദിനമായ ഡിസംബര്‍ 29 ന് കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കപ്പെടും. സ്ത്രീകള്‍ക്ക് ആ ദിവസം കേരളത്തിലെ വഴികളിലൂടെ നിര്‍ഭയരായി നടക്കാം. രാത്രി 11 മണി മുതല്‍ 1 മണിവരെയാണ് ഈ സുവര്‍ണ്ണാവസരം ലഭിക്കുന്നത്. ചില സ്ത്രീകള്‍ക്ക് ചില ദിവസങ്ങളില്‍ മാത്രം എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി രാത്രി നടക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്ന ഒരു മോഡേണ്‍ സൊസൈറ്റിയായി എന്തായാലും കേരളം വളര്‍ന്നു കഴിഞ്ഞു.

വെറുതെ അങ്ങ് നടക്കാനിറങ്ങുകയൊന്നുമല്ല. സ്ത്രീകള്‍ നടക്കാനിറങ്ങുന്ന ഇടങ്ങളിലെല്ലാം വഴിവിളക്കുകളും സിസി ടിവി ക്യാമറകളും സ്ഥാപിക്കും. കൈയ്യത്തും ദൂരത്ത് സഹായങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പ്. പ്രത്യക്ഷത്തില്‍ അല്ലാതെ പോലീസ് സഹായം നിരത്തിലുണ്ടായിരിക്കും. നടക്കാനിറങ്ങുന്ന സ്ത്രീകള്‍ അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കാന്‍ വിസില്‍ കരുതണം. ഇത്രയും മുന്‍കരുതലുകളെടുത്ത് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ സ്ത്രീകള്‍ക്ക് രാത്രി പുറത്തിറങ്ങാം.

പൊതു ഇടം സ്ത്രീകളുടേതും കൂടിയാണെന്ന് പറഞ്ഞ് നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറാന്‍ സ്ത്രീകളെ പ്രാപ്തരാക്കാനും, സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അക്രമണങ്ങളെ ചെറുക്കുന്നതിനുമാണത്രെ ഈ ഒരു ദിവസം എല്ലാ സുരക്ഷയോടെയും സ്ത്രീകളെ തെരുവില്‍ നടക്കാന്‍ ഇറക്കുന്നത്. രാത്രി പുറത്തിറങ്ങുന്ന സ്ത്രീകള്‍ മോശക്കാരികള്‍ ആണെന്നും സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍ തീര്‍ക്കാന്‍ രാത്രി ഇറങ്ങി നടക്കുന്നതാണെന്നുമെല്ലാം കരുതുന്ന ഒരു നാട്ടിലാണ് ഈ സ്ത്രീസ്വാതന്ത്ര്യ പ്രഹസനം. ഇനി തീരുമാനിച്ചുറപ്പിച്ച വഴിയിലൂടെ അല്ലാതെ നടന്നാലോ. അപ്പോള്‍ അറിയാം കേരളത്തില്‍ സ്ത്രീകള്‍ എത്രകണ്ട് സുരക്ഷിതരാണെന്ന്.

ഇനി ആര്‍ക്കൊക്കെയാണ് ഈ ഒരു ദിവസത്തെ സ്വാതന്ത്ര്യം, തിരഞ്ഞെടുക്കപ്പെടുന്ന കുറച്ച് വനിതകള്‍ക്ക്. അപ്പോള്‍ ബാക്കിയുള്ളവരോ അവര്‍ സുരക്ഷിതരായി വീട്ടില്‍ അടച്ചിരിക്കുക എന്നാണോ? ഇനി ഈ ദിവസം പുറത്തിറങ്ങി നടന്ന സ്ത്രീയ്ക്ക് തൊട്ടടുത്ത ദിവസം കൂടി പുറത്തിറങ്ങണം എന്ന തോന്നിയാലോ. അപ്പോള്‍ ഈ സുരക്ഷ സംവിധാനം ഒന്നുമുണ്ടാകില്ലെന്ന് മാത്രമല്ല, ഈ ദിവസം സംരക്ഷണമൊരുക്കിയ പോലീസ് തന്നെ സംശയത്തോട് കൂടിയേ അവളെ നോക്കുകയുള്ളൂ.

എല്ലാ ദിവസവും രാത്രി പുറത്തിറങ്ങാന്‍, സുരക്ഷിതമായി തന്നെ പുറത്തിറങ്ങാന്‍ അവകാശമുള്ളവരാണ് സ്ത്രീകള്‍. അതിന് ഈ നാട്ടിലെ സ്ത്രീകള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അതെന്തുകൊണ്ടായിരിക്കും. രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെങ്കില്‍ അത് ആരുടെ കഴിവുകേടാണ്. അത് കണ്ടെത്തി തിരുത്തുക. ആദ്യം സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം കൊണ്ടുവരുന്നതിനായി ശ്രമങ്ങള്‍ നടത്തൂ. അങ്ങനെയാകുമ്പോള്‍ ഈ ഒരു ദിവസമെന്നല്ല, എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാമല്ലോ.

ഇങ്ങനെ ഒരു ദിവസം കുറച്ചു നേരം ആരെങ്കിലും അനുവദിച്ചു കൊടുക്കുന്ന സ്വാതന്ത്യം പറ്റി ജീവിക്കേണ്ടവരാണോ സ്ത്രീകള്‍? ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന എല്ലാ സ്വാതന്ത്ര്യവും പുരുഷനു തുല്യമായി തന്നെ ഉള്ളവരാണ് സ്ത്രീകള്‍. ഈ സ്വാതന്ത്ര്യം എന്നു പറയുന്നത് സ്ത്രീകള്‍ക്ക് ആരും അനുവദിച്ചു കൊടുക്കേണ്ട ഒന്നല്ലെന്നും അത് അവരുടെ അവകാശമാണെന്നും പ്രബുദ്ധരായ മലയാളികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ എന്നാണ് പഠിക്കുക. നിങ്ങള്‍ പറയുമ്പോള്‍ നടക്കാനല്ല, ഞങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ നടക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories